Asianet News MalayalamAsianet News Malayalam

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി, കോടതി മേൽനോട്ടം വഹിക്കും

ഖരമാലിന്യ സംസ്കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങൾ, പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോർട്ട് കലക്ടർമാർ നൽകണം

The High Court will supervise the implementation of the solid waste management rules
Author
First Published Mar 22, 2023, 6:19 AM IST


കൊച്ചി: ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും.

ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നൽകിയ സമയക്രമം കോടതി അംഗീകരിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. പുരോഗതി ഹൈക്കോടതി വിലയിരുത്തും.

 

ഖരമാലിന്യ സംസ്കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങൾ, പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോർട്ട് കലക്ടർമാർ നൽകണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോർട്ട് ഹൈക്കോടതി പരിശോധിക്കും. ഭാവിയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്കരണ സൗകര്യം രൂപകൽപ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിർദേശിച്ചു.

ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു

ബ്രഹ്മപുരം തീപിടിത്തം: കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് സഹായം നൽകാമെന്ന് ലോകബാങ്ക്

Follow Us:
Download App:
  • android
  • ios