കാറിൽ നയാര പെട്രോൾ പമ്പിലെത്തി 2000 രൂപയുടെ പെട്രോൾ ചോദിച്ചു, അടിച്ച് കഴിഞ്ഞതും കാറെടുത്ത് പോയി, പിടിയിൽ

Synopsis
നയാര പെട്രോൾ പമ്പിൽ നിന്നും 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷമാണ് ജീവനക്കാരനെ കബളിപ്പിച്ചത്
തിരുവനന്തപുരം: കാറിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോയ യുവാവിനെ പൊലീസ് പിടികൂടി. നെടുമം പുളിവിളാകം വീട്ടിൽ മുഹമ്മദ് സഹീർ (20) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം മുക്കോലയിൽ പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിൽ നിന്നും 2000 രൂപയുടെ പെട്രോൾ അടിച്ച ശേഷമാണ് ജീവനക്കാരനെ കബളിപ്പിച്ച് ഡ്രൈവർ രക്ഷപ്പെട്ടത്.
22ന് രാത്രി 10 ഓടെ മുക്കോല ഭാഗത്തുനിന്നും എത്തിയ വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഓടിച്ച് എത്തിയയാൾ പെട്രോൾ അടിക്കാൻ ആവശ്യപ്പെടുകയും പെട്രോൾ അടിച്ചു കഴിഞ്ഞയുടൻ അമിത വേഗതയിൽ തെന്നൂർക്കോണം ഭാഗത്തേക്ക് ഓടിച്ചു പോയതായും നൽകിയ പരാതിയെ തുടർന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 16 ന് തെന്നൂർ കോണത്തെ പമ്പിലും സമാന സംഭവമുണ്ടായതായി പറയുന്നു.