ഒരു യാത്ര, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ
മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍, അമേരിക്കന്‍ നോവലിസ്റ്റ് ഈഡിത് വോര്‍ട്ടന്‍ എഴുതിയ കഥ
വിവര്‍ത്തകയുടെ കുറിപ്പ്
വിവര്‍ത്തനം കഴിഞ്ഞ്, വാക്കുകളുടെ ഇരമ്പത്തില്‍നിന്നും പുറത്തുകടന്ന്, നിത്യജീവിതത്തിരക്കുകളിലേക്കും തിരക്കില്ലായ്മയിലേക്കും ചേക്കേറുമ്പോഴും വിടാതെ പിടികൂടുന്ന ചില കഥകളുണ്ട്. അതിലൊന്നായിരുന്നു, ഈഡിത് വോര്‍ട്ടന്‍ എഴുതിയ ഒരു യാത്ര.
കണ്ണടയ്ക്കുമ്പോഴിപ്പോള്‍ ഒരു തീവണ്ടിയുടെ ഇരമ്പം മാത്രമാണ്. മൊട്ടക്കുന്നുകളെയും പാപ്പിറസ് മരങ്ങളെയും പിറകിലാക്കിക്കൊണ്ട് അത് മൂടല്‍മഞ്ഞിലൂടെ കുതിച്ചുപായുന്നു. എന്നോ ഈ ഭൂമിയില്‍ നിന്നും പോയ പ്രിയപ്പെട്ട ഈഡിത് വോര്‍ട്ടന്‍, നിങ്ങളുടെ ഒരേയൊരു കഥ വായിച്ചതും അത് വിവര്‍ത്തനം ചെയ്തതുമാണ് ഞാന്‍ ചെയ്ത ഒരേ ഒരു അപരാധം, കൊളറാഡോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുന്ന ഒരു തീവണ്ടിയില്‍ നിന്ന് ഒരിക്കലും ഇറങ്ങാന്‍ കഴിയാതെ ഞാനിപ്പോഴും തരിച്ചിരിക്കുകയാണ്. എല്ലാവരും ഇറങ്ങിപ്പോയിരിക്കുന്നു, ഇപ്പോഴും കര്‍ട്ടന്റെ നേരിയ വിടവിലൂടെ എന്റെ കണ്ണുകള്‍ ബെര്‍ത്തിനുള്ളിലേക്ക് പായുന്നു. ഈ വണ്ടിയില്‍ നിന്നും എന്നിറങ്ങുമെന്നോ നിങ്ങള്‍ എന്ന് എന്റെ മനസ്സില്‍ നിന്നും പോകുമെന്നോ എനിക്കൊരു പിടിയുമില്ല.
ഈഡിത് വോര്‍ട്ടന്‍
മറുകരയില്‍ ഇത്തവണ അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും ഡിസൈനറുമായ ഈഡിത് വോര്‍ട്ടന്റെ 'ഒരു യാത്ര' എന്ന കഥയാണ്. ന്യൂയോര്‍ക്കിലെ ഒരു ഉന്നതകുടുംബത്തില്‍ ജനിച്ച ഈഡിത് വോര്‍ട്ടന്റെ കഥകളില്‍ പൊതുവെ നിറഞ്ഞുനില്‍ക്കുന്നത് അസന്തുഷ്ടരായ സ്ത്രീ കഥാപാത്രങ്ങളും, ബുദ്ധിശാലികളും വികാരജീവികളുമായ ദുരന്തനായകരോ നായികമാരോ ആണ്. ജീവിതം തരുന്നതിനേക്കാള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഇവര്‍ സന്തോഷങ്ങള്‍ക്ക് പിറകെ പോകുന്നുണ്ടെങ്കിലും ഒരിക്കലും അതില്‍ എത്തിച്ചേരുന്നില്ല. താന്‍ ജീവിച്ച കാലത്തെ ന്യൂയോര്‍ക്കിലെ സമ്പന്നരുടെ കഥയാണ് ഈഡിത് പലപ്പോഴും പറയാന്‍ ശ്രമിച്ചത്. പഴയ ന്യൂയോര്‍ക്ക് നഗരത്തില്‍ വേരുറച്ചുപോയ ഡച്ച്, ഇംഗ്ലിഷ് വംശപരമ്പരയില്‍പ്പെട്ട ഉന്നതരുടെ കുടുംബചരിത്രങ്ങളാണ് ഇതില്‍ കൂടുതലെന്നതും എടുത്തുപറയേണ്ടതുണ്ട്.
ഈഡിത് വോര്‍ട്ടന്റെ കൃതികള്‍ ആധികാരികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും സന്തോഷം തിരയുന്ന സ്ത്രീകളെയാണ്. 'ഒരു യാത്ര' എന്ന കഥയിലെ സ്ത്രീയും ഇതില്‍ നിന്നും വ്യത്യസ്തയല്ല. അമേരിക്കയിലെ മൂന്നാമത്തെ പ്രസിഡന്റായ തോമസ് ജെഫേഴ്‌സന്റെ വിഖ്യാതമായ സ്വാതന്ത്ര പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന ജീവിതം, സ്വാതന്ത്ര്യം, സന്തോഷത്തെ പിന്തുടരല്‍ എന്നിങ്ങനെ നിഷേധിക്കാന്‍ കഴിയാത്ത അവകാശങ്ങളെ മാതൃകയാക്കുന്ന വിധത്തില്‍ ഈഡിതിന്റെ കഥാപാത്രങ്ങള്‍ ജീവിക്കുന്നു. ഇതിന്റെ ഉദാഹരണമാണ് അവരുടെ പന്ത്രണ്ടാമത്തെ നോവലായ 'നിഷ്‌കളങ്കതയുടെ യുഗം.' 1921ല്‍ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച ഈ കഥ 1993-ല്‍ സിനിമയായും പുറത്തുവന്നിട്ടുണ്ട്.
ഈഡിത് വോര്‍ട്ടന്റെ കഥയിലെ തീവണ്ടിയിലേക്ക് വായനക്കാരെയും ക്ഷണിക്കുന്നു.
തലയ്ക്ക് മുകളിലുള്ള നിഴലുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് തന്റെ ബെര്‍ത്തില്‍ കിടക്കുമ്പോള്‍, ഉള്ളില്‍ ചക്രങ്ങളുടെ ഇരമ്പം അവളെ കൂടുതല്‍ കൂടുതല്‍ ഉണര്‍വ്വിന്റെ വൃത്തങ്ങളിലേക്ക് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നു. ബോഗി അതിന്റെ രാത്രിമൗനത്തിലേക്ക് ആഴ്ന്നുകഴിഞ്ഞിരുന്നു. നനഞ്ഞ ജനാലച്ചില്ലിലൂടെ പെട്ടെന്നുള്ള വെളിച്ചങ്ങളും, പാഞ്ഞുപോകുന്ന ഇരുട്ടിന്റെ നീണ്ട പരപ്പുകളും അവള്‍ കണ്ടു. ഇടയ്ക്കിടക്ക് അവള്‍ തലചെരിച്ച് നടുവഴിയുടെ എതിരെ, ഭര്‍ത്താവിന്റെ കര്‍ട്ടന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി.
അയാള്‍ക്ക് എന്തെങ്കിലും വേണ്ടി വരുമോയെന്നും അയാള്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ കഴിയുമോയെന്നും അസ്വസ്ഥതയോടെ അവള്‍ ചിന്തിച്ചു. കഴിഞ്ഞ ചില മാസങ്ങളായി അയാളുടെ ശബ്ദം വളരെയധികം ദുര്‍ബലമായി മാറിയിരുന്നു, അവള്‍ വിളികേട്ടില്ലെങ്കില്‍ അയാള്‍ക്ക് വെറിപിടിക്കും. ഈ മുന്‍കോപം, കുട്ടികളെപ്പൊലെ കൂടിവരുന്ന വാശി, അവരുടെ അതിസൂക്ഷ്മമായ അകല്‍ച്ചയ്ക്ക് അര്‍ത്ഥം നല്‍കുന്നുണ്ടെന്ന് തോന്നി. ഒരു ചില്ലുപാളിയിലൂടെ രണ്ടുപേര്‍ പരസ്പരം നോക്കുന്നതുപോലെ അത്ര അടുത്തായിരുന്നു അവര്‍, ഏറെക്കുറെ തൊടുന്നമട്ടില്‍, പക്ഷെ അവര്‍ക്ക് കേള്‍ക്കാനോ പരസ്പരം തൊടാനോ കഴിഞ്ഞില്ല. അവര്‍ക്കിടയിലെ ചലിപ്പിക്കുന്ന ശക്തി മുറിഞ്ഞുപോയിരുന്നു.
കുറഞ്ഞത് അവള്‍ക്കെങ്കിലും ഈ അകല്‍ച്ചയെക്കുറിച്ചുള്ള ബോധമുണ്ടായിരുന്നു, ചിലനേരത്ത് പരാജയപ്പെടുന്ന വാക്കുകള്‍ നികത്തുന്ന നേരത്ത് അയാളുടെ നോട്ടത്തില്‍ അത് പ്രതിഫലിക്കുന്നത് കണ്ടെന്ന് അവള്‍ സങ്കല്പിച്ചു. കുറ്റം അവളുടേതാണെന്നതിന് സംശയമുണ്ടായിരുന്നില്ല. രോഗത്തിന് ഭേദിക്കാന്‍ കഴിയാത്തവിധത്തില്‍ വളരെയധികം ഉറച്ച ആരോഗ്യമായിരുന്നു അവള്‍ക്ക്. അവളുടെ സ്വയം കുറ്റപ്പെടുത്തുന്ന മൃദുലഭാവം അയാളുടെ യുക്തിഹീനമായ ബോധവുമായി കലര്‍ന്ന് കിടന്നു. അയാളുടെ നിസ്സഹായമായ ക്രൂരതകള്‍ക്ക് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നുവെന്ന നേരിയ ഒരു തോന്നല്‍ അവള്‍ക്കുണ്ടായിരുന്നു. പെട്ടെന്നുള്ള ഒരു മാറ്റം അവള്‍ പ്രതീക്ഷിച്ചതായിരുന്നില്ല. ഒരു വര്‍ഷം മുന്‍പ് അവരുടെ ഹൃദയങ്ങള്‍ ഒറ്റയൊന്നായി കരുത്തോടെ മിടിച്ചിരുന്നു, രണ്ടുപേര്‍ക്കും അനന്തമായ ഭാവിയെക്കുറിച്ച് അമിതവിശ്വാസമുണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ ഉന്മേഷങ്ങള്‍ ഒത്തുപോവാതായിരിക്കുന്നു, അവളുടേത് ജീവിതത്തേക്കാള്‍ വളരെ മുന്നില്‍ പ്രതീക്ഷയുടെയും പ്രവര്‍ത്തനത്തിന്റെയും കാണാത്ത മേഖലകളിലേക്ക് കുതിച്ചുകൊണ്ടിരുന്നു, അയാളുടേതാകട്ടെ അവളെ മറികടക്കാന്‍ വെറുതെ പ്രയാസപ്പെട്ടുകൊണ്ട് വളരെ പിറകിലായിരുന്നു.
അവര്‍ വിവാഹം കഴിച്ചപ്പോള്‍ അവള്‍ക്ക് ജീവിതത്തിന്റെ ചില കുടിശ്ശികകള്‍ തീര്‍ക്കാനുണ്ടായിരുന്നു, വൈമനസ്യമുള്ള കുട്ടികളുടെ മേല്‍ അനാരോഗ്യകരമായ സത്യങ്ങള്‍ അടിച്ചേല്‍പ്പിക്കാറുള്ള സ്‌കൂള്‍-മുറിയുടെ വെള്ളതേച്ച ചുമരുകള്‍ പോലെ ശൂന്യമായിരുന്നു അവളുടെ ദിവസങ്ങള്‍. വിദൂര സാധ്യതകളുടെ ഒരു വേലിക്കെട്ടുണ്ടാകുന്നതുവരെ വര്‍ത്തമാനകാലത്തെ വിപുലമാക്കിക്കൊണ്ട്, അയാളുടെ വരവ് അതിക്രമിച്ചുകടന്നത് മയങ്ങിക്കിടന്ന ചുറ്റുപാടിലേക്കാണ്. പക്ഷെ അറിയാതെ ചക്രവാളം ചുരുങ്ങി. ജീവിതത്തിന് അവളോടെന്തോ പകയുണ്ടായിരുന്നു. ചിറകുകള്‍ വിരിക്കാന്‍ അവള്‍ക്കൊരിക്കലും അനുവാദം ലഭിച്ചില്ല.
ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് ആറാഴ്ചത്തെ ശാന്തമായ കാലാവസ്ഥ അയാളെ സുഖപ്പെടുത്തുമെന്നാണ്, പക്ഷെ അയാള്‍ തിരിച്ചുവന്നപ്പോള്‍, ആ ഉറപ്പുനല്‍കലില്‍ വരണ്ട കാലാവസ്ഥയുള്ള ഒരു സ്ഥലത്തെ ശൈത്യകാലം കൂടി ഉള്‍പ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. തങ്ങളുടെ മനോഹരമായ വീടുപേക്ഷിച്ച്, കല്യാണസമ്മാനങ്ങളും പുതിയ ഫര്‍ണീച്ചറുകളും സൂക്ഷിച്ചുവെച്ച് അവര്‍ കൊളറാഡോയിലേക്ക് പോയി. തുടക്കം മുതല്‍ തന്നെ ആ സ്ഥലം അവള്‍ വെറുത്തു. ആരും അവളെ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല, അവരുടെ നല്ല ചേര്‍ച്ചയെ നോക്കി അത്ഭുതപ്പെടാനോ, പുതിയ വസ്ത്രങ്ങളും, അപ്പോഴും അവള്‍ അതിശയപ്പെട്ടിരുന്ന വിസിറ്റിംഗ് കാര്‍ഡുകളും നോക്കി അസൂയപ്പെടാനോ ആരുമുണ്ടായിരുന്നില്ല. അയാളുടെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. യുക്തികൊണ്ട് മാത്രം ഒഴിവാക്കാന്‍ കഴിയുന്ന ബുദ്ധിമുട്ടുകള്‍ തന്നെ ചുറ്റിവളയുന്നത് അവളറിഞ്ഞു. എന്നിട്ടും അവളയാളെ സ്‌നേഹിച്ചു എന്നകാര്യം തീര്‍ച്ചയായിരുന്നു, പക്ഷെ അയാള്‍ പതുക്കെ വിവരിക്കാനാവാത്തവിധം അയാളാവുന്നത് നിര്‍ത്തുകയായിരുന്നു. അവള്‍ വിവാഹം കഴിച്ചിരുന്ന മനുഷ്യന്‍ കരുത്തും, പ്രസരിപ്പും, സൗമ്യതയുമുള്ള ഗൃഹനാഥനായിരുന്നു, ഭൗതികമായ തടസ്സങ്ങള്‍ക്കിടയിലൂടെ വഴി കണ്ടെത്തുന്നതില്‍ ആനന്ദിക്കുന്ന ഒരു പുരുഷന്‍. പക്ഷെ ഇപ്പോള്‍ അവളാണ് രക്ഷാധികാരി, അയാളെയാണ് നിര്‍ബന്ധബുദ്ധികളില്‍ നിന്നും പരിരക്ഷിക്കേണ്ടതും ആകാശം ഇടിഞ്ഞുവീണാലും മരുന്നുകളും ബീഫ് ജ്യൂസും നല്‍കേണ്ടതും. ചികിത്സാമുറിയിലെ പതിവുനടപടികള്‍ അവളെ പരിഭ്രാന്തയാക്കി, കൃത്യതയോടെ മരുന്ന് കൊടുത്തുകൊണ്ടിരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത ഏതോ മതാനുഷ്ഠാനം പോലെ വിരസമായി തോന്നി.
.......................................
ചിലസമയത്ത് അയാളവളെ ഭയപ്പെടുത്തി, അയാളുടെ കുഴിഞ്ഞ, ഭാവങ്ങളൊന്നുമില്ലാത്ത മുഖം ഒരു അപരിചിതന്റേതുപോലെ തോന്നിച്ചു
അയാളുടെ കൊടും തളര്‍ച്ചയുടെ ഇടയിലും പരസ്പരം തിരയുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ആ പഴയരൂപം കണ്ടുപിടിക്കാന്‍ കഴിയുമ്പോള്‍, അനുകമ്പയുടെ ഊഷ്മളമായ പ്രവാഹം അവള്‍ക്ക് അയാളോടുള്ള സ്വാഭാവികമായ നീരസത്തെ ഒഴുക്കിക്കൊണ്ടുപോയ സമയങ്ങളും ഉറപ്പായും ഉണ്ടായിട്ടുണ്ട്. പക്ഷെ അത്തരം നിമിഷങ്ങള്‍ വളരെ അപൂര്‍വ്വമായിക്കൊണ്ടിരുന്നു. ചിലസമയത്ത് അയാളവളെ ഭയപ്പെടുത്തി, അയാളുടെ കുഴിഞ്ഞ, ഭാവങ്ങളൊന്നുമില്ലാത്ത മുഖം ഒരു അപരിചിതന്റേതുപോലെ തോന്നിച്ചു, അയാളുടെ ശബ്ദം തളര്‍ന്നതും അടഞ്ഞതുമായി, അയാളുടെ നേരിയചുണ്ടിലെ ചിരി വെറും പേശിയുടെ വലിച്ചില്‍ മാത്രമായി. അവളുടെ കൈകള്‍, അയാളുടെ ഈറനായ മൃദുവായ തൊലിയെ അവഗണിച്ചു, അതിന് ആരോഗ്യത്തിന്റെ പരിചിതമായ പരുപരുപ്പ് നഷ്ടപ്പെട്ടിരുന്നു. ചിലപ്പോള്‍ വിചിത്രമായ ഒരു മൃഗത്തെ നോക്കുന്നതുപോലെയാണ് താന്‍ രഹസ്യമായി അയാളെ നോക്കുന്നതെന്ന് അവള്‍ കണ്ടുപിടിച്ചു. ഈ മനുഷ്യനെയായിരുന്നല്ലോ താന്‍ സ്‌നേഹിച്ചത് എന്ന തോന്നല്‍ അവളെ ഭയപ്പെടുത്തി, അവള്‍ അനുഭവിച്ചത് എന്തായിരുന്നെന്ന് അയാളോട് പറയാന്‍ മണിക്കൂറുകള്‍ ഉണ്ടായിരുന്നു എന്നത് അവളുടെ പേടികളില്‍ നിന്നുള്ള ഒരു രക്ഷപ്പെടലായി തോന്നി. എന്നാല്‍ പൊതുവെ അവള്‍ കൂടുതല്‍ ദയയുള്ളവളായാണ് തന്നെ കരുതിയത്, ഒരുപക്ഷെ കൂടുതല്‍ക്കാലം അയാളുടെ കൂടെ ഒറ്റയ്ക്ക് കഴിഞ്ഞതിനാല്‍, വീണ്ടും വീട്ടിലെത്തിക്കഴിയുമ്പോള്‍ ഉറപ്പും സന്തോഷവുമുള്ള ഒരു കുടുംബം ചുറ്റുമുള്ളതുകൊണ്ട് വ്യത്യാസം അനുഭവപ്പെടുമെന്ന് അവള്‍ വിചാരിച്ചു. ഒടുവില്‍ ഡോക്ടര്‍മാര്‍ വീട്ടില്‍ പോകാനുള്ള അനുമതി അയാള്‍ക്ക് നല്‍കിയപ്പോള്‍ എത്രമാത്രം ആനന്ദിച്ചിരുന്നു അവള്‍! ഉറപ്പായും അവള്‍ക്കറിയാമായിരുന്നു ആ തീരുമാനത്തിന്റെ അര്‍ത്ഥമെന്താണെന്ന്, അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയാമായിരുന്നു. അയാള്‍ മരിക്കുമെന്നായിരുന്നു അതിന്റെ അര്‍ത്ഥം. പക്ഷെ സത്യത്തെ അവര്‍ കൃത്രിമമായ പ്രത്യാശയില്‍ പൊതിഞ്ഞു, ചിലപ്പോഴൊക്കെ ഒരുക്കങ്ങളുടെ സന്തോഷത്തില്‍ തങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം പോലും അവള്‍ മറക്കുകയും അടുത്തവര്‍ഷത്തെ പരിപാടികളുടെ ആകാംക്ഷയോടെയുള്ള സംസാരങ്ങളിലേക്ക് വീഴുകയും ചെയ്തു.
ഒടുവില്‍ പുറപ്പെടാനുള്ള ദിവസം വന്നെത്തി. അവര്‍ക്കൊരിക്കലും പോകാന്‍ കഴിയില്ലെന്ന ഭീകരമായ ഒരു ഭയം അവള്‍ക്കുണ്ടായിരുന്നു, എങ്ങനെയെങ്കിലും അവസാനനിമിഷത്തില്‍ അയാളവളുടെ പ്രതീക്ഷകളെ തകര്‍ക്കുമെന്നും, ഡോക്ടര്‍മാര്‍ അവരുടെ പതിവുള്ള ഒരു ചതി കരുതി വെച്ചിരിക്കുമെന്നും. പക്ഷെ ഒന്നും സംഭവിച്ചില്ല. അവര്‍ സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്തു, അയാള്‍ കാല്‍മുട്ടിന് മുകളില്‍ ഒരു കമ്പിളിയിട്ട് പിറകില്‍ ഒരു കുഷ്യന്‍ വെച്ച് ഇരിക്കുകയായിരുന്നു, അവളാകട്ടെ ജനലിനുപുറത്തേക്ക് തലയിട്ട് അവളതുവരെ ഇഷ്ടപ്പെടാതിരുന്ന പരിചയക്കാരോട് ഒട്ടും സങ്കടമില്ലാതെ കൈവീശി യാത്രപറയുകയായിരുന്നു.
ആദ്യത്തെ ഇരുപത്തിനാലുമണിക്കൂറുകള്‍ നന്നായി കടന്നുപോയി. അയാളുടെ ആരോഗ്യസ്ഥിതി അല്പം ഭേദമായി, ജനലിലൂടെ പുറത്തേക്ക് നോക്കുന്നതും തീവണ്ടിക്കുള്ളിലെ തമാശകളും അയാളെ അത്ഭുതപ്പെടുത്തി. രണ്ടാമത്തെ ദിവസം അയാള്‍ക്ക് ക്ഷീണം തോന്നിത്തുടങ്ങുകയും ച്യൂയിംഗ് ഗം വീര്‍പ്പിക്കുന്ന, ശരീരത്തില്‍ പുള്ളിക്കുത്തുകളുള്ള ഒരു കുട്ടിയുടെ നിര്‍വ്വികാരമായ തുറിച്ചുനോട്ടത്തില്‍ അയാള്‍ പ്രകോപിതനാകുകയും ചെയ്തു. കുട്ടിയുടെ അമ്മയോട് അയാള്‍ക്ക് ഒട്ടും സുഖമില്ലാത്തതിനാല്‍ അയാളെ ശല്യം ചെയ്യാന്‍ പാടില്ലെന്ന കാര്യം അവള്‍ക്ക് വിവരിക്കേണ്ടിവന്നു. ആ സ്ത്രീക്ക് ആരോ നല്‍കിയ വെറുപ്പോടെയുള്ള ഒരു നിര്‍ദ്ദേശം മുഴുവന്‍ ബോഗിയിലെ അമ്മമാരുടെ വികാരങ്ങളും പിന്തുണയ്ക്കുന്നത് കണ്ടു.
അന്നുരാത്രി അയാള്‍ നന്നായുറങ്ങിയില്ല, അടുത്ത ദിവസം രാവിലെ അയാള്‍ക്കുണ്ടായ പനി അവളെ പേടിപ്പിച്ചു. അയാളുടെ അവസ്ഥ മോശമാവുകയാണെന്ന് അവള്‍ക്കുറപ്പായിരുന്നു. യാത്രയുടെ ചെറിയ അസ്വസ്ഥതകളുമായി ദിവസം പതുക്കെ കടന്നുപോയി. അയാളുടെ തളര്‍ന്ന മുഖം നോക്കിയിരുന്നപ്പോള്‍, അതിന്റെ വൈരുദ്ധ്യങ്ങളില്‍ വണ്ടിയുടെ ഓരോ കുലുക്കവും ചാട്ടവും അവള്‍ കണ്ടുപിടിച്ചു, അവളുടെ സ്വന്തം ശരീരം അനുകമ്പയുടേതായ ക്ലേശത്താല്‍ വിറച്ചു. മറ്റുള്ളവരും അയാളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി, അയാളിലേക്കും ചോദ്യരൂപത്തില്‍ നോക്കുന്ന കണ്ണുകളുടെ നിരയിലേക്കും അസ്വസ്ഥതയോടെ മനസ്സ് ചുറ്റിപ്പറന്നു. തൊലിയില്‍ പുള്ളിക്കുത്തുകളുള്ള കുട്ടി അയാളുടെ ചുറ്റും ഒരീച്ചയെപ്പോലെ പറ്റി നിന്നു. മിഠായിയും ചിത്രപുസ്തകങ്ങളും നല്‍കാമെന്ന വാഗ്ദാനത്തിനൊന്നും അവളെ അവിടെ നിന്നും മാറ്റാന്‍ കഴിഞ്ഞില്ല. അവള്‍ ഒരു കാല്‍ മറ്റേക്കാലിന്റെ മുകളില്‍ പിണച്ചുവെച്ച് ഇളകാതെ അയാളെത്തന്നെ ശ്രദ്ധിച്ചു. ഒരുപക്ഷെ മനുഷ്യസ്‌നേഹികളായ യാത്രക്കാരുടെ ''എന്തെങ്കിലും ഉറപ്പായും ചെയ്യണം'' എന്ന മനോനിലയുടെ പ്രചോദനത്തിലാവണം, അതുവഴി കടന്നുപോകുന്ന സമയത്ത് അറ്റന്‍ഡര്‍ എന്തൊക്കെയോ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നത്. പരിഭ്രാന്തനായ മൊട്ടത്തൊപ്പി വെച്ച ഒരാള്‍ തന്റെ ഭാര്യയുടെ ആരോഗ്യത്തില്‍ വന്നേക്കാവുന്ന സാധ്യതയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടു.
ഒന്നും ചെയ്യാനില്ലാതെ വിരസമായ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങി. ഇരുള്‍ വീഴാന്‍ തുടങ്ങിയനേരത്ത് അവള്‍ അയാളുടെയടുത്ത് പോയിരുന്നപ്പോള്‍ അയാള്‍ തന്റെ കൈയെടുത്ത് അവളുടെ കൈയില്‍ വെച്ചു. ആ സ്പര്‍ശം അവളെ അമ്പരപ്പിച്ചു. അയാള്‍ ദൂരെനിന്നെങ്ങോ വിളിക്കുകയാണെന്ന് അവള്‍ക്ക് തോന്നി. അവളയാളെ നിസ്സഹായതയോടെ നോക്കി, അയാളുടെ ചിരി അവളിലേക്ക് ഒരു പ്രാണവേദനപോലെ കടന്നുകൂടി.
''നിങ്ങള്‍ക്ക് വളരെയധികം ക്ഷീണമുണ്ടോ?'' അവള്‍ ചോദിച്ചു.
''ഇല്ല, വളരെയൊന്നുമില്ല.''
''നമ്മള്‍ വേഗം തന്നെ അവിടെയെത്തും.''
''അതെ, വേഗം തന്നെ.''
''നാളെ ഈ നേരത്ത്-''
അയാള്‍ തലയാട്ടി, അവര്‍ ഒന്നും മിണ്ടാതെ ഇരുന്നു. അയാളെ ഉറക്കാന്‍ കിടത്തി തന്റെ ബെര്‍ത്തിലേക്ക് നുഴഞ്ഞുകയറുമ്പോള്‍ ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ ന്യൂയോര്‍ക്കിലെത്തുമല്ലോ എന്ന ചിന്തയാല്‍ അവള്‍ തന്നെത്തന്നെ ഉത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. അവളുടെ ആളുകളെല്ലാം അവളെ കാണാന്‍ വേണ്ടി സ്റ്റേഷനിലുണ്ടാകും. ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങുന്ന അവരുടെ ജിജ്ഞാസയില്ലാത്ത വട്ടമുഖങ്ങള്‍ അവള്‍ മനസ്സില്‍ കണ്ടു. അവരയാളോട് അയാള്‍ വളരെ നന്നായിരിക്കുന്നുണ്ടെന്നും വേഗത്തില്‍ തന്നെ അയാള്‍ സുഖം പ്രാപിക്കുമെന്നും വളരെ ഉച്ചത്തിലൊന്നും പറയുകയില്ലെന്ന് അവള്‍ പ്രത്യാശിച്ചു. യാതനകളുമായുള്ള ഏറെക്കാലത്തെ ബന്ധത്തില്‍നിന്നും ഉടലെടുത്ത സൂക്ഷ്മമായ സാഹാനുഭൂതികള്‍ കുടുബത്തിന്റെ വൈകാരികമായ ഇഴയടുപ്പത്തെ പരുക്കനാക്കുന്നുണ്ടെന്ന് അവള്‍ക്ക് ബോധ്യപ്പെടുന്നുണ്ടായിരുന്നു.
.................................
പേടിച്ച് ചുരുണ്ടിരിക്കുമ്പോള്‍ തീവണ്ടി വളരെപ്പതുക്കെയാണ് നീങ്ങുന്നതെന്ന് അവള്‍ക്ക് തോന്നി. അപ്പോള്‍ അതെത്തുകയാണ്
പെട്ടെന്ന് അയാള്‍ വിളിച്ചുവെന്ന് അവള്‍ക്ക് തോന്നി. അവള്‍ കര്‍ട്ടന്‍ വകഞ്ഞുമാറ്റി ശ്രദ്ധിച്ചു. ഇല്ല, തീവണ്ടിമുറിയുടെ മറ്റേയത്ത് ഒരാള്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം മാത്രമാണത്. കൊഴുപ്പിലൂടെ കടന്നുപോകുന്നതുപോലെ വഴുവഴുപ്പ് തോന്നിക്കുന്ന ഒരു ശബ്ദമായിരുന്നു അത്. അവള്‍ കിടന്നുറങ്ങാന്‍ ശ്രമിച്ചു. അയാള്‍ അനങ്ങുന്നത് അവള്‍ കേട്ടിട്ടുണ്ടായിരുന്നില്ലേ? അവള്‍ വിറയ്ക്കാന്‍ തുടങ്ങി.... ഏതു ശബ്ദത്തെക്കാളും കൂടുതല്‍ നിശ്ശബ്ദത അവളെ ഭയപ്പെടുത്തി. ശബ്ദം അവളെ കേള്‍പ്പിക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ടാവില്ല. ഒരുപക്ഷെ ഇപ്പോള്‍ അയാളവളെ വിളിക്കുന്നുണ്ടാവും.
അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്താണ്?
അശുഭപ്രതീക്ഷയുടെ പരിധിക്കുള്ളിലെ ഏറ്റവും അസഹനീയമായ സംഭവവുമായി ബന്ധിപ്പിക്കാനുള്ള, വളരെയധികം തളര്‍ന്ന മനസ്സിന്റെ സാധാരണ പ്രവണത മാത്രമായിരുന്നു അത്. അവള്‍ തല പുറത്തേക്കിട്ട് ശ്രദ്ധിച്ചു, പക്ഷെ മറ്റുള്ളവരുടെ ശബ്ദങ്ങളില്‍ നിന്നും അയാളുടെ ശ്വാസോച്ഛ്വാസം വേര്‍തിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. എഴുന്നേറ്റ് അയാളെ നോക്കാന്‍ അവളാഗ്രഹിച്ചു, പക്ഷെ ആ പ്രേരണ തന്റെ വെറും അസ്വസ്ഥതയുടെ പഴുതാണെന്ന് അവളറിഞ്ഞു, അയാള്‍ക്ക് ശല്യമാകുമെന്നുള്ള ഭയം അവളെ തടഞ്ഞു. അയാളുടെ കര്‍ട്ടന്റെ തുടര്‍ച്ചയായുള്ള ഇളക്കം അവള്‍ക്ക് ധൈര്യം നല്‍കിയത് എന്തിനാണെന്ന് അറിയില്ല, ഉത്സാഹത്തോടെ ഒരു ശുഭരാത്രി അയാളവള്‍ക്ക് നേര്‍ന്നിരുന്നുവെന്ന് അവളോര്‍മ്മിച്ചു. തന്റെ ഭയത്തെ ഒരു നിമിഷത്തേക്ക് പോലും സഹിക്കാനുള്ള കഴിവില്ലായ്മയെ അവള്‍ തന്റെ ക്ഷീണിച്ച ശരീരത്തിന്റെ പരിശ്രമത്തോടെ മാറ്റിവെച്ചു. അവള്‍ തിരിഞ്ഞുകിടന്ന് ഉറങ്ങി.
അവള്‍ നേരെ എഴുന്നേറ്റിരുന്ന് പുറത്തെ പ്രഭാതത്തിലേക്ക് ഉറ്റുനോക്കി. വിരസമായ ആകാശത്തിനോട് പറ്റിച്ചേര്‍ന്നുകിടക്കുന്ന മൊട്ടക്കുന്നുകളുള്ള ഒരു പ്രദേശത്തുകൂടെ കുതിക്കുകയായിരുന്നു തീവണ്ടിയപ്പോള്‍. പിറവിയുടെ ആദ്യദിവസം പോലെ തോന്നിച്ചു അത്. തീവണ്ടിമുറി അടച്ചിട്ടിരിക്കുകയായിരുന്നു, പുറത്ത് ഉത്സാഹത്തോടെ നില്‍ക്കുകയായിരുന്ന കാറ്റിന് അകത്തേക്ക് കടക്കാന്‍ വേണ്ടി അവള്‍ ജനല്‍പ്പാളി ഉയര്‍ത്തി. പിന്നീടവള്‍ വാച്ചിലേക്ക് നോക്കി, അപ്പോള്‍ ഏഴുമണിയായിരുന്നു. ഉടന്‍തന്നെ അവള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ ഇളകാന്‍ തുടങ്ങും. അവള്‍ വസ്ത്രം ധരിച്ച്, ഉലഞ്ഞമുടി ശരിയാക്കിക്കൊണ്ട് കുളിമുറിയില്‍ കയറി. മുഖം കഴുകി വസ്ത്രം നേരെയാക്കിക്കഴിഞ്ഞപ്പോള്‍ അവള്‍ക്ക് കൂടുതല്‍ പ്രതീക്ഷ തോന്നി. രാവിലെ ഉന്മേഷമില്ലാതെ ഇരിക്കുന്നത് അവള്‍ക്കെപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പരുക്കന്‍ ടവ്വലിനടിയില്‍ അവളുടെ കവിളുകള്‍ നീറുകയും അവളുടെ ചെന്നിയിലെ നനഞ്ഞമുടികള്‍ എഴുന്നുനില്‍ക്കുകയും ചെയ്തു. അവളുടെ ശരീരത്തിലെ ഓരോ ഇഞ്ചും നിറയെ ജീവിതവും വിധേയത്വവുമായിരുന്നു. പത്തുമണിക്കൂറിനുള്ളില്‍ അവര്‍ വീടെത്തും!
അവള്‍ ഭര്‍ത്താവിന്റെ ബെര്‍ത്തിലേക്ക് കയറി. അദ്ദേഹത്തിന് അതിരാവിലെ കുടിക്കേണ്ട പാലിന്റെ സമയം ആയിരിക്കുന്നു. ജനലിന്റെ ഷട്ടര്‍ താഴ്ത്തിയിരിക്കുകയായിരുന്നു, കര്‍ട്ടനുകള്‍ക്കുള്ളിലെ നേരിയ ഇരുട്ടില്‍ ചരിഞ്ഞുകിടക്കുന്ന അയാളെ അവള്‍ കണ്ടു, അയാളുടെ മുഖം മറുവശത്തായിരുന്നു. അവള്‍ അയാളുടെ മുകളില്‍ക്കൂടി ചാഞ്ഞ് ഷട്ടര്‍ പൊക്കി. അങ്ങനെ ചെയ്യുമ്പോള്‍ അയാളുടെ ഒരു കൈയില്‍ അവള്‍ തൊട്ടു, അത് തണുത്തിരിക്കുന്നതായി തോന്നി.
അവള്‍ അടുത്തേക്ക് കുനിഞ്ഞ് അവളുടെ കൈ അയാളുടെ കൈയില്‍ വെച്ച് അയാളെ പേരുചൊല്ലി വിളിച്ചു. അയാള്‍ ഇളകിയില്ല. അവള്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു, അയാളുടെ തോളില്‍പ്പിടിച്ച് പതുക്കെ കുലുക്കി. അയാള്‍ അനങ്ങാതെ കിടക്കുകയാണ്. അവള്‍ വീണ്ടും അയാളുടെ കൈ പിടിച്ചു, അത് നിര്‍ജ്ജീവമായ ഒരു വസ്തുവിനെപ്പോലെ അവളുടെ കൈയില്‍ നിന്നും വഴുതിപ്പോയി.
നിര്‍ജ്ജീവമായ ഒരു വസ്തു?
അവളുടെ ശ്വാസം നിലച്ചുപോയി. അവള്‍ക്ക് ഉറപ്പായും അയാളുടെ മുഖം കാണണം. അവള്‍ മുന്നോട്ട് ചാഞ്ഞ് തിടുക്കത്തില്‍, പേടിയോടെ, മടിച്ചുനില്‍ക്കുന്ന ശരീരത്തോടെ, അയാളുടെ തോളില്‍പ്പിടിച്ച് തിരിച്ചുകിടത്തി. അയാളുടെ തല പിറകോട്ട് വീണു, അയാളുടെ മുഖം ചെറുതും മിനുസവുമുള്ളതായി തോന്നി, ഇളകാത്ത കണ്ണുകളോടെ അയാളവളെ തുറിച്ചുനോക്കി.
അയാളെ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ഏറെനേരം അവള്‍ അനക്കമില്ലാതെ ഇരുന്നു, അവര്‍ പരസ്പരം നോക്കി. പെട്ടെന്ന് അവള്‍ പേടിച്ച് പിറകോട്ട് മാറി, നിലവിളിക്കാനും, ആരെയെങ്കിലും സഹായത്തിന് വിളിക്കാനും, അയാളില്‍ നിന്നും പറന്നകലാനുമുള്ള ആഗ്രഹം അവളെ ഏറെക്കുറെ കീഴടക്കിക്കഴിഞ്ഞിരുന്നു. പക്ഷെ എന്തോ ഒരു ശക്തി അവളെ തടഞ്ഞു. എന്റെ ദൈവമേ! അയാള്‍ മരിച്ചുവെന്ന് അറിയുകയാണെങ്കില്‍ അടുത്ത സ്റ്റേഷനെത്തിയാല്‍ അവരെ ട്രെയിനില്‍ നിന്നും ഇറക്കിവിടും.
ഭയപ്പെടുത്തുന്ന ഓര്‍മ്മയുടെ മിന്നലില്‍, ഒരിക്കല്‍ യാത്രചെയ്യുമ്പോള്‍ ദൃക്സാക്ഷിയാകേണ്ടിവന്ന ഒരു രംഗം അവളുടെ മുന്നില്‍ ഉയര്‍ന്നുവന്നു, ട്രെയിനില്‍ വെച്ച് കുട്ടി മരിച്ച ഒരു അച്ഛനെയും അമ്മയെയും അടുത്തുവന്ന ഏതോ സ്റ്റേഷനില്‍ തള്ളിപ്പുറത്താക്കിയത്. കുട്ടിയുടെ ശവശരീരം നടുവില്‍ വെച്ച് അവര്‍ സ്റ്റേഷനില്‍ നില്‍ക്കുന്നത് അവള്‍കണ്ടു, അകന്നുപോകുന്ന ട്രെയിനിനെ പരിഭ്രാന്തിയോടെ നോക്കിനില്‍ക്കുന്ന അവരുടെ നോട്ടത്തെ അവളൊരിക്കലും മറന്നിട്ടുണ്ടായിരുന്നില്ല. ഇതാണ് അവള്‍ക്കും സംഭവിക്കാന്‍ പോകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ അപരിചിതമായ ഏതോ സ്റ്റേഷനില്‍ ഭര്‍ത്താവിന്റെ ശരീരവുമായി അവള്‍ ഒറ്റയ്ക്ക് നില്‍ക്കും. അതൊരിക്കലും ഉണ്ടാവില്ല! എത്രയോ ഭയാനകമാണത്, അവള്‍ അപകടത്തില്‍പ്പെട്ട ഒരു ജീവിയെപ്പോലെ വിറച്ചു.
പേടിച്ച് ചുരുണ്ടിരിക്കുമ്പോള്‍ തീവണ്ടി വളരെപ്പതുക്കെയാണ് നീങ്ങുന്നതെന്ന് അവള്‍ക്ക് തോന്നി. അപ്പോള്‍ അതെത്തുകയാണ്-അവര്‍ ഒരു സ്റ്റേഷനിലേക്ക് കടക്കുകയാണ്! വിജനമായ പ്ലാറ്റ്‌ഫോമില്‍ ആ ഭര്‍ത്താവും ഭാര്യയും നില്‍ക്കുന്നത് അവള്‍ വീണ്ടും കണ്ടു. ഉഗ്രമായ ഒരു ഭാവത്തോടെ തന്റെ ഭര്‍ത്താവിന്റെ മുഖം ഒളിപ്പിക്കാന്‍ വേണ്ടി അവള്‍ ഷട്ടര്‍ താഴ്ത്തിയിട്ടു.
തലചുറ്റുന്നതുപോലെ തോന്നിയപ്പോള്‍, നീണ്ടുനിവര്‍ന്നുകിടക്കുന്ന അയാളുടെ ശരീരത്തില്‍ നിന്നും അകന്ന്, ഒരു തരത്തില്‍ ശോകമൂകമായ പുലര്‍വെളിച്ചത്തില്‍ അയാള്‍ക്കും അവള്‍ക്കും അടച്ചിരിക്കാന്‍ വേണ്ടി കര്‍ട്ടനുകള്‍ കൂടുതല്‍ അടുത്തേക്ക് വലിച്ചുകൊണ്ട്, അവള്‍ ബെര്‍ത്തിന്റെ അറ്റത്ത് അമര്‍ന്നുകിടന്നു. അവള്‍ ചിന്തിക്കാന്‍ ശ്രമിച്ചു. എന്തുതന്നെ വന്നാലും അയാള്‍ മരിച്ചുവെന്ന സത്യം അവള്‍ക്ക് ഒളിച്ചുവെച്ചേ മതിയാവൂ. പക്ഷെ എങ്ങനെ? അവളുടെ മനസ്സ് പ്രവര്‍ത്തിക്കാന്‍ മടിച്ചു. അവള്‍ക്കൊന്നും തീരുമാനിക്കാന്‍ കഴിഞ്ഞില്ല, ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു വഴിയും ആലോചിക്കാന്‍ കഴിയാതെ ദിവസം മുഴുവനും കര്‍ട്ടനില്‍ പിടിച്ചുകൊണ്ട് അവിടെ ഇരിക്കാന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞുള്ളു.
...............................
പാതി ഇരുട്ടില്‍ അവളുടെ ഭര്‍ത്താവിന്റെ മുഖം വൈഢൂര്യക്കണ്ണുകളുള്ള ഒരു വെണ്ണക്കല്‍ മുഖംമൂടി പോലെ അവളെ തുറിച്ചുനോക്കി.
തീവണ്ടിയിലെ അറ്റന്‍ഡര്‍ വന്ന് അവളുടെ കിടക്ക മടക്കിവെക്കുന്ന ശബ്ദം കേട്ടു. ആളുകള്‍ കമ്പാര്‍ട്ട്‌മെന്റില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങിയിരുന്നു, കുളിമുറിയുടെ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്യുന്നു. അവള്‍ ഒറ്റയ്ക്ക് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വളരെയധികം പരിശ്രമത്തിനുശേഷം അവള്‍ എഴുന്നേറ്റുനിന്നു, പിറകില്‍ കര്‍ട്ടനുകള്‍ വലിച്ചടച്ചുകൊണ്ട് അവള്‍ സീറ്റുകളുടെ ഇടയിലുള്ള സ്ഥലത്തേക്ക് കാലെടുത്തുവെച്ചു. വണ്ടി ഇളകുന്നതിനനുസരിച്ച് കര്‍ട്ടനുകള്‍ ചെറുതായി അകന്നുമാറുന്നത് അവള്‍ ശ്രദ്ധിച്ചു, അവള്‍ ഉടുപ്പില്‍ നിന്നും ഒരു പിന്നെടുത്ത് രണ്ടു കര്‍ട്ടനുകളും കൂടി ചേര്‍ത്തുവെച്ചു. ഇപ്പോള്‍ അവള്‍ സുരക്ഷിതയാണ്. തിരിഞ്ഞുനോക്കിയപ്പോള്‍ അറ്റന്‍ഡറെ കണ്ടു. അയാളവളെ ശ്രദ്ധിക്കുകയാണെന്ന് തോന്നി.
''അദ്ദേഹം ഇതുവരെ ഉണര്‍ന്നില്ലേ?'' അയാള്‍ അന്വേഷിച്ചു.
''ഇല്ല,'' അവള്‍ പതര്‍ച്ചയോടെ പറഞ്ഞു.
''അദ്ദേഹത്തിന് ആവശ്യം വരുമ്പോള്‍ കുടിക്കാന്‍ പാല് ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഏഴുമണിയാകുമ്പോഴേക്കും അദ്ദേഹത്തിനത് വേണമെന്ന് നിങ്ങളെന്നോട് പറഞ്ഞിരുന്നില്ലേ.''
ഒന്നും മിണ്ടാതെ തലയാട്ടിക്കൊണ്ട് അവള്‍ തന്റെ സീറ്റിലേക്ക് ഇഴഞ്ഞുകയറി.
എട്ടരയായപ്പോള്‍ തീവണ്ടി ബഫല്ലോയിലെത്തി. അപ്പോഴേക്കും മറ്റുള്ള യാത്രക്കാരെല്ലാം വസ്ത്രം മാറി പകല്‍സമയത്തേക്ക് വേണ്ടി ബെര്‍ത്ത് തിരികെ മടക്കിവെച്ചിരുന്നു. വിരിപ്പുകളുടെയും തലയണകളുടെയും ചുമതലയില്‍പ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അറ്റന്‍ഡര്‍ കടന്നുപോകുന്ന നേരത്ത് അവളെ നോക്കി. അവസാനം അയാള്‍ ചോദിച്ചു, ''അദ്ദേഹം എഴുന്നേല്‍ക്കുന്നില്ലേ? കഴിയുന്നതും നേരത്തെ ബെര്‍ത്തുകള്‍ ശരിയാക്കാനാണ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്.''
അവള്‍ പേടികൊണ്ട് തണുത്ത് മരവിച്ചു. അവരപ്പോള്‍ സ്റ്റേഷനിലേക്ക് കടക്കുകയായിരുന്നു.
''ഓ, ഇതുവരെ എഴുന്നേറ്റില്ല,'' അവള്‍ വിക്കിവിക്കിപ്പറഞ്ഞു. ''പാല് കുടിക്കാനായാല്‍ എഴുന്നേല്‍ക്കും. ദയവു ചെയ്ത് നിങ്ങളത് കൊണ്ടുവരുമോ?''
''ശരി. നമ്മള്‍ക്ക് പുറപ്പെടാറായതുകൊണ്ട് വേഗം കൊണ്ടുവരാം.''
തീവണ്ടി ഇളകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വീണ്ടും പാലുമായി പ്രത്യക്ഷപ്പെട്ടു. അതയാളില്‍ നിന്നും വാങ്ങി അലക്ഷ്യമായി അവള്‍ അതിലേക്ക് നോക്കിയിരുന്നു. കലങ്ങിമറിയുന്ന വെള്ളപ്പൊക്കത്തിനെതിരെ അകലങ്ങളിലായി വെച്ച ചവിട്ടുകല്ലുകളിലെന്ന പോലെ അവളുടെ തലച്ചോറ് ഒരാശയത്തില്‍ നിന്നും മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അറ്റന്‍ഡര്‍ അപ്പോഴും പ്രതീക്ഷയോടെ അവിടെ ചുറ്റിപ്പറ്റി നടക്കുകയാണെന്ന് ഒടുവില്‍ അവള്‍ക്ക് മനസ്സിലായി.
''ഞാനിത് അദ്ദേഹത്തിന് കൊടുക്കട്ടെ?'' അയാള്‍ നിര്‍ദ്ദേശം വെച്ചു.
''ഓ, വേണ്ട'' അവള്‍ ഉച്ചത്തില്‍പ്പറഞ്ഞുകൊണ്ട് എഴുന്നേറ്റു. ''അദ്ദേഹം ഇപ്പോഴും ഉറങ്ങുകയാണെന്ന് തോന്നുന്നു- '
അറ്റന്‍ഡര്‍ കടന്നുപോകുന്നതുവരെ അവള്‍ കാത്തുനിന്നു, അതുകഴിഞ്ഞ് കര്‍ട്ടനുകളിലെ പിന്നഴിച്ച് അതിനുള്ളില്‍ കയറി. പാതി ഇരുട്ടില്‍ അവളുടെ ഭര്‍ത്താവിന്റെ മുഖം വൈഢൂര്യക്കണ്ണുകളുള്ള ഒരു വെണ്ണക്കല്‍ മുഖംമൂടി പോലെ അവളെ തുറിച്ചുനോക്കി. കണ്ണുകള്‍ ഭയാനകമായിരുന്നു. അവള്‍ കൈനീട്ടി കണ്‍പോളകള്‍ അടച്ചു.
അപ്പോളവള്‍ തന്റെ മറ്റേ കൈയിലിരിക്കുന്ന പാല്‍ഗ്ലാസിനെക്കുറിച്ചോര്‍ത്തു, അവളതുകൊണ്ട് എന്താണ് ചെയ്യേണ്ടത്? ജനാലയുയര്‍ത്തി അത് പുറത്തേക്ക് കളഞ്ഞാലോ എന്നവള്‍ ചിന്തിച്ചു. പക്ഷെ അങ്ങനെ ചെയ്യണമെങ്കില്‍ അവള്‍ക്ക് അയാളുടെ ശരീരത്തിലേക്ക് ചാഞ്ഞ് അവളുടെ മുഖം അയാളുടെ മുഖത്തിനടുത്തേക്ക് കൊണ്ടുവരണം. അവള്‍ പാല് കുടിക്കാന്‍ തീരുമാനിച്ചു.
അവള്‍ ഒഴിഞ്ഞ ഗ്ലാസ്സുമായി തന്റെ സീറ്റില്‍ പോയിരുന്നു, അല്പം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ അത് വാങ്ങാന്‍ വേണ്ടി വന്നു.
''ഞാനെപ്പോഴാണ് അദ്ദേഹത്തിന്റെ കിടക്ക മടക്കുക?'' അയാള്‍ ചോദിച്ചു.
''ഓ, ഇപ്പോഴല്ല-ആയിട്ടില്ല, അദ്ദേഹത്തിന് സുഖമില്ല- അദ്ദേഹത്തിന് ഒട്ടും വയ്യ. അദ്ദേഹത്തെ അങ്ങനെ തന്നെ കിടക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ? എത്ര കിടക്കാന്‍ കഴിയുന്നോ അത്രയും കിടക്കാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.''
അയാള്‍ തലചൊറിഞ്ഞു. ''ശരി, അദ്ദേഹത്തിന് ശരിക്കും അസുഖമാണെങ്കില്‍..''
അയാള്‍ ഒഴിഞ്ഞ ഗ്ലാസ്സുമെടുത്ത്, കര്‍ട്ടന് പിന്നിലുള്ള ആള്‍ എഴുന്നേല്‍ക്കാന്‍ കൂടി പറ്റാത്തവിധത്തില്‍ അവശനാണെന്ന് യാത്രക്കാരോട് വിവരിച്ചുകൊണ്ട് നടന്നുപോയി.
സഹാനുഭൂതിയുള്ള കണ്ണുകളുടെ നടുവിലാണ് താനെന്ന് അവള്‍ കണ്ടുപിടിച്ചു. അമ്മയുടെ ഭാവമുള്ള ഒരു സ്ത്രീ സൗഹൃദത്തോടെ ചിരിച്ചുകൊണ്ട് അവളുടെ അടുത്ത് വന്നിരുന്നു.
''നിങ്ങളുടെ ഭര്‍ത്താവിന് അസുഖമാണെന്നറിഞ്ഞതില്‍ വിഷമമുണ്ട്. എന്റെ കുടുംബത്തില്‍ അസാധാരണമായ ഒരുപാട് അസുഖങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഒരുപക്ഷെ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഞാനൊന്ന് അദ്ദേഹത്തെ നോക്കിക്കോട്ടെ?''
''ഓ, വേണ്ട-ദയവുചെയ്ത് വേണ്ട! അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ പാടില്ല.''
ആ സ്ത്രീ സന്തോഷപൂര്‍വ്വം ആ തിരസ്‌കാരം സ്വീകരിച്ചു.
''ശരി, അത് തീര്‍ച്ചയായും നിങ്ങള്‍ പറയുന്നതുപോലെ തന്നെയാണ്, എങ്കിലും അസുഖങ്ങളുമായി നിങ്ങള്‍ക്കത്ര പരിചയമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, നിങ്ങളെ സഹായിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടാകുമായിരുന്നു. ഭര്‍ത്താവിന് ഇങ്ങനെ വരുമ്പോള്‍ സാധാരണ നിങ്ങളെന്താണ് ചെയ്യാറുള്ളത്?
''ഞാന്‍-ഞാനദ്ദേഹത്തെ ഉറങ്ങാനനുവദിക്കും.''
''കൂടുതല്‍ ഉറക്കവും ആരോഗ്യത്തിന് അത്ര നല്ലതല്ല. നിങ്ങളദ്ദേഹത്തിന് മരുന്ന് കൊടുക്കുന്നില്ലേ?
''ഉ..ഉണ്ട്.''
''അത് കൊടുക്കാന്‍ അദ്ദേഹത്തെ ഉണര്‍ത്താറില്ലെ?''
''അതെ''
''അടുത്ത ഡോസ് എപ്പോഴാണ് അദ്ദേഹത്തിന് എടുക്കാനുള്ളത്?''
''രണ്ടുമണിക്കൂര്‍ നേരത്തേക്ക് - കൊടുക്കേണ്ട''
ആ സ്ത്രീ നിരാശപ്പെട്ടതുപോലെ തോന്നി. ''ശരി, ഞാന്‍ നിങ്ങളായിരുന്നെങ്കില്‍ ഞാനത് പലതവണ കൊടുക്കാന്‍ ശ്രമിക്കും. അതാണ് എന്റെ ആളുകള്‍ക്ക് ഞാന്‍ ചെയ്യാറുള്ളത്.''
അതിനുശേഷം പലമുഖങ്ങളും അവളെ നിര്‍ബന്ധിക്കുന്നതുപോലെ തോന്നി. യാത്രക്കാര്‍ ഭക്ഷണമുറിയിലേക്ക് പോവുകയായിരുന്നു, ഇടനാഴിയിലൂടെ കടന്നുപോകുമ്പോള്‍ ആകാംക്ഷയോടെ അവര്‍ അടച്ചിട്ട കര്‍ട്ടനിലേക്ക് നോക്കുന്നുണ്ടെന്ന് അവളറിഞ്ഞിരുന്നു. റാന്തലുപോലത്തെ താടിയെല്ലുള്ള, ഉണ്ടക്കണ്ണുള്ള ഒരു മനുഷ്യന്‍ അനങ്ങാതെ കര്‍ട്ടന്റെ വിടവിലൂടെ തന്റെ ഉന്തി നില്‍ക്കുന്ന നോട്ടമെറിയാന്‍ ശ്രമിച്ചുകൊണ്ട് നിന്നു. പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചുവരുന്ന തൊലിയില്‍ പുള്ളിക്കുത്തുകളുള്ള കുട്ടി വഴിയില്‍ പതുങ്ങിയിരുന്ന് വെണ്ണപുരണ്ട കൈകള്‍ കൊണ്ട് കടന്നുപോകുന്നവരെ പിടിച്ച് ''അയാള്‍ക്ക് അസുഖമാണ്,'' എന്ന് ഉച്ചത്തില്‍ സ്വകാര്യം പറഞ്ഞു, ഒരുതവണ ടിക്കറ്റ് പരിശോധിക്കുന്നയാള്‍ വന്നപ്പോഴും അതുണ്ടായി. അവള്‍ തന്റെ മൂലയിലേക്കൊതുങ്ങി പുറത്ത് ജനാലക്കപ്പുറത്ത് പറന്നുപോകുന്ന മരങ്ങളെയും വീടുകളെയും നോക്കിക്കൊണ്ടിരുന്നു, അറ്റമില്ലാതെ ചുരുള്‍ നിവര്‍ത്തിയ പാപ്പിറസുകളുടെ അര്‍ത്ഥമില്ലാത്ത ചിത്രലിപികള്‍.
ഇടക്കെല്ലാം തീവണ്ടി നിന്നു, പുതുതായി ബോഗിയിലേക്ക് കടന്നു വരുന്നവരെല്ലാം ഓരോരുത്തരായി അടച്ചിട്ട കര്‍ട്ടനിലേക്ക് നോക്കി. കൂടുതല്‍ക്കൂടുതല്‍ ആളുകള്‍ കടന്നുപോകുന്നുണ്ടെന്ന് തോന്നി. അവളുടെ തലയ്ക്കുള്ളില്‍ കുതിച്ചുയരുന്ന രൂപങ്ങളുമായി അവരുടെ മുഖങ്ങള്‍ അതിവിചിത്രമായി ഒത്തുപോകാന്‍ തുടങ്ങി.
കുറേക്കഴിഞ്ഞപ്പോള്‍ ഒരു തടിച്ച മനുഷ്യന്‍ അവ്യക്തമായ മുഖങ്ങളില്‍ നിന്നും സ്വയം വേര്‍പെട്ടു. അയാള്‍ക്ക് മടക്കുകളുള്ള വയറും വിളര്‍ത്ത ചുണ്ടുകളുമായിരുന്നു. അവള്‍ക്കഭിമുഖമായ സീറ്റില്‍ അമര്‍ന്നിരിക്കുന്ന സമയത്ത് അയാള്‍ കറുത്ത കമ്പിളിക്കുപ്പായവും അഴുക്ക് പിടിച്ച വെള്ള ടൈയുമാണ് ധരിച്ചിരിക്കുന്നതെന്ന് അവള്‍ ശ്രദ്ധിച്ചു.
''ഭര്‍ത്താവിന് ഇന്ന് തീരെ സുഖമില്ല അല്ലേ?''
''അതെ.''
''പ്രിയപ്പെട്ടവളേ, അത് ഭയങ്കര ദുരിതമാണ്, അല്ലേ?'' ഒരു അപ്പോസ്തലന്റെ ചിരി അയാളുടെ സ്വര്‍ണ്ണംകെട്ടിയ പല്ലുകളെ പുറത്തുകാട്ടി.
''രോഗം എന്നുപറയുന്ന ഒരുകാര്യം ഇല്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പായും അറിയാം. അത് മനോഹരമായ ഒരു ചിന്തയല്ലേ? മരണം തന്നെ നമ്മുടെ മൊത്തത്തിലുള്ള ബോധത്തിന്റെ ഒരു മിഥ്യാഭ്രമമാണ്. ആത്മാവിന്റെ ഉള്‍പ്രവാഹത്തിലേക്ക് നിങ്ങളെ തുറന്നുകൊടുത്താല്‍ മാത്രം മതി, എതിര്‍ക്കാതെ ആ ദിവ്യശക്തിയുടെ പ്രവര്‍ത്തനത്തിലേക്ക് നിങ്ങളെ വിട്ടുകൊടുത്താല്‍ മാത്രം മതി, അപ്പോള്‍ രോഗങ്ങളും പിരിയലുമെല്ലാം അവസാനിക്കും. ഈ ലഘുലേഖ വായിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ നിങ്ങള്‍ പ്രേരിപ്പിക്കുമെങ്കില്‍-''
അവളുടെയുള്ളിലുള്ള മുഖങ്ങള്‍ വീണ്ടും മങ്ങിത്തുടങ്ങി. അമ്മയെപ്പോലുള്ള സ്ത്രീയും പുള്ളിക്കുത്തുകളുള്ള കുട്ടിയുടെ അമ്മയും ഉത്സാഹത്തോടെ, പലമരുന്നുകള്‍ ഒരുമിച്ച് പരീക്ഷിക്കുന്നതിന്റെയും, അല്ലെങ്കില്‍ ഓരോന്നും ഊഴമനുസരിച്ച് കഴിക്കുന്നതിന്റെയും പ്രയോജനങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നത് അവ്യക്തമായി കേട്ടത് അവളോര്‍മ്മിച്ചു. മത്സരസ്വഭാവമുള്ള സമ്പ്രദായം സമയലാഭം ഉണ്ടാക്കുമെന്നായിരുന്നു അമ്മയെപ്പോലുള്ള സ്ത്രീയുടെ നിലപാട്. ഏത് മരുന്നാണ് അസുഖം ഭേദമാക്കിയതെന്ന് പറയാന്‍ കഴിയില്ല എന്നതായിരുന്നു മറ്റേ സ്ത്രീയുടെ എതിര്‍വാദം. അപകടം സൂചിപ്പിക്കാന്‍ കടലില്‍ സ്ഥാപിച്ചിരിക്കുന്ന മണികെട്ടിയ ഗോളത്തിന്റെ മുഴക്കം മൂടല്‍മഞ്ഞിലൂടെ വരുന്നതുപോലെ അവര്‍ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു. അവള്‍ക്ക് മനസ്സിലാകാത്ത ചോദ്യങ്ങളുമായി അറ്റന്‍ഡര്‍ ഇടക്കിടെ വന്നുകൊണ്ടിരുന്നു, പക്ഷെ എങ്ങിനെയൊക്കെയോ അവളതിന് ഉത്തരം പറഞ്ഞതുകൊണ്ടാവണം അത് വീണ്ടും ആവര്‍ത്തിക്കാതെ അയാള്‍ തിരിച്ചുപോയത്. ഓരോ രണ്ടുമണിക്കൂറിലും അമ്മയെപ്പോലുള്ള സ്ത്രീ അവളോട് ഭര്‍ത്താവിന് തുള്ളിമരുന്ന് കൊടുക്കേണ്ടതിന്റെ ആവശ്യം ഓര്‍മ്മിപ്പിച്ചു, ആളുകള്‍ ബോഗിയില്‍ നിന്നും ഇറങ്ങിപ്പോവുകയും പകരക്കാര്‍ വരികയും ചെയ്തു.
അവളുടെ തല കറങ്ങുന്നുണ്ടായിരുന്നു, ഒഴുകിപ്പോവുന്ന ചിന്തകളില്‍ പിടിച്ചുകൊണ്ട് അവള്‍ സ്വയം ഇടറാതെ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും, താന്‍ വീണുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്ന ചെങ്കുത്തായ പാറയുടെ വശങ്ങളിലെ കുറ്റിക്കാടുകള്‍ പോലെ അതവളില്‍ നിന്നും വഴുതിപ്പോയ്‌ക്കൊണ്ടിരുന്നു. പെട്ടെന്ന് അവളുടെ മനസ്സിന് വീണ്ടും വ്യക്തത വരികയും തീവണ്ടി ന്യൂയോര്‍ക്കിലെത്തിയാല്‍ എന്തു സംഭവിക്കുമെന്നത് അവള്‍ കൃത്യമായി മനസ്സില്‍ കാണുകയും ചെയ്തു. അയാളുടെ ശരീരം വല്ലാതെ തണുത്തിരിക്കുന്നതിനാല്‍ രാവിലെ തന്നെ അയാള്‍ മരിച്ചിരിക്കുമെന്ന് ആരെങ്കിലുമൊരാള്‍ ചിലപ്പോള്‍ മനസ്സിലാക്കിയാലോ എന്നാലോചിച്ചപ്പോള്‍ അവള്‍ നടുങ്ങി.
അവള്‍ തിടുക്കത്തില്‍ ചിന്തിച്ചു: ''എനിക്ക് ഞെട്ടലൊന്നുമില്ലെന്ന് അവര്‍ക്ക് തോന്നിയാല്‍ അവരെന്തെങ്കിലും സംശയിക്കും. അവര്‍ ചോദ്യങ്ങള്‍ ചോദിക്കും, ഞാനവരോട് സത്യം പറഞ്ഞാല്‍ അവരെന്നെ വിശ്വസിക്കില്ല-ഒരാളും എന്നെ വിശ്വസിക്കില്ല! അത് ഭീകരമായിരിക്കും'' അവള്‍ തന്നോടുതന്നെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു ''എനിക്കറിയില്ലെന്ന് അഭിനയിച്ചേ മതിയാകൂ. എനിക്കറിയില്ലെന്ന് അഭിനയിച്ചേ മതിയാകൂ. അവര്‍ കര്‍ട്ടന്‍ തുറക്കുമ്പോള്‍ ഞാന്‍ സാധാരണ പോലെ തന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകണം-എന്നിട്ട് ഉച്ചത്തില്‍ നിലവിളിക്കണം....അലറിക്കരയുന്നത് ഒരുപാട് ബുദ്ധിമുട്ടാണെന്ന ഒരു അഭിപ്രായം അവള്‍ക്കുണ്ടായിരുന്നു.
പതുക്കെ വ്യക്തവും അടിയന്തിരവുമായ പുതിയ വിചാരങ്ങള്‍ അവളില്‍ നിറയാന്‍ തുടങ്ങി, അവളതിനെ തരം തിരിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചു, പക്ഷെ അവയെല്ലാം ഒച്ചവെച്ചുകൊണ്ട്, ചൂടുള്ള ഒരു ദിവസത്തിന്റെ അവസാനത്തിലെ സ്‌കൂള്‍ കുട്ടികളെപ്പോലെ അവളുടെ ചുറ്റും കൂടി, അവരെ നിശബ്ദരാക്കാന്‍ അവളുടെ തളര്‍ച്ചക്ക് കഴിയാത്തതുപോലെയായി. അവളുടെ തലയ്ക്കുള്ളില്‍ ആശങ്കകള്‍ പെരുകി, തന്റെ കര്‍മ്മം മറന്നുപോവുമെന്ന മനംമറിക്കുന്ന ഒരു പേടി, കരുതലില്ലാത്ത ഒരു വാക്കോ നോട്ടമോ കൊണ്ട് സ്വയം വഞ്ചിക്കുന്നതുപോലെ അവള്‍ക്ക് തോന്നി.
''എനിക്കറിയില്ലെന്ന് നടിച്ചേ പറ്റൂ,'' അവള്‍ പിറുപിറുത്തുകൊണ്ടിരുന്നു. വാക്കുകള്‍ക്ക് അവയുടെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നെങ്കിലും അത് മാന്ത്രികശക്തിയുള്ള ഒരു സൂത്രവാക്യമെന്നതുപോലെ യാന്ത്രികമായി അവളത് പറഞ്ഞുകൊണ്ടേയിരുന്നു, പെട്ടെന്ന് അവള്‍ തന്നത്താന്‍ പറഞ്ഞു ''എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല, എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല!''
അവളുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു, അവള്‍ നടുക്കത്തോടെ തന്നെത്തന്നെ നോക്കി, പക്ഷെ അവള്‍ സംസാരിച്ച കാര്യം ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നി.
താഴോട്ട് നോക്കിയപ്പോള്‍ ഭര്‍ത്താവിന്റെ ബെര്‍ത്തിന്റെ കര്‍ട്ടനുകളില്‍ അവളുടെ കണ്ണുകളുടക്കി, അതിന്റെ കട്ടിയുള്ള മടക്കുകളില്‍ പിണഞ്ഞുകിടക്കുന്ന ഒരേതരത്തിലുള്ള ഡിസൈന്‍ അവള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത് കൂടിക്കുഴഞ്ഞതും കണ്ടുപിടിക്കാന്‍ വിഷമമുള്ളതുമായിരുന്നു. അവള്‍ കര്‍ട്ടനുകളിലേക്ക് തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നപ്പോള്‍ ആ കട്ടിയുള്ള തുണി നേര്‍ത്തുവരികയും അതിനുള്ളിലൂടെ അവള്‍ തന്റെ ഭര്‍ത്താവിന്റെ മുഖം കാണുകയും ചെയ്തു-അയാളുടെ മരിച്ച മുഖം. തന്റെ നോട്ടം ഒഴിവാക്കാന്‍ അവള്‍ പാടുപെട്ടു, പക്ഷെ അവളുടെ കണ്ണുകള്‍ ഇളകാന്‍ മടിക്കുകയും തല ഒരു കൊടിലിനുള്ളില്‍ ഉറപ്പിച്ചതുപോലെയുമായി. അവസാനം വളരെയധികം പ്രയാസപ്പെട്ട് അവള്‍ തലതിരിച്ചു, ആ പരിശ്രമം അവളെ തളര്‍ത്തുകയും കുലുക്കുകയും ചെയ്തു. പക്ഷെ അതുകൊണ്ട് കാര്യമുണ്ടായില്ല, അവളുടെ തൊട്ടുമുന്നില്‍ ഭര്‍ത്താവിന്റെ ചെറിയ, മിനുസമുള്ള മുഖമുണ്ടായിരുന്നു. അത് അവളുടെയും അവളുടെ മുന്നിലിരുന്നിരുന്ന സ്ത്രീയുടെ പിന്നിയിട്ട കൃത്രിമമുടിയുടെയും ഇടയില്‍ അന്തരീക്ഷത്തില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. നിയന്ത്രിക്കാനാവാത്ത ഒരു വികാരത്തില്‍ ആ മുഖം തള്ളിമാറ്റാന്‍ വേണ്ടി അവള്‍ കൈനീട്ടി, പെട്ടെന്ന് അയാളുടെ തൊലിയുടെ മിനുസം അവള്‍ക്ക് അനുഭവപ്പെട്ടു. അമര്‍ത്തിയ ഒരു നിലവിളിയോടെ അവള്‍ സീറ്റില്‍ നിന്നും പകുതി എഴുന്നേറ്റു. വെപ്പുമുടിയുള്ള സ്ത്രീ ചുറ്റും നോക്കി, തന്റെ നീക്കത്തെ ഏതെങ്കിലും രീതിയില്‍ ന്യായീകരിക്കണമെന്ന് തോന്നിയതുകൊണ്ട് അവളെഴുന്നേറ്റ് എതിരെയുള്ള സീറ്റില്‍ നിന്നും തന്റെ യാത്രാബാഗ് പൊക്കിയെടുത്തു. അവള്‍ ബാഗ് തുറന്ന് അതിനുള്ളിലേക്ക് നോക്കി, ആദ്യം അവളുടെ കൈയില്‍ തടഞ്ഞത് ഭര്‍ത്താവിന്റെ ഒരു ചെറിയ ഫ്‌ലാസ്‌കായിരുന്നു, ഇറങ്ങാനുള്ള തിടുക്കത്തില്‍ അവസാനനിമിഷത്തില്‍ കുത്തിത്തിരുകിയത്. അവള്‍ ബാഗ് പൂട്ടി കണ്ണുകളടച്ചു.....വീണ്ടും അയാളുടെ മുഖം അവിടെയുണ്ടായിരുന്നു, അവളുടെ കൃഷ്ണമണിയുടെയും കണ്‍പോളകളുടെയും ഇടയില്‍, ഒരു ചുവന്ന കര്‍ട്ടന്റെ മുന്നില്‍ മെഴുകു മുഖംമൂടിപൊലെ തൂങ്ങിക്കിടന്നുകൊണ്ട്.
അവള്‍ വിറച്ചുകൊണ്ട് എഴുന്നേറ്റു. അവളുടെ ബോധം പോയതായിരുന്നോ അതോ അവള്‍ ഉറങ്ങുകയായിരുന്നോ? മണിക്കൂറുകള്‍ കഴിഞ്ഞു എന്നുതോന്നുന്നു, പക്ഷെ ഇപ്പോഴും പകല്‍ തന്നെയാണ്, അവളുടെ ചുറ്റുമുള്ള ആളുകള്‍ മുന്‍പുള്ള അതേ അവസ്ഥയില്‍ ഇരിക്കുകയാണ്.
പെട്ടെന്നുണ്ടായ വിശപ്പ് രാവിലെ മുതല്‍ താനൊന്നും കഴിച്ചിട്ടില്ലല്ലോ എന്ന ബോധം അവളിലുണര്‍ത്തി. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത അവളുടെയുള്ളില്‍ വെറുപ്പ് നിറച്ചെങ്കിലും തലകറക്കം തിരിച്ചുവരുന്നതോര്‍ത്ത് അവള്‍ പേടിച്ചു, ബാഗില്‍ കുറച്ച് ബിസ്‌കറ്റുകളുണ്ടെന്ന ഓര്‍മ്മവന്നപ്പോള്‍ അതില്‍ നിന്നും ഒന്നെടുത്ത് തിന്നു. ഉണങ്ങിയ കഷ്ണങ്ങള്‍ തൊണ്ടയിലുടക്കി, ഭര്‍ത്താവിന്റെ മദ്യക്കുപ്പിയില്‍ നിന്നും കുറച്ചു ബ്രാണ്ടി അവള്‍ വേഗത്തില്‍ അകത്താക്കി. തൊണ്ടയിലെ എരിച്ചില്‍ ചൊറിച്ചിലിനെ ഇല്ലാതാക്കുകയും പെട്ടെന്നുതന്നെ അവളുടെ ഞരമ്പുകളിലുണ്ടായിരുന്ന നേരിയ വേദന മാറുകയും ചെയ്തു. പിന്നീട് ഒരു മൃദുവായ കാറ്റ് അവളിലേക്ക് വീശിയതുപോലെ പതുക്കെ പടര്‍ന്നുകയറുന്ന ഒരിളംചൂട് അവള്‍ക്കനുഭവപ്പെട്ടു, ഇരച്ചുകയറിവന്ന പേടികള്‍ അതിന്റെ പിടിവിട്ട് അവളെ പൊതിഞ്ഞിരുന്ന നിശ്ചലതയിലേക്ക് പിന്‍വാങ്ങി, ആ നിശ്ചലത ഒരു വേനല്‍ദിനത്തിന്റെ വിശാലമായ പ്രശാന്തത പോലെ സാന്ത്വനിപ്പിക്കുന്നതായിരുന്നു. അവളുറങ്ങി.
ഉറക്കത്തിനിടയില്‍ കരുതലില്ലാതെ പായുന്ന തീവണ്ടിയുടെ ഇരമ്പം അവളറിഞ്ഞു. ജീവിതംതന്നെ അതിന്റെ തലകീഴായ് മറിക്കുന്ന നിര്‍ദ്ദയമായ ശക്തികൊണ്ട് അവളെ ഒഴുക്കിക്കളയുകയാണെന്ന് തോന്നി, ഇരുട്ടിലേക്കും ഭീതിയിലേക്കും, പിന്നെ അറിയാത്ത ദിവസങ്ങളുടെ അമ്പരപ്പിലേക്കും തള്ളിവിടുകയാണെന്ന്. ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ എല്ലാം നിശ്ചലമായിരിക്കുന്നു, ഒരു ശബ്ദം പോലുമില്ല, ഒരു മിടിപ്പുപോലും...തന്റെ ഊഴമെത്തിയപ്പോള്‍ അവളും മരിച്ചിരിക്കുകയായിരുന്നു, മിനുസമുള്ള, മുകളിലേക്ക് തുറിക്കുന്ന കണ്ണുകളോടെ അയാളുടെ അരികില്‍ കിടക്കുകയായിരുന്നു. എത്ര ശാന്തമായിരുന്നു അത്! എന്നിട്ടും കാലടി ശബ്ദങ്ങള്‍ അവള്‍ കേട്ടു, അവരെ എടുത്തുകൊണ്ടുപോകാന്‍ വരുന്ന ആണുങ്ങളുടെ കാലടികള്‍..അവള്‍ക്കത് അനുഭവപ്പെടുകയും ചെയ്തു. പെട്ടെന്ന് ഒരു നീണ്ട കുലുക്കം അവള്‍ക്ക് അനുഭവപ്പെട്ടു, തുടര്‍ച്ചയായി കഠിനമായ ഞെട്ടലുകള്‍, പിന്നീട് വീണ്ടും ഇരുട്ടിലേക്കുള്ള ആണ്ടുപോവല്‍. ഇത്തവണ മരണത്തിന്റെ അന്ധകാരം, ഒരു കറുത്ത ചുഴലിക്കാറ്റില്‍ അവര്‍ രണ്ടുപേരും ഇലകളെപ്പോലെ തിരിയുന്നു, വന്യമായ ചുഴികളില്‍, മരിച്ച ലക്ഷോപലക്ഷം ആളുകളുടെ കൂടെ..
അവള്‍ നടുക്കത്തോടെ ചാടിയെഴുന്നേറ്റു. ഒരുപാട് നേരം ഉറങ്ങിയിട്ടുണ്ടാവണം അവള്‍, ശൈത്യത്തിലെ ദിവസം വിളറുകയും വിളക്കുകള്‍ തെളിഞ്ഞുതുടങ്ങുകയും ചെയ്തിരുന്നു. ബോഗിയില്‍ അനിശ്ചിതത്വമായിരുന്നു, സമചിത്തത വീണ്ടെടുത്തപ്പോള്‍ യാത്രക്കാര്‍ തങ്ങളുടെ പൊതികളും ബാഗുകളും എടുത്തുവെക്കുന്നത് കണ്ടു. പിന്നിയിട്ട വെപ്പുമുടിയുള്ള സ്ത്രീ വസ്ത്രധാരണ മുറിയില്‍ നിന്നും ഒരു ചാകാറായ വള്ളിപ്പന്നച്ചെടി ഒരു കുപ്പിയിലിട്ട് കൊണ്ടുവരുന്നത് കണ്ടു, ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്‍ തന്റെ കുപ്പായക്കൈ മറിച്ചിട്ടു. തന്റെ പക്ഷപാതമില്ലാത്ത ബ്രഷുമായി അറ്റന്‍ഡര്‍ സീറ്റുകള്‍ക്കിടയിലെ വഴിയിലൂടെ നടന്നുപോയി. വ്യക്തികളില്‍ താല്പര്യമില്ലാത്ത ഒരു രൂപം സ്വര്‍ണ്ണപ്പട്ട കെട്ടിയ തൊപ്പിയോടെ തന്റെ ഭര്‍ത്താവിനോട് അയാളുടെ ടിക്കറ്റ് ചോദിച്ചു. ഒരു ശബ്ദം ''ലഗ്ഗേജ് എക്‌സ്‌പ്രെസ്സ്'' എന്ന് ഒച്ചയിട്ടപ്പോള്‍ അവള്‍ ലോഹത്തിന്റെ കടകടശബ്ദം കേള്‍ക്കുകയും യാത്രക്കാര്‍ തങ്ങളുടെ സാധനങ്ങള്‍ കൈമാറുന്നത് കാണുകയും കണ്ടു.
ഇപ്പോള്‍ അവളുടെ ജനാലയെ മറച്ചിരിക്കുന്നത് അഴുക്കുപിടിച്ച വിശാലമായ ഒരു ചുമരാണ്, തീവണ്ടി ഹാര്‍ലെം തുരങ്കത്തിലേക്ക് കടന്നു. യാത്ര കഴിഞ്ഞിരിക്കുന്നു, അല്പനിമിഷത്തിനുള്ളില്‍ സ്റ്റേഷനിലെ ജനക്കൂട്ടത്തിനിടയിലൂടെ സന്തോഷത്തോടെ വഴിയുണ്ടാക്കിക്കൊണ്ട് നടന്നുവരുന്ന തന്റെ കുടുംബത്തെ അവള്‍ കാണും. അവളുടെ ഹൃദയം വികസിച്ചു. ഏറ്റവും മോശമായ പേടി കടന്നുപോയിരിക്കുന്നു..
''ഇപ്പോള്‍ അദ്ദേഹത്തെ നമുക്ക് എഴുന്നേല്‍പ്പിക്കാം, അല്ലേ?'' അവളുടെ കൈതൊട്ടുകൊണ്ട് അറ്റന്‍ഡര്‍ ചോദിച്ചു.
അവളുടെ ഭര്‍ത്താവിന്റെ തൊപ്പി അറ്റന്‍ഡറുടെ കൈയിലുണ്ടായിരുന്നു, എന്തോ ആലോചിച്ചുകൊണ്ട് അയാളത് തന്റെ ബ്രഷിനടിയിലിട്ട് കറക്കുകയായിരുന്നു.
അവള്‍ തൊപ്പിയിലേക്ക് നോക്കി എന്തോ സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷെ പെട്ടെന്ന് ബോഗിയില്‍ ഇരുട്ട് നിറഞ്ഞു. അവള്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി, എന്തിലെങ്കിലും പിടിക്കാന്‍ പാടുപെട്ടുകൊണ്ട്, മുഖംകുത്തി താഴോട്ട്, മരിച്ച മനുഷ്യന്റെ ബെര്‍ത്തില്‍ തലയിടിച്ച് വീണു.
മറുകരയിലെ കഥകള്‍
ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ
ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ
ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ
ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍
എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ
തൂവല്‍ത്തലയണ, ഹൊറേസിയോ കിറോഗ എഴുതിയ കഥ
ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം, റുബെന്‍ ദാരിയോ എഴുതിയ കഥ