Asianet News MalayalamAsianet News Malayalam

കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം!

Dr Shimna Azeez on Hospital bystander
Author
Thiruvananthapuram, First Published Jan 24, 2017, 7:16 AM IST

Dr Shimna Azeez on Hospital bystander

സാധാരണ ഗതിയില്‍, രോഗിയെ രോഗിയായി കാണാന്‍ എളുപ്പമാണ്. പക്ഷെ, പ്രിയപ്പെട്ടവര്‍ രോഗിയാകുന്നത് വല്ലാത്തൊരു പ്രതിസന്ധിയാണ്, അസുഖമായാലും മരണമായാലും വൈകാരികസമീപനം വന്നു പോകുമെന്നതാണ് സത്യം. അത് കൊണ്ട് തന്നെയാണ് ബന്ധുക്കളെ ചികിത്‌സിക്കാന്‍ മിക്ക ഡോക്ടര്‍മാരും മടിക്കുന്നത്.

പുസ്തകവും പരീക്ഷകളുമായി നടന്ന ആശുപത്രിയിലെ, ജോലി അനുവദിച്ച് തരുന്ന ആനുകൂല്യമാണ് ഏത് വിഭാഗത്തിലും പ്രവേശിക്കാനുള്ള അനുവാദം. മറ്റൊരു ആശുപത്രിയില്‍ ഭര്‍ത്താവിനെ ശസ്ത്രക്രിയ ചെയ്യാന്‍ തീയറ്ററില്‍ കയറ്റിയിട്ടു നേരമേറെ കഴിഞ്ഞു പുറത്ത് വരാതായപ്പോള്‍ അകത്തു കയറിപ്പോയി നോക്കിയാലോ എന്നൊക്കെ ബാലിശമായി ചിന്തിച്ചിട്ടുണ്ട്. ഒടുക്കം അദ്ദേഹത്തെ കാണാന്‍ അനുവാദം കിട്ടിയപ്പോള്‍ തളര്‍ച്ച വിടാത്ത മയക്കവും ശസ്ത്രക്രിയയുടെ വേദന തുടര്‍ച്ചയായി നിറക്കുന്ന കണ്ണുകളും എനിക്ക് പകര്‍ന്ന വേവലാതി ഒരു മെഡിക്കല്‍ ടെക്‌സ്റ്റിനും മായ്ക്കാനാവാത്തത് തന്നെയായിരുന്നു.

ഡോക്ടര്‍ ബൈസ്റ്റാന്‍ഡര്‍  ആകുന്നതിലും വലിയൊരു പരീക്ഷണം ഇല്ല തന്നെ. ഒന്നും അറിയാത്തവര്‍ക്ക് ആശങ്കപ്പെട്ടാല്‍ മതിയല്ലോ. അല്‍പ്പമെങ്കിലും അറിയുന്നവര്‍ക്ക് അനിവാര്യതയെ നേരത്തെ (ചിലപ്പോള്‍ അനാവശ്യമായും) പ്രതീക്ഷിക്കേണ്ടി വരും. മനുഷ്യസഹജമായ ദുരന്തത്തെ പ്രതീക്ഷിക്കുന്ന ചിന്താഗതി സമ്മര്‍ദം ഏറ്റുകയല്ലാതെ കുറക്കുകയുമില്ല. ആള്‍ക്കാര്‍ മരുന്നിനെ കുറിച്ച് ഗൂഗിള്‍ ചെയ്യുമ്പോള്‍ ഇഫക്റ്റിനു പകരം സൈഡ് ഇഫക്റ്റ് മാത്രം നോക്കുന്നത് പോലെ, ചിലപ്പോള്‍ മനസ്സില്‍ ചികിത്സയുടെ ഫലത്തിന് പകരം ഉണ്ടാകാന്‍ സാധ്യതയുള്ള സങ്കീര്‍ണതകള്‍ മാത്രം തെളിയാന്‍ തുടങ്ങും.  ചിലപ്പോള്‍ അമിതമായ ശുഭപ്രതീക്ഷ യഥാര്‍ത്ഥ സ്ഥിതിഗതികളെ മനസ്സില്‍ നിന്ന് മറച്ചു പിടിച്ചും വിഷമത സൃഷ്ടിക്കും. ഈ രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ മധ്യരേഖയില്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ ആ ഡോക്ടര്‍ വിജയിച്ചു, വികാരങ്ങള്‍ ഇടയില്‍ ഒളിച്ചു കളിക്കാന്‍ വന്നില്ലെങ്കില്‍ മാത്രം.

ഒരിക്കലേ ആംബുലന്‍സില്‍ കയറിയിട്ടുള്ളൂ. അത് ഡോക്ടര്‍ ആയിട്ടല്ല താനും. ജീവന് വേണ്ടി പഴുതാരയെപ്പോലെ പിടഞ്ഞ് പായുന്ന ആ വാഹനത്തില്‍ അന്ന് അര്‍ദ്ധബോധാവസ്ഥയില്‍ ഏകസഹോദരനായിരുന്നു

ആശുപത്രിവാസം 
മെഡിസിന് ചേരുന്നതിന് മുമ്പ് തുടങ്ങിയതാണ് ആശുപത്രികളുമായുള്ള എന്റെ ചേര്‍ന്നൊഴുക്ക്. കുടുംബാംഗങ്ങള്‍ക്കെല്ലാം തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് ആശുപത്രിവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാനും മകളും മാത്രമാണ് അതിനൊരു അപവാദമായി വീട്ടിലുള്ളത്.

രണ്ട് പ്രസവങ്ങള്‍ക്കല്ലാതെ ആശുപത്രിക്കിടക്കയില്‍ കിടന്നിട്ടില്ലായിരുന്നു. ഇന്ന് നൈറ്റ് ഡ്യൂട്ടികള്‍ തളര്‍ന്ന് വീഴുന്നത്, തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഒരേ നിറവും അക്ഷരങ്ങളുമുള്ള വിരികളിലാണ്. ശുശ്രൂഷകയായി കയറിയിറങ്ങിയ അസംഖ്യം ആശുപത്രികളില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് സ്വന്തവും ബന്ധവും നോക്കിയായിരുന്നെങ്കില്‍, ഇന്ന് ഡ്യൂട്ടി റൂമില്‍ കണ്ണടക്കുന്നത് ആര്‍ക്കും ഒന്നും വരുത്തല്ലേ എന്ന ചിന്തയോടെയാണെന്ന് മാത്രം. ഒരിക്കലേ ആംബുലന്‍സില്‍ കയറിയിട്ടുള്ളൂ. അത് ഡോക്ടര്‍ ആയിട്ടല്ല താനും. ജീവന് വേണ്ടി പഴുതാരയെപ്പോലെ പിടഞ്ഞ് പായുന്ന ആ വാഹനത്തില്‍ അന്ന് അര്‍ദ്ധബോധാവസ്ഥയില്‍ ഏകസഹോദരനായിരുന്നു. ആ ഓര്‍മ്മകള്‍ ഉണരുന്നത് കൊണ്ടാകാം ആംബുലന്‍സിന്റെ അലാം ദൂരെ നിന്ന് കേള്‍ക്കുന്നത് പോലും അറിയാതെ മനസ്സിലേക്ക് അസ്വസ്ഥത കോരിയിടുന്നത്.

ഉമ്മയുടെ ഉമ്മക്ക് 'മള്‍ട്ടിപ്പിള്‍ മൈലോമ' എന്ന എല്ലിലെ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. ഏറ്റവും വേദനാജനകമായ കാന്‍സറുകളില്‍ ഒന്ന്

ഉരുകിത്തീരുന്ന ഉറ്റവര്‍
ഒരു നിമിഷം അടങ്ങിയിരിക്കാത്ത വ്യക്തിയാണ് എന്റെ പിതാവ്.  അന്നുമിന്നും ഒരേ ടൈംടേബിളില്‍ ജീവിക്കുന്ന ആള്‍, അധികം വാക്കുകളില്ലാത്ത, അച്ചടക്കം ഇഷ്ടപ്പെടുന്ന എന്നാല്‍ കുടുംബത്തെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ആ മനുഷ്യന്റെ ഏറ്റവും വൈകാരികഭാവം ഞാന്‍ കണ്ടിട്ടുള്ളത് ആശുപത്രി വരാന്തകളിലാണ്. അഡ്മിറ്റായ രോഗി ഭാര്യയായാലും മകനായാലും അമ്മയായാലും അമ്മായിയമ്മയായാലും ഉരുകിത്തീരുന്ന ഉപ്പയോട് എന്ത് പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മനസ്സിലാകില്ല. ഉപ്പാക്ക് രണ്ട് ഉമ്മമാരേയും നഷ്ടപ്പെട്ടിട്ട് അധികകാലവും ആയിട്ടില്ല. ഇടക്ക് ആ നഷ്ടങ്ങളുടെ വേദന വല്ലാത്തൊരു മൗനമായി ഉപ്പയെ മൂടാറുണ്ട്. അതിന്റെയെല്ലാം ഒരു കഷ്ണം ഞാനും അനുഭവിച്ചിട്ടുള്ളത് കൊണ്ട്, അത് കാണാത്തത് പോലെയിരിക്കും.അല്ലാതെന്ത് ചെയ്യാനാണ്.

ഉമ്മയുടെ ഉമ്മക്ക് 'മള്‍ട്ടിപ്പിള്‍ മൈലോമ' എന്ന എല്ലിലെ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. ഏറ്റവും വേദനാജനകമായ കാന്‍സറുകളില്‍ ഒന്ന്. ഞാന്‍ മെഡിസിന് ചേരുന്നതിന് മുന്‍പുള്ള കാലം, അന്ന് തൊടുന്നതിന് മുഴുവന്‍ ഗൂഗിള്‍ ചെയ്യുന്ന കലാപരിപാടി സാര്‍വ്വത്രികമായിട്ടില്ല. അത് കൊണ്ട് തന്നെ, ഡോക്ടറെ വിശ്വാസമില്ലാത്തത് പോലെ ചോദ്യം ചെയ്യുന്ന, ഒട്ടും സുഖകരമല്ലാത്ത കാര്യം ഞാന്‍ ചെയ്തിട്ടുമില്ല. പക്ഷേ, എനിക്കറിയാമായിരുന്നു സാരമായ എന്തോ സംഗതിയാണ് ഇതെന്ന്. തുടര്‍ച്ചയായി വന്നിരുന്ന അഡ്മിറ്റുകള്‍ ആ തിരിച്ചറിവിനെ ആണിയടിച്ച് ഉറപ്പിച്ചു.

ഉപ്പയുടെ ഉമ്മയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലെ കരോട്ടിഡ്  ആര്‍ട്ടറി തൊട്ടപ്പോള്‍ വിരലിന്‍ തുമ്പത്ത് തകര്‍ത്തു മിടിച്ച എന്റെ തന്നെ പള്‍സ് എന്നെ പല തവണ പറഞ്ഞു പറ്റിച്ചു, പ്രതീക്ഷ തന്നു.

ആദ്യമായി ഉറപ്പിച്ച മരണം
എല്ലുകള്‍ ശക്തിയില്‍ പിടിച്ചാല്‍ പോലും പൊട്ടിയടരുന്ന നോവ് ദൈവത്തെ വിളിച്ച് കടിച്ചമര്‍ത്തി വേദന തിന്നുന്ന രൂപം ഇന്നും അദ്ഭുതമാണെനിക്ക്. പല തവണ ആഴ്ചകളുടേയും മാസങ്ങളുടേയും അവധികള്‍ ഡോക്ടര്‍ പ്രഖ്യാപിച്ചപ്പോഴും ഉമ്മമ്മ അതെല്ലാം നീന്തിക്കയറി. ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റായിരുന്നു എന്റെ ഉമ്മമ്മ. കോഴിക്കോട്ടെ അമ്മായിഅമ്മമാര്‍ ബഹുമാനാധിക്യം കൊണ്ട് 'പുയ്യാപ്ല' എന്ന് തികച്ച് ആണ്‍ മരുമക്കളെ വിളിക്കാത്ത കാലത്ത് മൂത്ത മരുമകനായ എന്റെ ഉപ്പയെ 'അസി' എന്ന് വിളിക്കുന്നതിന് എതിരെ അയല്‍പക്കക്കാര്‍ പറഞ്ഞിരുന്നത്രേ. ആള്‍ക്കാരെ ഭയക്കാതെ ദൈവത്തെ സ്‌നേഹിച്ചും വിശ്വസിച്ചും ഒരു ഇതിഹാസമായിട്ടാണ് അവര്‍ ജീവിച്ച് മരിച്ചത്. അപാര തന്റേടി, എത്ര വേദനയും മനസ്സും ശരീരവും പതറാതെ ദൈവത്തില്‍ അര്‍പ്പിച്ചിരുന്നത് ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയായിരുന്നു.

കോഴിക്കോട്ടെ ആ ആശുപത്രിയില്‍ എത്ര തവണ ഉമ്മമ്മ കിടന്നിരിക്കുന്നു. നിറയെ ഇടനാഴികളുള്ള ആ ആശുപത്രിയില്‍ പ്രിയപ്പെട്ടവന്റെ പിതാവിനെ മരണത്തിനു വിട്ടു കൊടുക്കാനാണ് ഞാന്‍ ഒടുക്കം ചെന്നത്. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാനുറപ്പിച്ച മരണം അദ്ദേഹത്തിന്റെതായിരുന്നു. ഡോക്ടര്‍ ആകും മുന്നേ മരണം മറ്റാരെങ്കിലും പറഞ്ഞാണ് നാം അറിയുന്നത്. ഇപ്പോള്‍ ഒരു മുറിയിലെ മുഖങ്ങള്‍ മുഴുവന്‍ നമ്മുടെ കണ്ണിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ മരണം ഉറപ്പിക്കുന്നത് വല്ലാത്തൊരു നിസ്സഹായാവസ്ഥയാണ്. ഉപ്പയുടെ ഉമ്മയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലെ കരോട്ടിഡ്  ആര്‍ട്ടറി തൊട്ടപ്പോള്‍ വിരലിന്‍ തുമ്പത്ത് തകര്‍ത്തു മിടിച്ച എന്റെ തന്നെ പള്‍സ് എന്നെ പല തവണ പറഞ്ഞു പറ്റിച്ചു, പ്രതീക്ഷ തന്നു. ഒടുക്കം ഞാന്‍ ഉറപ്പിച്ചു പറഞ്ഞു 'വല്യുമ്മ ഇനിയില്ല!'.

രോഗം മാറിയ രോഗി തന്നെയാണ് ഡോക്ടറുടെ പരസ്യപ്പലക. ഒരു ഡോക്ടറും രോഗിയെ ഉപദ്രവിക്കില്ല, രോഗം മാറരുതെന്ന് കരുതുകയുമില്ല.

ജീവിതവും മരണവും തൂങ്ങുന്ന തുലാസ്
വളര്‍ത്തി വലുതാക്കിയ, ഹൃദയത്തോട് ചേര്‍ന്ന കുറേയേറെ പേര്‍ യാത്രയായിരിക്കുന്നു. ബാല്യവും കൗമാരവുമൊന്നും കടന്നു പോയിട്ട് കാലം അധികമായിട്ടില്ല. സൗഹൃദങ്ങള്‍ക്ക് പഞ്ഞവുമില്ല. എന്നിട്ട് പോലും ഇന്നും പലതും പറയാന്‍ ഒരാളെ കിട്ടാതെ ഉഴറുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഉമ്മമ്മയെ ആണ്. എന്റെ മാതാപിതാക്കളോട് പോലും ഞാന്‍ അത്രയേറെ തുറന്നു സംസാരിച്ചിട്ടില്ല. നഷ്ടങ്ങള്‍ തുടരുക തന്നെയാണ്. ജീവിതവും മരണവും തുലാസില്‍ തൂങ്ങുന്ന  വലിയൊരു കെട്ടിടത്തില്‍ ഇരുന്നു കൊണ്ട് ഈ ചിന്തിക്കുന്നത് പോലും വിചിത്രമായി തോന്നുന്നു. 

ആശുപത്രിയിലെ തിരക്കെല്ലാമൊഴിഞ്ഞു തിരിച്ചു പോവാന്‍ അല്‍പസമയം കൂടി ബാക്കിയുള്ളൊരു സായാഹ്നത്തിലാണ് ഞാന്‍. വെളിച്ചം പകരാന്‍ തലയ്ക്കു മീതെ മെനക്കെട്ട് കത്തുന്ന ട്യൂബിന് പോലും ഈ ഇടനാഴിയെ മുഴുവന്‍ കാഴ്ചക്ക് മുന്നിലേക്ക് പിടിച്ചിടാന്‍ കഴിയുന്നില്ല. എനിക്ക് പറയാനുള്ളതിലും എത്രയോ ഏറെ കഥകള്‍ ഉണ്ടാകും ഈ ഇടനാഴികള്‍ക്ക് പറയാന്‍. ആശുപത്രിനിലങ്ങള്‍ വൃത്തിയാക്കുന്ന കറുത്ത ഫെനൈലിന്റെ മൂക്ക് തുളക്കുന്ന മണം  ഇപ്പോള്‍ സ്വന്തം കൈ വൃത്തിയാക്കാന്‍ ഇടയ്ക്കിടെ പോയി തേക്കുന്ന നേരിയ പുകച്ചിലുള്ള ഹാന്‍ഡ് സാനിറ്റൈസറിന്റെ റെഡിമെയിഡ് ഗന്ധത്തിനു വഴി മാറിയിരിക്കുന്നു. 

നിര്‍ല്ലോഭം നല്‍കപ്പെടുന്ന ആലിംഗനങ്ങളും ഹസ്തദാനങ്ങളും എന്ന് വേണ്ട ഏത് സ്പര്‍ശവും പാടില്ലാത്തതാണ്. സ്‌നേഹപ്രകടനത്തിനുള്ള വേദിയല്ല ആശുപത്രിമുറികള്‍.

ഒരു ഡോക്ടറും രോഗം മാറരുതെന്ന് കരുതില്ല!
രോഗവും മരണവുമൊന്നും സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്നില്ല ഇപ്പോള്‍. എവിടെ ചെന്നാലും കേസ് ഫയലുകളും പരിശോധനഫലങ്ങളും മുന്നിലേക്ക് ഇറങ്ങി വരും. എവിടെ നിന്നെന്ന് അറിയാതെ അഭിപ്രായം ചോദിക്കാന്‍ വേണ്ടി കാത്തിരുന്നവര്‍ അടുത്തേക്ക് വരും. നമ്മുടെ വൈദഗ്ധ്യത്തിനപ്പുറമുള്ള കാര്യങ്ങള്‍ക്കു പോലും മറുപടി പറയേണ്ടി വരും. സീനിയര്‍ ഡോക്ടര്‍മാരെ വിളിക്കാന്‍ ഏല്‍പ്പിക്കപ്പെടും, സംശയങ്ങളോട് പടവെട്ടേണ്ടി വരും.ഇന്നലെ എംബിബിഎസിന് ചേര്‍ന്ന ആള്‍ ആണെങ്കിലും പഠിച്ചിറങ്ങിയ ഡോക്ടര്‍ ആണെങ്കിലും ഈ ചോദ്യോത്തരപംക്തിക്ക് വലിയ മാറ്റങ്ങളില്ല എന്നതാണ് സത്യം. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മെഡിക്കല്‍ കോളേജില്‍ കയറിയിറങ്ങുന്ന ആരും വിശദീകരിക്കാന്‍ അര്‍ഹരാണ്. ഇതിനെല്ലാം മീതെ നേഴ്‌സ്, പാരമെഡിക്കല്‍ സ്റ്റാഫ്, പ്ലസ് ടു ബയോളജിക്ക് തൊണ്ണൂറ് ശതമാനം വാങ്ങിയ കുട്ടി എന്നിവരുള്‍പ്പെടെ സകലരുടേയും സെക്കന്റ് ഒപ്പീനിയന്‍ ചികിത്സിക്കുന്ന ഡോക്ടറേക്കാള്‍ വിശ്വസനീയമായി കരുതപ്പെടുന്ന അവസ്ഥയുമുണ്ട്. സംശയങ്ങള്‍ ചോദിക്കാം. പക്ഷേ, അത് ചികിത്‌സിക്കുന്ന ഡോക്ടറെ അവിശ്വസിക്കുന്ന രീതിയിലോ അത് പകുതിക്ക് വെച്ച് നിര്‍ത്തി അടുത്ത ആശുപത്രിയിലേക്ക് പോകുന്ന രീതിയിലോ ആകരുത്. രോഗം മാറിയ രോഗി തന്നെയാണ് ഡോക്ടറുടെ പരസ്യപ്പലക. ഒരു ഡോക്ടറും രോഗിയെ ഉപദ്രവിക്കില്ല, രോഗം മാറരുതെന്ന് കരുതുകയുമില്ല.

ഇതിനും പുറമേ, കൂട്ടത്തില്‍ സാഹചര്യം മനസ്സിലാക്കാതെ ആളാകാന്‍ നില്‍ക്കുന്നവര്‍ ഉണ്ടാകും. രോഗിയുടെ അച്ഛനോ മകനോ അമ്മയോ അരികത്തു നില്‍ക്കുമ്പോള്‍ പോലും ദയവില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന 'ഉത്സാഹകമ്മറ്റിക്കാര്‍' ആണ് ഈ വിഭാഗം. ആരുടെ മുന്നില്‍ വെച്ച് എന്ത് ചോദിക്കണം എന്ന് യാതൊരു ധാരണയും ഉണ്ടാകില്ല.ദേഷ്യം വന്നാലും കടിച്ചു പിടിച്ചു സംയമനത്തോടെ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടി വരും.അല്‍പജ്ഞാനം പ്രദര്‍ശിപ്പിക്കലും പൊങ്ങച്ചം പറച്ചിലുമെല്ലാം അനുചിതമെന്നല്ല, അരോചകമെന്നാണ് പറയേണ്ടത്. കൈക്കുഞ്ഞുങ്ങളും വയോവൃദ്ധരും വരെ സന്ദര്‍ശകരില്‍ ഉള്‍പ്പെടും. പ്രതിരോധശേഷി കുറവുള്ള ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നത് ദോഷമല്ലാതെ ഉണ്ടാക്കില്ല. മുറി മുഴുവന്‍, രോഗിയെ ശ്വാസമെടുക്കാന്‍ പോലും അനുവദിക്കാതെ നിറഞ്ഞു നില്‍ക്കുന്ന ഈ ജനക്കൂട്ടം അണുവാഹകര്‍ ആയിരിക്കുമെന്നതില്‍ യാതൊരു സന്ദേഹവുമില്ല. നിര്‍ല്ലോഭം നല്‍കപ്പെടുന്ന ആലിംഗനങ്ങളും ഹസ്തദാനങ്ങളും എന്ന് വേണ്ട ഏത് സ്പര്‍ശവും പാടില്ലാത്തതാണ്. സ്‌നേഹപ്രകടനത്തിനുള്ള വേദിയല്ല ആശുപത്രിമുറികള്‍.

ചിലരെങ്കിലും സാമാന്യബോധമില്ലാതെ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രിയപ്പെട്ടവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആവര്‍ത്തിച്ച് പറയേണ്ടി വരുന്നത് അത്യധികം വിഷമകരമായി തോന്നും. 'രക്ഷപ്പെടുമോ, സീരിയസ് ആണോ' എന്നൊക്കെ ചോദിക്കുമ്പോള്‍,  നഷ്ടപ്പെടാനുള്ള നമ്മളെക്കാള്‍ ശുഷ്‌കാന്തി മറ്റുള്ളവര്‍ക്കോ എന്ന് പോലും തോന്നിപ്പോകും. ഡോക്ടര്‍ ആയിട്ടല്ല, മനുഷ്യനായി കാണാന്‍ ഉള്ള ദയവ് പോലും പലപ്പോഴും സമൂഹം കാണിക്കാറില്ല എന്നതാണ് സത്യം. ഡോക്ടര്‍മാര്‍ പൊതുസ്വത്താണ് എന്ന ധാരണ പൊതുവേ ഉണ്ടെങ്കിലും വ്യക്തിപരമായ ജീവിതത്തിനു നല്‍കേണ്ടുന്ന സ്വകാര്യതയും ബഹുമാനവുമെങ്കിലും അര്‍ഹിക്കുന്നുണ്ട് എന്നതില്‍ സംശയം ഒന്നുമില്ല. അതാണ് പലപ്പോഴും കിട്ടാത്തതും.

ഡോ. ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍:

കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍!
വരുന്നു, മുറിവൈദ്യന്‍മാരുടെ കാലം!

​മഴയും നിലാവുമറിയട്ടെ, ഈ കുഞ്ഞുങ്ങള്‍!

Follow Us:
Download App:
  • android
  • ios