Asianet News MalayalamAsianet News Malayalam

നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു

സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

three people including a 21 year old malayali student died in car accident in mysore
Author
First Published Apr 16, 2024, 10:54 AM IST

തൃശൂർ : മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയാണ് ബൈക്കിന് പിന്നിൽ കാറിടിച്ച് അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി സി എ വിദ്യാർഥിനിയാണ് ശിവാനി.

മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ചാണ് അപകടം സംഭവിച്ചത്. ശിവാനിയും ഉല്ലാസും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അമിത വേഗതയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചത്. അപകടസ്ഥലത്തു വെച്ച് തന്നെ ഉല്ലാസ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ഉടമനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽകേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി  വി.വി.പുരം ട്രാഫിക് പൊലീസ് അറിയിച്ചു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് കാഞ്ഞാണി ആനക്കാട് ക്രിമറ്റോറിയത്തിൽ നടക്കും. അമ്മ: സവിത. സഹോദരങ്ങൾ: അശ്വതി, അർജുൻ.

Read More : ഇടയ്ക്കിടെ വേനൽ മഴ കിട്ടുമ്പോൾ സന്തോഷിക്കാൻ വരട്ടെ, വില്ലനായി ഈ രോഗവും; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
 

Follow Us:
Download App:
  • android
  • ios