ഇതെന്ത് കഥ! തലവൂരിലെ 6 വീടുകളിൽ പമ്പ് ഓൺ ചെയ്തിട്ടും വെള്ളമില്ല, നോക്കിയപ്പോൾ മോട്ടോറിടം ശൂന്യം, പരക്കെ മോഷണം

Synopsis
തലവൂർ മേലേപ്പുര, നടുത്തേരി വാർഡുകളിൽ ഒറ്റ ദിവസം കൊണ്ട് മോഷണം പോയതാണ് ഈ ആറെണ്ണം.
കൊല്ലം: മോട്ടോർ മോഷ്ടാവിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുയാണ് കൊല്ലം ജില്ലയിലെ തലവൂർ എന്ന നാട്. ആറ് വീടുകളിലെ ഇലക്ട്രിക് മോട്ടോറുകളാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്. തലവൂർ മേലേപ്പുര, നടുത്തേരി വാർഡുകളിൽ ഒറ്റ ദിവസം കൊണ്ട് മോഷണം പോയതാണ് ഈ ആറെണ്ണം.
കുടിവെള്ള ടാങ്ക് നിറയ്ക്കാൻ സ്വിച്ച് പ്രവർത്തിപ്പിച്ചിട്ടും ടാപ്പുകളിൽ കുടിവെള്ളമെത്താതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് മോട്ടോർ മോഷണം പോയ വിവരം നാട്ടുകാർ മനസിലാക്കുന്നത്. പി വി സി പൈപ്പുകൾ അറുത്തുമാറ്റിയാണ് മോഷണം. മോട്ടോർ കാണാനില്ലെന്ന വിവരം അയൽവാസികൾ പരസ്പരം പങ്കുവെച്ചതോടെയാണ് കൂടുതൽ മോഷണം വ്യക്തമായത്.
പ്രദേശത്തെ എട്ട് വീടുകളിൽ മോഷ്ടാവ് എത്തി. ആറെണ്ണം കടത്തിക്കൊണ്ടുപോയി. സിമന്റ് തറയിൽ ഉറപ്പിച്ച രണ്ട് മോട്ടോർ മോഷ്ടിക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. പരാതിയെത്തിയതോടെ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി. പരിശോധന നടത്തി. സി സി ടി വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഗുഡ്സ് ഓട്ടോയിൽ മോട്ടോർ കടത്തിക്കൊണ്ടു പോയെന്ന സൂചന കിട്ടി. മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് പൊലീസ്.
അതേസമയം കണ്ണൂർ തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിലായി. ക്ഷേത്ര ജീവനക്കാരെ കണ്ട് രക്ഷപെട്ട ഇവരെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളാണ്. കഴിഞ്ഞ മാസം 27 നു പുലർച്ചെയാണ് തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടന്നത്. പള്ളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം സ്വദേശി ആസിഫ് സഹീർ എന്നിവരെയാണ് സിറ്റി പൊലീസ് പിടികൂടിയത്.
27 നു പുലർച്ചെ ഇവർ ക്ഷേത്രത്തിൽ എത്തിയത് സ്കൂട്ടറിലാണ്. മതിലിനോട് ചേർന്നുള്ള തുരുമ്പെടുത്ത ഭണ്ഡാരം കണ്ടാണ് ഇവർ കവർച്ചാശ്രമം നടത്തിയത്. ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാർ എത്തിയതോടെ മൂവരും സ്കൂട്ടറും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം പിടികൂടിയത് നിഷിലിനെയാണ്. ചോദ്യം ചെയ്യലിൽനിന്ന് മറ്റു രണ്ടുപേരെ കുറിച്ചും വിവരം കിട്ടി.