'ചുമരിൽ അവളുടെ പേരുണ്ട്, ബാഗിൽ മുഖ്യമന്ത്രിക്കുള്ള കത്തും, ഇതൊക്കെ കുട്ട്യോൾടെത്'; സ്‌കൂളിൽ പോകാൻ അവരില്ലല്ലോ

Synopsis
സെഹ്റയുടെ പുസ്തകത്തിനുള്ളിലുള്ള കത്തിൽ, 'ബഹുമാന ആദരവോടെ പ്രിയപ്പെട്ട മുഖ്യമന്ത്രി അറിയാൻ ഞങ്ങൾ 7 കുട്ടികൾക്ക് പഠിക്കാനും പുസ്തകം വയ്ക്കാനും ഉടുപ്പ് മാറാനും വീട്ടിൽ സ്ഥലമില്ല' എന്നായിരുന്നു കുറിച്ചിരുന്നതെന്ന് അറിയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും
മലപ്പുറം: കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടം പലരുടെയും ഓർമ്മകളിലേക്ക് മറയുകയാണ്. കേരളത്തെ അത്രമേൽ വേദനിപ്പിച്ച ബോട്ടപകടം നാം മറക്കുമ്പോഴും ദുരന്തം ഏറ്റുവാങ്ങിയവർക്ക് അത് അങ്ങനെയല്ല. അവരുടെ ഓർമ്മകളിൽ നിന്ന് ഒന്നും മായുന്നില്ലെന്ന് മാത്രമല്ല, വേദന ആഴത്തിൽ മുറിവേൽപ്പിക്കുകയുമാണ്. ഏറെ സങ്കടകരമായ കാഴ്ചയാണ് പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ ജർഷയുടേതും പിതൃസഹോദരൻ സെയ്തലവിയുടേയും. കുടുംബത്തിലെ 11 പേരുടെ ജീവനൻ കവർന്നെടുത്ത ബോട്ടപകടത്തിന്‍റെ നീറുന്ന ഓർമ്മകളാണ് ഈ വീട്ടിൽ നിറഞ്ഞു നിൽക്കുന്നത്.
ജർഷക്ക് ഒപ്പം പഠിച്ചിരുന്ന കൂടപ്പിറപ്പുകൾ ഇനിയില്ല. സ്കൂളിലേക്ക് എന്ന് പോകാനാകുമെന്ന് ഒരു നിശ്ചയവുമില്ല ഈ മിഠുക്കിക്ക്. താനൂർ ബോട്ടപകടത്തെ അതിജീവിച്ചാണ് ജർഷ ഇന്ന് ജീവിക്കുന്നത്. കളിക്കൂട്ടുകാരും സഹോദരനും മരണത്തിന് കീഴടങ്ങി എന്നറിഞ്ഞപ്പോൾ കുഴഞ്ഞു പോയി. സ്കൂൾ തുറക്കുന്നെന്ന് കേൾക്കുമ്പോൾ അവൾക്കിപ്പോൾ ഒരു സന്തോഷവുമില്ലെന്നതാണ് യാഥാർത്ഥ്യം. അപകടം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് മുക്തി നേടാനുള്ള ചികിത്സയിലാണ് ജർഷയിപ്പോൾ.
ബീച്ചിലും കടലിലും പോകരുത്; കേരള തീരത്ത് കടലാക്രമണ സാധ്യത, ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
പിതൃസഹോദരൻ സെയ്തലവിക്കയുടെ കാര്യവും സമാനമാണ്. സങ്കടം ഏറെയാണ് ആ നെഞ്ചിൽ. എല്ലാ കൊല്ലവും സ്കൂൾ തുറക്കാറാകുമ്പോൾ കുട്ടികൾക്കായി സ്കൂൾ ബാഗും യൂണിഫോമും വാങ്ങാനായുള്ള പണത്തിനായി സെയ്തലവി നെട്ടോട്ടമോടാറുണ്ടായിരുന്നു. സ്കൂൾ തുറക്കൽ, കാലങ്ങളായി സെയ്തലവിയുടെ ഓട്ടപ്പാച്ചിൽ കാലമാണ്. ബാഗ് കീറി വാപ്പാ, പുസ്തകം വേണം വാപ്പാന്ന് അവർ വന്ന് പറഞ്ഞു തുടങ്ങുന്ന സമയം. കുന്നുമ്മൽ വീട്ടിലീ അവധിക്കാലവസാനം ഒരു ബഹളവുമില്ല, ആളനക്കമേയില്ല. കുട്ടികളുടെ സാധനങ്ങൾ ഒന്നൊന്നായി ഏഷ്യാനെറ്റ് ന്യൂസിനായി തിരയുമ്പോഴും സെയ്തലവിയുടെ കണ്ണുകളാകട്ടെ ഓരോ നിമിഷവും നിറയുന്നുണ്ടായിരുന്നു.
താനൂർ അപകടം ജീവനെടുത്തവരുടെ ഓർമ്മകളാൽ സമ്പന്നമാണ് ആ കൊച്ച് വീട്. ചുമരിൽ മുഴുവൻ കരി കൊണ്ട് പേരെഴുതിയിട്ടിട്ടുണ്ടായിരുന്നു സെഹ്റ. പണിയാൻ പോവുന്ന വീടിന്റെ സ്വപ്നങ്ങളിലെ ചിത്രവുമുണ്ട് ചുമരിൽ. എത്ര പണിയെടുത്തിട്ടും അത് പൂർത്തിയാകാതെ വന്നപ്പോൾ അവൾ മുഖ്യമന്ത്രിക്കെഴുതിയ കത്തും ഏവരെയും വേദനിപ്പിക്കുന്നതാണ്. പുസ്തകത്തിനുള്ളിലുള്ള ആ കത്തിൽ, 'ബഹുമാന ആദരവോടെ പ്രിയപ്പെട്ട മുഖ്യമന്ത്രി അറിയാൻ ഞങ്ങൾ 7 കുട്ടികൾക്ക് പഠിക്കാനും പുസ്തകം വയ്ക്കാനും ഉടുപ്പ് മാറാനും വീട്ടിൽ സ്ഥലമില്ല' എന്നായിരുന്നു കുറിച്ചിരുന്നതെന്ന് അറിയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും.
താനൂർ അപകടം ജീവനെടുത്തവർ പഠിച്ചിരുന്ന സ്കൂളിലെ കാഴ്ചയും മറിച്ചല്ല. ഷംനയും അസ്ലയും സെഹ്റയുമെല്ലാം പതിവുപോലെ വല്യുമ്മയെയും കൂട്ടി ഇത്തവണയും വരേണ്ടിയിരുന്ന സ്കൂൾ, ആ സ്കൂളിലെ ടീച്ചർമാർക്കും നൊമ്പരം മാറുന്നില്ല.
വീഡിയോ കാണാം