Asianet News MalayalamAsianet News Malayalam

ആ വാട്‌സപ്പ് തള്ളും പൊളിഞ്ഞു!

Dr Shimna Azeez on Whatsaap fake health message
Author
Thiruvananthapuram, First Published Mar 20, 2017, 4:39 PM IST

വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന വ്യാജ ആരോഗ്യ ബോധവല്‍കരണ മെസേജുകളില്‍ ഒന്നാണ് ഇതെന്നാണ് ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ച്  ഓണ്‍ലൈനില്‍ പ്രചരിക്കുന്ന കള്ളങ്ങള്‍ പുറത്തുകാണിക്കുന്ന ഇന്‍ഫോ ക്ലിനിക്ക് എന്ന കൂട്ടായ്മയുടെ അംഗവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ കോളമിസ്റ്റുമാണ് ഡോ. ഷിംന. 

ഈ പ്രചാരണത്തെക്കുറിച്ച് ഡോം ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: 

ഏറ്റവും പുതിയ വാട്‌സ്സപ്പ്‌ കണ്ടുപിടിത്തം കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട്‌ വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന്‌ പതിക്കും എന്നതാണ്‌..ചകിരി ആണെങ്കിൽ കുഴപ്പമില്ലെന്നും മെസേജ്‌ പറഞ്ഞു തരുന്നു...റഫറൻസ്‌ ആണ്‌ അതിഭീകരം - കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ പിജി സ്‌റ്റുഡന്റ്‌സ്‌ സെമിനാർ...അവർക്ക്‌ ഇമ്മാതിരി ഗുണ്ട്‌ അടിച്ച്‌ വിടലാണ്‌ ജോലിയെന്ന്‌ പോസ്‌റ്റ്‌ മുതലാളി വെറുതേയങ്ങ്‌ ഊഹിച്ച്‌ കാണും.

അതായതുത്തമാ, ദഹനവ്യവസ്‌ഥയുടെ വഴി എന്ന്‌ പറയുന്നത്‌ വായ-അന്നനാളം-ആമാശയം-ചെറുകുടൽ-വൻകുടൽ- മലാശയം- മലദ്വാരം...അങ്ങനെയാണ്‌. ഇതിനകത്ത്‌ ദഹിക്കാത്ത ഒരു വസ്‌തുവും നില നിൽക്കില്ല, പുറന്തള്ളും. സംശയമുണ്ടെങ്കിൽ കുറച്ച്‌ പുല്ല്‌ പച്ചക്ക്‌ തിന്ന്‌ നോക്കാം..ദഹിക്കില്ല. അതേ പടിയിങ്ങ്‌ പോരും. അത്‌ തന്നെയാണ്‌ പ്ലാസ്‌റ്റിക്കിന്റേയും നൈലോണിന്റേയും അവസ്‌ഥ. അവയെ ദഹിപ്പിക്കാൻ ശരീരത്തിന്‌ കഴിയില്ല. നമ്മുടെ ദഹനവ്യൂഹത്തിന്‌ ദഹിപ്പിക്കാൻ കഴിയാത്തത്‌ മുഴുവൻ പുറന്തള്ളും (തിരിച്ച്‌ പറയുന്നവർ ആ പാഠം എടുത്ത ബയോളജി ക്ലാസ്സിന്റെ അന്ന്‌ മാങ്ങ പറിക്കാൻ പോയതിന്റെ കുഴപ്പമാ)..

ദഹിക്കാത്ത പ്ലാസ്‌റ്റിക്‌ എങ്ങനെ കിഡ്‌നിയിലെത്തും എന്നാകും..നടക്കില്ല. തൃശൂർ വഴി തെറ്റിയ ആൾ കോട്ടയം വഴി മലപ്പുറത്ത്‌ എത്തണമെന്ന്‌ പറഞ്ഞാൽ നടക്കുമോ? ഇല്ലല്ലോ? Digestive system വേറെ വഴി, Renal system വേറെ വഴി..ആമാശയത്തിലും കുടലിലും ഉള്ള വസ്‌തുവിനെ കിഡ്‌നിയിലും മൂത്രസഞ്ചിയിലും കാണാനാകില്ല. അങ്ങോട്ട്‌ എത്താൻ സാധിക്കില്ല. രണ്ടും രണ്ട്‌ വ്യത്യസ്ത സിസ്‌റ്റം ആണ്‌...

ചകിരിക്കയർ വിറ്റൊഴിയാൻ വേറെത്ര മാർഗങ്ങളുണ്ട്‌ ! എന്ത് കയർ കൊണ്ട്‌ വെള്ളം കോരിയാലും വേണ്ടില്ല, തിളപ്പിച്ചാറിയ വെള്ളം മൂടി വെച്ച്‌ ഉപയോഗിക്കുക. വേനലാണ്...ജലജന്യരോഗങ്ങൾക്ക്‌ ഏറ്റവും സാധ്യതയുള്ള സമയം...

സാധാരണ ഗതിയിൽ കയറിന്‌ നിങ്ങളെ കൊല്ലാനാകുന്നത്‌ കഴുത്ത്‌ വഴി മുറുകുമ്പോൾ മാത്രമാണ്‌...വെറുതേ കാള പെറ്റെന്ന്‌ കേൾക്കുമ്പോഴേക്ക്‌ ചകിരിക്കയർ എടുക്കാതെ...

Follow Us:
Download App:
  • android
  • ios