വയനാടൻ പെരുമ വിളംബരം ചെയ്യുന്ന 'വയനാട് വൈബ്സ്' സംഗീതവിരുന്ന് 27 ന്; ജില്ലയിലെ ടൂറിസം സജീവമാക്കുമെന്ന് മന്ത്രി

Synopsis
ഏപ്രിൽ 27 ന് മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ വയനാട് വൈബ്സ് സംഗീതോത്സവം നടക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ പ്രശസ്ത താരങ്ങൾ പങ്കെടുക്കും.
കോഴിക്കോട്: വയനാടിന്‍റെ പെരുമയും തനിമയും സംസ്കൃതിയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീത വിരുന്നുമായി ടൂറിസം വകുപ്പ്. ഏപ്രില്‍ 27 ന് വൈകിട്ട് 5.30 ന് മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ ആണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വയനാട് വൈബ്സ്'എന്ന പരിപാടി നടക്കുക. വയനാടിന്‍റെ തനത് കലകള്‍ക്കും താളങ്ങള്‍ക്കുമൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധേയരായ കലാകാരന്‍മാര്‍ സംഗീതപ്രകടനവുമായി പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം കലാ, സാംസ്കാരിക പരിപാടികള്‍ വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര സംവിധായകന്‍ ടികെ രാജീവ്കുമാര്‍ ആണ് 'വയനാട് വൈബ്സ്'ഷോ ഡയറക്ടര്‍. പ്രശസ്ത ഡ്രമ്മര്‍ ശിവമണിയും കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസിയും ഒരുക്കുന്ന താളവാദ്യ പ്രകടനമാണ് 'വയനാട് വൈബ്സി'ലെ മുഖ്യ ആകര്‍ഷണം. ഈ അവതരണത്തില്‍ ആട്ടം കലാവേദിയുടെ 25 ശിങ്കാരിമേളക്കാരും പങ്കെടുക്കും. കാണികളെ കൂടി പങ്കാളികളാക്കി കൊണ്ടുള്ളതായിരിക്കും ഈ തത്സമയ താളവാദ്യ പ്രകടനം. വാദ്യോപരണങ്ങള്‍ക്കു പകരം പാത്രമോ കമ്പോ കോലോ പലകയോ കൊണ്ട് കാണികള്‍ക്ക് സംഗീതപ്രകടനത്തില്‍ പങ്കുചേരാം.
വയനാടിന്‍റെ താളവും ലയവും സംഗമിക്കുന്ന 'തുടിതാളം' കലാസംഘം അവതരിപ്പിക്കുന്ന പരിപാടി സംഗീതവിരുന്നിലെ മറ്റൊരു ആകര്‍ഷണമാണ്. ഇരുപതോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ വയനാടിന്‍റെ തനത് കലാപ്രകടനങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ ഹരിചരണിന്‍റ നേതൃത്വത്തില്‍ ലൈവ് കണ്‍സേര്‍ട്ട് അരങ്ങേറും. സ്റ്റാര്‍ സിങ്ങര്‍ ഫെയിം ശിഖ പ്രഭാകരനും ഒത്തുചേരുന്ന ഈ പരിപാടി സംഗീത പ്രേമികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കും. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഒ ആര്‍ കേളു, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം