Asianet News MalayalamAsianet News Malayalam

ആൾമാറാട്ടം, തട്ടിപ്പ്, വെട്ടിപ്പ്: വ്യാജ എൽഎസ്ഡി കേസ് പ്രതി നാരായണ ദാസ് പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി

28 ലക്ഷത്തിന്റെ വഞ്ചന കേസിൽ ജാമ്യത്തിൽ ഇരിക്കെയാണ് പ്രതി ഷീല സണ്ണിയുടെ കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

More details of Accused Fake lsd case Narayana das prm
Author
First Published Feb 6, 2024, 7:34 PM IST

തൃശ്ശൂര്‍: ഏറെ വിവാദമായ ചാലക്കുടി വ്യാജ എൽ എസ് ഡി കേസിൽ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ പൊലീസിന് വ്യാജ വിവരം നൽകിയെന്നു സംശയിക്കുന്ന പ്രതി നാരായണദാസ് നിരവധി കേസുകളിൽ പ്രതി. 28 ലക്ഷത്തിന്റെ വഞ്ചന കേസിൽ ജാമ്യത്തിൽ ഇരിക്കെയാണ് പ്രതി ഷീല സണ്ണിയുടെ കേസിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തൃപ്പൂണിത്തുറ എരൂർ ദർശനം റോഡിലാണ് പ്രതിയുടെ നാരായണീയം എന്ന വീട്. ഇയാൾക്ക് 54 വയസാണ് പ്രായം. എറണാകുളം വഴക്കാല സ്വദേശി അസ്‌ലമിനെ 27 ലക്ഷം രൂപ തട്ടിയെടുത്ത് പറ്റിച്ച കേസിൽ 2022 ഡിസംബർ 22 ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.

ബിസിനസിന് വേണ്ടിയെന്ന പേരിൽ 18 ലക്ഷം രൂപ ആദ്യം അസ്ലമിന്റെ പക്കൽ നിന്നും വാങ്ങി, പിന്നീട് ചെന്നൈയിൽ എക്സൈസ് ലേലത്തിൽ പങ്കെടുക്കാൻ എന്ന പേരിൽ പോവുകയും ഇതിനായി അസ്ലമിന്റെ കയ്യിൽ നിന്ന് 9 ലക്ഷം രൂപ കൂടെ വാങ്ങിയെന്നും ഇവ രണ്ടും മടക്കി നൽകാതെ പറ്റിച്ചു എന്ന കേസിലാണ് പ്രതി ജാമ്യത്തിൽ കഴിയുന്നത്. 2021 ൽ നടന്നതെന്ന് ആരോപിക്കപ്പെടുന്ന കേസിൽ നാരായണ ദാസ് അടക്കം മൂന്നു പ്രതികളാണ് ഉള്ളത്. നാരായണ ദാസ് കേസിൽ മൂന്നാം പ്രതിയാണ്.

തൃപ്പൂണിത്തുറ സ്വദേശി വിനോദ് കൃഷ്ണ, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സായി ശങ്കര്‍ എന്നിവരാണ് ഈ കേസിലെ മറ്റു രണ്ട് പ്രതികൾ. നാരായണ ദാസിനെതിരെ ആൾമാറാട്ടം അടക്കം വേറെയും കേസുകൾ നിലവിലുണ്ടെന്ന് കൊച്ചി സിറ്റി പോലീസിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആഡംബര കാർ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശിയായ ബിസിനസുകാരനെ കർണാടക പോലീസ് ആയി ചമഞ്ഞാണ് നാരായണ ദാസും സംഘവും 2 കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാൻ ശ്രമിച്ചത്.

Read More.... 'കള്ളക്കേസിൽ കുടുക്കിയതിന്റെ കാരണം അറിയണം'; ഷീല വ്യാജലഹരി കേസിൽ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വർഷം

ഈ കേസിൽ ഇയാളെ 2015 ലാണ് തൃപൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. അജയാഘോഷ് എന്നയാളെയാണ് അന്ന് നാരായണ ദാസിന്റെ നേതൃത്വത്തിൽ പറ്റിച്ചത്. അന്ന് ഇയാളുടെ സംഘത്തിലും സായ് ശങ്കർ ഉണ്ടായിരുന്നു. എരൂർ സ്വദേശിനി ശ്രീദുർഗ, പെരുമ്പാവൂർ സ്വദേശി മയുഖി, മണ്ണാർക്കാട് സ്വദേശി ഷമീർ, വൈറ്റില സ്വദേശി ദിബിൻ എന്നിവരായിരുന്നു അന്ന് ആൾമാറാട്ട സംഘത്തിൽ ഉണ്ടായിരുന്നത്.

Read More.... ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി

ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്താണ് നാരായണദാസ് എന്നാണ് വ്യാജ എൽ എസ് ഡി കേസിലെ അന്വേഷണ റിപ്പോർട്ട്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ ടിഎം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ മാസം 8 ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി കേസിൽ മുൻ‌കൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios