ഭ്രാന്ത് പിടിച്ചു പ്രേമിക്കുക. പ്രേമിച്ചു ഭ്രാന്ത് പിടിക്കുക. പ്രേമിച്ചു പിടിച്ച ഭ്രാന്തിറങ്ങാന്‍ വീണ്ടും പ്രേമിച്ചു ഭ്രാന്ത് പിടിക്കുക. പ്രേമത്തില്‍ ഉച്ചിയും കുത്തി വീഴുക. വീണിടത്തു കിടന്നുരുളുക. 

എന്തിനോടും വെറി  മാത്രം വെച്ചുസൂക്ഷിക്കുന്ന മനുഷ്യന്‍, പേപ്പട്ടിയെ പോലെ പ്രണയത്തെ കടിച്ചുകീറി തിന്നാന്‍ ശ്രമിക്കുന്നു. കടിച്ചിളക്കി തൊണ്ട് കളഞ്ഞു കഴിക്കുന്ന തേങ്ങാക്കുലയല്ല പ്രണയം. അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒന്നും അല്ല (അത് സെക്‌സ് !), പ്രപഞ്ചത്തില്‍ എന്തിനെയും, എപ്പോഴും സുന്ദരമായി കാണിച്ചുതരുന്ന ഒരു മൂന്നാം  കണ്ണാണ് പ്രണയം. മോഹിപ്പിക്കുന്ന ഒരു ക്രിയേറ്റിവ് കണ്ണ്. 

അത് വിവാഹമെന്നോ, വേര്‍പിരിയലെന്നോ ആണെന്നോ പെണ്ണെന്നോ ഒരു വേലിക്കെട്ടും വെച്ച് സൂക്ഷിക്കുന്നില്ല. 

പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു നടത്തുന്ന ഒരു തരം പറ്റിക്കലിന്റെ ആഫ്റ്റര്‍ ഇഫക്ടാണ് 'പ്രേമം കുമ്പളങ്ങയല്ല' എന്ന തോന്നല്‍.

വിവാഹം  കഴിഞ്ഞും പ്രേമിക്കാം. കല്യാണം എന്ന ഒറ്റ പരിപാടി കൊണ്ട് ഉരിഞ്ഞു പോകുന്ന ഒന്നിന്റെ  പേര് പ്രേമം എന്നല്ല.അതിനു വേറെയാണ് പേര്. അത് തിരിച്ചറിഞ്ഞവര്‍ പ്രണയിക്കുകതന്നെ ചെയ്യും.

കല്യാണം എന്ന ഒറ്റ പരിപാടി കൊണ്ട് ഉരിഞ്ഞു പോകുന്ന ഒന്നിന്റെ  പേര് പ്രേമം എന്നല്ല.

രാത്രിയെ പ്രണയിക്കും പോലെ, മഴയെ പ്രണയിക്കും പോലെ ( നക്ഷത്രമുള്ള രാത്രിയെ മാത്രമേ പ്രണയിക്കൂ. രാവിലെ പെയ്യുന്ന മഴയെ മാത്രമേ പ്രണയിക്കൂ എന്നില്ലല്ലോ). കണ്ടീഷണല്‍ ആകുമ്പോ അതൊരു ഭാരം ആകുന്നു.

പ്രണയം പരാധീനതകള്‍ കൊണ്ട്  പൊതിഞ്ഞു പിടിക്കുമ്പോള്‍ അതിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നു. അത് മുഷിച്ചിലാകുന്നു. മറ്റെന്തോ ആകുന്നു. അക്ഷരശുദ്ധി നഷ്ടപ്പെട്ട പ്രാസംഗികനെ പോലെ നിന്ന് വിയര്‍ക്കുന്നു. ഒന്ന് ചേര്‍ന്ന് നിന്ന് പ്രണയം  വിരിയിക്കുമ്പോള്‍, പ്രണയത്തിന്റെ കാല്‍പ്പനിക സൗന്ദര്യം വിടര്‍ത്തുമ്പോള്‍ , അത് പരാധീനതകളെ ഇല്ലായ്മ ചെയ്യുന്നു. സൗന്ദര്യമുള്ള ഒരു പൂവിനെ കൂടുതല്‍  സുന്ദരമാക്കുന്നു ..

വേര്‍പ്പിരിഞ്ഞിട്ടും പ്രണയിക്കുന്ന നിരവധി സുഹൃത്തുക്കള്‍ നമുക്കുണ്ട്. ശരിക്കും അവര്‍ വേര്‍പിരിയുന്നില്ല. അകലെ നിന്ന് കൂടുതല്‍ തീക്ഷ്ണമായി പ്രണയിക്കുന്നു. അവര്‍ കെട്ടിപ്പുണര്‍ന്നു കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല. താടി വളര്‍ത്തുന്നില്ല. കുടിച്ചു അവളുടെ വീടിനുമുന്നില്‍ പോയി ചോര തുപ്പി ചാകുന്നില്ല. പ്രണയിക്കുക മാത്രം ചെയ്യുന്നു. 

വേര്‍പ്പിരിഞ്ഞിട്ടും പ്രണയിക്കുന്ന നിരവധി സുഹൃത്തുക്കള്‍ നമുക്കുണ്ട്.

വാട്‌സാപ്പില്‍ പലപ്പോഴും നമ്മള്‍ കാണുന്നു, പ്രണയിച്ചു മരിക്കാന്‍ പോകുന്നവര്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ആ അനിയന്‍മാരോടും അനിയത്തിമാരോടും ഒന്നേ പറയാനുള്ളു, കണ്ണടച്ച് പിടിച്ചാല്‍ ഇരുട്ടേ കാണൂ. അതിനു കണ്ണ് തുറക്കണം. പ്രണയം അണകെട്ടി നിര്‍ത്താവുന്ന പുഴയല്ല. ഇരമ്പിക്കയറുന്ന ഒരു കടലാണ്. 

'എനിക്ക്' എന്ന  വിലക്ക് ചുറ്റിപ്പിടിക്കുമ്പോള്‍ നമ്മള്‍ സ്വാര്‍ത്ഥരാകുന്നു. സ്വാര്‍ത്ഥത  അല്ല പ്രണയം. പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ ഒരു പ്രയോഗം. എന്നാലും രസം കെട്ടിട്ടില്ല. പിടിച്ചെടുക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയം. 
 
കാമുകന്‍ കാമുകിക്ക് വിട്ടുകൊടുക്കുന്നതെന്തും, ഭര്‍ത്താവു ഭാര്യയില്‍ നിന്നും പിടിച്ചെടുക്കും. താലി ചരടില്‍ കോര്‍ക്കുമ്പോള്‍ പ്രണയത്തിന്റെ രസച്ചരടുകള്‍ പൊട്ടിക്കുന്നു. അവള്‍ എന്നും എന്റെ കാമുകിയാണ്. എന്റെ കാമുകി ചിലപ്പോഴൊക്കെ എന്റെ ഭാര്യയുമാണ്. എത്ര സുന്ദരം !

ഒന്നേ പറയാനുള്ളൂ, ഒരു കുഞ്ഞു പൂവിനെ  ഈഗോയ്ക്കിടയിലിട്ടു ഞെരുക്കി നശിപ്പിക്കാതെ, ഭ്രാന്തമായി  ചവച്ചരയ്ക്കാതെ, ഒരു പൂമ്പാറ്റയാകുക. പ്രണയം ആസ്വദിക്കുക. 

'അത്ര വിശുദ്ധമാക്കണോ പ്രണയം' എന്ന ചോദ്യത്തിനുള്ള മറുപടി, നല്ലോണം ഒന്ന് പ്രണയിച്ചാല്‍ കിട്ടാവുന്നതേ ഉള്ളൂ .

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​