Malayalam Poem : വിശുദ്ധ സ്മിതയ്ക്ക്, യു. രാജീവ് എഴുതിയ കവിത

പുസ്തകം ഇറങ്ങി 24 വര്‍ഷങ്ങള്‍ക്കു ശേഷം, സില്‍ക്ക് സ്മിതയുടെ ഓര്‍മ്മദിനത്തില്‍, യു രാജീവ് എഴുതിയ വിശുദ്ധ സ്മിത എന്ന കവിത  പുനപ്രസിദ്ധീകരിക്കുകയാണ്

vaakkulsavam malayalam poem by U Rajeev

നടി സില്‍ക്ക് സ്മിത ജീവിതത്തിന് വിരാമമിട്ടത് 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദിവസമാണ്. അതുകഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, 1998 ജനുവരിയില്‍ പയ്യന്നൂരില്‍നിന്നും ഒരു കവിതാ സമാഹാരം പുറത്തിറങ്ങി. സ്മിതയെക്കുറിച്ചുള്ള ഒമ്പതു കവിതകളുടെ സമാഹാരമായ 'വിശുദ്ധ സ്മിതയ്ക്ക്'. മാദകനടിയെന്ന് പറഞ്ഞ് മുഖ്യധാരാ സമൂഹം അരികില്‍ നിര്‍ത്തിയ ഒരു നടിയെ മരണാനന്തരം പുനര്‍വായിക്കുകയും സാമൂഹികമായി പുനര്‍വിന്യസിക്കുകയുമായിരുന്നു ആ പുസ്തകം.  

അന്ന് വിദ്യാര്‍ത്ഥി ആയിരുന്ന യു രാജീവ് എഴുതിയ വിശുദ്ധ സ്മിത എന്ന കവിതയായിരുന്നു അതിലേറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത്. ആ പുസ്തകം ഇറങ്ങി 24 വര്‍ഷങ്ങള്‍ക്കു ശേഷം, സ്മിതയുടെ ഓര്‍മ്മദിനത്തില്‍, ആ കവിത ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്.  

 

............................

Also Read : സില്‍ക്ക് സ്‍മിതയുടെ വേര്‍പാടിന് 26 വര്‍ഷങ്ങള്‍ 

vaakkulsavam malayalam poem by U Rajeev

Also Read : ശരീരം മാത്രമായിരുന്നില്ല സില്‍ക്ക് സ്മിത
............................

 

വിശുദ്ധ സ്മിതയ്ക്ക്

വ്യര്‍ത്ഥമാസത്തിലെ
കാമവും പകയും നിരാശയും നിറഞ്ഞ
ഞങ്ങളുടെ 
കഷ്ടരാത്രികളെ പകലാക്കിയവളേ,
സ്വപ്നത്തില്‍
നിന്റെ മുലചുരന്നൊഴുകിയ
അമൃതം കുടിച്ചപ്പോഴായിരുന്നു
ഉറക്കത്തിന്റെ രാത്രി ഞങ്ങളറിഞ്ഞത്.

സ്വപ്നസ്ഖലനത്തിന് സാക്ഷിയായി
എന്റെ ആകാശത്തിനു മീതേ
നഗ്‌നതയുടെ നിലാവായി നിറഞ്ഞവളേ,
ഞങ്ങളുടെ
പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്ക്
ചിറകും കടിഞ്ഞാണുമായവളേ,
നീ മരിച്ചത്
പത്രവാര്‍ത്തയിലാണ്
ഞങ്ങളാദ്യമറിഞ്ഞത്.
പത്രത്തില്‍
ശിഥില വസ്ത്രങ്ങളില്‍ നിന്നുയര്‍ന്നുനില്‍ക്കുന്ന
നിന്റെ
കാമശൃംഗാരമുഖമായിരുന്നു.

ടി വിയില്‍
ഞങ്ങള്‍ കുടിച്ചുതീര്‍ത്തിട്ടും
യൗവ്വനക്കനലണഞ്ഞിട്ടില്ലാത്ത
നിന്റെ മാറിടമായിരുന്നു
ക്ലോസപ്പില്‍ തെളിഞ്ഞത്.

അത് നന്നായി.

പകരം നിന്റെ കണ്ണീരോ
നിഷ്‌കളങ്കതയുടെ സാന്ധ്യനിലാവായ
നിന്റെ സ്വന്തം മുഖമോ മറ്റോ കാണേണ്ടിവന്നെങ്കില്‍
രാത്രി സ്ഖലനം കിട്ടാതെ
ഞങ്ങള്‍
സ്വയംഭോഗത്താല്‍ ആത്മഹത്യ ചെയ്‌തേനെ.

ശവത്തിന്‍മേല്‍
ഞങ്ങള്‍ തേടിയത്
നിന്റെ അടിപ്പാവാടയുടെ നിറമായിരുന്നു
കറുപ്പ് വെളുപ്പ് ചെമപ്പ് മഞ്ഞയെന്ന്
ഞങ്ങള്‍ തര്‍ക്കിച്ചു.

അത്
കാണാന്‍ കഴിയാത്തതിലുള്ള
ദുഃഖം മാത്രമാണ്
നീ മരിച്ചതില്‍
ഞങ്ങള്‍ക്കുള്ളത്.

ഒരുനാള്‍
പ്രണയത്തിന്റെ കാര്‍മേഘം
സ്ഖലിച്ച്
നിന്റെ ചുട്ടുപഴുത്ത ചുണ്ടുകളില്‍
സാന്ത്വനമാകുമെന്ന്
നീ ആശിച്ചു.

പ്രണയം നിനക്കുള്ളതല്ല
ചാരിത്ര്യത്തെക്കുറിച്ച് ഗൃഹാതുരത്വം പേറുന്ന
ഓര്‍മ്മകളുമായിക്കഴിയുന്ന
കന്യകമാര്‍ക്കുള്ളതാണെന്ന്
നീ അറിഞ്ഞില്ല.

കാമത്തിന്റെ
ഉഷ്ണരാശിയിലാണ്
നിന്റെ ജന്‍മനക്ഷത്രമെന്നത്
നീ അറിയേണ്ടതായിരുന്നു.

ഏതായാലും
നീ, സ്വയം മരിച്ചത്
നന്നായി.

അല്ലെങ്കില്‍
വാര്‍ദ്ധക്യത്തിന്റെ
പ്രണയനാളുകളിലൊന്നില്‍
മുഖത്തെ രേഖാംശങ്ങളില്‍
വെടിയുപ്പു നിറച്ചോ
മുലക്കണ്ണില്‍ കുളമ്പടിയിട്ടോ
അടിവയറ്റില്‍
തേള്‍ കടിപ്പിച്ചോ
കല്ലറിഞ്ഞോ
കുരിശിലേറ്റിയോ
നിന്നെ
ഞങ്ങള്‍തന്നെ
കൊല്ലുമായിരുന്നു.

 

(യു. രാജീവ് 1997-ല്‍ ബിഎയ്ക്ക് പയ്യന്നൂര്‍ കോളെജില്‍ പഠിക്കുമ്പോള്‍ എഴുതിയ ഈ കവിതയ്ക്കായിരുന്നു ആ വര്‍ഷത്തെ എം.പി പോള്‍ പുരസ്‌കാരം)

Latest Videos
Follow Us:
Download App:
  • android
  • ios