Asianet News MalayalamAsianet News Malayalam

പ്രണയം ആണും പെണ്ണും  തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്

വീശുന്ന ഓരോ ഇളം കാറ്റും
നിന്റെ ഗന്ധവുമായെത്തുന്നു.
പാടുന്ന ഓരോ പക്ഷിയും 
നിന്റെ പേരു മാത്രം ചൊല്ലുന്നു

Love Debate Sabeena M Sali
Author
Thiruvananthapuram, First Published Jun 21, 2017, 3:03 PM IST

Love Debate Sabeena M Sali

'പ്രപഞ്ചം ഒരു ബിന്ദുവിലേക്ക് ചുരുങ്ങുകയും, ഒരു ബിന്ദു പ്രപഞ്ചത്തോളം വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രണയം' എന്ന് വിക്ടര്‍ ഹ്യൂഗോ. ആത്മാക്കളുടെ പരിണയം എന്ന നിലയില്‍ അതിനെ നോക്കിക്കണുകയാണെങ്കില്‍, പ്രണയത്തിലായ വ്യക്തികള്‍ പരസ്പരം, ഒരാള്‍ മറ്റൊരാളുടെ ചിന്തയേയും ജീവിതത്തെത്തത്തന്നെയും പരിവര്‍ത്തനം ചെയ്യുന്നു എന്നു വേണം പറയാന്‍. അതോടെ ജീവിതത്തില്‍ അനിവാര്യമായ അഴിച്ചുപണികള്‍ നടത്താന്‍ ഇരുവരും സ്വമേധയാ തയ്യാറാകുന്നു. ദുരകളുടെ ഒറ്റവരകളില്ലാതെ, മനസ്സില്‍ ഇരമ്പിയാര്‍ക്കുന്ന ലാവണ്യാനുഭൂതികളെ പരസ്പരം പങ്കുവയ്ക്കുമ്പോള്‍, മനസ്സിന് വേഗക്കൂടുതല്‍ സംഭവിക്കുകയും, സമയത്തേയും കാലത്തേയും മറന്നുള്ള ആത്മാക്കളുടെ ചേഷ്ടകള്‍  ഇരുവരും ചേര്‍ന്നാസ്വദിക്കുകയും ചെയ്യുന്നു. അതോടെ ആകാശത്തിന്റെ സ്വാതന്ത്ര്യവും ഭൂമിയുടെ വാഴ്‌വും അവര്‍ക്ക് മാത്രം അവകാശപ്പെട്ടതായിത്തീരുന്നു.

ഇല കൊഴിഞ്ഞ സിദ്ര് മരങ്ങള്‍ വസന്തത്തെ സ്വപ്നം കാണും പോലെ, ഒറ്റപ്പൂ പോലും വാടാത്ത ഒരു പൂന്തോട്ടവും, അതില്‍ ഇളവെയിലും  മഞ്ഞും മഴത്തുള്ളിയും, തിളങ്ങുന്ന മഴവില്‍ വര്‍ണങ്ങളാല്‍ കവിതയെഴുതുന്നത് പ്രണയികള്‍ കിനാ കാണുന്നു. നിലാവുള്ള രാത്രികളില്‍ ആകാശത്തെ നിവര്‍ത്തിയിട്ട് അവര്‍ നക്ഷത്രങ്ങളെ പെറുക്കിയെടുക്കുന്നു.


വീശുന്ന ഓരോ ഇളം കാറ്റും
നിന്റെ ഗന്ധവുമായെത്തുന്നു.
പാടുന്ന ഓരോ പക്ഷിയും 
നിന്റെ പേരു മാത്രം ചൊല്ലുന്നു
തെളിയുന്ന ഓരോ സ്വപ്നത്തിലും
നിന്റെ മുഖം വെളിവാകുന്നു.


സ്‌നേഹത്തിന്റെ കൊടിക്കൂറയില്‍ പരസ്പരം പേരുകള്‍ തുന്നിച്ചേര്‍ത്ത് പ്രണയത്തിന്റെ ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ അവസ്ഥയാണത്. രാപ്പകലുകള്‍ വ്യത്യസമില്ലാതെ മനസ്സുകള്‍ സംവദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് മതവും ദേശീയതയും എന്തിനേറെ, ഭാഷ പോലും പ്രണയം മാത്രമായിത്തീരുന്നു. പ്രണയത്താല്‍ പ്രചോദിതമായിക്കഴിഞ്ഞാല്‍ ആത്മാവിനുള്ളില്‍ ലില്ലിപ്പൂക്കള്‍ വിരിയും. മഴ തോരാതെ പെയ്യും. 'ഭൂമിക്കപ്പുറം ക്ഷീരപഥങ്ങള്‍ക്കുമപ്പുറം, ഇതാ നിന്റെ സ്‌നേഹം ഞാന്‍ കൈക്കുമ്പിളില്‍ കോരിയെടുക്കുന്നു' എന്നുരുവിട്ട്, അനുരാഗികള്‍ ചിറകുകളില്ലാതെ ഭൂമിയെ വലം വയ്ക്കുന്നു. മൗനത്തിന്റെയോ മറവിയുടെയോ ഇടവേളകളില്‍ ഏകരാകുമ്പോഴേക്കും വിരഹം കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നു. അകന്നു നില്‍പ്പുകള്‍ക്കുപോലും ആത്മസുഖം തോന്നുമ്പോള്‍, വീഞ്ഞും പാനപാത്രവും വേര്‍തിരിക്കാനാവാത്തതുപോലെ, മനസ്സും ആത്മാവും ഭ്രമാത്മകമായ ഒരു സ്വപ്നാവസ്ഥയില്‍ എത്തിച്ചേരുന്നു.

നിലാവുള്ള രാത്രികളില്‍ ആകാശത്തെ നിവര്‍ത്തിയിട്ട് അവര്‍ നക്ഷത്രങ്ങളെ പെറുക്കിയെടുക്കുന്നു.

ആത്മബന്ധത്താല്‍ അലിഞ്ഞു ചേര്‍ന്ന വികാരം എന്ന നിലയില്‍, പ്രണയം ആണും പെണ്ണും തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്. ആത്മാക്കളുടെ പരിണയത്തില്‍, ഉടലുകള്‍ക്ക് പ്രസക്തിയില്ലാത്തിടത്തോളം, ലിംഗഭേദമന്യേ, പ്രായഭേദമന്യേ, ആര്‍ക്കും ആരോടും അനുഭവപ്പെടുന്ന ഒരു തോന്നലിന്റെ അവസ്ഥയാണ് പ്രണയം. പ്രണയത്തിന്റെ അപ്പോസ്തലന്‍ എന്ന് നാമെല്ലാം വാഴ്ത്തുന്ന ജലാലുദ്ദീന്‍ റൂമി പോലും പ്രണയിച്ചത്, തബ്രീസിലെ, ഷംസ് എന്ന സൂഫിയെയാണ്. അതിനെ സ്വവര്‍ഗ്ഗാനുരാഗം എന്ന് ആരും വിശേഷിപ്പിച്ചില്ല. മറിച്ച് ദൈവസാക്ഷാത്ക്കാരമായി കൊണ്ടാടി.  

ഒരിക്കലും കാണാത്ത കാമിനിയുമായി പ്രണയത്തിലാവുകയും, അതിന്റെ വിവശതയില്‍ കാവ്യരചന നടത്തുകയും ചെയ്തയാളാണ് ലബനോന്റെ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍. ബന്ധങ്ങളുടെ വൈചിത്ര്യം കൊണ്ടു തന്നെ, വാക്കിനാല്‍ തീര്‍ക്കുന്ന പ്രണയത്തിന്റെ സ്ഫടികസൗധം ഉടയാതെ സൂക്ഷിക്കുകയെന്നതാണ് പ്രണയിതാക്കളുടെ മനശുദ്ധി. എത്ര തന്നെ ഭിന്നതകളുണ്ടായാലും, പരസ്പരം ആദരവ് നിലനിര്‍ത്തി, നെഞ്ചിലെ മിടിപ്പിനൊപ്പം ആ പേര് ചേര്‍ത്തു വയ്ക്കണമെങ്കില്‍, ആത്മബന്ധത്താല്‍ അലിഞ്ഞു ചേര്‍ന്നതായിരിക്കണം ആ വികാരം.

പ്രണയത്തിലെപ്പോഴും പൂക്കള്‍ കൊഴിഞ്ഞുകൊണ്ടേയിരിക്കണമെന്ന് ഒരിക്കലും വാശി പിടിക്കരുത്.

പ്രണയത്തിലെപ്പോഴും പൂക്കള്‍ കൊഴിഞ്ഞുകൊണ്ടേയിരിക്കണമെന്ന് ഒരിക്കലും വാശി പിടിക്കരുത്. നിന്റെ ആത്മാവിന്റെ തന്ത്രികള്‍ പൂവിതളുകള്‍ കൊണ്ട് ഞാന്‍ മീട്ടിക്കൊണ്ടേയിരിക്കും എന്ന് പറയുമ്പോഴും രണ്ടിലൊരാള്‍ക്ക് അതൃപ്തിയുടെ അസ്‌കിതയുണ്ടെങ്കില്‍, അത് ഇരുവരും  താമസംവിനാ തിരിച്ചറിയണം. കാരണം, ആത്മാവും മാംസവും തമ്മിലുള്ള സംഘര്‍ഷത്തില്‍, ആത്മാവ് പരാജയപ്പെട്ടാല്‍, അതോടെ പ്രണയവും ചക്രശ്വാസം വലിക്കും.  സുതാര്യവും നിഷ്‌കളങ്കവുമായ സ്‌നേഹത്തില്‍, രതിയുടെ കോമ്പല്ലുകള്‍ മുളച്ചു തുടങ്ങിയാല്‍, അത് പ്രേമമായോ, കാമമായോ പരിണമിക്കും. അതിനിടകൊടുക്കാതെ, ക്ഷീരപഥത്തിലെ ഗ്രഹങ്ങള്‍ പോലെ, ആത്മാവിലൂറിയ പ്രണയമെന്ന പരസ്പരാകര്‍ഷണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍, നല്ല ഓര്‍മ്മകളുമായി ഓരോരുത്തരും മൗനത്തിന്റെ താവളത്തിലെക്ക് പിന്‍വാങ്ങുന്നതാവും ഉത്തമം. അതല്ലാതെ വരുമ്പോഴാണ് കൂട്ടിയിടിയും സ്‌ഫോടനവും പുറം ലോകമറിയുന്നത്.

പ്രണയം ഒരുതരം ആത്മീയ വിനോദമാണെങ്കില്‍,പ്രണയിക്കുകയെന്നാല്‍ ദൈവത്തില്‍ എത്തിച്ചേരുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ, ജീവിതത്തിന്റെ ഓരോ സ്പന്ദനത്തിലും പ്രണയം ദര്‍ശിക്കുവാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. എത്രമാത്രം ദു:ഖകരമായ ജീവിതാവസ്ഥയിലും ഓര്‍മ്മകളിലേക്ക് സൗരഭ്യം കുടഞ്ഞിടാന്‍ അവരുടെ ഓരോ പ്രണയത്തിനുമാകും. 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​

ഇന്ദു ബാബു നായര്‍: പ്രണയം എത്രയായാലും പൈങ്കിളിയാണ്​

ജില്‍ന ജന്നത്ത് കെ വി: പാടുന്ന പ്രണയം!
 

Follow Us:
Download App:
  • android
  • ios