Translation: ഏഴ് ചില്ലിത്തുട്ടുകള്‍, ഹംഗേറിയന്‍ എഴുത്തുകാരനായ സിഗ്മൊണ്ട് മോറിച്ച് എഴുതിയ ചെറുകഥ
മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍ ഹംഗേറിയന്‍ എഴുത്തുകാരനായ സിഗ്മണ്ട് മോറിച്ചിന്റെ ''ഏഴ് ചില്ലിത്തുട്ടുകള്‍'' എന്ന കഥ
വിവര്‍ത്തകയുടെ കുറിപ്പ്
1879 ജൂണ്‍ 29-ന് ഹംഗറിയില്‍ ജനിച്ച സിഗ്മണ്ട് മോറിച്ച് ഗ്രാമങ്ങളെയും പട്ടണങ്ങളെയും കുറിച്ചെഴുതിയ റിയലിസ്റ്റ് ആയിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടയില്‍ 1908-ലാണ് മോറിച്ച് തന്റെ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. തന്റെ പല നോവലുകളിലും ചെറുകഥകളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള അനാരോഗ്യകരവും വികൃതവുമായ ഘടകങ്ങളെ എടുത്തുകാണിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഗ്രാമങ്ങളിലെ കര്‍ഷകജീവിതം, പ്രാദേശിക പ്രഭുജീവിതങ്ങളുടെ തകര്‍ന്നടിയല്‍, കയ്‌പേറിയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ വിവാഹ-കുടുംബ ജീവിതങ്ങള്‍, ഇതെല്ലാം എഴുത്തില്‍ മോറിച്ചിന് വിഷയമായി.
ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും തൊട്ടുമുന്‍പുള്ള കാലങ്ങളില്‍ മോറിച്ച് തന്റെ രാജ്യത്തിന്റെ പ്രശ്‌നങ്ങളോട് പ്രായോഗികമായ രീതിയിലെടുത്ത നിലപാട് ഏറെ പ്രധാന്യമുള്ളതാണ്. പ്രത്യേക സാമൂഹിക ഘടനകള്‍ മൂലം ഉരുത്തിരിയുന്ന ഒറ്റയ്ക്കും കൂട്ടായുമുള്ള അസ്ഥിരതകളെയും ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളെയും അവതരിപ്പിക്കാന്‍ തന്റെ വിവരണപരമായ കഴിവിനെ ഉപയോഗപ്പെടുത്തിയ ആദ്യത്തെ ഹംഗേറിയന്‍ എഴുത്തുകാരനായിരുന്നു മോറിച്ചെന്ന് സംശയമില്ലാതെ പറയാന്‍ കഴിയും. മോറിച്ചിന് മുന്‍പുണ്ടായിരുന്ന കാല്പനികവാദികളും യാഥാര്‍ത്ഥ്യവാദികളെന്ന് പറയപ്പെട്ടവരുമായ പ്രധാനപ്പെട്ട ഹംഗേറിയന്‍ എഴുത്തുകാര്‍ ഹംഗേറിയന്‍ സാഹിത്യത്തെ സമ്പുഷ്ടമാക്കുകയും ജനങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.
എന്നാല്‍ സിഗ്മണ്ട് മോറിച്ചിന്റെ രീതിയും വിഷയവും ഈ എഴുത്തുകാരുടെ രുചികള്‍ക്കും സ്വഭാവങ്ങള്‍ക്കും എതിരായിരുന്നു. അദ്ദേഹം നോവലുകളും ചെറുകഥകളും നാടകങ്ങളും കവിതകളുമെഴുതി. നിന്ദിക്കപ്പെട്ടവരുടെയും ദയാര്‍ഹരുടെയും ജീവിതങ്ങളിലേക്ക് ഭയപ്പാടില്ലാതെ ചുഴിഞ്ഞുനോക്കാനും കരുണയില്ലാത്ത യാഥാര്‍ത്ഥ്യത്തെ രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല. സമകാലീനരായ മറ്റുള്ള എഴുത്തുകാരില്‍ നിന്നും മോറിച്ചിനെ മാറ്റിനിര്‍ത്തിയ ഒരു കാര്യം താന്‍ ജനിച്ച പ്രബലമായ മഗ്യാര്‍ വംശത്തെക്കുറിച്ചുള്ള അന്തര്‍ബോധമായിരുന്നു.
ഇത്തവണ മറുകരയില്‍ ഹംഗേറിയന്‍ എഴുത്തുകാരനായ സിഗ്മണ്ട് മോറിച്ചിന്റെ ''ഏഴ് ചില്ലിത്തുട്ടുകള്‍'' എന്ന കഥ വായിക്കാം.
ദൈവങ്ങള്‍ തങ്ങളുടെ വിവേകത്താല്‍ ചിരിയുടെ ആനുകൂല്യം പാവങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്.
കുടിലുകളില്‍ താമസിക്കുന്നവര്‍ എല്ലാസമയത്തും കരഞ്ഞിരിക്കുകയല്ല, ഇടയ്‌ക്കെല്ലാം അവരുടെ താമസസ്ഥലങ്ങളില്‍ നിന്നും ഹൃദയം നിറയുന്ന ചിരി മുഴങ്ങാറുണ്ട്. കരയാന്‍ തീര്‍ച്ചയായും കാരണങ്ങളുള്ളതുപോലെ, പാവങ്ങള്‍ ഇടക്കെല്ലാം ചിരിക്കാറുമുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയും.
അത്തരമൊരു ലോകവുമായി തികച്ചും പരിചയത്തിലാണ് ഞാന്‍. എന്റെ അച്ഛനെ വളര്‍ത്തിക്കൊണ്ടുവന്ന സൂസ് ഗോത്രത്തിന്റെ തലമുറ ദാരിദ്ര്യത്തിന്റെ ഭയാനകമായ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ആ സമയത്ത്, എന്റെ അച്ഛന്‍ ഒരു മെഷീന്‍ കടയില്‍ ദിവസക്കൂലിക്ക് പണിയെടുക്കുകയായിരുന്നു. പൊങ്ങച്ചം പറയാനായി ആ ദിവസങ്ങളില്‍ അദ്ദേഹത്തിന് ഒന്നുമുണ്ടായിരുന്നില്ല, അദ്ദേഹത്തിനെന്നല്ല ആര്‍ക്കും ഒന്നുമുണ്ടായിരുന്നില്ല. (എന്നിട്ടും അവര്‍ വീമ്പ് പറഞ്ഞിരുന്നു.)
എന്റെ കുട്ടിക്കാലത്തെ ആ ദിവസങ്ങളില്‍ ചിരിച്ചതുപോലെ പിന്നീട് ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ചിരിച്ചിട്ടില്ല എന്നതൊരു സത്യമാണ്.
ആഹ്ലാദഭരിതയും ചുവന്ന കവിളുകളുമുള്ള എന്റെ അമ്മയെ നഷ്ടപ്പെട്ടതിനുശേഷം സത്യത്തില്‍ ഞാനെങ്ങനെയാണ് എന്നെങ്കിലും വീണ്ടും ഹൃദയം തുറന്ന് ചിരിക്കുക, വളരെ മനോഹരമായി ചിരിക്കാറുണ്ടായിരുന്ന എന്റെ അമ്മയുടെ കവിളിലൂടെ ചിരിച്ചുചിരിച്ച് ഒടുവില്‍ കണ്ണീരൊഴുകുകയും അമ്മയെ ശ്വാസം മുട്ടിക്കുന്ന ഒരു ചുമയില്‍ ആ ചിരി അവസാനിക്കുകയും ചെയ്യുമായിരുന്നു.
പക്ഷെ ഏഴ് ചില്ലിക്കാശ് തിരയാന്‍ വേണ്ടി ഞങ്ങള്‍ ചിലവഴിച്ച ആ ഉച്ചനേരത്ത് ആഹ്‌ളാദത്തോടെ ചിരിച്ചതുപോലെ അമ്മ ഒരിക്കലും ചിരിച്ചിട്ടില്ല. ഞങ്ങളത് തിരയുകയും അത് കണ്ടെത്തുകയും ചെയ്തു. മൂന്നെണ്ണം തുന്നല്‍ മെഷീനിന്റെ വലിപ്പിലുണ്ടായിരുന്നു, ഒന്ന് അലമാരയിലും... ബാക്കിയുള്ളവ കണ്ടെത്താനായിരുന്നു കൂടുതല്‍ ബുദ്ധിമുട്ട്.
ആദ്യത്തെ മൂന്ന് ചില്ലിക്കാശുകള്‍ അമ്മ തന്നെ കണ്ടുപിടിച്ചു. കൂടുതല്‍ കാശ് വലിപ്പിലുണ്ടാകുമെന്ന് അമ്മ വിചാരിച്ചു, കാരണം തയ്യല്‍പ്പണി ചെയ്ത് അമ്മ ഓരോ ചില്ലി സമ്പാദിക്കുകയും കിട്ടുന്നതെല്ലാം ആ വലിപ്പില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. എനിക്ക്, തുന്നല്‍ മെഷീനിന്റെ ആ വലിപ്പ് ഒരിക്കലും തീരാത്ത സ്വര്‍ണ്ണഖനിയാണെന്ന് തോന്നിയിരുന്നു, എപ്പോള്‍ തിരഞ്ഞുനോക്കിയാലും ആഗ്രഹങ്ങളെല്ലാം സത്യമായി തീര്‍ന്നിരുന്നു.
അതുകൊണ്ട് സൂചികളുടെയും വിരലുറകളുടെയും കത്രികകളുടെയും റിബ്ബണ്‍ തുണ്ടുകളുടെയും, മുടിപ്പിന്നലുകളുടെയും ബട്ടണുകളുടെയും ഇടയില്‍ അമ്മ പരതുന്നതുകണ്ട് ഞാനമ്പരന്നു, അല്പനേരം തിരഞ്ഞതിനുശേഷം അത്ഭുതത്തോടെ അമ്മ പറയുന്നത് ഞാന്‍ കേട്ടു
''അവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.''
''ആര്?''
''നാണയത്തുട്ടുകള്‍,'' ഒരു ചിരിയോടെ അമ്മ പറഞ്ഞു.
അമ്മ വലിപ്പ് പുറത്തേക്കെടുത്തു.
''വാ സണ്ണി, നമുക്ക് ദുഷ്ടന്മാരെ കണ്ടുപിടിക്കാം. താന്തോന്നികള്‍, താന്തോന്നികളായ നാണയങ്ങള്‍.''
അമ്മ നിലത്ത് കുത്തിയിരുന്ന് ശ്രദ്ധയോടെ വലിപ്പ് താഴെ വെച്ചു, അതിനുള്ളിലുള്ളത് പറന്നുപോകുമെന്ന പേടി അമ്മയ്ക്കുണ്ടെന്ന് തോന്നി, പിന്നീട് ഒരു തൊപ്പിക്കുള്ളില്‍ പൂമ്പാറ്റകളെ പിടിക്കുന്നതുപോലെ പതുക്കെ അത് തലതിരിച്ചിട്ടു.
അമ്മയത് ചെയ്ത രീതി കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിയില്ല.
''അതെല്ലാം ഇവിടെയുണ്ട്, ഇതാ,'' അമ്മകുണുങ്ങിച്ചിരിച്ചു, വലിപ്പ് മുകളിലേക്ക് പൊക്കാന്‍ അമ്മയ്ക്ക് ഒരു തിരക്കും ഉണ്ടായിരുന്നില്ല. ''ഒരൊറ്റ ഒന്നാണെങ്കില്‍പ്പോലും അത് തീര്‍ച്ചയായും ഇതിനുള്ളിലുണ്ടാകും.''
മടമ്പ് കുത്തി നിലത്തിരുന്നുകൊണ്ട് എവിടെനിന്നെങ്കിലും ഒരു തിളങ്ങുന്ന നാണയം മുന്നോട്ട് നിരങ്ങി വരുന്നുണ്ടോയെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇളക്കമൊന്നും ഉണ്ടായില്ല.
വാസ്തവത്തില്‍, അതിനുള്ളില്‍ നാണയങ്ങളുണ്ടെന്ന് സത്യത്തില്‍ ഞങ്ങളിലൊരാളും വിശ്വസിച്ചിരുന്നില്ല.
ബാലിശമായ ആ തമാശയില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഞങ്ങള്‍ പരസ്പരം നോക്കി..
.................................
''ഞാനെന്തൊരു വിഡ്ഢിയാണ്. സ്വന്തം പോക്കറ്റ് തിരയുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല! ഇപ്പോ അതിനെക്കുറിച്ച് ചിന്തിച്ചതുകൊണ്ട്, ഞാനൊന്ന് നോക്കട്ടെ.'' അമ്മ തിരഞ്ഞു
Photo: Gettyimages
തലതിരിഞ്ഞുകിടക്കുന്ന ആ വലിപ്പിനെ ഞാന്‍ തൊട്ടു.
''ശ്ശ്!'' അമ്മയെന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. ''അനങ്ങാതിരിക്ക് കുട്ടീ, അല്ലെങ്കില്‍ അവ ഓടിപ്പോകും. എത്ര ചുണയുള്ളവരാണ് അവരെന്ന കാര്യം നിനക്കറിയില്ല. അവര്‍ വേഗത്തിലോടും, ഉരുണ്ടുപോകും, ഹോ, എങ്ങനെയാണെന്നോ അവ ഉരുളുന്നത്...''
ഞങ്ങള്‍ ഇളകിച്ചിരിച്ചു. എത്ര എളുപ്പത്തില്‍ നാണയത്തുട്ടുകള്‍ക്ക് ഉരുണ്ടുപോകാന്‍ കഴിയുമെന്നത് ഞങ്ങള്‍ ഇടയ്‌ക്കെല്ലാം കണ്ടിട്ടുണ്ട്.
ചിരിച്ച് മതിയായിക്കഴിഞ്ഞപ്പോള്‍, വലിപ്പെടുക്കാന്‍ വേണ്ടി ഞാനൊരിക്കല്‍ക്കൂടി കൈനീട്ടി.
''വേണ്ട!'' അമ്മ ഉറക്കെപ്പറഞ്ഞു, ഇരുമ്പടുപ്പില്‍ തൊട്ട് പൊള്ളിയതുപോലെ ഞാന്‍ കൈ പിന്‍വലിച്ചു.
''ധൂര്‍ത്തന്‍, സൂക്ഷിച്ച്. അവയെ പറഞ്ഞയക്കാന്‍ എന്താണിത്ര തിടുക്കം?അവരിവിടെ സുരക്ഷിതമായി മറഞ്ഞിരിക്കുമ്പോള്‍ മാത്രമാണ് അവ നമുക്ക് സ്വന്തമായിട്ടുള്ളത്. അവ അല്പനേരം കൂടി അവിടെയിരിക്കട്ടെ. നിനക്കറിയുമോ, എനിക്കല്പം തുണിയലക്കാനുണ്ട്, അതിനായി അല്പം സോപ്പ് വേണം, സോപ്പ് വാങ്ങാന്‍ കുറഞ്ഞത് ഏഴ് ചില്ലിക്കാശെങ്കിലും വേണം. അതില്‍ കുറഞ്ഞതിന് അവരെനിക്ക് ഒന്നും തരില്ല. മൂന്നെണ്ണം എനിക്ക് കിട്ടിയിട്ടുണ്ട്, ഇനി നാലെണ്ണം കൂടി വേണം, ഈ ചെറിയ വീട്ടില്‍ തീര്‍ച്ചയായും അവരുണ്ടാകും. അവരിവിടെ താമസിക്കുകയാണ്, പക്ഷെ അവരെ ശല്യം ചെയ്യുന്നത് അവര്‍ക്കിഷ്ടമല്ല, ദേഷ്യം വന്നാല്‍ അവര്‍ അപ്രത്യക്ഷരാകും, പിന്നീടൊരിക്കലും നമുക്കവരെ പിടുത്തം കിട്ടുകയില്ല. അതുകൊണ്ട് സൂക്ഷിച്ച്, കാരണം കാശ് വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുവാണ്. അതിനെ ബഹുമാനിക്കണമെന്നാണ് അതാഗ്രഹിക്കുന്നത്. ലോലമായ മനസ്സുള്ള ഒരു സ്ത്രീയെപ്പോലെ അത് വേഗത്തില്‍ നീരസപ്പെടും. അതിന്റെ വീട്ടില്‍ നിന്നും അതിനെ പ്രലോഭിപ്പിക്കുന്ന ഒരു പാട്ട് നീ കേട്ടിട്ടില്ലേ?''
ഹോ അമ്മ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നപ്പോള്‍ ഞങ്ങളെത്രയാണ് ചിരിച്ചത്! എന്റെ മന്ത്രം ചൊല്ലല്‍ തീര്‍ച്ചയായും വിചിത്രമായിരുന്നു. അത് ഇങ്ങനെയായിരുന്നു:
''കാശമ്മാവാ, ഞാനൊരു നുണയനല്ല,
നിങ്ങളുടെ വീടിന് തീപിടിച്ചു..''
അന്നേരം ഞാന്‍ വലിപ്പിന്റെ ശരിയായ ഭാഗം മുകളിലേക്ക് തിരിച്ചുവെച്ചു.
അതിനുള്ളില്‍ വേണ്ടാത്ത ചവറുകളെല്ലാമുണ്ടായിരുന്നു, പക്ഷെ നാണയത്തുട്ടുകള്‍...
ഒന്നുപോലുമുണ്ടായിരുന്നില്ല.
മുഖം വീര്‍പ്പിച്ചുകൊണ്ട് എന്റെ അമ്മ കൂമ്പാരത്തിനുള്ളില്‍ തിരഞ്ഞുകൊണ്ടിരുന്നു, പക്ഷെ അതുകൊണ്ട് ഫലമുണ്ടായില്ല.
''എന്തൊരു കഷ്ടമാണ്,'' അമ്മ പറഞ്ഞു, ''നമുക്കൊരു മേശയില്ല. ഒരു മേശപ്പുറത്ത് അതിനെ തിരിച്ചിടുന്നതായിരുന്നു കൂടുതല്‍ മര്യാദ, അപ്പോള്‍ അതവിടെത്തന്നെ ഉണ്ടാകുമായിരുന്നു.''
ഞാനെല്ലാം ഒരുമിച്ചുകൂട്ടി വലിപ്പില്‍ തിരിച്ചുവെച്ചു. അന്നേരത്ത് അമ്മയെന്തോ അഗാധമായ ചിന്തയിലായിരുന്നു. ഏതെങ്കിലും സമയത്ത് മറ്റെവിടെയെങ്കിലും കാശ് വെച്ചിട്ടുണ്ടോയെന്ന് ഓര്‍ത്തുകൊണ്ട് അമ്മ തലപുണ്ണാക്കുകയായിരുന്നു, പക്ഷെ അമ്മയ്ക്കത് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന്, എനിക്കൊരു ആശയം തോന്നി.
''അമ്മേ ഒരു നാണയമുള്ള സ്ഥലം എനിക്കറിയാം.''
''എവിടെയാണത് സണ്ണി? അത് മഞ്ഞുപോലെ ഉരുകുന്നതിനു മുന്‍പ് നമുക്കതിനെ പിടിക്കാം.''
''ചില്ലലമാരയുടെ വലിപ്പില്‍ ഒരെണ്ണം ഉണ്ടാവാറുണ്ട്.''
''ഓ, എന്റെ കുഞ്ഞാടേ, ഇത് നീയെന്നോട് മുന്നേ പറയാത്തതില്‍ എനിക്ക് സന്തോഷമുണ്ട്, അതവിടെ ഉറപ്പായും ഇപ്പോള്‍ ഉണ്ടാവില്ല.''
ഞങ്ങളെഴുന്നേറ്റ് എത്രയോ കാലം മുന്‍പ് കണ്ണാടിച്ചില്ല് നഷ്ടപ്പെട്ട അലമാരയുടെ അടുത്തേക്ക് പോയി, ഞാന്‍ സംശയിച്ചതുപോലെ നാണയം അലമാരയുടെ വലിപ്പിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അത് അപഹരിക്കാനുള്ള മോഹം എനിക്കുണ്ടായിരുന്നു, പക്ഷെ അങ്ങനെ ചെയ്യാനുള്ള ധൈര്യം സംഭരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാനതിന് ധൈര്യപ്പെട്ടിരുന്നെങ്കില്‍ മുട്ടായി വാങ്ങാന്‍ ചിലവഴിക്കുമായിരുന്നു അത്.
''ഇപ്പോള്‍ നമ്മുടെ കൈയില്‍ നാല് ചില്ലിക്കാശുകളുണ്ട്. വിഷമിക്കേണ്ട സണ്ണി, അതിപ്പോള്‍ത്തന്നെ വലിയ പകുതിയായിക്കഴിഞ്ഞു. നമുക്കിനി മൂന്നെണ്ണം കൂടിയാണ് വേണ്ടത്. നാലെണ്ണം കണ്ടുപിടിക്കാന്‍ ഒരു മണിക്കൂറെടുത്തെങ്കില്‍, ബാക്കിയുള്ളത് ലഘുഭക്ഷണം കഴിക്കുന്നതിന് മുന്‍പ് നമ്മള്‍ കണ്ടുപിടിക്കും. അങ്ങനെ ഇരുട്ടുന്നതിനു മുന്‍പ് കുറേ തുണികള്‍ കഴുകാനുള്ള സമയം എനിക്ക് കിട്ടും. വാ, നമുക്ക് നോക്കാം, ഒരുപക്ഷെ മറ്റുള്ള വലിപ്പുകള്‍ക്കുള്ളില്‍ കുറച്ചുകൂടി ഉണ്ടെങ്കിലോ.''
എല്ലാ വലിപ്പുകള്‍ക്കുള്ളിലും ഓരോ നാണയം ഉണ്ടായിരുന്നെങ്കില്‍ എല്ലാം നന്നാവുമായിരുന്നു. ഞങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാവുമായിരുന്നു അത്. കാരണം, പഴയ അലമാര അതിന്റെ നല്ലകാലത്ത് സമ്പന്നമായ ഒരു വീട്ടിലാണ് സേവനം ചെയ്തിരുന്നത്, അവിടെ അതൊരുപാട് അമൂല്യവസ്തുക്കള്‍ക്ക് അഭയം നല്‍കിയിരുന്നു, എന്നിരുന്നാലും ഞങ്ങളുടെ വീട്ടില്‍ ആ പാവത്തിന്റെയുള്ളില്‍ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ, ദുര്‍ബ്ബലമായ നെഞ്ചോടെ, പ്രാണികള്‍ തിന്ന്, ഇടയിലെ പല്ലുകള്‍ കൊഴിഞ്ഞതുപോലെയായിരുന്നു അത്.
ഓരോ വലിപ്പും തുറക്കുമ്പോള്‍ അമ്മ അതിനെ ശകാരിച്ചുകൊണ്ടിരുന്നു.
''ഒരിക്കല്‍, ഇത് സമ്പന്നമായിരുന്നു. ഇതില്‍ ഒരിക്കലും ഒന്നുമുണ്ടായിരുന്നില്ല. ഇത് ചെള്ളുകളെ തിന്നാണ് ജീവിച്ചത്. നികൃഷ്ടനായ പിച്ചക്കാരാ, കാല്‍ക്കാശ് പോലും നിന്റെ പേരിലുണ്ടായിരുന്നില്ല. ഇതിലാണെങ്കില്‍ ഒന്നും ഉണ്ടാവുകയില്ല, നമ്മള്‍ ദാരിദ്ര്യം ഇതിലാണ് വെക്കുന്നത്. നിന്നോടാണ്, നിനക്കൊരിക്കലും ഒരു കാശ് പോലും ഉണ്ടാവാതിരിക്കട്ടെ, ഇപ്പോഴൊരിക്കല്‍ മാത്രമാണ് ഞാന്‍ നിന്നോട് ഒരു നാണയം ചോദിക്കുന്നത്, എന്നിട്ടുപോലും നീ വെറുപ്പ് കാട്ടുന്നു. ഇതാണ് ഉറപ്പായും ഏറ്റവും സമ്പന്നമായിട്ടുള്ളത്, നോക്കൂ!'' ഒരു തടിച്ചീള് പോലും അടിയിലില്ലാത്ത അവസാനത്തെ വലിപ്പ് ഇളക്കിത്തുറക്കുമ്പോള്‍ അമ്മ പൊട്ടിച്ചിരിച്ചു.
.....................................
ഞാന്‍ സംശയിച്ചതുപോലെ നാണയം അലമാരയുടെ വലിപ്പിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അത് അപഹരിക്കാനുള്ള മോഹം എനിക്കുണ്ടായിരുന്നു
Photo: Gettyimages
അമ്മ അതെന്റെ കഴുത്തില്‍ തൂക്കിയിട്ടു, അത്രയും ഉറക്കെയുറക്കെ ചിരിച്ചതിനാല്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നിലത്തിരിക്കേണ്ടി വന്നു.
''ഒരു നിമിഷം നില്‍ക്ക്,'' അമ്മ പെട്ടെന്നെഴുന്നേറ്റു, ''നൊടിയിടയില്‍ ഞാന്‍ കുറച്ച് കാശ് കൊണ്ടുവരാം. നിന്റെ അപ്പന്റെ ഉടുപ്പിനുള്ളില്‍ എന്തെങ്കിലും ഉണ്ടാകും.''
ചുവരില്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ തൂക്കാന്‍ കുറച്ച് ആണികളുണ്ടായിരുന്നു. എന്റെ അമ്മ അപ്പന്റെ ജാക്കറ്റിന്റെ ഏറ്റവും മുകളിലത്തെ പോക്കറ്റില്‍ തിരഞ്ഞു, അത്ഭുതങ്ങളില്‍ അത്ഭുതമെന്നവണ്ണം അമ്മയുടെ വിരലുകള്‍ ഒരു നാണയത്തുട്ട് പുറത്തെടുത്തു.
അമ്മയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
''അനുഗ്രഹം,'' അമ്മ ഉച്ചത്തില്‍ പറഞ്ഞു, ''ഇതാ. ഇതും കൂടിയായാല്‍ എത്രയായി? അതെല്ലാം എണ്ണാന്‍ നമുക്ക് ബുദ്ധിമുട്ടാകും. ഒന്ന്-രണ്ട്-മൂന്ന്-നാല്-അഞ്ച്... അഞ്ച്! നമുക്കിനി രണ്ടെണ്ണം കൂടിയേ ആവശ്യമുള്ളു. രണ്ട് നാണയത്തുട്ടുകള്‍, അതൊന്നുമില്ല. അഞ്ചെണ്ണം എവിടെയുണ്ടോ അവിടെ തീര്‍ച്ചയായും രണ്ടെണ്ണം കൂടിയുണ്ടാകും.''
അമ്മ പരിഭ്രമത്തോടെ അച്ഛന്റെ പോക്കറ്റുകളിലെല്ലാം തിരയാന്‍ തുടങ്ങി, പക്ഷെ അതിശയമെന്നു പറയട്ടെ, ഒരു ഫലവുമുണ്ടായില്ല. അമ്മയ്ക്ക് മറ്റൊരു നാണയത്തുട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറ്റവും ആഹ്ലാദമുള്ള തമാശകള്‍ക്ക് പോലും ആ രണ്ട് നാണയത്തുട്ടുകളെ വശീകരിച്ച് പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ല.
അമ്മയുടെ കവിളുകള്‍ ആവേശവും അദ്ധ്വാനവും കൊണ്ട് രണ്ട് ചുവപ്പ് റോസാപ്പൂവുകള്‍ പോലെ ജ്വലിച്ചു. അമ്മയ്ക്ക് ജോലി ചെയ്യാന്‍ പാടില്ലായിരുന്നു, കാരണം, എപ്പോഴൊക്കെ ജോലി ചെയ്‌തോ അപ്പോഴെല്ലാം അമ്മ കിടപ്പിലായി. ഇത് തീര്‍ച്ചയായും ഒരു പ്രത്യേക തരത്തിലുള്ള പണിയായിരുന്നു, പണം തിരയുന്നതില്‍ നിന്നും ആളുകളെ വിലക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.
പലഹാരത്തിന്റെ സമയം വരികയും പോവുകയും ചെയ്തു. ഇനി വേഗം ഇരുട്ടിത്തുടങ്ങും. എന്റെ അച്ഛന് രാവിലെ ഇടാന്‍ വൃത്തിയുള്ള ഒരു ഷര്‍ട്ട് വേണം, തുണികളൊന്നും കഴുകിയിട്ടുമില്ല. ഷര്‍ട്ടില്‍ നിന്നും അഴുക്ക് കളയാന്‍ കിണറിലെ വെള്ളം മാത്രം മതിയായിരുന്നില്ല.
പെട്ടെന്ന്, അമ്മ കൈ നെറ്റിയിലടിച്ചു:
''ഞാനെന്തൊരു വിഡ്ഢിയാണ്. സ്വന്തം പോക്കറ്റ് തിരയുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല! ഇപ്പോ അതിനെക്കുറിച്ച് ചിന്തിച്ചതുകൊണ്ട്, ഞാനൊന്ന് നോക്കട്ടെ.''
അമ്മ തിരഞ്ഞു, തീര്‍ച്ചയായും അതിലൊരു നാണയം ഉണ്ടായിരുന്നു. ആറാമത്തേത്.
വാസ്തവത്തില്‍ ഒരു ജ്വരം ഞങ്ങളെ പിടികൂടി. ഒരൊറ്റ നാണയം കൂടി മതി.
''നിന്റെ കീശ കൂടി ഞാനൊന്ന് നോക്കട്ടെ , ഒരുപക്ഷെ ഒന്ന് അതിലുണ്ടാകും.''
കഷ്ടം, അത് കാണിച്ചതുകൊണ്ട് കാര്യമൊന്നുമുണ്ടായില്ല. അവ കാലിയായിരുന്നു.
ഇരുട്ടായിത്തുടങ്ങിയിരുന്നു, ആറ് ചില്ലിത്തുട്ടുകളുമായി ഞങ്ങളിരുന്നു, ഒരുപക്ഷെ അതുകൊണ്ട് ഒരുപയോഗവുമില്ലാത്തതുപോലെ. ജൂതനായ പലചരക്ക് കടക്കാരന്‍ കടം തന്നിരുന്നില്ല, അയല്‍ക്കാരും ഞങ്ങളെപ്പോലെ തന്നെ നിര്‍ദ്ധനരായിരുന്നു. അതിനുപുറമെ, നേരെ ചെന്ന് ഒരു ചില്ലിക്കാശ് ആരോടും ചോദിക്കാനും കഴിയില്ല!
ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്ന ഏറ്റവും നല്ല കാര്യം സ്വന്തം ദുരിതത്തില്‍ ഉറക്കെച്ചിരിക്കുക എന്നതായിരുന്നു.
ആ നോവില്‍ ഇരിക്കുമ്പോഴാണ്, ഒരു യാചകന്‍ പിച്ചക്ക് വേണ്ടിയുള്ള തന്റെ കരച്ചില്‍പ്പാട്ടുമായി അതുവഴി വന്നത്.
അമ്മ ചിരിച്ചുചിരിച്ച് ബോധം പോകുന്ന അവസ്ഥയിലായി.
''നിര്‍ത്ത് എന്റെ നല്ല മനുഷ്യാ,'' അമ്മ പറഞ്ഞു, ''ഉച്ചയ്ക്ക് മുഴുവനും ഞാന്‍ വെറുതെയിരിക്കുകയായിരുന്നു, കാരണം അരക്കഷ്ണം സോപ്പ് വാങ്ങാന്‍ എന്റെ കൈയില്‍ ഒരു ചില്ലിത്തുട്ട് കുറവായിരുന്നു.
കാരുണ്യവാനായ ആ വൃദ്ധന്‍ പിച്ചക്കാരന്‍, അമ്മയെ തുറിച്ചുനോക്കി.
''ഒരു ചില്ലി കുറവാണെന്നാണോ നിങ്ങള്‍ പറയുന്നത്?''
''അതെ, ഒരു ചില്ലിക്കാശ്.''
''അത് ഞാന്‍ നിങ്ങള്‍ക്ക് തരാം.''
''ഒരു പിച്ചക്കാരനോട് ദാനം ചോദിക്കുന്നത് നല്ല കാര്യം തന്നെ!''
''അത് സാരമില്ല, എന്റെ കുട്ടി, അതില്ലാതെ എനിക്ക് കഴിയാന്‍ പറ്റും. നിലത്ത് ഒരു കുഴിയും ഒരു കൈക്കോട്ട് മണ്ണുമാണ് എനിക്കാകെ ആവശ്യമുള്ളത്. അത് കിട്ടിയാല്‍ എനിക്കെല്ലാം ശരിയാകും.''
അയാള്‍ ചില്ലിക്കാശ് എന്റെ കൈയില്‍ വെച്ചിട്ട് ഞങ്ങളുടെ നല്ലവാക്കുകള്‍ക്കിടയിലൂടെ വേച്ചുവേച്ച് നടന്നു.
''നന്ദി ദൈവമേ,'' എന്റെ അമ്മ പറഞ്ഞു. ''ഇനി ഓടിപ്പോയി...''
അമ്മ പെട്ടെന്ന് ഇടയ്ക്ക് വെച്ച് നിര്‍ത്തി, പിന്നെ മണിമുഴങ്ങുന്നതുപോലെ നിര്‍ത്താതെ പൊട്ടിച്ചിരിച്ചു.
''എന്തുതന്നെയായാലും എനിക്കിന്ന് തുണി കഴുകാന്‍ പറ്റില്ല, എന്നാല്‍, അതുപോലെത്തന്നെ വളരെ നേരത്തേയുമല്ല നമുക്ക് കാശ് ഒപ്പിക്കാന്‍ കഴിഞ്ഞത്: ഇരുട്ടായിക്കൊണ്ടിരിക്കുന്നു, വിളക്കിലാണെങ്കില്‍ മണ്ണെണ്ണയുമില്ല.''
അത്രയുറക്കെ ചിരിച്ചതുകൊണ്ട് അമ്മയുടെ ശ്വാസം നിലച്ചുപോയി. ഭയങ്കരമായി കൊല്ലുന്ന തരത്തിലുള്ള ഒരു ചുമ അമ്മയുടെ ശരീരത്തെ ഇളക്കി. കാലുകള്‍ നിലത്തുറയ്ക്കാതെ ആടിക്കൊണ്ട് അമ്മ കൈകള്‍ കൊണ്ട് മുഖംപൊത്തി, അടുത്തേക്ക് ചെന്ന് അമ്മയെ താങ്ങിയപ്പോള്‍ ചൂടുള്ള എന്തോ ഒന്ന് എന്റെ കൈകളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാനറിഞ്ഞു.
അത് ചോരയായിരുന്നു, അമ്മയുടെ വിലപ്പെട്ട, വിശുദ്ധ രക്തം. ദരിദ്രര്‍ക്കിടയിലും വളരെ ഹാര്‍ദ്ദമായി ചിരിക്കാന്‍ കഴിയുന്ന ചിലരെപ്പോലെയുള്ള എന്റെ അമ്മയുടെ രക്തം.
മറുകരയിലെ കഥകള്‍
ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ
ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ
ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ
ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍
എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ
തൂവല്‍ത്തലയണ, ഹൊറേസിയോ കിറോഗ എഴുതിയ കഥ
ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ
ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ
ആരാണത് ചെയ്തത്, നൊബേല്‍ സമ്മാന ജേതാവ് ലുയിജി പിരാന്ദെല്ലൊയുടെ കഥ
വയസ്സന്‍ കപ്യാര്‍, വ്‌ലാഡിമിര്‍ കൊറോലെങ്കോയുടെ കഥ
ഗ്രഹണം, നൊബേല്‍ സമ്മാനം കിട്ടിയ ആദ്യ എഴുത്തുകാരിയുടെ കഥ
മറ്റവള്‍, അമേരിക്കന്‍ കഥാകൃത്ത് ഷെര്‍വുഡ് ആന്‍ഡേഴ്‌സണ്‍ എഴുതിയ കഥ
വിശ്വസ്ത ഹൃദയം, ഐറിഷ് എഴുത്തുകാരന്‍ ജോര്‍ജ് മോര്‍ എഴുതിയ കഥ
അവസാനത്തെ പാഠം, ഫ്രഞ്ച് നോവലിസ്റ്റും കഥാകൃത്തുമായ അല്‍ഫോന്‍സ് ഡോഡെ എഴുതിയ കഥ
പ്രേമം, ലെനിനും സാര്‍ ചക്രവര്‍ത്തിയും ഒരുപോലെ സ്‌നേഹിച്ച ഒരെഴുത്തുകാരിയുടെ കഥ
സ്വപ്നവും യാഥാര്‍ത്ഥ്യവും; ഒരു കുഞ്ഞ് ആഫ്രിക്കന്‍ കഥ
പിയൊണിപ്പൂന്തോട്ടം, ഒരു ഗെയ്ഷയുടെയും കാമുകന്റെയും തോണിയാത്രയുടെ കഥ!