Asianet News MalayalamAsianet News Malayalam

ചില സമയത്ത് എല്ലാ 'ടച്ചും' 'ബാഡ് ടച്ചാവും'

ദേശാന്തരം: സാബിത്ത് പള്ളിപ്രം എഴുതുന്നു  

Deshantharam by Sabith Pallipram
Author
Thiruvananthapuram, First Published Jun 27, 2019, 3:27 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Deshantharam by Sabith Pallipram

കുട്ടികളുടെ സുരക്ഷയെക്കുറിച്ചും 'ബാഡ് ടച്ച്', 'ഗുഡ് ടച്ച്' എന്നിവയെക്കുറിച്ചുമുള്ള പല കുറിപ്പുകളും ബോധവല്‍ക്കരണ ലേഖനങ്ങളും കാണാറുണ്ട്. അവയൊക്കെ വായിക്കുമ്പോഴാണ്, ഞാന്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ഇവ എന്താണെന്ന് ആലോചിക്കുന്നത്. 

സൗദിയില്‍ കുട്ടികളോട്  'നോ ടച്ച്' ആണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ കുട്ടികളെ തൊട്ടവന് 'ഫുള്‍ ടച്ച്' കിട്ടാനും ചിലപ്പോള്‍ ചെണ്ടമേളമാവാനും സാധ്യതയുണ്ട്..

മിഠായിക്കടയില്‍ ജോലിക്ക് വന്ന മലയാളിയ്ക്കാണ് സൗദിയുടെ 'ഫുള്‍ ടച്ച്' കിട്ടിയത്. മറ്റുള്ളവര്‍ കുട്ടികളെ തൊടുന്നതും ലാളിക്കുന്നതും പോയിട്ട്, നല്ല രീതിയിലല്ല കുട്ടികളെ നോക്കുന്നതെന്ന് അറബികള്‍ക്ക് തോന്നിയാല്‍ മതി 'ഫുള്‍ ടച്ച്' ഉറപ്പാണ്. നമ്മുടെ നാട്ടിലും ഉണ്ടല്ലോ 14 സെക്കന്റ് നോട്ടം. അതിന്റെ ഒരു വകഭേദം! 

പാവം മലയാളി സെയില്‍സ്മാന് ഇവിടുത്തെ മര്യാദയും മാനേഴ്‌സും ഒന്നുമറിയില്ല. ആളും ഭാഷയുമൊന്നും ശരിയായിട്ടില്ല. അത് കൊണ്ട് തന്നെ ആര് വന്നാലും നല്ല പോലെ ചിരിക്കും. അവരുടെ കുഞ്ഞുങ്ങളുണ്ടെങ്കില്‍ കവിളില്‍ നുള്ളും. കുട്ടികളുടെ തലയില്‍ തലോടും, അറിയാവുന്ന ഭാഷയില്‍ അവരോട് സംസാരിക്കും.

കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോവുന്ന ഒരു ദിവസമാണ് ഒരറബിയും അഞ്ച് വയസ്സുകാരന്‍ മകനും കടയിലേക്ക് വന്നത്. മുത്ത് മണി പോലുള്ള മോനെ കണ്ടപ്പോള്‍ മലയാളിക്ക് തൊടാനും നുള്ളാനും മോഹം. സ്വാഭാവികം!

അറബി കടയുടെ ഉള്ളിലേക്ക് പോയി സാധനം എടുക്കുന്ന സമയത്ത് പാവം മലയാളി കുട്ടിയുടെ അരികത്ത് പോയി. അറിയാവുന്ന അറബിയൊക്കെ പറഞ്ഞു അവനെ ചിരിപ്പിച്ചു.. അവനെ കൈയ്യിലെടുത്തു. എന്തോ അയാളുടെ കഷ്ടകാലത്തിന് അവനൊരു മുത്തം കൊടുക്കാന്‍ മോഹം. അപ്പുറവും ഇപ്പുറവുമൊക്കെ നോക്കി പ്രശ്‌നമില്ല എന്നുറപ്പ് വരുത്തി കുട്ടിയുടെ കവിളില്‍ ഒരു സോഫ്റ്റ് ഉമ്മയും കൊടുത്തു...

കഷ്ടകാലം. അറബി അതു കണ്ടു. അറബിയുടെ നോട്ടം കണ്ടപ്പോള്‍ പാവത്തിന് എന്തോ പാപം ചെയ്ത പോലെ ബേജാറ്. മലയാളി കുട്ടിയെ നിലത്തിറക്കി. കുട്ടിയില്‍ നിന്ന് മാറി പരുങ്ങി നിന്നു. 

അറബിയുടെ കണ്ണും മുഖവും ചുവന്നു!

ചടപടാന്ന് നടന്ന് വന്ന് പടപടാന്ന് മൂന്നാലെണ്ണം മലയാളിയുടെ ചെകിടത്ത് പൊട്ടിച്ചു!

ബോധം പോവേണ്ട അടിയായിരുന്നു. പക്ഷെ മലയാളിക്ക് ബോധം വന്നു. 

അടിയുടെ ഒച്ചകേട്ട് മുതലാളി ഓടിവന്നു. മലയാളി മോന്ത പിടിച്ച് തല താഴ്ത്തി നില്‍ക്കുന്നു. എടുത്ത സാധനം വലിച്ചെറിഞ്ഞു അറബി കാറില്‍ കേറി പോവുന്നു. ആകെ ശോകമൂകം.

മുതലാളി മലയാളിയോട് കാര്യമന്വേഷിച്ചു. കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ മുതലാളി അടങ്ങി. 

'നല്ലൊരു കസ്റ്റമറാണ്, നല്ല സ്വഭാവമുള്ളവനാണ്. നിന്നോട് ഞാന്‍ പല തവണ പറഞ്ഞതല്ലെ ആരാന്റെ പിള്ളേരെ കൊഞ്ചിക്കാന്‍ പോവരുതെന്ന്'.

മുതലാളിക്ക് രണ്ട് തരത്തിലുള്ള സങ്കടമാണ്. ഒന്ന് പാവത്തിന് 'ഫുള്‍ ടച്ച്' കിട്ടിയതില്‍. മറ്റൊന്ന് നല്ലൊരു കസ്റ്റമര്‍ പോയതില്‍.

മാതാപിക്കളുടെ അനുവദില്ലാതെ കുട്ടികളെ ഓമനിക്കുകയും താലോലിക്കുകയും ചെയ്യുന്നവരെ അറബികള്‍ തല്ലാറുണ്ട്  എന്നത് മുതലാളിക്കറിയുന്നതാണ്.. അതില്‍ ബാഡ് ടച്ച്, ഗുഡ് ടച്ച് എന്ന വേര്‍തിരിവൊന്നുമില്ല.

എന്നാലും തല്ലിയ അറബി അത്തരക്കാരനല്ല. കടുപ്പം കുറഞ്ഞയാളാണ്. ഇനി വന്നാല്‍ അറബിയോട് ചോദിക്കാമെന്ന് പറഞ്ഞു മലയാളിയെ മുതലാളി ആശ്വസിപ്പിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അറബി വന്നപ്പോള്‍ മുതലാളി മയത്തില്‍ കാര്യം അവതരിപ്പിച്ചു..

അറബി പറഞ്ഞു തുടങ്ങി.

'മോനെ തൊടുന്നതും, ഓമനിക്കുന്നതും, ചുംബിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. അതൊന്നും പ്രശ്‌നമല്ലായിരുന്നു..'

'പിന്നെയെന്തിനാ ആ പാവത്തിനെ....?'-എന്നായി മുതലാളി.

'കുട്ടിയെ ഓമനിച്ച് കൊണ്ടിരുന്നവന് എന്നെ കണ്ടപ്പോള്‍ ഭാവമാറ്റമുണ്ടായി. കുട്ടിയെ നിലത്ത് വെച്ച് മാറി നിന്ന് കളഞ്ഞു. എനിക്കത് പിടിച്ചില്ല. സ്‌നേഹത്തോടെയാണ് അവന്‍ കുട്ടിയെ ലാളിച്ചതെങ്കില്‍ എന്നെ കണ്ടപ്പോള്‍ പേടിക്കേണ്ട ആവശ്യമില്ല. കുട്ടിയുടെ രക്ഷിതാവ് കണ്ടാല്‍ ഇഷ്ടപ്പെടാത്ത മോശമാണെന്ന് തോന്നുന്ന പ്രവൃത്തി അവന്‍ ചെയ്തിരിക്കുന്നു എന്ന തോന്നല്‍ അവന്റെ ഉള്ളിലുണ്ട്. അപ്പോള്‍ അവന്‍ ചെയ്തത് നിഷ്‌കളങ്കമായ മനസ്സോടെയല്ല.'

അടുത്ത തല്ല് വാങ്ങി വെക്കേണ്ട എന്ന് കരുതി മുതലാളി കൂടുതലൊന്നും ചോദിച്ചില്ല.

ചില സമയത്ത് എല്ലാ 'ടച്ചും' 'ബാഡ് ടച്ചാവും' എന്ന് മാത്രം മുതലാളിക്ക് മനസ്സിലായി. ടച്ച് ചെയ്യുന്നവന്റെ മനോനില പോലെ.

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios