ആത്മഹത്യയില്‍നിന്നും ജീവിതത്തിലേക്ക് ഒരു പാലമുണ്ട്, ഉദാഹരണം ഉഷ ടീച്ചര്‍!

Synopsis
പലപ്പോഴും മനസ്സ് കൈവിട്ടു പോകുന്നതായും നിരാശ പൊതിയുന്നതായും തോന്നുമ്പോഴൊക്കെ സ്വന്തം അനുഭവങ്ങളുടെ തീച്ചൂളകള്‍ ഓര്‍മിപ്പിച്ച് ആശ്വാസത്തിന്റെ നല്ല വാക്കുകളായി ഉഷ ടീച്ചര്‍ മാറാറുണ്ട്.
ഇന്ന് ഞാന്‍ ആ സ്‌കൂളിലില്ല. അവസാന ദിവസം പോരുമ്പോള്‍ എനിക്ക് വേണ്ടിയൊരു സ്‌നേഹപ്പൊതി അവര്‍ കൈയ്യില്‍ കരുതിയിരുന്നു. പിന്നീടെത്രയോ തവണ ഞങ്ങള്‍ കണ്ടു ഒരുമിച്ച് യാത്ര ചെയ്തു.
കാരണമെന്തെന്ന് പോലും പലപ്പോഴും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത അത്രയും ആത്മഹത്യകള്‍ നിരന്തരം കണ്ടും കേട്ടും കടന്ന് പോകുന്ന ഈ കാലത്ത്, ഉഷ ടീച്ചര്‍ ഒരു പാഠമാണ്. വിധിയുടെ ക്രൂരത നോക്കി പകച്ചു പോയെങ്കിലും വലിയൊരു ഇരുട്ടിനെ മറികടന്ന് സൗമ്യമായി ചിരിക്കാന്‍ ശ്രമിക്കുന്ന പ്രിയപ്പെട്ട ടീച്ചര്‍. ഉറപ്പായും, അവരാണ് എന്റെ ജീവിതത്തിലെ സ്ത്രീ.
ഉഷ ടീച്ചര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപികയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഗസ്റ്റ് അധ്യാപിക ആയി എത്തിയതോടെയാണ് ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ആവുന്നത്. കുടുംബം ഒരു സ്ത്രീയെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ടീച്ചറിലൂടെ ആണ്.
ബെല്ലടിക്കുന്നതിന് തൊട്ട് മുന്‍പ് സ്‌കൂളിലെത്തി, വൈകിട്ട് സ്‌കൂള്‍ വിടുന്ന നിമിഷം ബാഗ് എടുത്ത് ഓടിയിരുന്ന ടീച്ചറെ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. വീട് ഒരുപാട് ദൂരെയായതിനാല്‍ എത്ര നേരത്തെ എത്തിയാലും ചെയ്യാന്‍ പാകത്തിലുള്ളതിനേക്കാള്‍ ജോലികള്‍ അവിടെ ടീച്ചറിനെ കാത്തിരുന്നിരുന്നു. എങ്കിലും ഏറെ ആശിച്ചു പണി തീര്‍ത്ത ആ വീട്ടില്‍ ടീച്ചര്‍ ചേര്‍ത്ത് പിടിച്ച ഒരു കുടുംബവും സ്വപ്നങ്ങളും ഉണ്ടായിരുന്നു.
'ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോക രഹസ്യമാര്‍ക്കുമേ...' എന്ന കുമാരനാശാന്റെ വരികള്‍ പോലെയാണ് ജീവിതം.
ജീവിതത്തിന്റെ ഗതിയെ മാറ്റി മറിച്ച വിധി അവരെ തളര്‍ത്തിയത് നിമിഷങ്ങള്‍കൊണ്ടാണ്. ജീവിതത്തിലെ നിറവും പ്രതീക്ഷയുമായിരുന്ന ഏക മകനെ ഒരു മുന്നറിയിപ്പും ഇല്ലാതെ മരണം കൊണ്ട് പോയി. മക്കളുടെ ജോലിയും ഭാവിജീവിതവും സ്വപ്നം കണ്ട് ജീവിക്കുന്ന മറ്റ് അമ്മമാരെ പോലെതന്നെ ടീച്ചറും വേരറ്റ് താഴേക്ക് പതിച്ചു.
പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ജീവിതം ഏറെ വരണ്ട് പോകുമെന്നത് നേരാണ്. തണലാകേണ്ട ചില്ലകളൊക്കെ ആ വേനലില്‍ ഉണങ്ങി. ഉറക്കമില്ലാത്ത രാത്രികള്‍ അവരെ പലവട്ടം ജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിച്ചു. പക്ഷെ, ജീവിതത്തിലെപ്പോഴൊക്കെയോ ചെയ്ത നന്മകളായിരിക്കാം, അവരെ എന്തോ പിടിച്ചു നിര്‍ത്തി. ഈശ്വരനുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഇപ്പോഴും തീര്‍ത്ത് പറയാന്‍ ആവില്ല. പക്ഷെ അടിയുറച്ച ഈശ്വര വിശ്വാസം കൊണ്ടൊന്നുമാത്രം വിധിയുടെ കരങ്ങളില്‍ നിന്ന് ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ഉഷ ടീച്ചര്‍ കിണഞ്ഞു ശ്രമിച്ചു.
ക്ലാസ്സ് മുറിക്ക് പുറത്തുള്ള ഞാനടക്കമുള്ള സ്ത്രീകളെ ടീച്ചര്‍ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്. ജോലി സ്വന്തം കാലില്‍ നില്‍ക്കാനൊരു വരുമാനമാര്‍ഗം മാത്രമല്ല. എത്രയൊക്കെ പരീക്ഷണങ്ങള്‍ക്കിടയിലും അത് ആത്മവിശ്വാസം തരുന്ന തുരുത്താണ്. ആത്മഹത്യ ചെയ്യാന്‍ നൂറ് കാരണങ്ങളുണ്ടാകാം. എന്നാല്‍ ജീവിക്കാനൊരു കാരണം കണ്ടു പിടിക്കുന്നിടത്ത് ജീവിതത്തെ നമ്മള്‍ സ്‌നേഹിക്കാന്‍ തുടങ്ങും.
പലപ്പോഴും മനസ്സ് കൈവിട്ടു പോകുന്നതായും നിരാശ പൊതിയുന്നതായും തോന്നുമ്പോഴൊക്കെ സ്വന്തം അനുഭവങ്ങളുടെ തീച്ചൂളകള്‍ ഓര്‍മിപ്പിച്ച് ആശ്വാസത്തിന്റെ നല്ല വാക്കുകളായി ഉഷ ടീച്ചര്‍ മാറാറുണ്ട്. സ്‌കൂളില്‍ അടുത്തടുത്തായി ഇരിക്കാറുള്ള ഞങ്ങള്‍ക്ക് ഒഴിവുസമയങ്ങളിലൊക്കെ പങ്കുവെക്കാന്‍ ഒരുപാട് കഥകളുണ്ടായിരുന്നു.
ഓരോ ചെറിയ കാര്യങ്ങളിലും ടീച്ചര്‍ അതീവ ശ്രദ്ധാലുവാണ്. അതിനേറ്റവും നല്ല ഉദാഹരണം സ്‌കൂളിലെ ഏറെ പരിമിതികളുള്ള ലൈബ്രറിയെ അടുക്കും ചിട്ടയോടെയും അവര്‍ കൈകാര്യം ചെയ്യുന്ന രീതിയാണ്. പ്രതീക്ഷകളൊക്കെ പെട്ടെന്ന് ഒരുനാള്‍ അസ്തമിച്ചു ടീച്ചര്‍ തകര്‍ന്ന് പോയ സമയത്ത്, ഒപ്പമിരിക്കുമ്പോള്‍ എന്റെ നെഞ്ചില്‍ എന്തെന്നില്ലാത്ത ഒരു കനം വന്നുതൂങ്ങും. ഒരു ആശ്വാസവാക്കും ആ കണ്ണീരിന് പകരമാവില്ലെന്ന് അറിയാമായിരുന്നിട്ടും എന്തൊക്കെയോ പാഴ് വാക്കുകള്‍ കൊണ്ട് ഞാന്‍ ഞങ്ങള്‍ക്കിടയിലെ മൗനം തകര്‍ത്ത് കളയും.
ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളിലേക്ക് ടീച്ചറുടെ സംസാരം വഴിമാറുമ്പോഴേക്കും ഉത്തരമില്ലാതെ ഞാന്‍ വിയര്‍ത്ത് പോവും. സഹതാപത്തിന്റെ ഒരു മുഖംമൂടിയുമണിയാതെ ഞങ്ങളോരോരുത്തരും ടീച്ചറെ ചേര്‍ത്ത് പിടിച്ചു. പതിയെ ടീച്ചര്‍ ചിരിക്കാന്‍ തുടങ്ങി. വിളിക്കാതെ തന്നെ ഞങ്ങള്‍ക്കിടയില്‍ വന്നിരുന്ന് സംസാരിക്കാന്‍ തുടങ്ങി. ആ പരിണാമത്തിനു പിന്നില്‍ ഒരുപാട് മനുഷ്യരുടെ പ്രാര്‍ത്ഥനയുണ്ടായിരുന്നു!
ഇന്ന് ഞാന്‍ ആ സ്‌കൂളിലില്ല. അവസാന ദിവസം പോരുമ്പോള്‍ എനിക്ക് വേണ്ടിയൊരു സ്‌നേഹപ്പൊതി അവര്‍ കൈയ്യില്‍ കരുതിയിരുന്നു. പിന്നീടെത്രയോ തവണ ഞങ്ങള്‍ കണ്ടു ഒരുമിച്ച് യാത്ര ചെയ്തു. ഒരു വിളിപ്പാടകലെ അവരുണ്ടെന്ന ധൈര്യം എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല. അതെ, മനുഷ്യജീവിതത്തില്‍ സാരമായത് ചില മുന്തിയ സന്ദര്‍ഭങ്ങളല്ല. ചില മാത്രകള്‍ മാത്രം.
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം