userpic
user icon
0 Min read

ഫോൺ കോൾ റെക്കോർഡ് ചെയ്ത് പൊലീസിൽ പരാതി നൽകി, പ്രസാദമായി നൽകിയ ഉണ്ണിയപ്പം മോശമെന്ന് പറഞ്ഞ് തെറിവിളി, അറസ്റ്റ്

Called on the phone saying that the unniappam given as prasad was bad and threatened

Synopsis

ഏനാത്ത് കടമ്പനാട് വടക്ക് പാലത്തുണ്ടിൽ വീട്ടിൽ ഷൈജുവാണ്‌ പിടിയിലായത്.

പത്തനംതിട്ട: ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പൊലീസ് പിടിയിൽ. യുവാവ് ഫോൺ റെക്കോര്‍ഡ് സഹിതം നൽകിയ പരാതിയിലാണ് നടപടി. ഏനാത്ത് കടമ്പനാട് വടക്ക് പാലത്തുണ്ടിൽ വീട്ടിൽ ഷൈജുവാണ്‌ പിടിയിലായത്. ഗുരു മന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം നെല്ലിമുകൾ ശാഖാ സെക്രട്ടറിയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 17നായിരുന്നു പ്രതിഷ്ഠാ വാർഷികം നടന്നത്. അന്ന് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് പറഞ്ഞ് ഇയാൾ, ശാഖാ സെക്രട്ടറി കടമ്പനാട് വടക്ക് നെല്ലിമുകൾ അരുൺ നിവാസിൽ അരുൺ സുദർശനനെയാണ് രാത്രി 9.30 ന് ഫോണിലൂടെ അസഭ്യം വിളിച്ചത്.  തുടർന്ന് വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന് അയച്ചുകൊടുത്തിരുന്നു. 

വീട്ടിലെത്തി അമ്മയോടും ഭാര്യയോടുമാണ്  അരുണിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. ഗുരുമന്ദിരത്തിലെ പൂജാരിയെ മാറ്റാൻ ഷൈജു മുമ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടാവാത്തതിൽ വിരോധമുണ്ടായിരുന്നതായി മൊഴിയിലുണ്ട്.  21 നാണ് അരുൺ പോലീസിൽ മൊഴിനൽകിയത്, സി പി ഓ ഷാനു മൊഴി രേഖപ്പെടുത്തി, തുടർന്ന് എസ് ഐ ആർ ശ്രീകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടി, സ്റ്റേഷനിലെത്തിച്ചു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos