Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാഹനം ആക്രമിച്ച സംഭവം: 3 പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലാപ്പറമ്പിൽ കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞതും നടക്കാവിൽ ഹോട്ടലിന് നേരെ അക്രമം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. 

three popular front workers were arrested the attack on the asianet news team s vehicle in Kozhikode on the hartal
Author
First Published Sep 25, 2022, 8:43 PM IST

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട്  ഏഷ്യാനെറ്റ്‌  ന്യൂസ്‌ സംഘത്തിന്‍റെ വാഹനം ആക്രമിച്ച സംഭവത്തില്‍ അറസ്റ്റ്. മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് പുതിയകടവ് സ്വദേശി ജംഷീർ, കരുവിശേരി സ്വദേശി ജംഷീർ, ചെലവൂർ സ്വദേശി മുഹമ്മദ്‌ ബഷീർ എന്നിവരാണ് അറസ്റ്റിലായത്. മലാപ്പറമ്പിൽ കെ എസ് ആര്‍ ടി സി ബസിന് കല്ലെറിഞ്ഞതും നടക്കാവിൽ ഹോട്ടലിന് നേരെ അക്രമം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തിലെ നാലാം ഗേറ്റിന് സമീപത്ത് വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. അക്രമികള്‍ ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. മുഖംമൂടി ധരിച്ച് ഇരുചക്രവാഹനത്തിലെത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തിയ ശേഷമാണ് ആക്രമിച്ചത്. 

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. 52 പേർ അറസ്റ്റിലാണ്. 151 പേർ കരുതൽ തടങ്കലിലാണ്. തിരുവനന്തപുരം റൂറല്‍  പൊലീസ് പരിധിയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  132 പേർ അറസ്റ്റിലായി. 22 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം സിറ്റിയിൽ 27 കേസ് രജിസ്റ്റർ ചെയ്തു.  169 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 പേർ കരുതൽ തടങ്കലിലാണ്. കൊല്ലം റൂറല്‍  പൊലീസ്  12 കേസുകൾ രജിസ്റ്റർ ചെയ്തു.  85 പേർ അറസ്റ്റിലാണ്. 63 പേരാണ് കരുതൽ തടങ്കലിലുള്ളത്. പത്തനംതിട്ടയിൽ 15 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 111 പേരെ അറസ്റ്റ് ചെയ്തു. 2 പേരാണ് കരുതൽ തടങ്കലിലുള്ളത്.

ആലപ്പുഴയിൽ 15 കേസ് കൂടി രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 71 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്ത് 28 കേസിൽ 215 അറസ്റ്റ് രേഖപ്പെടുത്തി. 77 പേർ കരുതൽ തടങ്കലിലാണ്. ഇടുക്കിയിൽ നാല് കേസിൽ 16 പേർ അറസ്റ്റിലായി. മൂന്ന് പേർ കരുതൽ തടങ്കലിലാണ്. എറണാകുളം സിറ്റിയിൽ ആറ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 16 പേരാണ് കരുതൽ തടങ്കലിലുള്ളത്. എറണാകുളം റൂറലിൽ 17 കേസ് രജിസ്റ്റർ ചെയ്തു. 21 പേർ അറസ്റ്റിലായി. 22 പേർ കരുതൽ തടങ്കലിലാണ്. തൃശൂര്‍ സിറ്റിയിൽ 10 കേസെടുത്തു. 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 പേർ കരുതൽ തടങ്കലിലാണ്. തൃശൂര്‍ റൂറലിൽ ഒൻപത് കേസ് രജിസ്റ്റർ ചെയ്തു. പത്ത് പേരുടെ അറസ്റ്റും പത്ത് പേരെ കരുതൽ തടങ്കലിലും പ്രവേശിപ്പിച്ചു.

പാലക്കാട് 7 കേസിൽ, 46 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 35 പേർ കരുതൽ തടങ്കലിലാണ്. മലപ്പുറത്ത് 34 കേസിൽ 141 പേർ അറസ്റ്റിലായി. 128 പേർ കരുതൽ തടങ്കലിലാണ്. കോഴിക്കോട് സിറ്റി പരിധിയിൽ 18 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. 26 പേർ അറസ്റ്റിലായി. 21 പേർ കരുതൽ തടങ്കലിലാണ്. കോഴിക്കോട് റൂറലിൽ 8 പേർ പിടിയിലായി. 14 പേർ അറസ്റ്റിലാണ്.  23 പേർ കരുതൽ തടങ്കലിലാണ്. വയനാട് അഞ്ച് കേസിൽ 114 പേരെ അറസ്റ്റ് ചെയ്തു. 19 പേർ കരുതൽ കസ്റ്റഡിയിലാണ്. കണ്ണൂര്‍ സിറ്റിയിൽ 26 കേസ് കൂടി രജിസ്റ്റർ ചെയ്തു. 31 പേർ അറസ്റ്റിലായി. 101 പേർ കരുതൽ തടങ്കലിലുണ്ട്. കണ്ണൂര്‍ റൂറലിൽ ഏഴ് കേസിൽ 10 അറസ്റ്റുണ്ടായി. ഒൻപത് പേർ കസ്റ്റഡിയിലാണ്. കാസര്‍ഗോഡ് ജില്ലിയിൽ 10 കേസിൽ 52 അറസ്റ്റ് രേഖപ്പെടുത്തി. 34 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചു.

 

Follow Us:
Download App:
  • android
  • ios