'പല്ല്, കണ്ണ്, മൂക്ക്, നിറഞ്ഞ ചിരി'; മലപ്പുറത്ത് മനുഷ്യനെപ്പോലെ ഒരു ചക്ക, കൗതുക കാഴ്ച...

Synopsis
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീന്‍കുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാകുന്നത്.
മലപ്പുറം: ഒരു ചിരിക്കുന്ന മനുഷ്യന്‍റെ മുഖമുള്ള ചക്ക. സാധാരണ രീതിയിലുണ്ടാകുന്ന ചക്കയില്‍ നിന്ന് വ്യത്യസ്തമായി ഈ ചക്കക്ക് പല്ല്, കണ്ണ്, മൂക്ക് എല്ലാമുണ്ട്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലമ്പൂരിനടുത്ത് മീന്‍കുളത്തി കാവ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പച്ചീരി വാസുദേവന്റെ വീട്ടിലെ പ്ലാവിലെ ചക്കയാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമാകുന്നത്. ഈ ചക്കയിപ്പോള്‍ സൂര്യമാനസം ചക്ക എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായത്തോടെ നിരവധി പേരാണ് ഇപ്പോള്‍ ഈ വീട്ടില്‍ ചക്ക കാണാനും വിശേഷങ്ങള്‍ അറിയാനും എത്തുന്നത്. പച്ചീരി വാസുദേവന്റെ വീട്ടില്‍ 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവിലാണ് ഈ അപൂര്‍വ ചക്ക കായ്ച്ചത്. ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖമാണ് ഈ ചക്കയുടെ ഇപ്പോഴത്തെ രൂപമെന്ന് വീട്ടുകാര്‍ പറഞ്ഞു.
ചക്കയില്‍ മനുഷ്യന്റെ മുഖം പോലെ പല്ല്, കണ്ണ്, മൂക്ക് തുടങ്ങിയവ ദിനംപ്രതി പുറംതള്ളി വരാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് ഇത് വലിയ കൗതുകമായത്. 20 കൊല്ലം മുമ്പ് നട്ട ഈ പ്ലാവില്‍ കഴിഞ്ഞ നാലു വര്‍ഷമായി മികച്ച രീതിയില്‍ ചക്ക കായ്ക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനൊരു പ്രതിഭാസമുണ്ടാകുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.