Asianet News MalayalamAsianet News Malayalam

ഒരു രക്ഷയുമില്ല, ഈ പ്രസവരക്ഷ!

Dr Shimna Azeez on postnatal care
Author
Thiruvananthapuram, First Published Mar 25, 2017, 10:02 AM IST

Dr Shimna Azeez on postnatal care

ഏപ്രില്‍ മൂന്നാം തിയ്യതി. ഡിഗ്രി കഴിഞ്ഞ്, കല്ല്യാണവും കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയമാണ്.

ആ ദിവസം എനിക്കെന്തോ വല്ലാത്ത ക്ഷീണമുണ്ട്. കിടക്കാന്‍ തന്നെ തോന്നുന്നു, കിടന്നിടത്ത് വീണുറങ്ങുന്നു. പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ മൂപ്പരോട് കണ്‍ഗ്രാറ്റ്‌സ് പറഞ്ഞു. ഞാന്‍ ഈ സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു ചിരിയുമങ്ങ് ചിരിച്ചു.

അല്‍പം ശ്രദ്ധിക്കേണ്ട ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ റെസ്റ്റും കാര്യങ്ങളുമായി മൂന്ന് മാസം. പിന്നെയെല്ലാം സാധാരണ പോലെ തന്നെ. മൂന്ന് മാസത്തെ ഛര്‍ദ്ദി മഹാമഹം കഴിഞ്ഞപ്പോള്‍ മുന്നിലൂടെ കൊക്കി നടക്കുന്ന കോഴിയെ വരെ പിടിച്ച് തിന്നാനുള്ള ആര്‍ത്തിയായിരുന്നു. വീട്ടുകാരും ഭര്‍ത്താവും എന്നെ തീറ്റിപ്പോറ്റി മുടിയുന്ന അവസ്ഥയാകുമോ എന്ന് പോലും ഭയപ്പെട്ടു. ആരും നിര്‍ബന്ധിക്കാത്തത് കൊണ്ട് ഞാന്‍ തന്നെ എന്നെ നിര്‍ബന്ധിക്കാറായിരുന്നു പതിവ്.

അങ്ങനെ വിജയകരമായി 37 ആഴ്ച പൂര്‍ത്തിയാക്കി വയറ്റിലുള്ള പുത്രന്‍ പുറത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും, ഇടുപ്പെല്ല് വിസ്താരമില്ലാത്തതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. അനുഭവിച്ച കുറച്ച് മണിക്കൂറുകള്‍ അവലോകനം ചെയ്യുകയാണെങ്കില്‍ പ്രസവവേദന അത്ര രസമുള്ള വേദനയല്ല എന്ന് നിസ്സംശയം പറയാനാവും.

മുന്നിലൂടെ കൊക്കി നടക്കുന്ന കോഴിയെ വരെ പിടിച്ച് തിന്നാനുള്ള ആര്‍ത്തിയായിരുന്നു

തൊണ്ണൂറ് ഞരമ്പുകള്‍!
സിസേറിയന്‍ കഴിഞ്ഞ് പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡില്‍ ബോറടിച്ചിട്ട് വായിക്കാന്‍ വല്ലതും കിട്ടുമോ എന്ന് ചോദിച്ചതാണ് ആദ്യ ട്വിസ്റ്റ്. ഒരു മിനിറ്റ് വെറുതേയിരിക്കാന്‍ വയ്യാത്തത് കൊണ്ട് ഗതി കെട്ട് ചോദിച്ച ചോദ്യം കേട്ട് അവിടെ നിലം തുടച്ച് കൊണ്ടിരിക്കുന്ന ചേച്ചി വന്ന് ചെവിയില്‍ മെഡിക്കല്‍ അഡ്‌വൈസ് തന്നു. 'മോളേ, തൊണ്ണൂറ് ഞരമ്പ് പൊട്ടിക്കിടക്കുന്ന സമയമാണ്, ഇപ്പോള്‍ വായിക്കാനൊന്നും പാടില്ല, കാഴ്ചശക്തി പോവും'.

പടച്ചോനേ...തൊണ്ണൂറ് ഞരമ്പോ! അന്ന് MBBS ഒന്നും വിദൂര സ്വപ്‌നങ്ങളില്‍ പോലുമില്ല, കുറേ വായിച്ചു കൂട്ടിയതിലൊന്നും ഇങ്ങനെയൊന്ന് കണ്ടുമില്ല.എന്നാലും ചുമ്മാ അനുസരിച്ചേക്കാം എന്ന് കരുതി അറ്റന്‍ഷനില്‍ മലര്‍ന്ന് കിടന്നു.

വീട്ടില്‍ ചെന്നപ്പോള്‍ ഇതിലും വലിയ ദുരന്തം. വരുന്നവര്‍ മുഴുവന്‍ മലര്‍ന്ന് കിടക്കാന്‍ പറയും. എനിക്കാണെങ്കില്‍ എഴുന്നേറ്റ് ഓടണം. അടങ്ങിയിരിക്കുക എന്നത് എന്നെ കൊല്ലുന്നതിന് സമമാണ്. വായിക്കാന്‍ പാടില്ല, ടിവി കാണാന്‍ പാടില്ല, ഫോണിന്റെ ഡിസ്‌പ്ലേ നോക്കാന്‍ പാടില്ല കണ്ണിന്റെ ഫ്യൂസടിച്ച് പോകും. മലര്‍ന്നേ കിടക്കാവൂ. അഞ്ച് മാസം തൊട്ട് ചെരിഞ്ഞ് മാത്രം കിടന്ന് ശീലമായതാണ്.കന്നിപ്രസവം ആയത് കൊണ്ട് വിരുന്നുകാരൊഴിഞ്ഞ നേരവുമില്ല. ബാത്‌റൂമില്‍ പോവാന്‍ മാത്രം എഴുന്നേല്‍ക്കാം, അതും കൈ പിടിച്ച് താങ്ങിയൊക്കെയാ പരിപാടി.എനിക്ക് ചിരിയും കരച്ചിലും വരും.സൈക്കോസിസിനും ന്യൂറോസിസിനും ഇടയിലുള്ള ആ അവസ്ഥയില്ലേ, ആ അവസ്ഥയിലായി ഞാന്‍.

സൈക്കോസിസിനും ന്യൂറോസിസിനും ഇടയിലുള്ള ആ അവസ്ഥയിലായി ഞാന്‍!

പഞ്ചഗുസ്തി പരിശീലനം!
ഇനി പ്രസവശേഷമുള്ള അതിപ്രധാന ട്വിസ്റ്റ്. മുടിഞ്ഞ തീറ്റ കണ്ട് എന്നെ ചാക്കില്‍ കെട്ടി ദൂരെ കൊണ്ട് കളയാന്‍ നിന്ന വീട്ടുകാര്‍, എന്നെയും മോനെയും പരിചരിക്കാന്‍ നിര്‍ത്തിയ ഒരു സ്ത്രീയുണ്ടായിരുന്നു. ആയമ്മ ആറരക്ക് കൊണ്ട് വരും, മുട്ട പുഴുങ്ങിയതും ബൂസ്റ്റും. പുഴുങ്ങിയ മുട്ട കൊണ്ട് എറിഞ്ഞാല്‍ അവര്‍ക്കൊരു ചുക്കും സംഭവിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞാന്‍ ആ ഉദ്യമത്തിന് മുതിര്‍ന്നില്ല. ഉറക്കത്തീന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് മുട്ട തീറ്റിക്കാന്‍ ഞാന്‍ പഞ്ചഗുസ്തിക്കൊന്നും പോണില്ലല്ലോ...

കഴിഞ്ഞില്ല, എട്ടരക്ക് ബ്രേക്ക്ഫാസ്റ്റ്, പത്തരക്ക് കഞ്ഞീം കാടമുട്ടേം, ഒന്നരക്ക് ചോറ്, നാലരക്ക് ചായേം കടീം, ഏഴരക്ക് ഡിന്നര്‍, പാതിരാക്ക് മോനുണര്‍ന്നാല്‍ അന്നേരം പിന്നേം ബൂസ്റ്റ്. രണ്ട് ദിവസം ഞാന്‍ സഹിച്ചു, പിന്നെ ബഹിഷ്‌കരിച്ചു. കഷായവും അരിഷ്ടവും പ്രാകിപ്പറഞ്ഞ് കുടിച്ചു. എന്നെ കാണാന്‍ വരുന്നവര്‍ കൊണ്ട് വരുന്ന നെയ്യും ബൂസ്റ്റും ഹോര്‍ലിക്‌സും മറിച്ച് വിറ്റോളാന്‍ മാതാശ്രീക്ക് സ്ട്രിക്ട് ഓര്‍ഡറും കൊടുത്തു. ശുഭം !സ്വസ്ഥത തിരിച്ച് കിട്ടി. ഇരുപത് ദിവസം ആരുമില്ലാത്തപ്പോള്‍ മുകളിലെ നിലയില്‍ ഓടി നടന്നു. അല്ലാത്തപ്പോള്‍ ശാലീനക്കുട്ടിയായി അടങ്ങിക്കിടന്നു. എന്റെ അഭിനയം കണ്ട് വീട്ടുകാരുടെ കണ്ണ് നിറഞ്ഞ് പോയി.

