Asianet News MalayalamAsianet News Malayalam

തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

Love Debate CM Dinesh Kumar
Author
Thiruvananthapuram, First Published Jun 19, 2017, 3:25 PM IST

Love Debate CM Dinesh Kumar

എന്താണ് പ്രണയം? 

ഒരാണിന് പെണ്ണിനോട് തോന്നുന്ന 'എന്തോ ഒന്ന് ' (ഒരു വികാരം) അല്ലേ?

അപ്പോള്‍, പ്രണയം ഒരു വികാരം. ആ പ്രണയം അനശ്വരമാണ്, വിശുദ്ധമാണ്. എങ്ങിനെ വേണമെങ്കിലും നമുക്കതിനെ വര്‍ണ്ണിക്കാം. എത്രയോ മഹാന്മാര്‍ വര്‍ണ്ണിച്ചിട്ടുമുണ്ട്.  പലതരത്തിലുള്ള പ്രണയങ്ങളുണ്ട് .ഒരു നേരമ്പോക്കിന് പ്രണയിക്കുന്നവരുണ്ട്. ശരീര സൗന്ദര്യത്തെ പ്രണയിക്കുന്നവരുണ്ട്. സ്വഭാവത്തെയും മനസ്സിനെയും 
പ്രണയിക്കുന്നവരുണ്ട്. സഹതാപം കൊണ്ട് പ്രണയിക്കുന്നവരുണ്ട്. അങ്ങിനെ പ്രണയം പല രീതിയിലും ഭാവത്തിലും നമുക്കിടയില്‍ കടന്നു വന്ന് ഒടുവില്‍ ഡിജിറ്റല്‍ പ്രണയം വരെ എത്തി നില്‍ക്കുന്നു!

പ്രണയം വിശുദ്ധമാക്കപ്പെടുന്നില്ല  വിശുദ്ധമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്ലാ പ്രണയങ്ങളും വിശുദ്ധമാകുന്നുമില്ല. വിശുദ്ധം എന്നതിനേക്കുറിച്ചു ഏതാനും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ? 

വിശുദ്ധം പരിശുദ്ധം എന്നൊക്കെ പറയുമ്പോള്‍ അതിനു തൊട്ടുകൂടാത്തത് എന്ന് മാത്രമാണോ അര്‍ഥം? അങ്ങിനെ മാറ്റി നിര്‍ത്തേണ്ടതാണോ ഇത്? സ്പര്‍ശിക്കാതെ അനുഭവിക്കാന്‍ കഴിയുന്ന എത്രയോ കാര്യങ്ങള്‍ ഇല്ലേ? ഏതു രീതിയിലാണ് ഒരാള്‍ക്ക് മറ്റൊരാളുടെ  മനസ്സിനെ തൊടാന്‍ സാധിക്കുന്നത്? പരിശുദ്ധമായ മനസ്സ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? അതോ അങ്ങിനെയൊന്നില്ലേ ? 

ഒന്ന് ആലോചിച്ചു  നോക്കൂ . ഇനി പ്രണയത്തിനെ ഭൗതിക തലത്തില്‍ നിന്നുമാത്രം ചിന്തിക്കാതെ ഇതിന്റെ ആത്മീയ തലംകൂടി കാണുമ്പോഴാണ് പ്രണയത്തിനു വിശുദ്ധിയുണ്ടോ എന്ന് മനസ്സിലാക്കാന്‍ കഴിയുക.

ഏതൊരു മനുഷ്യ ജീവിയിലും പ്രണയമുണ്ട്.  വാത്സല്യവും, സ്‌നേഹവും, കാമവും അതിലലിഞ്ഞു ചേര്‍ന്നിട്ടുമുണ്ട് ശരിയാണ്. ഓരോരുത്തര്‍ക്കും അതിനോടുള്ള മനോഭാവവും വ്യത്യസ്തമായിരിക്കാം.അതൊരു വികാരം മാത്രമാകുമ്പോഴാണ് അതിനു വെറും കാമ പരിവേഷം വരുന്നതും നിരാശകളും ചതിക്കുഴികളും രൂപപ്പെടുന്നതും പാതി വഴിയില്‍ ഉപേക്ഷിക്കുന്നതും  വേദനകള്‍ സമ്മാനിക്കുന്നതും.

പ്രണയത്തിന്റെ സഞ്ചാരപാത മനോഹരവും 'പരിശുദ്ധവും' ആകണമെങ്കില്‍ കണ്ണുകള്‍ തമ്മില്‍ കഥകള്‍ പറഞ്ഞതുകൊണ്ടോ കരങ്ങള്‍ തമ്മില്‍ സ്പര്‍ശിച്ചതുകൊണ്ടോ എന്നും അരികത്തിരുന്നതുകൊണ്ടോ മാത്രമാവില്ല. പകരം മൂടുപടമണിയാതെ മനസ്സുകള്‍ കണ്ണാടികളാവണം അവിടെ സ്‌നേഹ വാക്കുകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും കാപട്യമോ  ക്ഷാമമോ ഉണ്ടാവരുത് . പ്രതിസന്ധികളില്‍ കൈതാങ്ങാവണം ഹൃദയതാളങ്ങള്‍ പരസ്പരബന്ധിതമായിരിക്കണം ഒരു  ആത്മീയ പരിവേഷം ഉണ്ടാവണം. ഇങ്ങനെയുള്ള പ്രണയമാണ് വിശുദ്ധമാകുന്നതും മരണത്തിനുപോലും വേര്‍പിരിക്കാനാവാതെ അനശ്വരമാകുന്നതും,

കളങ്കമില്ലാത്ത ഒരു കുടുംബ ജീവിതത്തിലേക്ക് വരുമ്പോള്‍  പ്രണയം ആനന്ദം മാത്രമല്ല അത് ജീവിതത്തിന്റെ ഒരു പ്രധാന കണ്ണികൂടിയാവുന്നു. നിറഞ്ഞു തുളുമ്പാതെ അത് എന്നും നിറഞ്ഞു തന്നെയിരിക്കട്ടെ.തുളുമ്പി പോകുമ്പോള്‍ അതിന്റെ 'പരിശുദ്ധിയും' നഷ്ടമായേക്കാം.

മനുഷ്യ സ്വഭാവത്തില്‍ എന്തിനേറെ വികാരത്തില്‍  പോലും കപടതകളും കുടിലതന്ത്രങ്ങളും നിറഞ്ഞ കാലമാണിത്. നാടോടുമ്പോള്‍ നടുവേ ഓടണം എന്ന ചൊല്ല് ഓര്‍മ്മിച്ചു കൊണ്ട് തന്നെ പറയട്ടെ, തോന്നുമ്പോള്‍ കയറിവരാനും തോന്നുമ്പോള്‍ ഇറങ്ങിപോകുവാനും വേണ്ടി പ്രണയിക്കുമ്പോള്‍ അല്ലെങ്കില്‍ അങ്ങിനെയാകുമ്പോഴാണ്  പ്രണയത്തിന്റെ വിശുദ്ധിയും പരിശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നത്. യഥാര്‍ത്ഥ മുത്ത് കിട്ടണമെങ്കില്‍ കടല്‍ പരപ്പില്‍ നീന്തിയാല്‍ പോരാ കടലിനടിയിലേക്കു ആഴങ്ങളിലേക്ക് നീന്തണം. പ്രണയവും ഒരു കടല്‍പോലെയാണ്. നീന്തുക ആഴങ്ങളിലേക്ക് നീന്തുക മുത്തുകള്‍ കിട്ടും പരിശുദ്ധമായ പ്രണയത്തിന്റെ മുത്തുകള്‍. തീര്‍ച്ച.

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ: സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

Follow Us:
Download App:
  • android
  • ios