ലോകോത്തര ടൈപ്പ്സൈറ്റിംഗ് പാക്കേജായ  'ടെക്ക്' (TeX) എന്ന സാങ്കേതികവിദ്യയെ മലയാളഭാഷയ്ക്ക് അനുസൃതമായി ഏറെ പൂർണ്ണതയോടെ വികസിപ്പിച്ചതിനുശേഷമാണ് സി.വി. രാധാകൃഷ്ണന്‍ കേരളപാണിനീയം ഡിജിറ്റല്‍ പതിപ്പിന് രൂപംനല്‍കിയത്.സാങ്കേതികഭാഷയുടെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ പ്രമുഖ അക്കാദമിക് ജേണലുകള്‍ക്ക് അക്ഷരരൂപം നല്‍കുന്ന തിരുവനന്തപുരം മലയിന്‍കീഴിലെ ഫോക്കല്‍ ഇമേജ് റിവര്‍ വാലി എന്ന സ്ഥാപനത്തിന് നേതൃത്വം നല്‍കുകയാണ് സിവി രാധാകൃഷ്ണന്‍. അദ്ദേഹം രൂപം നല്‍കിയ സായാഹ്‌ന ഫൗണ്ടേഷനാണ് ഈ പതിപ്പ് തയ്യാറാക്കിയത്.
 
ഇതിന്റെ ആദ്യ രൂപമായി  ഒരു പ്രി റിലീസ് പിഡിഎഫ് പതിപ്പ്  വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഓണ്‍ലൈനില്‍ പുറത്തിറങ്ങി. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആ കരട് പതിപ്പിലെത്താം. വായനക്കാര്‍ക്ക് പരിശോധിക്കാം. വിട്ടുപോയ പിഴവുകള്‍ ചൂണ്ടിക്കാണിക്കാം. പ്രയോജനകരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ സൗകര്യത്തിനായി, ഓരോ പുറത്തിലും വരികളുടെ നമ്പര്‍ ഇടതുവശത്തായി ചുവന്ന നിറത്തില്‍ ചേര്‍ത്തിട്ടുണ്ട്. തിരുത്തലുകള്‍ info@sayahna.org എന്ന മെയില്‍ ഐഡിയിലോ http://www.sayahna.org/?p=390 എന്ന ബ്ലോഗില്‍ കമന്റായോ ചേര്‍ക്കാം. 

സിവി രാധാകൃഷ്ണന്‍

1917ല്‍ ആണ് കേരള പാണിനീയം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1978ല്‍ ഈ ഗ്രന്ഥം പൊതുസഞ്ചയത്തിലായി. അതിനുശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും ലിപിപരിഷ്‌കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട മലയാള ലിപിസഞ്ചയത്തില്‍ അധിഷ്ഠിതമായ പുത്തന്‍ പതിപ്പുകള്‍ ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിച്ചതുപോലെ വായനക്കാരനോട് സംവദിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള പഴയ മലയാള ലിപികളെ മിക്ക പ്രസാധകരും തിരസ്‌കരിച്ചതിനാല്‍, ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ച് ഈ മഹദ് ഗ്രന്ഥത്തിന് ഡിജിറ്റല്‍ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പരാജയമായിരുന്നു. ലോഹ അച്ചുകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പതിപ്പുകളെക്കാള്‍ നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവ് അവകാശപ്പെട്ട് ഡിജിറ്റല്‍ ടൈപ്പ് സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. ഓരോ പുതിയ പതിപ്പിലും തെറ്റുകൾ കൂടുകയാണ് ചെയ്തത്. 'ടെക്ക്' പോലെയുള്ള മികച്ച ടൈപ്പ്സെറ്റിംഗ് സിസ്റ്റവും യഥാർത്ഥലിപിയും പ്രസാധകലോകത്തിനു് അന്യമായതായിരുന്നു ഇതിനു കാരണം. ​

ഈ പിഴവുകള്‍ തീര്‍ത്തുകൊണ്ടാണ് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങുന്നത്. മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചാണ് ഇത് പുറത്തിറക്കുന്നത്. വിക്കിസോഴ്‌സില്‍ ലഭ്യമായ, യൂണിക്കോഡില്‍ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണ് ഈ പതിപ്പ് നിര്‍മ്മിച്ചത്. അക്ഷരപ്പിഴവുകള്‍ തീര്‍ത്ത്, വ്യാകരണത്തിന്റെ ഭാഷാശാസ്ത്ര സാങ്കേതികതകള്‍ ആവശ്യപ്പെടുന്ന, ചിത്രീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന, എല്ലാ തരം ഘടനകളും ഘടനാവൈചിത്യങ്ങളും, ഇത്തരം രചനകള്‍ക്ക് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ടെക്ക് എന്ന വിശ്രുതമായ ടൈപ്പ് സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുകയാണ് ചെയ്തത്. നീണ്ടകാല വിവരശേഖരണ വ്യവസ്ഥകളിലേയ്ക്ക് കേരളപാണിനീയത്തിന്റെ സാങ്കേതിക പരിവര്‍ത്തനം നടത്തുകയെന്നത് ഇതോടെ എളുപ്പവും കുറ്റമറ്റതുമായി മാറുന്നു.കേരളപാണിനീയം മലയാളത്തിന്റെ നീണ്ടകാല ഡിജിറ്റല്‍ ശേഖരത്തിലേയ്ക്കു്, എല്ലാകാലത്തിലേക്കുമായി വന്നുചേരുകയാണ്

കേരളപാണിനീയത്തിന്റെ ഈ പതിപ്പ് അതിന്റെ നൂറാം ജന്മവാര്‍ഷികമായ 2017ല്‍, ക്രിയേറ്റിവ് കോമണ്‍സ് ഷെയര്‍അലൈക് അനുമതിപത്ര വ്യവസ്ഥകളനുസരിച്ച് പ്രസിദ്ധീകരിക്കാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് പ്രീ റിലീസ് പിഡിഎഫ് പതിപ്പ് പുറത്തിറക്കിയത്.