ഇരുപതാം ദിവസം ഒരു പാത്രം എണ്ണയുമായി ആയമ്മ തിരുമ്പി വന്താച്ച്. അത്രേം ദിവസം ചൂട് വെള്ളം (തിളച്ച വെള്ളത്തിന്റെ ഇരട്ടസഹോദരന്‍) ഒഴിച്ച് സിസേറിയന്‍ സ്‌കാര്‍ മാത്രമാണ് അവര്‍ വേവിച്ചതെങ്കില്‍ ഇക്കുറി എന്നെ മൊത്തമായി വേവിക്കാനായിരുന്നു പരിപാടി. കുഴമ്പ് പ്രയോഗമായിരുന്നു. കുഴമ്പ് പരിപാടി കൊള്ളാം...അത് കഴിഞ്ഞ് എന്നെ പുഴുങ്ങുന്നത് സഹിക്കാന്‍ വയ്യായിരുന്നു. ഹൊറിബിള്‍...ഏതായാലും നാല്‍പത് ദിവസം എന്നെ സഹിച്ച് അവര്‍ പോയി. പാവം, പുതിയ കുട്ടികളുടെ പ്രതിനിധിയായ എന്നെ സഹിച്ചതിനുള്ള നന്ദിയായി ഇപ്പോഴും ഇടക്ക് അവരെ പോയി കാണാറുണ്ട്.

ഞാന്‍ ഉടന്‍ വടിയാകുമെന്ന് വരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി

അന്നിങ്ങനെ!
രണ്ടാമത്തെ പ്രസവം മെഡിസിന്‍ ഫൈനല്‍ ഇയറിന് പഠിക്കുമ്പോഴാണ്.സിസേറിയന്റെ തലേന്ന് പഠിക്കുന്ന മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. കൂട്ടുകാര്‍ക്കിടയിലായിരുന്നു സര്‍ജറി, ചെയ്തത് ഞങ്ങളുടെ മാഡവും.

പ്രസവിച്ച് ഇരുപത്തഞ്ചാം ദിവസം എഴുന്നേറ്റ് ക്ലാസില്‍ പോയി. പോകുന്ന ദിവസം വരെ കിടന്ന് മെഡിക്കല്‍ ടെക്‌സ്റ്റ് വായിച്ചു, പിന്നെ ഓടി നടന്നു. പടികള്‍ കയറാതിരുന്നു എന്നത് മാത്രമായിരുന്നു അന്ന് ശ്രദ്ധിച്ച ഏക കാര്യം.  പ്രസവരക്ഷ നോക്കിയില്ല, ഒന്നും ചെയ്തില്ല. ആരോഗ്യം ശ്രദ്ധിക്കാത്തതിനാല്‍ സാരമായ രോഗം വന്ന് ഞാന്‍ ഉടന്‍ വടിയാകുമെന്ന് വരെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ചെറുപ്പം മാറുമ്പോള്‍ പഠിച്ചോളും എന്നും അശരീരി കേട്ടു.

ആരോഗ്യമില്ലാത്ത അമിതവണ്ണമല്ല, ആരോഗ്യമുള്ള അമ്മയെയാണ് നമുക്കാവശ്യം

വിടന്നുകിട്ടി, ഈ ആചാരങ്ങള്‍?
ഈ നാടിന് പുറത്തെങ്ങുമില്ലാത്ത പതിവുകള്‍, ശീലങ്ങള്‍...പ്രസവം ഒരു രോഗമാകുന്ന അവസ്ഥ. പണ്ട് കാലത്ത് പെണ്ണിന് ആകെ വയറ് നിറച്ച് കഴിക്കാന്‍ കിട്ടിയിരുന്നത് പ്രസവശേഷമാണ്. അതൊരു ആചാരം പോലെ, അനുഷ്ഠാനം പോലെ അനുവര്‍ത്തിച്ച് വരുന്നതെന്തിനാണ്?

ആദ്യമാസം മുതല്‍ മേലനങ്ങാതിരിക്കുന്ന സ്ത്രീക്ക് പ്രസവശേഷം മുലയൂട്ടുന്നത് കൊണ്ട് ഒരല്‍പം കൂടുതല്‍ കലോറി വേണമെന്നേ ഉള്ളൂ. 'പെറ്റ് കിടക്കുന്നവള്‍ക്ക് വിശക്കാന്‍ പാടില്ല' എന്നൊക്കെ പറയുന്നത് വെറുതേ...ഭക്ഷണം വിശക്കുമ്പോള്‍ മതി. പ്രസവശേഷം 'നന്നാവുന്നതില്‍' വലിയ കഥയുമില്ല. ആരോഗ്യമില്ലാത്ത അമിതവണ്ണമല്ല, ആരോഗ്യമുള്ള അമ്മയെയാണ് നമുക്കാവശ്യം.

