പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

'വിശുദ്ധം' എന്നൊരു വാക്കിന്റെ പിന്താങ്ങ് കൊണ്ട് നമ്മള്‍ പണ്ടേയ്ക്ക് പണ്ടേ പ്രണയത്തെ പൊതിഞ്ഞു കെട്ടിവച്ചു. എന്റെ വിശുദ്ധ പ്രണയം എന്ന് നെറ്റിപ്പട്ടം കെട്ടി അതിനെ കൊരുത്തിടുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാവേണ്ടതെന്ന് മിത്തുകള്‍ ഓതിക്കൊടുത്ത് സിരകളില്‍ ഒളിപ്പിക്കുന്നു.' നിഷ മഞ്‌ജേഷ് എഴുതിയ  ഈ വരികളോട് എങ്ങനെ എന്റെ സ്‌നേഹം കാണിക്കണമെന്നെനിക്കറിയില്ല.  ഓരോ അക്ഷരങ്ങളോടും ഞാന്‍ യോജിക്കുന്നു. 

കാലാകാലങ്ങളായി പിന്തുടരുന്ന ഒരു നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇപ്പോഴും നമ്മുടെ പ്രണയങ്ങളൊക്കെയും. സ്‌നേഹം വിശുദ്ധമാണെന്നും പാവനമാണെന്നുമുള്ള അടിയുറച്ച ചിന്തകള്‍ക്ക് മാറ്റം വരുത്തേണ്ടതില്ല. എന്നാല്‍ എന്നെങ്കിലും എപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ ഈ സ്‌നേഹത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോള്‍ അവര്‍ വെറുക്കപ്പെട്ടവരാകുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ നിലവിലെ പ്രണയനിയമങ്ങള്‍ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. 

പുഴപോലെയൊഴുകുന്ന ഒരു പ്രണയം ഏറെ ദൂരെമെത്തുമ്പോള്‍ ഒഴുക്ക് കുറഞ്ഞ് ഒടുവില്‍ വെള്ളമില്ലാതെയായി അവസാനിച്ചേക്കാം. എന്നിട്ടും പിന്മാറാതെ തുടരണമെന്നും ഈ ജീവിതത്തില്‍ ഇനി ഇത് മാത്രമേ പാടുള്ളുവെന്നുമുള്ള കടുംപിടുത്തങ്ങള്‍ എന്തിനാണ്? എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ അവിടെ വെച്ച് പിന്തിരിഞ്ഞുനടന്നേക്കുക. 

നിലവിലെ പ്രണയനിയമങ്ങള്‍ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. 

എങ്കിലും ഇതൊക്കെയും അവസ്ഥാന്തരങ്ങളാണ്. ഒരു ഹോബി പോലെ പ്രണയം കൊണ്ട് നടന്ന്, കുറേക്കൂടി നല്ല കളിപ്പാട്ടം കാണുമ്പോള്‍ കൈയിലുള്ളത് കളഞ്ഞിട്ടു പോകുന്ന കുട്ടിയെപ്പോലെ ആകണമെന്നല്ല പറഞ്ഞത്. സ്‌നേഹം തോന്നാന്‍ ഒരു നിമിഷം മതി. ഒരുപാടങ്ങിഷ്ടമായാല്‍ മറ്റൊന്നും ചിന്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഒരുപാടു ദൂരം ഒരുമിച്ചു നടക്കുമ്പോള്‍ മനസിലാകും ചേരേണ്ടവരല്ലെന്ന്. ഈ തോളെനിക്ക്  താങ്ങാവില്ലെന്ന്. 

നമ്മുടെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കാതെ വിലക്കുകള്‍ കൊണ്ട് വേലി തീര്‍ക്കുന്നത് കാണുമ്പൊള്‍ മനസ്സ് പിടയും. ഓടി രക്ഷപ്പെടാന്‍ തോന്നും. പിന്നെയുമെന്തിന് നില്‍ക്കണം? തനിയെ പിന്തിരിഞ്ഞു നടക്കുക തന്നെ വേണം. അതിനര്‍ത്ഥം വെറുപ്പോ വൈരാഗ്യമോ ഉണ്ടെന്നല്ല. ഇനിയും തുടരാന്‍ കഴിയാഞ്ഞിട്ടാണ്. ഞാന്‍ എന്താണെന്നു പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് കൊണ്ടാണ്. 

വിലക്കുകള്‍ കൊണ്ട് വേലി തീര്‍ക്കുന്നത് കാണുമ്പൊള്‍ മനസ്സ് പിടയും. ഓടി രക്ഷപ്പെടാന്‍ തോന്നും.

'നിയമാവലികള്‍ പാലിക്കേണ്ട ഒന്നല്ല പ്രണയമെന്ന്, സ്‌നേഹവും കാമവും അതില്‍ അലിഞ്ഞു ചേരുമെന്ന്, ജീവിതത്തിന്റെ നേരാണ് പ്രണയമെന്ന് ഉറക്കെയുറക്കെ വിളിച്ചു പറയണം. പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും വേണം. പിരിഞ്ഞു പോകാന്‍ തോന്നുന്ന പ്രണയത്തെ പോകാന്‍ അനുവദിക്കണം. നമ്മുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നൊരാളെ കണ്ടും മുട്ടും വരെ തേടുക തന്നെ വേണം. 

ഒന്ന് മാത്രം, സ്‌നേഹിക്കുമ്പോള്‍ നമ്മുടെ മുഴുവന്‍ ആത്മാര്‍ത്ഥതയും കാണിക്കുക. അവനവനെ തന്നെ വഞ്ചിച്ചുകൊണ്ട് ആരുമാരെയും സ്‌നേഹിക്കാതിരിക്കുക. ഒടുവില്‍ പരാജയപ്പെട്ടാല്‍, അഭിനയിക്കേണ്ടി വരുമെന്ന് തോന്നുന്നതിനും ഒരു നിമിഷം മുമ്പേ വിട പറഞ്ഞേക്കുക. കാരണം ഒരുപാടുനാള്‍ കണ്ടും സംസാരിച്ചും ചേര്‍ന്നിരുന്നും തന്നെയാണ് ഒരാളെയറിയുക. ഇഷ്ടമില്ലായ്മകള്‍ പെരുകുമ്പോള്‍ അവ മനസ്സിലൊതുക്കി രണ്ടു പേരുടെയും ജീവിതം നരകതുല്യമാക്കുന്നതിനേക്കാള്‍ നല്ലത് പിരിയുന്നതല്ലേ? പ്രണയങ്ങളൊന്നും കൊഴിയാതിരിക്കേണ്ടതിന് പ്രണയിക്കുന്നവരൊക്കെയും ഒരു മനസുള്ളവരാകട്ടെ.

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'
റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക