Asianet News MalayalamAsianet News Malayalam

ഒരു ഹണിമൂണ്‍ യാത്രയുടെ വിചിത്രവഴികള്‍!

യാത്ര, ഇവാന്‍ പറഞ്ഞത് പോലെ നരകമായിരുന്നു. തീ പോലെ പൊള്ളുന്ന ചൂടില്‍ മരുഭൂമിയിലൂടെ വഴിയിലുടനീളം ആ പഴഞ്ചന്‍ കാരവന്‍ മുക്കിയും മൂളിയും പ്രതിഷേധമറിയിച്ചു കൊണ്ടേയിരുന്നു. സൂര്യാതപത്തില്‍ നിന്ന് സംരക്ഷണമേകാനുള്ള ക്രീമുകള്‍ ശരീരമാകെ തേച്ചു പിടിപ്പിച്ചിട്ടും എന്റെ ശരീരമാകെ ചുവന്നു കരിവാളിച്ചു. 

Haritha savithri column on honeymoon trip
Author
León, First Published Apr 27, 2017, 9:36 AM IST

ഹണിമൂണ്‍ യാത്ര എങ്ങോട്ട് വേണമെന്നു ഇവാന്‍ ചോദിച്ച താമസം, ഞാന്‍ ചാടിക്കയറിപ്പറഞ്ഞു ലിയോണ്‍! ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ തിരയാനൊന്നും ഞാന്‍ സമ്മതിച്ചില്ല. എനിക്ക് വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. റോഡ് മാര്‍ഗ്ഗം , ഔറിയ വന്ന അതെ വഴിയിലൂടെ ഒരു തിരിച്ചു പോക്ക്! 

ഹണിമൂണിന് എവിടെപ്പോകാനാണ് നിങ്ങള്‍ക്ക് ഇഷ്ടം? 

കന്യാകുമാരി? നൈനിത്താല്‍? കൊടൈക്കനാല്‍? 

മധുവിധു എന്ന് കേള്‍ക്കുമ്പോള്‍ ഇത്തരം സുഖവാസ കേന്ദ്രങ്ങളുടെ പേരുകളാണ് മനസ്സില്‍ പൊങ്ങി വരിക. എന്നാല്‍, ഞങ്ങളുടെ മധുവിധു യാത്ര ഇങ്ങനെയായിരുന്നില്ല. ഹണിമൂണിന് ഞാനും ഇവാനും നടത്തിയത്, ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന, ഒരു അന്വേഷണയാത്രയാണ്. 

വിദൂരമായ ഒരുള്‍നാട്ടില്‍നിന്ന് അതിസാഹസികമായി ഇവാന്റെ മുത്തശ്ശി ഔറിയയും അവരുടെ അമ്മ കസീല്‍ദയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ സാഹസികമായ ഒരു രക്ഷപ്പെടലിന്റെ പാതയിലേക്ക് ഒരു തിരിച്ചു പോക്ക്. അനിശ്ചിതത്വത്തിന്റെയും അപകടത്തിന്റെയും മുള്‍മുനയിലൂടെ അവര്‍ പാഞ്ഞുവന്ന വഴികളിലൂടെ, അവര്‍ ഉപേക്ഷിച്ചു പോന്ന വീടും ദേശവും തേടി നടത്തിയ യാത്ര. അത്തരം ഒരു യാത്രയുടെ നിമിത്തവും പൊരുളും അതിനുള്ള പ്രേരണയുടെ തീവ്രതയും അറിയണമെങ്കില്‍, അവരെക്കുറിച്ചും അവര്‍ നടത്തിയ യാത്രയെക്കുറിച്ചും കുറച്ചു കൂടി നിങ്ങള്‍ അറിയണം. 