ഗര്‍ഭമോ പ്രസവമോ രോഗമല്ല. ഡോക്ടര്‍ ആവശ്യപ്പെട്ടാലല്ലാതെ വിശ്രമവും വേണ്ട. ആരോഗ്യശ്രദ്ധ വേണമെന്നല്ലാതെ യാതൊരു കുഴപ്പവുമില്ല. എല്ലാം സാധാരണ പോലെ. ആയുര്‍വേദ പരിചരണത്തോട് എതിര്‍പ്പില്ല. വേണ്ടവര്‍ക്ക് ആവാം. അത് പക്ഷേ, നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ചെയ്യുന്നെങ്കില്‍ ശാസ്ത്രീയമായി വേണം താനും.

ആയുര്‍വേദ ചികിത്സ ഇല്ലാതെ വീട്ടിലുള്ള പഴമക്കാര്‍ക്ക് സമാധാനമാകില്ലെന്ന് അറിയാം.ആയുര്‍വ്വേദ ഡോക്ടറായ സുഹൃത്ത് തന്ന നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കട്ടേ.

  • പ്രസവം കഴിഞ്ഞ് കിടക്കുന്ന ഓരോ അമ്മയും വ്യത്യസ്തയാണ്. എല്ലാവര്‍ക്കും ഒരേ പോലെ അങ്ങാടിക്കടയില്‍ പോയി 'പ്രസവരക്ഷാമരുന്ന്' വാങ്ങിക്കൊടുക്കുന്നത് വിപരീതഫലം ചെയ്യും. രോഗിയെ വിദഗ്ധനായ ആയുര്‍വ്വേദ ഫിസിഷ്യന്‍ കണ്ട് മരുന്നെഴുതുന്നതാണ് ശരിയായ രീതി. ഓരോ അമ്മക്കും അവര്‍ക്കനുസരിച്ചുള്ള മരുന്നേ നല്‍കാവൂ.
  • കുളിക്കാന്‍ തിളച്ച വെള്ളം വേണമെന്നോ ഇടക്കിടക്ക് കഴിച്ച് കൊണ്ടിരിക്കണമെന്നോ ആയുര്‍വേദത്തിലില്ല. ചൂടുവെള്ളമാണ് അവര്‍ നിര്‍ദേശിക്കുന്നത്. മുറിവിലേക്ക് തിളച്ച വെള്ളം 'എറിഞ്ഞ്' ഒഴിക്കുന്നതും അശാസ്ത്രീയം.(Torture എന്ന് വിളിച്ചാലും തെറ്റില്ല.അനുഭവം ഗുരു !)
  • പ്രസവരക്ഷക്ക് കൊടുക്കുന്ന പ്രത്യേക ഭക്ഷണങ്ങളും ശരീരപ്രകൃതി നോക്കി മാത്രമാണ് നല്‍കേണ്ടത്. 'എല്ലാം എല്ലാവര്‍ക്കും' എന്ന രീതി തെറ്റ്.
  • അമ്മയും കുഞ്ഞുമായുള്ള ബന്ധം ദൃഢപ്പെടുത്താനാണ് ചേര്‍ന്ന് കിടക്കണമെന്ന് പറയുന്നത്. കുഞ്ഞിനെ ആരെങ്കിലും എടുത്തു കൊണ്ട് പോയി അമ്മ കിടക്കുന്നത് അനാവശ്യമാണ്. ആവശ്യത്തിന് വിശ്രമിക്കാം. വിശ്രമം അടിച്ചേല്‍പ്പിക്കേണ്ടതില്ല.

തീര്‍ന്നില്ല :)
പ്രസവശേഷം ഒരു മാസത്തോളം അല്‍പമൊന്ന് ശ്രദ്ധിക്കണം എന്നതൊഴിച്ചാല്‍ സങ്കീര്‍ണതകളില്ലാത്ത സാധാരണ പ്രസവത്തിനും സിസേറിയനും വലിയ വിഐ.പി പരിഗണന ഒന്നും വേണ്ട (ഇതെന്റെ സ്വന്തം ഡയലോഗാ)..വായിക്കുന്നതോ ശരീരത്തിന് സമ്മര്‍ദം വരാത്ത വിനോദങ്ങളോ നിയന്ത്രിക്കേണ്ടതില്ല.പ്രസവ സമയത്തോ പ്രസവത്തിന് ശേഷമോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്ക് ക്ഷീണമാകാം...
 

Follow Us:
Download App:
  • android
  • ios