നാലാം ക്ലാസ് വരെ പ്രണയം എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കൂട്ടുകാരി പെണ്‍കൊടി അവളുടെ നോട്ബുക്കിന്റെ കവര്‍ പേജിലുള്ള ചുവന്ന നിറത്തിലുള്ള ചിഹ്നം കാണിച്ച് തന്ന് ഇതാണ് 'ലൗ' എന്നു പറഞ്ഞപ്പോള്‍ അതെന്താ സാധനം എന്നായി ഞാന്‍.

'ആണിനും പെണ്ണിനും അങ്ങോട്ടുമിങ്ങോട്ടും തോന്നുന്നതില്ലേ..അതാണ്...' എന്നവള്‍ മുഴുമിപ്പിക്കാതെ പറഞ്ഞപ്പോള്‍ പാതി മുറിഞ്ഞ പല അര്‍ത്ഥങ്ങളും എന്റെ മനസ്സിലും ഓടിയെത്തി.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രണയവും അതിന്റെ ചുവന്ന ചിഹ്നവും പലതരത്തിലുള്ള ചോദ്യമായ് പിന്നെയും എന്നെ കുത്തി നോവിച്ചുകൊണ്ടിരുന്നു. ചിഹ്നത്തിനെങ്ങിനെ ആ രൂപം വന്നു എന്നത് അന്നത്തെ ഉയര്‍ന്ന ബുദ്ധിയില്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതിരുന്നത് ഒരു വീഴ്ചയായി തോന്നി. ഒപ്പം മോശം കാര്യമാണ് എന്നുള്ള അര്‍ത്ഥത്തില്‍ പുറത്താരോടെങ്കിലും ചോദിക്കാനുള്ള ലജ്ജയും.

കാലചക്രം കറങ്ങുന്നതിനനുസരിച്ച് കണ്മുന്നിലൂടെ കുറെ 'അവനും അവളും' കടന്ന് പോയിക്കൊണ്ടിരുന്നു. അവര്‍ക്കൊക്കെ അറിയാവുന്ന ഈ വലിയ രഹസ്യത്തില്‍ ഞാന്‍ പിന്നെയും അജ്ഞയായി തന്നെ തുടര്‍ന്നു. ആയിടക്കെപ്പോഴോ എന്നെക്കാള്‍ ഉയര്‍ന്ന ക്ലാസ്സിലെ ഒരുവന്‍ ട്രോഫികള്‍ വാരിക്കൂട്ടുന്നത് കണ്ടാണ് ചെറിയ തോതില്‍ 'അവയുടെ' അര്‍ത്ഥം മനസ്സിലായി തുടങ്ങിയത്. ഞാന്‍ വിശ്വസിക്കുന്ന മതത്തിലല്ലെങ്കിലും അവന്‍ എന്നൊപ്പം കൂടിയെങ്കില്‍ എന്ന ഒരു വശം മാത്രമായുള്ള വിശുദ്ധ പ്രണയം.

വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുന്നതിനനുസരിച്ച് ഇത്തരം പല പ്രണയങ്ങളും പച്ചയായും മഞ്ഞയായും അവസാനം ചാരമായും മാറിക്കൊണ്ടിരുന്നു. പുതിയത് വന്നു ചേരുമ്പോള്‍ മാഞ്ഞുപോയ്‌ക്കൊണ്ടിരുന്ന ഇത്തരം പ്രണയങ്ങള്‍ വേദനകള്‍ സമ്മാനിച്ചിരുന്നില്ല എന്നതാണ് ഏറെ സന്തോഷം നല്‍കിയിരുന്നത്.

വായിച്ചു തീര്‍ത്ത പ്രണയ നോവലിലെ വര്‍ണ്ണനകളില്‍ പല മുഖങ്ങളും മാറി മാറി വന്നപ്പോഴും, ഹെഡ്‌സെറ്റിലൂടെ ഒഴുകിയൊലിച്ചു കൊണ്ടിരുന്ന പ്രണയവരികള്‍ മനസ്സിനെ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ മനസ്സിനെ തട്ടി മാറ്റുന്നതും കണ്ടപ്പോഴാണ് പ്രണയത്തിന്റെ യഥാര്‍ത്ഥ മുഖവും ഭാവവും മനസ്സിലായി തുടങ്ങുന്നത്.

