Asianet News MalayalamAsianet News Malayalam

തൃശൂർ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിൽ കുടിവെള്ള ക്ഷാമം രൂക്ഷം

പുറമെനിന്നും സ്വകാര്യ ഏജന്‍സി വഴി വെള്ളം എത്തിച്ചാണ് ആശുപത്രിയില്‍ ദൈനംദിന പ്രവര്‍ത്തികള്‍ നടക്കുന്നത്. വെള്ളം സ്വരൂപിച്ച്   വയ്ക്കുന്ന കുളങ്ങള്‍ വറ്റിയതാണ് പ്രതിസന്ധി  രൂക്ഷമാക്കിയത്. 

water scarcity at its peat in thrissur medical college campus
Author
First Published May 10, 2024, 3:09 PM IST

തൃശൂർ: ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം. കാമ്പസിലെ ക്വാര്‍ട്ടേഴ്‌സുകളിലെ പല താമസക്കാരും താമസം മാറി. ആശുപത്രി  പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ജലക്ഷാമത്തെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം നിര്‍ത്തി വച്ചു. നേരത്തെ ദിവസവും പത്തോളം ഡയാലിസിസ് ഇവിടെ നടത്തിയിരുന്നു. 

മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡുകളില്‍ രാവിലെയും വൈകിട്ടുമായാണ് വെള്ളം വിതരണം നടക്കുന്നത്. ഇവിടെയും  ഡയാലിസിസിന്റെ എണ്ണം കുറയ്ക്കാന്‍ ആലോചന നടക്കുന്നുണ്ട്. പുറമെനിന്നും സ്വകാര്യ ഏജന്‍സി വഴി വെള്ളം എത്തിച്ചാണ് ആശുപത്രിയില്‍ ദൈനംദിന പ്രവര്‍ത്തികള്‍ നടക്കുന്നത്. വെള്ളം സ്വരൂപിച്ച്   വയ്ക്കുന്ന കുളങ്ങള്‍ വറ്റിയതാണ് പ്രതിസന്ധി  രൂക്ഷമാക്കിയത്. 

സാധാരണ വേനല്‍ക്കാലത്ത് പീച്ചി കനാല്‍ വഴി വെള്ളം ഒഴുക്കിവിടുമ്പോള്‍ കുളത്തില്‍ വെള്ളം നിറയുക പതിവാണ്. എന്നാല്‍ ഏപ്രില്‍  ആദ്യവാരം രണ്ടുമൂന്ന് ദിവസം മാത്രമാണ് വെള്ളം  തുറന്ന് വിട്ടത്. അത് മെഡിക്കല്‍ കോളജ് കാമ്പസില്‍  എത്തുന്നതിനുമുമ്പുതന്നെ നിര്‍ത്തിയിരുന്നു. മെഡിക്കല്‍ കോളജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കുളവും  വറ്റിയ നിലയില്‍ കാടുപിടിച്ച് കിടക്കുകയാണ്.  ഇവിടത്തെ കാട് വെട്ടിത്തെളിച്ച് ഉപയോഗപ്രദമാക്കന്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 

അതേസമയം മെഡിക്കല്‍ കോളജ് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി  ഉണ്ടാക്കിയ കുളം സംരക്ഷിച്ച് നിര്‍ത്താന്‍ സാധിച്ചിരുന്നുവെങ്കില്‍ കുടിവെള്ള പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് വ്യാപകമാവുന്ന ആരോപണം.  എന്നാല്‍ ആ ജലസ്രോതസ് നിലനിര്‍ത്താന്‍വേണ്ടി  വര്‍ഷങ്ങള്‍ക്ക് മുമ്പ് 75 ലക്ഷം രൂപ ചെലവഴിച്ച്  നിര്‍മിതികേന്ദ്രം വലിയ കുളം കെട്ടിയുയര്‍ത്തി.  അതിനുവേണ്ടി അവിടെയുണ്ടായിരുന്ന  ജലസ്രോതസ് കോണ്‍ക്രീറ്റിട്ട് വാര്‍ത്ത് അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയായി ഒരു തുള്ളി വെള്ളം പോലും ഇതില്‍നിന്നും ലഭിച്ചിട്ടില്ല.  

അതുകൊണ്ടുതന്നെ 75 ലക്ഷം രൂപ വെള്ളത്തിലായി.  കുളത്തെ കുറിച്ച് വിജലന്‍സ് അന്വേഷണമൊക്കെ  പ്രഖ്യാപിച്ചുവെങ്കിലും 18 വര്‍ഷമായി അന്വേഷണം  എങ്ങും എത്തിയില്ല. ആ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക്   ഉപയോഗിക്കാന്‍ സാധിക്കാതെ വെറുതെ കിടക്കുകയാണ്. അവിടെ അടച്ചുകെട്ടിയ ജലസ്രോതസ്  തുറന്ന് കൂടുതല്‍ വിപുലീകരിച്ചാല്‍ ഒരുപരിധിവരെ  വെള്ളം കിട്ടാന്‍ സാധ്യതയേറെയെന്നാണ് നിരീക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios