Asianet News MalayalamAsianet News Malayalam

കിടപ്പിലായവര്‍ക്ക് കൂട്ടായവര്‍

Dr Shimna Azeez column on bystanders
Author
Thiruvananthapuram, First Published Apr 1, 2017, 8:02 AM IST

Dr Shimna Azeez column on bystanders

ഹോസ്പിറ്റലിനകത്തെ മിനി കഫറ്റേരിയയില്‍ പതിവ് ലൈം ജ്യൂസ് കുടിച്ച് തിരക്കുകളിലേക്ക് ഊളിയിടാന്‍ ഉള്ള പരിപാടിയിലായിരുന്നു. മേശക്കെതിര്‍വശമിരുന്നൊരു വൃദ്ധ ചായ കുടിക്കുന്നുണ്ട്. സ്വന്തം ചിന്തയിലേക്ക് ഒളിക്കാന്‍ എത്ര വലിയ ആള്‍ക്കൂട്ടവും പ്രശ്‌നമല്ല എന്നത്  ഗുണമോ ദോഷമോ എന്നറിയില്ല, എന്റെ സ്വഭാവമാണ്. ഞാനും എന്റെ ലൈമും മാത്രമായി ഏതോ ദ്വീപിലായിരുന്നെന്ന് തോന്നുന്നു. മുന്‍പിലിരിക്കുന്ന അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ശ്രദ്ധയില്‍ പെട്ടത്  അപ്പോഴാണ്. ഒരു ഭാവഭേദവും ഇല്ലാത്ത രണ്ടു കവിളിലൂടെയും കണ്ണുനീര്‍ചാലുകള്‍. 

'എന്ത് പറ്റി അമ്മേ?' എന്ന് ചോദിക്കാതിരിക്കാന്‍ സാധിച്ചില്ല.

'മോളെ..'

 ഇത്ര പെട്ടെന്ന് അവര്‍ മറുപടി പറഞ്ഞു തുടങ്ങിയതെന്താണ്? കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന കറുത്ത കുഴല്‍ കണ്ടിട്ടാകുമോ? അല്ല, ഇത് അതല്ല, അവരെ കേള്‍ക്കാന്‍ തയ്യാറുള്ള കാതുകള്‍ തിരയുകയായിരുന്നെന്ന് തോന്നുന്നു.

ഞാനെന്റെ കണ്ണില്‍ നിന്ന് അവരുടെ കണ്ണിലേക്കൊരു പാലം പണിതു. കലങ്ങിയ കണ്ണുകള്‍. നൊന്ത് പ്രസവിച്ച കണ്ണുനീര്‍ത്തുള്ളികള്‍ ഇപ്പോഴും അവിടെയുണ്ട്.

'വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന മകളുണ്ട്, ബുദ്ധിമാന്ദ്യം ഉള്ള കുട്ടിയാ. അവള്‍ക്കിപ്പൊ പതിനഞ്ചു വയസ്സായി. ഭര്‍ത്താവ് ഇന്നലെ പെട്ടെന്ന് തല ചുറ്റി വീണു. ഇവിടെ അഡ്മിറ്റാണ്. മൂപ്പരെ നോക്കാനും ആളില്ല. മോളെ ഇങ്ങോട്ട് കൊണ്ട് വരാനും പറ്റില്ല. ആലോചിച്ചിട്ട് തല പൊളിയുന്നു മോളെ..'

'മോള് തീരെ കിടപ്പിലാണോ അമ്മേ? വീട്ടില്‍ ആരുമില്ലേ?'

'പിറന്നപ്പോഴേ അങ്ങനെയാ. മാസക്കുളിക്ക് തുണി മാറ്റി കൊടുക്കാന്‍ വരെ ഞാന്‍ വേണം. അത് വരെ കിടന്ന കിടപ്പിലാണ് ചെയ്യേണ്ടത്. ഓളാണെങ്കില്‍ നല്ല തടിയുമുണ്ട്. വേറെ ആരെക്കൊണ്ടും അതിനൊന്നും കയ്യൂല. വേറെ ആരും വന്ന് നോക്കാനും ഇല്ല. പൈസല്ലാത്തോര്‍ക്ക് ആരുണ്ടാകാനാ മോളേ...

'ഓളെ ആങ്ങളക്ക് അതൊന്നും ചെയ്ത് കൊടുക്കാന്‍ പറ്റൂലല്ലോ. ഓന്‍ കൂലിപ്പണിക്ക് പോക്കാണ്.ഇങ്ങനെ ഒരു പെങ്ങള്‍ ഉള്ളത് കൊണ്ട് ഓന് പെണ്ണും കിട്ടുന്നില്ല.'

ദയനീയരൂപമുള്ള ആ അമ്മ വിതുമ്പലൊതുക്കി. 

കലങ്ങിയ കണ്ണുകള്‍. നൊന്ത് പ്രസവിച്ച കണ്ണുനീര്‍ത്തുള്ളികള്‍ ഇപ്പോഴും അവിടെയുണ്ട്.

കുടുംബനാഥന്‍ വാര്‍ഡില്‍ കിടക്കുന്നു, മകന്‍ ആരോടോ പണം കടം വാങ്ങാന്‍ പോയതാണത്രെ, ഭക്ഷണം വാങ്ങാന്‍ പണം വേണമല്ലോ. മകളുടെ അടുത്ത് ഏതോ ഒരകന്ന ബന്ധുവിനെ നിര്‍ത്തിയിരിക്കുന്നു.ഇന്‍ഷ്യൂറന്‍സ് ഉള്ള സമീപത്തെ ആശുപത്രി തേടി വന്നവരാണ്. അവരുടെ മനസ്സിന്റെ പിടച്ചില്‍ ഓര്‍ത്തപ്പോള്‍ തണുത്ത വെള്ളം പോലും തൊണ്ടയെ പൊള്ളിക്കുന്നതായി അനുഭവപ്പെട്ടു തുടങ്ങി. അവിടുന്ന് എഴുന്നേറ്റ് അവരുടെ കൂടെ വാര്‍ഡില്‍ പോയി അവരുടെ ഭര്‍ത്താവിനെ കണ്ടു, പതിവ് ഔപചാരിക സമാധാനിപ്പിക്കല്‍ നടത്തി, തിരിച്ചു പോന്നു. അതിലപ്പുറം വിഷമം പുറത്ത് കാണിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. അല്ലെങ്കിലും നിസ്സഹായത പിടിച്ചു ഞെരിക്കുന്ന കണ്ഠത്തില്‍ നിന്നും അവര്‍ക്ക് വേണ്ടി എന്ത് വാക്കുകള്‍ പുറത്ത് വരാനാണ്...

കിടപ്പിലായവര്‍ക്ക് വേണ്ടി അഭിമാനാര്‍ഹമായ ഏറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അവര്‍ക്ക് വേണ്ടി ആയുസ്സ് മുഴുവന്‍ മാറ്റി വെക്കുന്ന പ്രിയപ്പെട്ടവരുടെ കാര്യം വേണ്ട രീതിയില്‍ പരിഗണിക്കുന്നുണ്ടോ എന്നോര്‍ത്ത് പോയി. ഉറക്കമില്ലാത്ത രാവുകളും ആകാശം നഷ്ടപ്പെട്ടതിന്റെ നോവുമൊന്നും അവരില്‍ ഒരാളുടെ പോലും കണ്ണില്‍ കണ്ടിട്ടില്ല. ചിലരെങ്കിലും സങ്കടം പറയും, അടുത്തൊന്നിരുന്ന് കൊടുത്താല്‍ നെഞ്ചിലുള്ള ഭാരം പെയ്ത് തീര്‍ക്കും. നമുക്കൊരു രാത്രി ഉറക്കം നഷ്ടപ്പെടാന്‍ അത് മതിയാകും. അപ്പോഴും അവര്‍ പല രാവുറങ്ങാതെ തീര്‍ക്കുന്നുണ്ടാവും..

അവര്‍ ഒരു ജന്മം ത്യജിച്ചവരാണ്. ഏറെ പ്രിയപ്പെട്ടൊരാള്‍ കട്ടിലില്‍ ഒതുങ്ങുന്നതോടെ മുറിയിലേക്ക് ഒതുങ്ങിപ്പോകുന്ന അമ്മ/ഭാര്യ/സഹോദരി/അല്ലെങ്കില്‍ മറ്റാരോ ഒരാള്‍.

അവരുടെ മനസ്സിന്റെ പിടച്ചില്‍ ഓര്‍ത്തപ്പോള്‍ തണുത്ത വെള്ളം പോലും തൊണ്ടയെ പൊള്ളിക്കുന്നതായി അനുഭവപ്പെട്ടു

വയ്യാത്ത കുഞ്ഞിന് ജന്മം കൊടുത്ത് ആയുഷ്‌കാലം അവര്‍ക്കായി നീക്കി വെക്കേണ്ടി വരുന്ന അമ്മമാര്‍ ഒരു ഭാഗത്ത്. പെട്ടെന്നൊരു ദിവസം ഓര്‍ക്കാപ്പുറത്ത് കിടക്കയിലേക്ക് ഞെട്ടറ്റ് വീഴുന്ന വ്യക്തിയുടെ ആഘാതവും സ്വന്തം ചങ്കില്‍ ആണി തറച്ചത് പോലെ പ്രിയപ്പെട്ടവര്‍ക്ക് വന്ന ദുരിതവും ഏതിന്റെ വേദനയാണധികം എന്നറിയാതെ പേറുന്നവര്‍ മറുവശത്ത്. കിടന്ന് പോയ വ്യക്തിയുടെ വേദന പകരം വെക്കാനില്ലാത്തത് തന്നെ. പക്ഷേ, ചിറകറ്റ് പോയവര്‍ക്ക് ചിറകാകാന്‍ ശ്രമിക്കുന്നവര്‍ ഉള്ളില്‍ വെന്ത നോവും നീറ്റലും വിങ്ങുന്നതൊതുക്കി സ്‌നേഹം പെയ്യുകയാണ്. ആത്മാവ് മരവിച്ചിരിക്കാം, ശരീരം രണ്ട് ശരീരത്തിന്റെ അധ്വാനമറിയണം. കുടുംബത്തെ പരിപാലിക്കാന്‍ മറ്റാരുമില്ലെങ്കില്‍, അതും കൂടി ശ്രദ്ധിക്കണം.

ഒരു രോഗി കിടന്ന് പോകുമ്പോള്‍, അയാള്‍ക്ക് ചുറ്റുമുള്ള ലോകം കൂടിയാണ് നിശ്ചലമാകുന്നത്. മുറിക്കപ്പുറമുള്ള നിറങ്ങളും കാഴ്ചകളും നിഷേധിക്കപ്പെടുമെന്നത് സത്യം. അവര്‍ക്ക് കിട്ടാതെ പോകുന്നത് തിരിച്ച് നല്‍കാന്‍ ഇന്ന് വിവിധ കൂട്ടായ്മകളുണ്ട്. ശരീരം തളര്‍ന്ന് പോയവര്‍ക്ക് കൈത്തൊഴില്‍ പരിശീലനവും ക്യാമ്പുകളുമെല്ലാമുണ്ട്. അവിടങ്ങളിലേക്കെല്ലാം കൂട്ട് പോകുന്നത് ഇവര്‍ക്ക് മനസ്സും ശരീരവുമാകുന്ന കൂട്ടിരിപ്പുകാര്‍ക്കും ഊര്‍ജദായകമാണ്. അത് കൊണ്ട് തന്നെ, അത്തരം വെളിച്ചം തേടിയ യാത്രകള്‍ എന്നൊരാനുകൂല്യം ശരീരം തളര്‍ന്ന, മാനസിക സമനിലയുള്ള  രോഗികളുടെ പ്രിയപ്പെട്ടവര്‍ക്കുണ്ട്. രോഗിയുമായി ഊടും പാവും നെയ്ത കണക്ക് ബന്ധമുള്ള ഈ സഹയാത്രികര്‍ക്ക് സമൂഹവുമായി ബന്ധപ്പെടാന്‍ സാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വേദനക്ക് ആക്കമുണ്ടാകുമെന്ന് തന്നെ വിശ്വസിക്കാം.

രോഗി കിടന്ന് പോകുമ്പോള്‍, അയാള്‍ക്ക് ചുറ്റുമുള്ള ലോകം കൂടിയാണ് നിശ്ചലമാകുന്നത്.

ഇതില്‍ നിന്നും വിഭിന്നമാണ് ജന്മവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാവും വാര്‍ദ്ധക്യസംബന്ധമായ രോഗങ്ങള്‍ അല്ലെങ്കില്‍ മാരകരോഗങ്ങള്‍ വന്ന് കിടന്നു പോയ രോഗിയുടെ സംരക്ഷണം ഏറ്റെടുത്ത വ്യക്തിയും.

സൈക്യാട്രി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്ന ഒരു നാല്‍പത് വയസ്സുകാരി ഉണ്ടായിരുന്നു. അവര്‍ക്ക് മാനസിക വളര്‍ച്ചകുറവും ചിത്തഭ്രമവും ചേര്‍ന്ന അവസ്ഥയായിരുന്നു. തനിച്ചൊരു മുറിയില്‍ അടച്ചിടാറായിരുന്നു പതിവ്. കട്ടിലില്‍ കെട്ടിയിടേണ്ടി വന്നിരുന്നു പലപ്പോഴും.കെട്ടിയിടാത്ത ഒരു ദിവസം രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഡിലെ കട്ടിലുകള്‍ അക്രമാസക്തമായി വലിച്ച് നീക്കി ശബ്ദമുണ്ടാക്കുന്നത് വൃദ്ധയായ അമ്മ നോക്കി നിന്നു, സെല്ലിലേക്ക് മാറ്റിയാല്‍ വിവസ്ത്രയായി നടക്കുമെന്ന് പറഞ്ഞ് അമ്മ അതിന് അനുവാദം തന്നില്ല.ആശുപത്രിയുടെ ആ ഭാഗം മുഴുവന്‍ ആ രോഗി കട്ടില്‍ വലിച്ചു നീക്കുന്ന ശബ്ദം മാറ്റൊലി കൊണ്ടു.

ആകര്‍ഷകമായ നിറമുള്ള വസ്ത്രം ധരിച്ച് വാര്‍ഡിലേക്ക് ചെന്നാല്‍ ആള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഓടി വന്ന് കൈ പിടിക്കും. അമിതവണ്ണമുള്ള, ബഹളക്കാരിയായ എന്നാല്‍ പഞ്ചപാവമായ രോഗി. ആജ്ഞാപിച്ചാല്‍ അവള്‍ അനുസരിക്കുമായിരുന്നു. മെലിഞ്ഞൊട്ടി തല നിറയേ വെള്ളിക്കമ്പികളുള്ള ആ അമ്മ സ്വന്തമായ സ്ഥലത്ത് നിന്നുള്ള തേങ്ങ വിറ്റ കാശ് കൊണ്ടാണത്രേ ജീവിച്ചിരുന്നത്. ആശുപത്രിയും വീടും മാത്രമായ ജീവിതം.നീണ്ട നാല്‍പത് വര്‍ഷങ്ങള്‍...

എത്ര ജീവിതങ്ങളങ്ങനെ രാവും പകലും ഒരേ തിരക്കഥയില്‍ കഴിഞ്ഞു പോകുന്നുണ്ടാകാം? എന്താണവര്‍ക്ക് വേണ്ടി ചെയ്യാനാവുക എന്ന ചിന്ത നമുക്ക് അഭിമാനകരമായ കൂട്ടായ്മകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നിട്ടും ആയുഷ്‌കാലം ഇരുളടഞ്ഞു പോയവരുടെ ചങ്ങാതിമാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊന്ന് ചെയ്യാന്‍ നമുക്കാകില്ലെന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

അവരുടെ പ്രശ്‌നങ്ങള്‍ പുറത്ത് നിന്ന് നോക്കുന്ന കാഴ്ചക്കാരന്, അവര്‍ക്ക് പുറത്ത് പോകാന്‍ സാധിക്കുന്നില്ല എന്നതും, തളര്‍ന്ന രോഗിയെ എല്ലാ രീതിയിലും നോക്കുന്ന കായികാധ്വാനവും ഒക്കെയാകും വലിയ കാര്യങ്ങളായി തോന്നുക. എന്നാല്‍ ഈ വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പല മാനങ്ങളുണ്ട്.

എത്ര ജീവിതങ്ങളങ്ങനെ രാവും പകലും ഒരേ തിരക്കഥയില്‍ കഴിഞ്ഞു പോകുന്നുണ്ടാകാം?

  • മാനസികപ്രശ്‌നങ്ങള്‍
  • ഏറെ പ്രിയപ്പെട്ടൊരാള്‍ ആശ്രിതന്‍/ആശ്രിതയായെന്ന തിരിച്ചറിവ്, അവരുടെ വേദന, അവര്‍ക്കായുള്ള വേദന, ലോകം ഒരു മുറിക്കകത്തേക്ക് ചുരുങ്ങിയതിന്റെ ഒറ്റപ്പെടല്‍, സ്വന്തം ഇഷ്ടങ്ങളെല്ലാം നഷ്ടപ്പെട്ട അവസ്ഥ, സ്വന്തം അടിസ്ഥാന ആവശ്യങ്ങള്‍ പോലും രണ്ടാം സ്ഥാനത്ത്...നിര നീളുന്നു.
  • ശാരീരിക പ്രശ്‌നങ്ങള്‍
  • ആരോഗ്യമുള്ള വ്യക്തിയെ പരിപാലിക്കുന്നതിലും ദുഷ്‌കരമാണ് കിടപ്പിലായ വ്യക്തിയെ/മാനസികമായി സാധാരണ നിലയില്‍ അല്ലാത്ത വ്യക്തിയെ പരിപാലിക്കുന്നത്. കായികബലം ആവശ്യമായി വരുന്നത്, വിശ്രമിക്കാന്‍ സാധിക്കാത്തത്, നേരത്തിന് ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ..എന്തിന്, പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലുമോ സാധിച്ചേക്കില്ല. ഉറക്കമരുന്ന് കൊടുത്താല്‍ പോലും ഉറങ്ങാത്ത മാനസികരോഗികളുണ്ട്. രാവും പകലും ഇവരെ നിയന്ത്രിക്കേണ്ടി വരുന്നവരുടെ ജീവിതം നമ്മുടെ സങ്ക ല്‍പങ്ങള്‍ക്കപ്പുറം ഇരുണ്ടതാണ്. കിടപ്പിലായ സാധാരണ നിലയിലുള്ള രോഗി കൂട്ടിരിപ്പുകാരന്റെ വിശ്രമം അനുവദിച്ചേക്കാം. മനോവൈകല്യമുള്ള വ്യക്തി/വാര്‍ദ്ധക്യം ബാധിച്ച രോഗി ഇത് പോലും സമ്മതിക്കില്ല, മറ്റൊരാളെ പകരം സമ്മതിക്കില്ല.അവരുടെ അവസ്ഥ?
  • സാമൂഹിക പ്രശ്‌നങ്ങള്‍
  • സമൂഹത്തിലേക്കുള്ള സകല വാതിലുകളും കൊട്ടിയടക്കപ്പെട്ടവരാണ് ഈ മനുഷ്യര്‍. രോഗിയും മുറിയും മാത്രമായി ലോകം ചുരുക്കപ്പെട്ടവര്‍. കാണാന്‍ ചെല്ലുന്നവര്‍ മാത്രമാണവരുടെ ലോകം. 

അവര്‍ ഏറ്റെടുത്ത കടമ ആരും അവരെ ഏല്‍പ്പിച്ചതല്ല. മറിച്ച്, അവരുടെ മനസ്സിന്റെ വലിപ്പമാണ്

ഇതില്‍ പല തവണ നേരില്‍ കണ്ടിട്ടുള്ള അനുഭവത്തില്‍നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളൊരു സത്യമുണ്ട്. ഇവരില്‍ പലരും തന്നെ രോഗിയെയും ചങ്ങാതിയേയും കാണാന്‍ പോകുന്നത് സ്‌നേഹം കൊണ്ടോ അങ്ങനെയൊരു ഔപചാരിക മര്യാദ കാണിക്കാന്‍ വേണ്ടിയോ അല്ല. മറിച്ച്, സഹതാപമെന്ന ചീഞ്ഞ വൈകൃതം വിതറി രോഗിയേയും കൂടെയുള്ളവരേയും വെറുപ്പിക്കാനാണ്. 

വേറെ ചിലരാകട്ടെ, നോട്ടത്തില്‍ കുറവുണ്ടോ എന്ന് പരിശോധിച്ച് അത് പരസ്യം ചെയ്യാനും കിടക്കയില്‍ കിടന്ന് പൊട്ടിയ മുറിവ് എത്രയെണ്ണമുണ്ടെന്ന് നാട്ടില്‍ വിളംബരം ചെയ്ത് ആളാവാനും വേണ്ടി ചെല്ലുന്നവര്‍. ഇരുകാലില്‍ നടപ്പും ആകാരവും ഇസ്തിരിയിട്ട ഭാവചലനങ്ങളും സ്ഥിരമല്ല. ആരും ചെയ്ത പാപമോ പുണ്യമോ കൊണ്ടല്ല ഇതൊന്നും അനുഭവിക്കേണ്ടി വരുന്നത്. ദു:ഖത്തിനും ദുരിതത്തിനും അര്‍ഹിക്കുന്ന ബഹുമാനവും സ്വകാര്യതയും നല്‍കാത്തതിന് പേര്  അല്‍പ്പത്തരം എന്നാണ്.വേദന ആര്‍ക്കും എപ്പോഴും വന്ന് ഭവിക്കാവുന്നതുമാണ്.ഇതൊന്നും മിക്കവര്‍ക്കും ഓര്‍മ്മയില്ല.

ഇതിനെല്ലാം പുറമേ, അടിസ്ഥാന ജനാധിപത്യ ദൗത്യമായ വോട്ട് രേഖപ്പെടുത്താന്‍ പോകാന്‍ പോലും ഈ കൂട്ടിരിപ്പുകാര്‍ക്ക് സാധിക്കാറില്ല. ഒരു പക്ഷേ, അത് കൊണ്ട് കൂടിയാകാം, പൂര്‍ണ്ണാരോഗ്യവാന്‍മാരായ, മുറിയില്‍ തളക്കപ്പെട്ടു പോയ ഇവര്‍ക്ക് വേണ്ടി സമഗ്രമായൊരു പദ്ധതിയോ പറയത്തക്ക ആനുകൂല്യങ്ങളോ നിലവിലില്ല.

കിടപ്പിലായ രോഗിക്ക് വേണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റികള്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവര്‍ക്ക് കൂട്ട് വരുന്നവരും ഇതിലെല്ലാം ഭാഗികമായി പങ്കാളികളാകുന്നു എന്നത് ഏറെ സന്തോഷകരമാണ്. എന്നാല്‍, മുറിയിലടഞ്ഞ് പോയ മാനസികരോഗികളുടെ /വൃദ്ധരായ രോഗികളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ വാതിലും അടഞ്ഞിരിക്കുന്നു.

സെറിബ്രല്‍ പാല്‍സി, ഓട്ടിസം തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്കും, മനോവൈകല്യമുള്ളവര്‍ക്ക് വേണ്ടിയെല്ലാം വളരെയേറെ പദ്ധതികളും യാത്രാനുകൂല്യങ്ങളുമുണ്ട്. കെഎസ്ആര്‍ടിസി മുതല്‍ ചില വിമാനക്കമ്പനികള്‍ വരെ ഈ ഇളവുകള്‍ നല്‍കുന്നുമുണ്ട്. ചിലയിടങ്ങള്‍ കൂടെയൊരാള്‍ക്കും ഈ ഇളവ് നല്‍കുന്നുണ്ട്. വികലാംഗ പെന്‍ഷനും മുഖ്യമന്ത്രിയുടെ സഹായനിധി വരെയും ഇവര്‍ക്കൊപ്പമുണ്ട്.

അപ്പോഴും കൂടെയുള്ളൊരാള്‍ക്ക് വേണ്ടി ഗൗരവമായി വല്ലതും കുടുംബത്തിലോ സമൂഹത്തിലോ നടക്കുന്നുണ്ടോ?

സംശയമാണ്.

കുടുംബമാണ് ആദ്യമിവര്‍ക്ക് കൂടെ നില്‍ക്കേണ്ടത്. അവരും മനുഷ്യരാണെന്നും, ഇടക്കൊന്ന് ചായണമെന്നും, നേരത്തിന് കഴിക്കണമെന്നും അവരുമോര്‍ക്കണം. വീട്ടുകാരും ബന്ധുക്കളും അവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണ് പൊതുവേ ഉള്ളത്. അടുത്തു ചെന്നാല്‍ ബാധ്യതയാകുമോ എന്ന പേടി. അല്‍പം സാമ്പത്തിക ഭദ്രത ഉള്ള രോഗിയാണെങ്കില്‍ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി സ്‌നേഹം നടിച്ച് ചെല്ലുന്ന കഥയും പുതിയതല്ല. ഇത്തരം നാടകങ്ങളോ സഹതാപ പ്രകടനമോ രോഗിയോ കൂടെയുള്ളവരോ ആഗ്രഹിക്കുന്നില്ല. മുറിവ് തുരന്ന് വ്രണമാക്കാനല്ല, മുറിവിലെ നീറ്റലിന് ആക്കം കൊടുക്കാനാവണം വീട്ടുകാരും ബന്ധുക്കളും ശ്രമിക്കേണ്ടത്. സൗഖ്യം സ്ഥിരമല്ല, ആരുടേയും സ്വകാര്യ സ്വത്തുമല്ല.

രോഗിയേക്കാള്‍ പരിഗണന അര്‍ഹിക്കുന്നുണ്ടവര്‍

ഇവര്‍ക്കൊന്ന് പൊതുസമൂഹത്തില്‍ ഇറങ്ങണമെന്ന് തോന്നിയാല്‍, ഒന്ന് പുറംലോകം കാണാന്‍ ആശ തോന്നിയാല്‍ ആള്‍ക്കാരുടെ നോട്ടം ഭയന്നാണ് അവര്‍ സ്വയം ചുരുങ്ങുന്നത്. അദ്ഭുതജീവിയെ കാണുന്നത് പോലെ അന്യന്റെ നൊമ്പരം കണ്ണ് കൊണ്ട് വലിച്ച് കുടിച്ച് ആസ്വദിക്കാന്‍ കഴിയുന്നത് അവനവന്റെ പൂര്‍ണ്ണതയെന്ന മിഥ്യാഹങ്കാരത്തിന്റെ ബലത്തിലാണ്. നമ്മള്‍ കാണുന്ന ആകാശവും കടലും അവര്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണെന്നറിയുക. അവരെയും അവരെ ജീവനായവരേയും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ അവഹേളിക്കുന്നവര്‍ അത്രയൊന്നും അപൂര്‍വ്വമല്ല. അവരോടുള്ള എതിര്‍പ്പും വെറുപ്പുമെഴുതാന്‍ എനിക്കറിയാവുന്ന വാക്കുകളുടെ മൂര്‍ച്ച മതിയാകില്ല.

കുടുംബവും സമൂഹവും ലോകവും അവരെയും അവര്‍ക്കായി ജീവിക്കുന്നവരേയും കാണണം, അറിയണം. കിടപ്പിലായവര്‍ക്ക് കൂട്ടായവര്‍ ജീവിതം തന്നെ നന്മയുടെ മഷി കൊണ്ട് മാറ്റിയെഴുതിയവരാണ്, യഥാര്‍ത്ഥ ത്യാഗികള്‍. ആസ്വദിക്കാനുള്ളതെല്ലാം നിരത്തി വെച്ച മനസ്സും ശരീരവും കുഴിച്ച് മൂടി സ്‌നേഹിച്ചവര്‍ക്കായി നല്‍കിയവര്‍ ബഹുമാനിക്കണം, സ്‌നേഹിക്കണം, അവരെ കണ്ടറിയണം.

രോഗിയേക്കാള്‍ പരിഗണന അര്‍ഹിക്കുന്നുണ്ടവര്‍.അവര്‍ ഏറ്റെടുത്ത കടമ ആരും അവരെ ഏല്‍പ്പിച്ചതല്ല. മറിച്ച്, അവരുടെ മനസ്സിന്റെ വലിപ്പമാണ്. അതില്‍ കുറവുകള്‍ തേടാതിരിക്കുക. അവര്‍ക്ക് കൂട്ടായിരിക്കുക, ശക്തി പകരുക. ചിലപ്പോഴെങ്കിലും അവരില്‍ നിന്നും ചോര്‍ന്ന് പോകുന്ന ഊര്‍ജം നിറക്കാനും, അവര്‍ക്ക് നഷ്ടപ്പെട്ട് പോയേക്കാവുന്ന മനോനില തിരിച്ച് പിടിക്കാനുമൊക്കെ നമ്മുടെയൊരു നല്ല വാക്ക് മതിയാകും. ചിലപ്പോഴൊരു പുഞ്ചിരി പോലും ആ ശക്തിയായിത്തീരും.

നമുക്ക് നഷ്ടമൊന്നുമില്ലല്ലോ. നമുക്ക് നഷ്ടമൊന്നും സംഭവിക്കാത്തത് കൊണ്ടുമാണല്ലോ നമ്മളിങ്ങനെ.

 

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

മറയിട്ട വാക്‌സിന്‍ ക്ലാസ്; ഡോക്ടര്‍ ചെയ്തതാണ് ശരി!

പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം

മരുന്ന് കുറിപ്പടി മലയാളത്തില്‍  വേണോ?

മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം

ആര്‍ത്തവം അപമാനമല്ല; ആര്‍ത്തവകാരിയും!

ഞാന്‍ പെണ്ണ്

മനസ്സറിഞ്ഞ് വേണം ചികില്‍സ!

ജലം: നമ്മുടെ അഹങ്കാരം ഇനിയെത്ര നാള്‍?

Follow Us:
Download App:
  • android
  • ios