അവിടുന്നിങ്ങോട്ട് തനിച്ചിരുന്നു കണ്ട് രസിച്ച ഓരോ മഴയിലെയും വീണുകൊണ്ടിരിക്കുന്ന മഴത്തുള്ളികളോരോന്നും എന്നെയും കബളിപ്പിച്ച് ഒരു മഹാ സാഗരം തീര്‍ക്കുന്നത് 'അജ്ഞാതനായ' ആരോ ഒരാള്‍ക്ക് വേണ്ടി ആണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.

പലപ്പോഴും പ്രണയത്തിന്റെ രണ്ട് മുഖങ്ങള്‍ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.

കണ്ണിലെ കൃഷ്ണമണികള്‍ എനിക്ക് പിടി തരാതെ അവനെ പരതിക്കൊണ്ടിരുന്നു.

മോശം കൂട്ടുകെട്ടിലും സ്വഭാവങ്ങളിലും ജീവിച്ചുവന്നിരുന്ന ഒരുവനിലേക്ക് 'മാന്യയായ' ഒരു പെണ്കുട്ടി കടന്ന് ചെന്ന് അവനില്‍ പൂര്‍ണ്ണമാറ്റം ഉണ്ടാക്കിയെടുത്ത് പ്രതീക്ഷകള്‍ നല്‍കിയത് കണ്ടപ്പോള്‍ പ്രണയം എന്നില്‍ വാഴ്ത്തപ്പെട്ടവളായി.എങ്കിലും കോളേജിലെ ഒരു സുപ്രഭാതം എന്നെ വരവേറ്റത് അവള്‍ കുറച്ച് ദിവസങ്ങള്‍ മുന്നേ സാധനങ്ങള്‍ വാങ്ങാന്‍ പോയ കടയിലെ ചെറുക്കനുമൊത്ത് ഒളിച്ചോടി എന്ന വാര്‍ത്തയിലായിരുന്നു.

നന്മ നിറഞ്ഞ പല പ്രണയങ്ങളും കണ്ട് അടുത്തേക്ക് ചെല്ലുമ്പോള്‍ ഇങ്ങിനെ തൂണുകളിലും കോണിപ്പടികളിലും നിന്ന് മഹാവിസ്മയം തീര്‍ത്തുകൊണ്ടിരുന്ന ചില പ്രണയമുഖങ്ങളിലെ കാപട്യം പിന്നെയും ആ 'അജ്ഞാതനി'ലേക്ക് തന്നെ ബലം കൂട്ടി വെച്ചു.

കണ്ണിലെ കൃഷ്ണമണികള്‍ എനിക്ക് പിടി തരാതെ അവനെ പരതിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ചില നോട്ടങ്ങളും ചിരികളും മനസ്സില്‍ വേരിറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നുവെന്നുള്ളതും സത്യം തന്നെയാണ്.

ഒരു പരിപാടി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ പത്തറുപത് പേര്‍ പരസ്പരം പരിചയപ്പെടാന്‍ വേദി ഒരുങ്ങി. ആക്റ്റീവ് ആയി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്ന എന്നിലേക്ക് പല കണ്ണുകളും തിരിഞ്ഞുകൊണ്ടിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിലൊരുവന്റെ കണ്ണുകളെ ഞാനും പ്രത്യേകം ശ്രദ്ധിച്ചെങ്കിലും അതവിടെ തന്നെ ഉപേക്ഷിച്ചു. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോളേജിലെ ഒരു സുഹൃത്ത് വഴി വിവാഹാലോചനയായി അതെന്നെ തേടിയെത്തി.
'പഠനം കഴിഞ്ഞേ വിവാഹമുളളൂ, അങ്ങിനെ വേണമെങ്കില്‍ തന്നെ വീട്ടിലേക്ക് അന്വേഷിച്ച് ചെല്ലാം' എന്നും പറഞ്ഞന്നതിനെ ഞാന്‍ കരുത്തോടെ മടക്കിഅയച്ചു.

രണ്ട് ദിവസം മാത്രം കഴിഞ്ഞാണ് യാദൃശ്ചികമായി ഞാന്‍ തേടിക്കൊണ്ടിരുന്ന 'അജ്ഞാതനെ' എന്നിലേക്കെത്തിച്ചതും യഥാര്‍ത്ഥ പ്രണയത്തെ അനുഭവിച്ചറിയാന്‍ തുടങ്ങിയതും.

പിന്നീടിങ്ങോട്ട് വായിക്കുന്ന പ്രണയ വരികളിലും കേള്‍ക്കുന്ന പ്രണയ ഗീതങ്ങളിലും ഏകീകരണം തോന്നിത്തുടങ്ങി. അര്‍ത്ഥം കിട്ടാതെ മാറ്റിവെച്ച പല വരികള്‍ക്കും ഒരു മുഖം മാത്രമായി. യാന്ത്രികതയില്‍ നിന്നും മാന്ത്രികമായി പലതിലേക്കും അവയെന്നെ കൂട്ടിച്ചെന്നു. അങ്ങിനെ പ്രണയമെന്ന ആ നിത്യസത്യത്തിലേക്ക് ഞാനും വഴുതി വീണു.

കോണിപ്പടികള്‍ ഇറങ്ങിപ്പോകുന്ന നയനങ്ങളിലേക്ക് കയറി വരുന്ന ആ നയനങ്ങള്‍ ഉടക്കി നിന്നതും തിരികെക്കയറി വാതിലിനുള്ളില്‍ ഓടിയൊളിച്ചതും നിഷ്‌കളങ്കത നിറഞ്ഞ ഒരു പ്രണയത്തിന്റെ ആരംഭമായിരുന്നു.

ചുരുണ്ട്കൂടി അരികത്ത് കിടന്ന് മുടിയിഴകളിലൂടെ ആ വിരലുളകള്‍ മാന്ത്രികത തീര്‍ക്കുമ്പോള്‍ ഒരായുസ്സിന്റെ കരുതലും ധൈര്യവും തന്നുകൊണ്ടിരുന്നു ആ പ്രണയം. എന്തിനേറെ വിളമ്പിക്കൊടുക്കുന്ന ഭക്ഷണത്തില്‍ പോലും പ്രണയം മാത്രമായ് മാറി ചേരുവ.

പരാതികളേയും പരിഭവങ്ങളേയും ഇടയ്ക്ക് കൂടെകൂട്ടി മുഖം തിരിച്ച് നടക്കുമ്പോള്‍, പുതിയൊരൊന്നാകലിന്റെ മറ്റൊരു പ്രണയമെപ്പോഴും കൊതിപ്പിച്ചുകൊണ്ടിരിക്കും.

ഭക്ഷണത്തില്‍ പോലും പ്രണയം മാത്രമായ് മാറി ചേരുവ.

മുഖം കറുപ്പിച്ച് പരസ്പരം തിരിഞ്ഞു കിടക്കുമ്പോള്‍ ഉറക്കത്തെ തേടിപ്പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുന്നതും പ്രണയത്തിന്റെ മറ്റൊരു കുസൃതി.

രണ്ടാളുടെയും കുറുമ്പോടെയുള്ള പരിഭവങ്ങള്‍ കേള്‍ക്കേണ്ടി വരുന്ന ഞങ്ങളുടെ മോനും ആ പ്രണയത്തിലേക്ക് കൂടെ ചേരുമ്പോള്‍ കുത്തിയൊലിച്ചൊഴുകുന്ന മഴയെ പോലും വരുതിയിലാക്കാന്‍ കഴിയുന്നതായി മാറി ആ പ്രണയം.

ചുമലില്‍ തലചായ്ച്ചിരുന്ന് മൗനിയായ് കടലിന്റെ അനന്തതകളിലേക്ക് കണ്ണ്‌നട്ട് ഏറെ നേരമിരിക്കാനെപ്പോഴുമെന്നെ കൊതിപ്പിക്കുന്നതുമായ മധുര പ്രണയം.

എത്രകിട്ടിയാലും മതിവരാതെ ആ കടലിനെയും അതിനെ തലോടിപ്പറക്കുന്ന കള്ളക്കാറ്റിനെയും പോലെ എന്നെന്നും ആ ആനന്ദലഹരിയില്‍ ഉന്മാദിക്കുക തന്നെ വേണം.

ജീവിതത്തിന്റെ പച്ചചുവ അറിഞ്ഞ പ്രണയിനികളായ്...!

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!

സബീന എം സാലി: പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്