ഇവാന്‍

വിവാഹത്തിനു മുമ്പുതന്നെ അച്ഛന്റെ അമ്മയായ ഔറിയയെക്കുറിച്ച് ഇവാന്‍ ഇടയ്ക്ക് പറയാറുണ്ടായിരുന്നു. ഇവാനെ ഞാന്‍ കണ്ടുമുട്ടുന്നതിനു തൊട്ടുമുമ്പുള്ള തണുപ്പുകാലത്ത് ആ അമ്മുമ്മ മരിച്ചു പോയിരുന്നു. നീലനിറത്തില്‍ വെളുത്ത പുള്ളികളുള്ള എന്റെ പ്രിയപ്പെട്ട ഉടുപ്പ് കാണുമ്പോഴും, അടുക്കളയില്‍ നിന്ന് പാചകം ചെയ്യുമ്പോഴുള്ള എന്റെ മൂളിപ്പാട്ട് കേള്‍ക്കുമ്പോഴും അദ്ദേഹം അവരെ സങ്കടത്തോടെ ഓര്‍മ്മിക്കാറുണ്ടായിരുന്നു. ചൂടുള്ള സൂപ്പും ഉള്ളി ചേര്‍ത്ത് മൊരിച്ചെടുത്ത ആട്ടിറച്ചിയും കരുതി കുഞ്ഞ് ഇവാനെയും കാത്തിരിക്കുമായിരുന്ന, ഒരുപാടു കഥകള്‍ പറയുമായിരുന്ന ഔറിയ എന്ന വെള്ളിമുടിയുള്ള അമ്മൂമ്മ. 

മറ്റെല്ലാ അമ്മുമ്മമാരെയും പോലെ കൊച്ചുമകനെ ഒരുപാടു സ്‌നേഹിച്ച ഒരാള്‍ എന്നതിനപ്പുറം മറ്റെന്തൊക്കെയോ കൂടിയാണ് അവര്‍ എന്ന് എനിക്ക് തോന്നിത്തുടങ്ങാന്‍ അധികകാലം വേണ്ടി വന്നില്ല. ഒരു ദിവസം ഞങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഇവാന്റെ അച്ഛനോട് ഞാന്‍ ഔറിയയുടെ കഥ പറയാനാവശ്യപ്പെട്ടു. ആദ്യം അതിശയത്തോടെ എന്നെ തുറിച്ചു നോക്കിയെങ്കിലും ഒരു തണുത്ത ബിയറും നുണഞ്ഞു കൊണ്ട് സോഫയില്‍ സൗകര്യമായി ചാരിയിരുന്നു കൊണ്ട് അദ്ദേഹം ആ കഥ പറഞ്ഞു.

ഔറിയ: പല കാലങ്ങള്‍ 

അതിവിദൂരമായ ഒരിടത്ത്, ലിയോണ്‍ എന്ന സ്ഥലത്ത്, നഗരങ്ങളില്‍ നിന്നൊക്കെ ഒത്തിരി അകലെ, ലാവന്‍ഡറുകള്‍ പൂത്തുലയുന്ന നീല മലകളുടെ ചരിവിലായിരുന്നു ഔറിയയുടെ വീട്. ഗോതമ്പു വിളയുന്ന പാടങ്ങളും ഒലീവ് തോട്ടങ്ങളും നിറഞ്ഞ കര്‍ഷക ഗ്രാമം. മരുന്നുകളും സാധനങ്ങളും വാങ്ങാന്‍ വേണ്ടി അടുത്ത ടൗണില്‍ എത്താന്‍ കുതിരപ്പുറത്തു മണിക്കൂറുകളോളം സഞ്ചരിക്കണം. അത്രയ്ക്ക് അകലെയായിരുന്നു പുറം ലോകം. 

തീരെ ചെറുപ്പത്തിലെ ഔറിയയുടെ അച്ഛന്‍ മരിച്ചു പോയിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പൊടുന്നനെ വീണുപോയ ആ അമ്മയും മകളും മറ്റുള്ളവരുടെ വീടുപണി ചെയ്തും കൃഷിപ്പണികളില്‍ സഹായിച്ചും പട്ടിണി മാറ്റാന്‍ ശ്രമിച്ചു. ഔറിയയുടെ അച്ഛന്റെ കൃഷിസ്ഥലം അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ കയ്യേറുകയും അവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അന്നന്നത്തേയ്ക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ പോലും ഔറിയയുടെ അമ്മ കസീല്‍ദയ്ക്ക് കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യവും, ചുറ്റും കറങ്ങി നടക്കുന്ന പൂവാലന്മാരും ചേര്‍ന്ന്, ചെറുപ്പമായിരുന്ന അമ്മയുടെയും മുതിര്‍ന്നു വരുന്ന മകളുടെയും ജീവിതം അസഹ്യമായി മാറ്റി.

ഇവാന്റെ മുത്തശ്ശി ഔറിയയും അവരുടെ അമ്മ കസീല്‍ദയും

കൃഷിപ്പണിയല്ലാതെ എന്തെങ്കിലും തൊഴില്‍ ആ ഉള്‍നാടന്‍ ഗ്രാമത്തില്‍ കണ്ടെത്തുക എന്നത് അസാധ്യമായിരുന്നു. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാവില്ല എന്ന ഘട്ടമെത്തിയപ്പോള്‍ കസീല്‍ദ മകളെയും കൊണ്ട്  ഗ്രാമം വിടാന്‍ തീരുമാനമെടുത്തു. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. ആണ്‍തുണയില്ലാതെ യാത്ര ചെയ്യുന്നത് അചിന്തനീയമായിരുന്നു. ബന്ധുക്കള്‍ അറിഞ്ഞാല്‍ എന്ത് വില കൊടുത്തും അവരത് തടയും. ഒരുപാടാലോചിച്ച ശേഷം അവിടെ നിന്ന് രക്ഷപെടാന്‍ ഒരു പദ്ധതി അമ്മയും മകളും ചേര്ന്ന്  തയ്യാറാക്കി. 

ആഴ്ചയിലൊരിക്കല്‍ പട്ടണത്തില്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ കുതിരവണ്ടിയുമായി പോകുന്ന വയസ്സന്‍ തിമോത്തിയെ ചെന്ന് കണ്ടു കസീല്‍ദ കാര്യം പറഞ്ഞു. ഒരു കെട്ടു പുകയിലയും വീട്ടിലുണ്ടാക്കിയ രണ്ടു കുപ്പി ഉശിരന്‍ വൈനും കാഴ്ച വച്ചപ്പോഴാണ് അയാളുടെ മുഖമൊന്നു തെളിഞ്ഞത്.നാട്ടുകാരറിഞ്ഞാല്‍ തനിക്കുണ്ടാകാവുന്ന പേരുദോഷത്തെപ്പറ്റി നിര്‍ത്താതെ പരാതി പറഞ്ഞുകൊണ്ട് അവസാനം അയാള്‍ അവരെ സഹായിക്കാമെന്നേറ്റു. അങ്ങനെ പുകമഞ്ഞു കൊണ്ട് കാഴ്ച മറയുന്ന ഒരു വെളുപ്പാന്‍ കാലത്ത്, തിമോത്തിയുടെ ചാവാലിക്കുതിര വലിക്കുന്ന കുതിരവണ്ടിയില്‍, റാഡിഷും കാരറ്റും നിറഞ്ഞ പച്ചക്കറിക്കുട്ടകളുടെ ഇടയില്‍ മറഞ്ഞിരുന്നു കൊണ്ട് കസീല്‍ദയും ഔറിയയും ആ ഗ്രാമം വിട്ടു. 

പട്ടണത്തിലെത്തിയപ്പോള്‍ ഉച്ചയോടടുക്കാറായിരുന്നു. സ്ത്രീകളുടെ തന്റേടത്തെപ്പറ്റി നീരസത്തോടെ മുറുമുറുത്തുകൊണ്ട് തിമോത്തി അവരെ കവലയില്‍ ഇറക്കി വിട്ടു. ഇനിയെന്ത് ചെയ്യും എന്നറിയാതെ കുഴങ്ങിയ കസീല്‍ദയ്ക്ക് പെട്ടെന്നാണ് ഒരു ആശയം തോന്നിയത്. ദൂരദേശങ്ങളിലേക്ക് ചരക്കുമായി പോകുന്ന ചില ട്രക്ക് ഡ്രൈവര്‍മാര്‍ കസീല്‍ദയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു. അവരിലാരെയെങ്കിലും കണ്ടുമുട്ടിയാല്‍ തനിക്കും മകള്‍ക്കും രക്ഷപ്പെടാനായേക്കും എന്ന് അവര്ക്ക്  തോന്നി. ചായ കുടിക്കാനും സിഗരറ്റ് വലിക്കാനുമായി ഡ്രൈവര്‍മാര്‍ ഒത്തുകൂടുന്ന ഒരു ചെറിയ കട കസീല്‍ദയ്ക്ക് അറിയാമായിരുന്നു. ഒന്ന് ഭാഗ്യം പരീക്ഷിക്കാം എന്ന് കരുതി മകളുടെ കൈയും പിടിച്ചു അവര്‍ അങ്ങോട്ടേക്ക് നടന്നു. വിശപ്പും തണുപ്പും മൂലം തളര്‍ന്നുപോയ മകള്‍ക്ക്  ഒരു ചൂട് ചായ വാങ്ങിക്കൊടുത്ത ശേഷം ആവിപറക്കുന്ന കെറ്റിലുമായിരിക്കുന്ന അപരിചിതനായ കടയുടമസ്ഥനോട് കസീല്‍ദ തന്റെ ആവശ്യം ഉന്നയിച്ചു. ഒന്നാലോചിച്ച ശേഷം, അയാള്‍ അടുത്ത ബെഞ്ചില്‍ കനത്ത ചുരുട്ടിന്റെ പുകയുമാസ്വദിച്ചിരിക്കുന്ന കൂറ്റന്‍ മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. 'സമ്മതിക്കുമോ എന്നറിയില്ല. സമ്മതിച്ചാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. അയാള്‍ വിശ്വസിക്കാവുന്നവനാണ്.' 

ഭയത്തോടെയാണെങ്കിലും കസീല്‍ദ അയാളെ സമീപിച്ചു. പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ട്, അയാള്‍ ഉള്ള കാര്യം പറഞ്ഞു. അന്ന് രാത്രി 800 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തിലേയ്ക്ക് പന്നികളുമായി പോവുകയാണ്. സൗകര്യങ്ങളൊക്കെ കുറവായിരിക്കും. വേണമെങ്കില്‍ കൂടെ വരാം.

ഔറിയയും എസ്‌തേവയും. പല കാലങ്ങള്‍.

കസീല്‍ദയ്ക്ക് വേറെ വഴിയില്ലായിരുന്നു. മാര്‍ക്കോസിന്റെ ട്രക്കില്‍, അവര്‍ അങ്ങ് ദൂരെ നക്ഷത്രങ്ങളും കടലും കാവല്‍ നില്‍ക്കു ന്ന നഗരത്തിലേയ്ക്ക് പുറപ്പെട്ടു. നാല് ദിവസമെടുത്തു ആ പഴഞ്ചന്‍ ട്രക്ക് ഇഴഞ്ഞു വലിഞ്ഞു ലക്ഷ്യ സ്ഥാനത്തെത്താന്‍. അവര്‍ മരത്തണലില്‍ പാചകം ചെയ്യുകയും വഴിവക്കിലെ ഇടുങ്ങിയ സത്രങ്ങളില്‍ കിടന്നുറങ്ങുകയും ചെയ്തു. പന്നികളുടെ മുരള്‍ച്ചയും നാറ്റവും മാര്‍ക്കോസിന്റെ കനത്ത ശബ്ദത്തിലുള്ള നാടന്‍ പാട്ടുകളും അകമ്പടി സേവിച്ച ആ യാത്ര ഒരു പുതിയ ജീവിതത്തിലേക്കായിരുന്നു.

പ്രതിഫലമൊന്നും വാങ്ങിച്ചില്ലെന്നു മാത്രമല്ല, കസീല്‍ദയ്ക്ക് തന്റെ മുതലാളിയുടെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലി കൂടി വാങ്ങിക്കൊടുത്തു മാര്‍ക്കോസ്. എല്ലാത്തിനെയും സ്വീകരിക്കുന്ന ആ നഗരം കസീല്‍ദയെയും ഔറിയയെയും ഇരു കൈകളും നീട്ടി സ്വീകരിച്ചു. അമ്മയും മകളും എല്ലു മുറിയെ പണിയെടുത്തു. ആരെയും ആശ്രയിക്കാതെ, കുത്തുവാക്കുകള്‍ കേള്‍ക്കാതെ ആത്മാഭിമാനത്തോടെ ജീവിതം കെട്ടിപ്പടുത്തു.

യുദ്ധത്തിലേറ്റ മുറിവുകളുടെ പാടുകള്‍ നിറഞ്ഞ ശരീരവും പത്തു വര്‍ഷത്തെ ജയില്‍ ജീവിതം രൂപപ്പെടുത്തിയ പരുക്കന്‍ സ്വഭാവമുള്ള എസ്‌തേവ എന്ന പഴയ ഒരു ഒളിപ്പോരാളിയെ അതിനിടയ്ക്കാണ് ഔറിയ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു. മകളുടെ വിവാഹശേഷം ഒറ്റയ്ക്കായിപ്പോയ കസീല്‍ദ ഒരു ബ്രസീലിയന്‍ നാവികനെ വിവാഹം കഴിക്കുകയും പുതിയ നാട്ടിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു. 

ഔറിയയുടെ ഭര്‍ത്താവ് എസ്‌തേവ. ഒളിപ്പോരാളിയായിരിക്കെ ജയിലിലായ സമയത്തെ ചിത്രങ്ങള്‍

കഥ പറഞ്ഞു നിറുത്തിയ ശേഷം എന്റെ അമ്മായി അച്ഛന്‍ കുറെ നേരം നിശ്ശബ്ദനായിരുന്നു. നുരകളടങ്ങിയ ബിയറിന്റെ അവസാന തുള്ളികളും വായിലേക്കിറ്റിച്ച ശേഷം അദ്ദേഹം പോകാനിറങ്ങി. പുറകേ നടന്നു ചെന്ന എന്റെ തലയില്‍ സ്‌നേഹത്തോടെ ഒരു തട്ടും തന്നിട്ട്  ജുവാന്‍, ഔറിയയുടെ മകന്‍, കാറോടിച്ചുപോയി.

ഹണിമൂണ്‍ യാത്ര എങ്ങോട്ട് വേണമെന്നു ഇവാന്‍ ചോദിച്ച താമസം, ഞാന്‍ ചാടിക്കയറിപ്പറഞ്ഞു ലിയോണ്‍! ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ തിരയാനൊന്നും ഞാന്‍ സമ്മതിച്ചില്ല. എനിക്ക് വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. റോഡ് മാര്‍ഗ്ഗം , ഔറിയ വന്ന അതെ വഴിയിലൂടെ ഒരു തിരിച്ചു പോക്ക്! 

ഗാരേജില്‍ പൊടിപിടിച്ചു കിടക്കുന്ന, എസ്‌തേവ അപ്പൂപ്പന്റെ ആ പഴയ കാരവന്‍ ഒന്ന് മിനുക്കിയെടുത്താല്‍ യാത്രയ്ക്ക് അത് മതിയാകും. എന്റെ ഭ്രാന്തന്‍ ആശയം കേട്ട് ഇവാന്‍ തലയ്ക്കു കൈ കൊടുത്തിരുന്നു. 'നീ കഷ്ടപ്പെടും. ആ കാരവനു മുപ്പതു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. ലിയോണിലെത്താന്‍ ഒരു മരുഭൂമി കടക്കണം'. 

ഒരു തടസ്സവാദവും എന്റെ വാശിക്ക് മുമ്പില്‍ വിലപ്പോയില്ല. അവസാനം അത് സംഭവിച്ചു. ചെവി നിറയെ ശകാരവും മുന്‍കോപവും എനിക്ക് സഹിക്കേണ്ടി വന്നെങ്കിലും ഒരാഴ്ച കൊണ്ട് ഇവാന്‍ സുഹൃത്തായ മെക്കാനിക്കിനോടൊപ്പം ആ പഴഞ്ചന്‍ കാരവന്‍ നന്നാക്കിയെടുത്തു. കാറിനു പിന്നില്‍ ഘടിപ്പിക്കാവുന്ന തീരെപ്പഴയ മട്ടിലുള്ള ഒന്നായിരുന്നു അത്. ഇന്ന് നമുക്കറിയാവുന്ന കാരവന്റെ ആദിമരൂപംപാചകം ചെയ്യാനുള്ള പാത്രങ്ങളും മസാലകളും ധാന്യങ്ങളും നിറഞ്ഞ കുപ്പികളും അലക്കിയ ബെഡ് ഷീറ്റുകളും ടവ്വലുകളുമൊക്കെയായി ഞാന്‍ അതിനെ ഒരു ചെറിയ വീടാക്കി മാറ്റി.

യാത്രയ്ക്കിടെ ഹരിത.

യാത്ര, ഇവാന്‍ പറഞ്ഞത് പോലെ നരകമായിരുന്നു. തീ പോലെ പൊള്ളുന്ന ചൂടില്‍ മരുഭൂമിയിലൂടെ വഴിയിലുടനീളം ആ പഴഞ്ചന്‍ കാരവന്‍ മുക്കിയും മൂളിയും പ്രതിഷേധമറിയിച്ചു കൊണ്ടേയിരുന്നു. സൂര്യാതപത്തില്‍ നിന്ന് സംരക്ഷണമേകാനുള്ള ക്രീമുകള്‍ ശരീരമാകെ തേച്ചു പിടിപ്പിച്ചിട്ടും എന്റെ ശരീരമാകെ ചുവന്നു കരിവാളിച്ചു. ചീറിപ്പായുന്ന ട്രക്കുകളില്‍ നിന്നും സ്‌പോര്‍ട്‌സ് കാറുകളില്‍ നിന്നും ആളുകള്‍ അത്ഭുതത്തോടെ ഞങ്ങളെ തുറിച്ചു നോക്കി. അടുത്ത സീറ്റില്‍ നിന്ന് വരുന്ന തീ പറക്കുന്ന നോട്ടങ്ങളും മുറുമുറുപ്പുകളും ഞാന്‍ പുല്ലുപോലെ അവഗണിച്ചു. 

പക്ഷെ മരുഭൂമി കഴിഞ്ഞതോടെ യാത്ര രസകരമായിത്തുടങ്ങി. വഴിയരികില്‍ ചെറിയൊരു ടെന്റ് ഉറപ്പിച്ച ശേഷം വിശ്രമിക്കുകയും പാക്കറ്റുകളിലെ ഭക്ഷണം ചൂടാക്കി കഴിക്കുകയും ചെയ്തതോടെ ഇവാന്റെ ദേഷ്യം ഒട്ടൊന്നു തണുത്തു. ഒട്ടും തിടുക്കമില്ലാതെ രണ്ടു ദിവസമെടുത്താണ് ആ യാത്ര ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ലിയോണില്‍ എത്തിയതോടെ കാലാവസ്ഥ മാറി. തണുത്തു കുളിര്‍ത്ത  കാറ്റു വീശുന്ന, ആല്‍മരങ്ങളെപ്പോലെ കാറ്റില്‍ സംഗീതമുതിര്‍ക്കുന്നയിനം മരങ്ങള്‍ നിറഞ്ഞ ഒരു തടാകക്കരയില്‍ ഞങ്ങള്‍ ക്യാമ്പ് ചെയ്തു. വളരെ ചെറിയ ഒരു തുകയ്ക്ക് വൈദ്യുതിയും വെള്ളവും ആ സ്ഥലത്തിന്റെ ഉടമസ്ഥന്‍ നല്‍കി. പ്രകൃതിദത്തമായ ഒരുറവയുള്ള ആ തടാകത്തില്‍ കാലിട്ടിരുന്നു പുസ്തകങ്ങള്‍ വായിക്കാനും ചൂണ്ടയിട്ടു ട്രൗട്ടുകളെ പിടിക്കാനും എനിക്കേറെ ഇഷ്ടമായിരുന്നു. ഞങ്ങളെപ്പോലെ അനവധി പേര്‍ അവിടെ തങ്ങുന്നുണ്ടായിരുന്നു. അത്യാധുനിക സൌകര്യങ്ങള്‍ നിറഞ്ഞ അവരുടെ കൂറ്റന്‍ വാഹനങ്ങള്‍ക്ക്  നടുവില്‍ ഔറിയയുടെയും എസ്‌തേവയുടെയും പഴഞ്ചന്‍ കാരവന്‍ ഒരു വയസ്സന്‍ ആമയെപ്പോലെ വിശ്രമിച്ചു.

യാത്രയ്ക്കിടെ ഹരിത.

ഒന്ന് രണ്ടു ദിവസത്തേയ്ക്ക് മറ്റൊരു യാത്രയെ കുറിച്ചു ചിന്തിക്കാനാവാത്ത വിധം ഞങ്ങള്‍ തളര്‍ന്നിരുന്നു. ക്ഷീണമൊക്കെ മാറി കുറച്ചൊന്നു ഉഷാറായ ശേഷം ഞങ്ങള്‍ മാപ്പുകളുടെ സഹായത്തോടെ ഔറിയയുടെ ഗ്രാമം കണ്ടെത്തി. അപ്പോഴേയ്ക്കും ഇവാനെ ആ യാത്രയുടെ ഹരം ബാധിച്ചു കഴിഞ്ഞിരുന്നു. കുരുമുളക് ചേര്‍ത്തു  ഒലിവെണ്ണയില്‍ പൊരിച്ച ട്രൗട്ടും കൂട്ടി സുഖകരമായ ഒരു ഊണിനും വിശ്രമത്തിനും ശേഷം ഒരു ദിവസം ഞങ്ങള്‍ വാടകയ്‌ക്കെടുത്ത ഒരു ചെറിയ കാറില്‍ ഔറിയയുടെ ഗ്രാമം തേടിയിറങ്ങി. 

ദുര്‍ഘടമായ ഒരു യാത്രയായിരുന്നു അത്. കുഴികളും പൊടിയും നിറഞ്ഞ കാട്ടുപാതകളില്‍ ഡ്രൈവ് ചെയ്തു പരിചയമില്ലാതിരുന്ന ഇവാന്‍ ശരിക്കും കുഴങ്ങി. ചെറിയ കുതിര വണ്ടികളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീ പുരുഷന്മാരെയും കരുത്തിന്റെ പ്രതീകമെന്ന പോലെ കുതിരപ്പുറത്തു പറന്നു പോകുന്ന യുവാക്കളെയും ഞങ്ങള്‍ കണ്ടു. കാടുകള്‍ക്കിടയില്‍ വെട്ടിത്തെളിച്ചെടുത്ത വിശാലമായ സ്ഥലങ്ങളില്‍ പേരറിയാ ധാന്യങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നു.

വണ്ടിയുടെ കുലുക്കവും വളവുകളും തിരിവുകളും എല്ലാം കൂടിയായപ്പോള്‍ എനിക്ക് തല കറങ്ങാന്‍ തുടങ്ങി. കുതിരയേയോ മറ്റോ വാടകയ്‌ക്കെടുത്താല്‍ മതിയായിരുന്നു എന്ന് പകുതി കളിയായും പകുതി കാര്യമായും പറഞ്ഞിട്ട് ഇവാന്‍ കാര്‍ വഴിയരികില്‍ ഒതുക്കി. വെളിയിലിറങ്ങിയപ്പോള്‍ കാറ്റില്‍ മദിപ്പിക്കുന്ന ലാവന്‍ഡറിന്റെ സുഗന്ധം! ഒരു ചെറിയ ചരിവാകെ നീലപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന മട്ടില്‍ ഞാന്‍ ഇവാനെ തല ചരിച്ചു നോക്കി. ഔറിയയുടെ കഥകളില്‍ എപ്പോഴും കടന്നുവരുമായിരുന്ന ഈ സുഗന്ധത്തിനെയും നീല നിറത്തെയും കുറിച്ചു ഇവാന്‍ എന്നോട് ഒരുപാടു തവണ പറഞ്ഞിട്ടുണ്ട്.

തുടര്‍ന്നുള്ള യാത്രയിലുടനീളം ഇവാന്‍ നിശ്ശബ്ദനായിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം അലഞ്ഞു തിരിഞ്ഞ ശേഷം ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി. കഷ്ടിച്ചു ഇരുപത്തഞ്ചു വീടുകള്‍ മാത്രം കാണും ആ ചെറിയ ഗ്രാമത്തില്‍. അവിചാരിതമായി കടന്നെത്തിയ കാര്‍ കണ്ടപ്പോള്‍ അവിടവിടെ സൊറ പറഞ്ഞിരുന്ന കുറെ വയസ്സന്മാര്‍ അടുത്തുകൂടി. കാര്യം പറഞ്ഞപ്പോള്‍ അതിശയവും സന്തോഷവും കൊണ്ട് അവര്‍ വിഷമിച്ചു. പണ്ടെന്നോ നാടുവിട്ടുപോയ കസീല്‍ദയെയും അവളുടെ കൊച്ചു മകളെയും അവര്‍ മറന്നിട്ടുണ്ടായിരുന്നില്ല. പിന്നെ സല്‍ക്കാരമായി. വിരുന്നുകാര്‍ക്കായി മാറ്റിവച്ചിരിക്കുന്ന, വീട്ടില്‍ വാറ്റിയ മദ്യവും ഉണക്കിയ ഇറച്ചിയും കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന ബോര്‍മ്മയില്‍ ചുട്ടെടുത്ത നേര്‍ത്താ പുകമണമുള്ള റൊട്ടിയും ചുറ്റും നിരന്നു.

