വെഞ്ഞാറമൂട് ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു, ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിനും പരിക്ക്

Synopsis
രാവിലെ 5.45 ന് എം സി റോഡിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം
തിരുവനന്തപുരം: ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ബൈക്കിൽ നിന്നും തെറിച്ചുവീണ് യുവാവിനും പരിക്കേറ്റു. വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ചുള്ളിമാനൂർ റോഡരികത്ത് വീട്ടിൽ ജോർജ് ജോസഫാണ് (70) മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പാങ്ങോട് മതിര സ്വദേശി വിഷ്ണു ചന്ദ്രിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 5.45 ന് എം സി റോഡിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഉടൻതന്നെ നാട്ടുകാർ ജോർജ് ജോസഫിനെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വിഷ്ണു ചന്ദ്രിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജോർജ് ജോസഫ് മരിച്ചു.
അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിലായി എന്നതാണ്. എളയാവൂർ സ്വദേശി സെബാസ്റ്റ്യനാണ് പിടിയിലായത്. അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാരാണ് നാടൻ തോക്ക് കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കടാംകോട് എന്ന സ്ഥലത്ത് ഇടറോഡിൽ അറ്റാകുറ്റപണിക്കായി കുഴിച്ച കുഴിയിൽ ഒരു കാർ വീണു. പ്രദേശത്തുള്ളവർ അവിടേക്കെത്തി. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത് എളയാവൂർ സ്വദേശിയും റിട്ട എസ് ഐയുമായ സെബാസ്റ്റ്യനായിരുന്നു. പിൻസീറ്റിന് താഴെ ഒരു നാടൻ തോക്കും നാട്ടുകാർ കണ്ടു. ചോദിച്ചപ്പോൾ പന്നിയെ വെടിവെക്കാൻ ലൈസൻസ് ഉണ്ടെന്നും അതിന് പോകുന്ന വഴിയെന്നും ഡ്രൈവർ മറുപടി നൽകി. സംശയം തോന്നി നാട്ടുകാർ ചക്കരക്കൽ പൊലീസിൽ വിവരം അറിയിച്ചു. ഇൻസ്‌പെക്ടർ ആസാദും സംഘവും സ്ഥലത്തെത്തി. സെബാസ്റ്റ്യൻ മദ്യലഹരിയിൽ ആയിരുന്നുവെന്നു പൊലീസ് പറയുന്നു. പന്നിയെ വെടിവെക്കാൻ വന്നതെന്ന് പൊലീസിനോടും ഇയാൾ പറഞ്ഞു. പരിശോധിച്ചതിൽ മൂന്ന് തിരകൾ കൂടി കീശയിൽ നിന്ന് കണ്ടെത്തി. തോക്കിനു ലൈസൻസ് ഇല്ലെന്നും വ്യക്തമായതോടെ റിട്ട എസ് ഐയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം