Asianet News MalayalamAsianet News Malayalam

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!

Dr Shimna Azeez column on doctor patient relationships
Author
Thiruvananthapuram, First Published Jan 9, 2017, 6:03 AM IST

Dr Shimna Azeez column on doctor patient relationships

ഫൈനല്‍ ഇയര്‍ പരീക്ഷകളോട് മല്‍പ്പിടിത്തം നടത്തുന്ന സമയം. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്റ്റ്രടിക്‌സ്, പീഡിയാട്രിക്‌സ് എന്നിങ്ങനെ നാല് വിഷയങ്ങള്‍ എഴുതിയെടുക്കണം. കൂടാതെ ഇവയുടെ ക്‌ളിനിക്കല്‍ പരീക്ഷകളുമുണ്ട്. ഒരു രോഗിയെ കേസായിട്ടു തരും. രോഗം കണ്ടുപിടിച്ച്, ഉത്തരക്കടലാസില്‍ എഴുതി, ചികിത്സ പ്ലാന്‍ ചെയ്ത് വൈവക്ക് പറഞ്ഞു കൊടുക്കണം. അനാട്ടമിയില്‍ തുടങ്ങി ഫാര്‍മക്കോളജി വഴി മെഡിസിനിലൂടെ കാട് കയറി, എന്ന് വേണ്ട എക്‌സാമിനര്‍ക്ക് തോന്നുന്ന എന്ത് ചോദ്യവും ചോദിക്കാം. പാസ് ആകുന്നതൊക്കെ 'താന്‍ പാതി ദൈവം പാതി' മട്ടിലാണ്. പൊട്ടിക്കണം എന്ന് തോന്നിയാല്‍ സുഖസുന്ദരമായി എക്‌സാമിനര്‍ക്ക് പൊട്ടിക്കാം. കാരണം ചോദ്യങ്ങള്‍ക്ക് അതിരുകളില്ല. വിനയവും ഭവ്യതയും മുഖത്ത് വാരിപ്പൊത്തി നെഞ്ചില്‍ നിന്ന് ഇപ്പോള്‍ പുറത്തേക്കു ചാടും എന്ന മട്ടില്‍ മിടിക്കുന്ന ഹൃദയത്തെ മറച്ചു പിടിച്ചിരിക്കുകയാണ്.

ഗൈനക്കോളജി ക്ലിനിക്കല്‍ പരീക്ഷയുടെ ദിവസം. ഉറക്കമിളച്ചു പഠിച്ചത് വല്ലതും ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ ഉറപ്പില്ല. കഴിഞ്ഞ മൂന്നു ദിവസം അടുപ്പിച്ചു പരീക്ഷയായിരുന്നു.ഉറക്കക്ഷീണമോ ടെന്‍ഷനോ മുന്നില്‍ എന്നും പിടിയില്ല.ഗര്‍ഭപാത്രം താഴേക്ക് ഇറങ്ങിയതാണ് എനിക്ക് കിട്ടിയ കേസ്. എന്ത് കിട്ടരുതെന്നു ആഗ്രഹിച്ചോ, കൃത്യമായി അത് തന്നെ കിട്ടി. ഒരുപാട് ചോദ്യങ്ങള്‍ക്ക് സാധ്യതയുള്ള കേസ്.പേടിയാകുന്നു.

എന്റെ രോഗി, 70 വയസ്സുകാരിയായ ഒരമ്മ. പേരും സ്ഥലവും എഴുതി, രോഗിക്കുള്ള ബുദ്ധിമുട്ട് എഴുതി (presenting complaint). എത്ര തവണ ഗര്‍ഭിണിയായി എത്ര കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട്, എത്ര തവണ ഗര്‍ഭം അലസി എന്നൊക്കെയാണ് ഇനി എഴുതേണ്ടത്. 

ആ ചോദ്യം ചോദിച്ചു. ഇതായിരുന്നു ഉത്തരം: 'മൂന്നു പ്രാവശ്യം പെറ്റു മോളെ, ആദ്യത്തെ കുട്ടി ചാപിള്ള ആയിരുന്നു. രണ്ടാമത്തേത് ആണ്‍കുട്ടി, ഓന് രണ്ടു വയസ്സുള്ളപ്പോള്‍ വിഷം തീണ്ടി, മൂന്നാമത്തെ മോന്‍ മാത്രേ ഇനിക്കുള്ളൂ. ഓന്റെ കൂടെയാ ഞാന്‍.മര്വോള് വന്നേല്‍ പിന്നെ ഓനും ഇന്നോട് വല്യ സുഖത്തിലല്ല'.

ഞെട്ടിക്കുന്നതായിരുന്നു മറുപടി. 'ഞാന്‍ ഇപ്പോഴും കരിങ്കല്ല് ചുമക്കാന്‍ പോകാറുണ്ട്!'.

ആ പറച്ചില്‍ ചെന്നുനിന്നത് കരച്ചിലിലേക്കായിരുന്നു. 40 മിനിട്ടിനുള്ളില്‍ കേസ് മുഴുവന്‍ ആക്കിയില്ലെങ്കില്‍ എന്റെ ഇത്രയും ദിവസത്തെ അധ്വാനം...!

വിഷയം മാറ്റാനും എന്റെ വിഷയത്തിലേക്ക് അടുക്കാനും വേണ്ടി തന്നെ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചു. അതിനുത്തരം പറയവെ, ഉള്ളുപൊള്ളിക്കുന്ന വൈധവ്യവും അവരെ കരയിച്ചു.

എഴുപതുകാരിയോടു ജോലിയെക്കുറിച്ച് എന്ത് ചോദിക്കാനാണ് എന്നോര്‍ത്തെങ്കിലും, ഭാരം ഉയര്‍ത്തുന്നത് ഗര്‍ഭപാത്രം താഴാനുള്ള ഒരു കാരണമാണ് എന്നത് കൊണ്ട് പണ്ട് ഭാരമുള്ള ജോലികള്‍ ചെയ്തിരുന്നോ എന്ന് ചോദിച്ചു. ഞെട്ടിക്കുന്നതായിരുന്നു മറുപടി. 'ഞാന്‍ ഇപ്പോഴും കരിങ്കല്ല് ചുമക്കാന്‍ പോകാറുണ്ട്!'.

നിന്ന നില്‍പ്പില്‍ ഭൂമിയിലേക്ക് താഴുന്ന പോലെ തോന്നി. എഴുപതു വയസ്സുള്ള ആ അമ്മയുടെ മനസ്സിലും ശരീരത്തിലുമുള്ള ഭാരത്തിന്റെ ഒരു ശതമാനം വിലയുണ്ടോ എന്റെ പരീക്ഷപ്പേടിക്ക് എന്ന് മനസ്സ് പറഞ്ഞു.

അവരെ പരിശോധിച്ചു. അടിവയറ്റില്‍ കെട്ടുപാടുകള്‍ക്കിടയില്‍ അടങ്ങിയിരിക്കേണ്ട ഗര്‍ഭപാത്രം കാലുകള്‍ക്കിടയില്‍ വന്നു പതുങ്ങിയിരിക്കുന്നു.എത്ര വേദന അവര്‍ സഹിക്കുന്നുണ്ടാകണം! ഇത്രയായിട്ടും സര്‍ജറിക്ക് വരാതിരുന്നത് എന്തോ എന്ന് ചോദിച്ചപ്പോള്‍ കൂടെ നില്ക്കാന്‍ ആളില്ലാഞ്ഞിട്ടാണ് എന്നായിരുന്നു നിസ്സംഗത മുറ്റിയ മറുപടി. ഇപ്പോള്‍ ഏതോ അകന്ന ബന്ധു വന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

തീര്‍ന്നില്ല. എല്ലാം പറഞ്ഞു കഴിഞ്ഞശേഷം, നിറകണ്ണുകളോടെ അവരെന്നെ നോക്കി. 'മോള്‍ നന്നായിട്ട് ഉത്തരം പറയണം, വലിയ ഡോക്ടര്‍ ഒക്കെ ആകുമ്പോള്‍ അമ്മയെ എപ്പോഴേലും കണ്ടാല്‍ ഒന്ന് ചിരിക്കണം'. 

എനിക്കുള്ള അനുഗ്രഹമായിരുന്നു അത്. 

എങ്ങനെയോ കേസ്ഷീറ്റ് എഴുതി മുഴുവനാക്കി. കരയില്‍ പിടിച്ചിട്ട മീനിന്റെ പിടച്ചില്‍. മനസ്സ് പിടിച്ചിടത്ത് കിട്ടുന്നില്ല. ഇവിടെ പതറിയാല്‍ എന്തായിരിക്കും എന്റെ അവസ്ഥയെന്നോര്‍ത്തു. ഒരു വര്‍ഷത്തെ അധ്വാനം, പരീക്ഷ വീണ്ടും എഴുതി പാസ് ആകാന്‍ എടുക്കുന്ന ആറു മാസങ്ങള്‍, തോല്‍വിയുടെ കയ്പ്പ്...

പക്ഷെ, അതൊന്നും മനസ്സിനെ തൊടുന്നില്ല. ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാനുള്ള ശേഷി പോലും മനസ്സിനെ വിട്ടൊഴിഞ്ഞ് എങ്ങോ പോയിരുന്നു. 

അവരെ പരിശോധിച്ചു. അടിവയറ്റില്‍ കെട്ടുപാടുകള്‍ക്കിടയില്‍ അടങ്ങിയിരിക്കേണ്ട ഗര്‍ഭപാത്രം കാലുകള്‍ക്കിടയില്‍ വന്നു പതുങ്ങിയിരിക്കുന്നു.

ഗൈനക്കോളജി കേസ് പ്രസന്റ് ചെയ്യാനുള്ള മൂന്നാമത്തെ നമ്പര്‍ ആയിരുന്നു എന്റേത്. വൈവക്ക് ചെന്ന പാടെ പതിവ് പോലെ എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍ കേസ്ഷീറ്റ് വാങ്ങി വെച്ചു. സാധാരണ എല്ലാവരും കേസ് പ്രസന്റ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ (അതിനൊരു രീതിയുണ്ട്, ക്രമമുണ്ട്. ക്രമം തെറ്റിയാല്‍ പോലും തോല്‍പ്പിക്കും) 

ഡോക്ടര്‍ എന്നോട് ചോദിച്ചു, 'നീയെന്തു കണ്ടു?'

കണ്ടത് ഞാന്‍ പറഞ്ഞു. 

'നീയത് ഗര്‍ഭപാത്രം ആണെന്ന് എങ്ങനെ ഉറപ്പു വരുത്തി?'. മറുചോദ്യം. 

ഉത്തരം പറഞ്ഞു. 

അടുത്ത ചോദ്യം. 

'എന്തായിരുന്നു presenting part?'

അവിടെ തുടങ്ങിയ വൈവ അരക്കെട്ടിനകത്തുള്ള സകല അവയവങ്ങളിലും ചെന്ന് നിന്നു. ഇരുപതു മിനിറ്റ് കഴിയുമ്പോള്‍, ഞാന്‍ ഉത്തരം പറയാതിരുന്ന ചോദ്യങ്ങള്‍ ഒന്നോ രണ്ടോ മാത്രമായിരുന്നു. ഇത്രയേറെ ചോദ്യങ്ങള്‍ പതറാതെ ഉത്തരം പറയാന്‍ സാധിച്ചു?  സ്വയം വിശ്വസിക്കാനാകാതെ, അടുത്ത വൈവക്കുള്ള മനസ്സോടെ നന്ദി പറഞ്ഞ് സീറ്റില്‍ നിന്ന് എണീക്കുമ്പോള്‍ വാര്‍ഡിന്റെ അങ്ങേയറ്റത്തെ ബെഡില്‍ ഇരിക്കുന്നുണ്ടായിരുന്നു ആ അമ്മ, ആ മുഖത്ത്  പുഞ്ചിരി.

എനിക്കൊരു സംശയവും തോന്നിയില്ല, ആ ഇരിക്കുന്ന അമ്മയുടെ മനസ്സിലെ ആര്‍ദ്രത തന്നെയാണ്, എന്റെ മേല്‍ എക്‌സാമിനറുടെ കനിവായി ചൊരിഞ്ഞത്.

അപ്രതീക്ഷിതമായാവും റൗണ്ട്‌സിനിടക്കോ ഒപിയിലോ ആശുപത്രി ഇടനാഴികളിലോ കഥകളുടെ ചുരുളഴിയുക. കഥയെന്ന് പറയാമോ എന്നറിയില്ല, കഥകളെ ലജ്ജിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍

ചില നേരത്ത് തോന്നും ദു:ഖവും ദുരിതവും പറയാനല്ലാതെ ആരും ഞങ്ങളെ തേടി വരില്ലല്ലോ എന്ന്. ഡോക്ടര്‍ ആകുകയെന്നത് ഭാഗ്യവും പുണ്യവും ദൈവാനുഗ്രഹവും നന്‍മയെ സൂചിപ്പിക്കുന്ന വാക്കുകളുടെ പാരമ്യതയും അടക്കം അനേകം ക്ലീഷേ വാക്കുകളായി ചുറ്റുമുള്ളവര്‍ ഉരുവിടുമ്പോഴും അതിനെല്ലാം മീതെ, നെഗറ്റീവിനെ വാക്കു കൊണ്ടും വൈദ്യം കൊണ്ടും പോസിറ്റീവ് ആക്കുന്ന നന്മയാണ് എന്റെ ജോലിയെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്.

അപ്രതീക്ഷിതമായാവും റൗണ്ട്‌സിനിടക്കോ ഒപിയിലോ ആശുപത്രി ഇടനാഴികളിലോ കഥകളുടെ ചുരുളഴിയുക. കഥയെന്ന് പറയാമോ എന്നറിയില്ല, കഥകളെ ലജ്ജിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍. മുഖത്ത് ഒട്ടിച്ചിരിക്കുന്ന പുഞ്ചിരിയെ നോക്കി അവ കൊഞ്ഞനം കുത്തും. കേള്‍ക്കാന്‍ മടി കാണിക്കാത്തത് കൊണ്ടാകാം, എനിക്ക് മുന്നിലെത്തുന്നവര്‍ എപ്പോഴും അവരവരെ ചുറ്റിപ്പിണഞ്ഞിരിക്കുന്ന ജീവിതകഥകളുടെ ചുരുളുകള്‍ പെട്ടെന്നഴിക്കാറുണ്ട്. അപരിചിതരുടെ രഹസ്യങ്ങള്‍ നമ്മിലേക്ക് പകരുമ്പോള്‍ നിമിഷാര്‍ദ്ധം കൊണ്ട് ആത്മബന്ധങ്ങള്‍ പിറക്കുകയാണ്. അത് തന്നെയാണ് ഡോക്ടര്‍-രോഗി ബന്ധത്തിന്റെ അന്തസത്തയെന്നു തോന്നുന്നു. 

മുഖത്തെ പേശികളെക്കുറിച്ച് പഠിക്കാന്‍ അവരുടെ മുഖം ഞങ്ങള്‍ ചീന്തിയെടുത്തു, തലച്ചോറിനെ കൈയ്യില്‍ എടുക്കാന്‍ തലയോട്ടി പകുത്തു മാറ്റുമ്പോള്‍ എല്ല് വേറിടുന്ന ശബ്ദം ഹാളില്‍ മാറ്റൊലി കൊണ്ടു.

ആര്‍ട്‌സ് ഡിഗ്രി പഠിച്ച ശേഷം വഴി മാറി മെഡിക്കല്‍ സയന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ അഞ്ചര വര്‍ഷം എനിക്ക് വേണ്ടി എന്തെല്ലാം കാത്തു വെച്ചിരിക്കും എന്ന് യാതൊരു ധാരണയും ഇല്ലായിരുന്നു. 'ശവം കീറി പഠിക്കണം' എന്നല്‍പ്പം അറപ്പോടെയും ഭീതിയോടെയും പലരും പറയുന്നത് കേട്ട് വളരെയേറെ ആശങ്കയോടെയാണ് ആദ്യവര്‍ഷം അനാട്ടമി ഡിസക്ഷന്‍ ലാബിലേക്ക് കയറിയത്. മരണവും മരണവീട്ടിലെ മൗനവും ഒന്നുമില്ലാത്തൊരിടം.  അവിടെ ജീവനറ്റ ശരീരങ്ങളേറെയുണ്ടായിരുന്നു കഡാവര്‍ എന്ന വിളിപ്പേരുമായി ഫോര്‍മാലിന്‍ കുടിച്ച് ചീര്‍ത്ത് വീര്‍ത്ത ഇരുണ്ട രൂപങ്ങള്‍. കോഴ്‌സിന് ചേര്‍ന്ന് ഒരു മാസത്തിന് ശേഷമായിരുന്നു ആദ്യമായി ഞങ്ങള്‍ ലാബിലെത്തിയത്. അനാട്ടമി അസിസ്റ്റന്റ് പ്രഫസര്‍ 'നിങ്ങളുടെ ബന്ധുക്കള്‍ ആരെങ്കിലും ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്തിട്ടുണ്ടോ?' എന്ന ചോദ്യമെറിഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ ഏറെ വൈകിയില്ല. അത്യധികം ആദരവോടെയേ അന്നും ഇന്നും കഡാവറിനെ കണ്ടിട്ടുള്ളൂ. അങ്ങനെയേ പാടുള്ളൂ താനും.

തൊലിയും കൊഴുപ്പും പേശിയും നാഡിയും ഞരമ്പും അവയവങ്ങളും ഞങ്ങളുടെ സര്‍ജിക്കല്‍ ബ്ലേഡിന് വഴങ്ങിത്തന്നു. കീറി മുറിക്കപ്പെട്ട ശരീരങ്ങള്‍ നഗ്‌നതയെന്ന ജാള്യത ഇല്ലാതാക്കി. മരണമെന്ന മരവിച്ച പേടി കാറ്റില്‍ പറത്തി. നീര് വറ്റി പാല്‍ത്തരികള്‍ മാത്രമവശേഷിച്ച അമ്മയുടെ മാറിടം പോലും കത്തിക്ക് മുന്നില്‍ അനുസരണയോടെ കിടന്നു. ആ സമയത്ത്, മുലയൂട്ടുന്ന അമ്മയായിരുന്ന എന്റെ സര്‍ജിക്കല്‍ ബ്ലേഡിന് മുന്നില്‍ പാല് തികയാതെ പിടക്കുന്ന നനവുള്ള കുഞ്ഞിക്കണ്ണുകള്‍ തെളിഞ്ഞു.വികാരങ്ങള്‍ കുഴിച്ചു മൂടണമെന്ന് ആരും പറയാതെ പഠിച്ചു തുടങ്ങി.

പിന്നെയൊരു ദിവസം മുഖത്തെ പേശികളെക്കുറിച്ച് പഠിക്കാന്‍ അവരുടെ മുഖം ഞങ്ങള്‍ ചീന്തിയെടുത്തു, തലച്ചോറിനെ കൈയ്യില്‍ എടുക്കാന്‍ തലയോട്ടി പകുത്തു മാറ്റുമ്പോള്‍ എല്ല് വേറിടുന്ന ശബ്ദം ഹാളില്‍ മാറ്റൊലി കൊണ്ടു. മുഖം നഷ്ടപ്പെട്ടവര്‍ അവയവങ്ങള്‍ മാത്രമായി ഫോര്‍മാലിന്‍ നിറച്ച കുപ്പികളിലേക്ക് കയറി.ഫോര്‍മാലിന്‍ മണക്കുന്ന ഡിസക്ഷന്‍ ഹാളില്‍ നിന്ന് ഞങ്ങള്‍ രണ്ടാം വര്‍ഷത്തിലേക്കും.

Follow Us:
Download App:
  • android
  • ios