ഇരുട്ട് പടരും മുമ്പ് ആ കുഞ്ഞു വീട് നിന്നിരുന്ന സ്ഥലം കാണിക്കാന്‍ ഞങ്ങളെ അവര്‍ കൊണ്ട് പോയി. പണ്ടെന്നോ ഒരു വീട് നിന്നിരുന്നു എന്ന് തോന്നിക്കുന്ന ചില അവശിഷ്ടങ്ങളല്ലാതെ അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല. ചുവന്നു കറുത്ത പഴങ്ങള്‍ നിറഞ്ഞ ഒരു ചെറിമരം അവിടെ പടര്‍ന്നു  പന്തലിച്ചു നിന്നിരുന്നു. ഷൂസ് കൊണ്ട് തറയില്‍ കിടന്ന ചപ്പു ചവറുകള്‍ തട്ടിനീക്കിയ എന്റെ കണ്ണുകളില്‍ പെട്ടെന്നൊരു നിറപ്പകിട്ടുള്ള  സാധനം തടഞ്ഞു. ഒരു മാലയില്‍ നിന്നൂര്‍ന്നു  പോയതെന്ന് തോന്നിക്കുന്ന ഒരു പളുങ്ക് മുത്ത്! കാണാനെത്തിയ കൂട്ടുകാരിക്ക് ഒരു ചെറിയ പെണ്‍കുട്ടി വച്ചു നീട്ടിയ  സമ്മാനം പോലെ തോന്നി എനിക്കാ മുത്ത്. ഒന്ന് തുടച്ചു വൃത്തിയാക്കിയ ശേഷം ഞാനത് പോക്കറ്റിലാക്കി. 
  
ബഹളത്തിനിടയ്ക്ക് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരാള്‍ ഞങ്ങളെ കാണാനെത്തി. തെരേസ! ഔറിയയുടെ കൂട്ടുകാരി! വേച്ചു വേച്ചു നടന്നു വന്ന അവരുടെ പാടചൂടിയ കണ്ണുകളില്‍ നിന്ന് കണ്ണുനീരും സന്തോഷവും സങ്കടവും ഒരുമിച്ചു തിളച്ചു തൂവി. തിരിച്ചു കിട്ടിയ സ്വന്തം കൊച്ചുമകനെയെന്നപോലെ ആ അമ്മുമ്മ ഇവാനെ തഴുകിത്താലോലിച്ചു. ആറരയടിപ്പൊക്കവും ഗാംഭീര്യവും ഒക്കെ ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ചു. ഒരു കൈക്കുഞ്ഞിനെയെന്നപോലെ ഇവാന്‍ അവരുടെ കൈകള്‍ക്കുള്ളില്‍ ഒതുങ്ങുന്നത് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ നോക്കി നിന്നു. 

തിരിച്ചു മലയിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് വഴിതെറ്റി. കാറിന്റെ പിന്‍സീറ്റില്‍ കിടന്ന മാപ്പുകള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഇവാന്‍ കൂട്ടാക്കിയില്ല. ലക്ഷ്യമില്ലാതെ ആ കാര്‍ ഓടിക്കൊണ്ടേയിരുന്നു. ആകാശത്തു നിറഞ്ഞ നക്ഷത്രങ്ങളും നീല രാവും വഴികാട്ടുമെന്ന പോലെ!

 

ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍

മനോലോയുടെ ബിക്കിനി

Follow Us:
Download App:
  • android
  • ios