Asianet News MalayalamAsianet News Malayalam

മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!

എന്നാല്‍ യാഥാര്‍ത്ഥ്യം അതില്‍ നിന്നൊക്കെ വളരെ അകലെയാണ്. പ്രണയം വരുന്ന സമയത്ത് അത് ഒരു ഭൂമികുലുക്കത്തിന്റെ ആരംഭമായി പ്രണയികള്‍ക്കു തോന്നാം. എന്നാല്‍ അതിനു ശേഷമോ? ഇത്രയേയുള്ളോ എന്നു തോന്നും. പിന്നെയത് സ്‌നേഹമായി പരിണമിക്കും.

Love Debate Sunitha Devadas
Author
Thiruvananthapuram, First Published Jun 15, 2017, 11:44 AM IST
  • Facebook
  • Twitter
  • Whatsapp

Love Debate Sunitha Devadas

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയത്തെക്കുറിച്ച് Louis de Bernieres തന്റെ Corelli's Mandolin ല്‍ പറഞ്ഞതിനോട് യോജിക്കാനാണ് ഇഷ്ടം. പ്രണയത്തില്‍ വീഴുക എന്നതൊരു താല്‍ക്കാലിക ഭ്രാന്ത് മാത്രമാണ്. അഗ്‌നിപര്‍വതം പോലെയോ ഭൂമികുലുക്കം പോലെ ആണ് അതു വരിക. പീന്നീടത് ഭൂമികുലുക്കത്തിനും അഗ്‌നിപര്‍വത സ്‌ഫോടനത്തിനും ശേഷമെന്ന പോലെ ശാന്തമായി അമരും. ചുരുക്കി പറഞ്ഞാല്‍ ഇത്രയേ ഉള്ളു പ്രണയം. അല്ലാതെ ഈ മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം.

പലരും പ്രണയത്തെ വിവരിക്കുന്നതും സ്വപ്നം കാണുന്നതും എഴുതുന്നതും ഒരു ഫാന്റസി പോലെയാണ്. കഥ പറച്ചിലുകാര്‍ ഉണ്ടാക്കി വച്ച ഒരു വല്ലാത്ത ഫാന്റസിയുടെ പുറത്താണ് മനുഷ്യന്‍ പ്രണയം തെരയുന്നത്.

എന്നാല്‍ യാഥാര്‍ത്ഥ്യം അതില്‍ നിന്നൊക്കെ വളരെ അകലെയാണ്. പ്രണയം വരുന്ന സമയത്ത് അത് ഒരു ഭൂമികുലുക്കത്തിന്റെ ആരംഭമായി പ്രണയികള്‍ക്കു തോന്നാം. എന്നാല്‍ അതിനു ശേഷമോ? ഇത്രയേയുള്ളോ എന്നു തോന്നും. പിന്നെയത് സ്‌നേഹമായി പരിണമിക്കും. പ്രണയത്തിനു മുമ്പ്, പ്രണയം,ശേഷം എന്നീ മൂന്നവസ്ഥകള്‍ കൃത്യമായി ഉണ്ട്. സ്‌നേഹമായി പരിണയിച്ച പ്രണയമൊരിക്കലും തിരിച്ചു വന്ന ചരിത്രമില്ല. പ്രണയം അവസാനിക്കാനും അവസാനിപ്പിക്കാനുള്ള എളുപ്പ വഴിയാണ് വിവാഹം. പ്രണയിക്കുന്നവരെ പ്രണയം മൂത്തു കല്യാണം കഴിച്ചാല്‍ അതോടെ പ്രണയത്തിന്റെ അസ്‌ക്യത മാറി കിട്ടും.  കത്തുന്ന തീയില്‍ വെള്ളം കോരിയൊഴിക്കുന്നതു പോലെ വിവാഹത്തോടെ സുഖപ്പെടുന്ന ഭ്രാന്താണ് പ്രണയം.

പലരും പ്രണയത്തെ വിവരിക്കുന്നതും സ്വപ്നം കാണുന്നതും എഴുതുന്നതും ഒരു ഫാന്റസി പോലെയാണ്.

ചിലരൊക്കെ പറയുന്നതു കേള്‍ക്കാറുണ്ട്. വിവാഹം കഴിഞ്ഞു പത്തു വര്‍ഷമായി, ഞങ്ങളിപ്പോഴും പ്രണയത്തിലാണെന്ന്. അവര്‍ക്ക് പ്രണയവും സ്‌നേഹവും തമ്മില്‍ തിരിച്ചറിയാനാവുന്നില്ല എന്നതാണ്. അല്ലെങ്കില്‍ അവരൊരിക്കലും പ്രണയിച്ചില്ല. സ്‌നേഹിച്ചിട്ടേയുള്ളു.

'പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്.

സാറാമ്മയുടെ കേശവന്‍ നായര്‍

എന്നൊക്കെ സാഹിത്യകാരന്‍മാര്‍ എഴുതിയതു വായിച്ചു പ്രണയികള്‍ സാറാമ്മയേയും കേശവന്‍നായരേയും അന്വേഷിച്ചു ശ്വാസം പിടിച്ചു നടക്കും. വിശപ്പു നഷ്ടപ്പെട്ടു പട്ടിണി കിടക്കും. ഉന്മാദാവസ്ഥയിലെന്ന പോലെ കരയും, ചിരിക്കും, പരിഭവിക്കും.ഒടുക്കം സാറാമ്മയെ കിട്ടി കഴിയുമ്പോള്‍ കേശവന്‍നായര്‍ക്കു തോന്നും ഇതായിരുന്നില്ല ഞാനന്വേഷിച്ച സാറാമ്മ. അവള്‍ മറ്റെവിടെയോ ഉണ്ട് എന്ന്. തിരിച്ചും.

അതിനാലാവും ഒരിക്കല്‍ പ്രണയിച്ചവര്‍ വീണ്ടും പ്രണയിക്കുന്നത്. പ്രണയം തുടങ്ങുമ്പോഴുള്ള, അഗ്‌നിപര്‍വതം പൊട്ടുന്നതിനു തൊട്ടു മുമ്പുള്ള ആ തീക്ഷ്ണമായ അവസ്ഥ ഒരിക്കലറിഞ്ഞവര്‍ വീണ്ടും അതിലൂടെ കടന്നു പോവാന്‍ ആഗ്രഹിക്കും. അത്രക്കും മോഹിപ്പിക്കുന്ന ദിനരാത്രങ്ങളാണ് അത്.  അല്ലാതെ കാഞ്ചനമാലയെ പോലെ ഒരിക്കല്‍ മാത്രം പൂവിടുന്ന അപൂര്‍വസിദ്ധിയല്ല പ്രണയം. അത് ഇടക്കിടെ തോന്നാം. ആരോടും തോന്നാം. ഒരിക്കല്‍ പ്രണയിച്ചവരെ കാലത്തിനു ശേഷം വീണ്ടും പ്രണയിക്കാം. പക്ഷേ ഒന്നുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ പ്രണയിച്ചവരെ ഒരിക്കലും മനസില്‍ നിന്നും ഇറക്കി വിടാന്‍ കഴിയില്ല. പ്രേതബാധ പോലെയാണത്. ഒളിഞ്ഞും തെളിഞ്ഞും മുനിഞ്ഞും വിറച്ചും വന്നും പോയും.

വിവാഹത്തോടെ സുഖപ്പെടുന്ന ഭ്രാന്താണ് പ്രണയം.

ആദ്യം പ്രണയിക്കുന്ന വ്യക്തിക്ക് പ്രത്യേകിച്ചെന്തെങ്കിലും കൂഴപ്പമുള്ളതുകൊണ്ടാവണമെന്നില്ല രണ്ടാമത്തെ പ്രണയമുണ്ടാവുന്നത്. മോഹിപ്പിക്കുന്നതെന്തോ അയാളിലും ഉള്ളതു കൊണ്ടാണ്. ചിലപ്പോഴൊരു ചിരിയാവാം.. സംസാരിക്കുന്നതിനിടക്കുള്ള ചെറിയ വിക്കാവാം. ബുദ്ധിയാവാം, എന്തുമാവാം. പലപ്പോഴും എല്ലാം തികഞ്ഞവരോടൊന്നുമല്ല പ്രണയം തോന്നുക. അല്ലേലും തികഞ്ഞ മാന്യന്‍മാരേയും മഹതികളേയും പ്രേമിച്ചിട്ട് എന്തിനാണ്. അങ്ങേയറ്റത്തെ കുറുമ്പും കുസൃതിയും പ്രസരിപ്പും ഒക്കെ പ്രണയകാലം നീട്ടിയേക്കാം.

ഒരിക്കല്‍ പ്രണയിച്ചവര്‍ വീണ്ടും പ്രണയിക്കില്ലെന്നോ അല്ലെങ്കില്‍ ആദ്യ പ്രണയം മാത്രമാണ് മഹത്തരം എന്നോ ഒക്കെയുള്ളതും സാഹിത്യകാരന്‍മാര്‍ സൃഷ്ടിച്ചതാവാം. സത്യത്തില്‍ എല്ലാ പ്രണയങ്ങളും ആദ്യ പ്രണയമാണ്. ആ വ്യക്തികള്‍ തമ്മിലുള്ള ആദ്യപ്രണയം. അതിനാലാവും വീണ്ടും വീണ്ടും മനുഷ്യര്‍ 'ആദ്യപ്രണയത്തില്‍' വീണു പോവുന്നത്.

എന്തൊക്കെ പറഞ്ഞാലും സദാചാര ചട്ടക്കൂടിനപ്പുറത്തേക്ക് പ്രണയത്തെ കടത്താന്‍ പൊതുവെ ആളുകള്‍ക്ക് ഭയമാണ്. അല്ലെങ്കില്‍ മടിയാണ്. യാഥാര്‍ത്ഥ്യം എന്തുതന്നെയാണെങ്കിലും. ലൈംഗികതയും പ്രണയവുമൊക്കെ എന്നും പരിശുദ്ധവും പവിത്രവുമായ ഒരു ഫാന്റസിയായാണ് സംരക്ഷിച്ചു പോരുന്നത്. അതിനപ്പുറത്ത് രണ്ടു മനുഷ്യര്‍ തമ്മിലുള്ള ആരോഗ്യകരമായ ബന്ധമായി അതിനെ കാണാന്‍ പലപ്പോഴും കഴിയാറില്ല.

പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍ പ്രണയമെന്നാല്‍ സ്വന്തമാക്കലും അടിച്ചമര്‍ത്തലും നിയന്ത്രിക്കലും മറ്റേയാളുടെ സകല കാര്യത്തിലും ഇടപെടലും എന്നു വേണ്ട അങ്ങേയറ്റത്തെ വെറുപ്പിക്കലുമാണ്. ഓരോ മനുഷ്യനും മിനിമം ആവശ്യമുള്ള ഒരു സ്‌പെയ്‌സുണ്ട.് അതിനകത്തേക്ക് മറ്റൊരാള്‍ കയറി വരുമ്പോള്‍ ആദ്യമൊരു രസം തോന്നുമെങ്കിലും പീന്നീടത് സഹിക്കാന്‍ കഴിയാത്ത ബാധ്യതയാവും. ആദ്യകാലത്ത് ഇഷ്ടം മൂത്ത് കയറിക്കൂടിയ സ്‌പെയ്‌സില്‍ നിന്നുള്ള ബാധയൊഴിപ്പിക്കലാണ് പ്രണയപരാജയം.

അതേസമയം എം ടി വാസുദേവന്‍ നായര്‍ എഴുതിയ പോലെ, 'എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല, വഴിയില്‍ തടഞ്ഞു നിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല . ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ, വെറുതെ...എനിക്ക് നിങ്ങളെ ഇഷ്ടമാണ്'. എന്നു പറഞ്ഞു പ്രണയിച്ചാല്‍ എത്ര രസമായിരിക്കും. എത്ര സമാധാനമുണ്ടാവും.

പ്രണയത്തിന് ആയുഷ്‌ക്കാല ദൈര്‍ഘ്യമൊന്നും ഉണ്ടാവണമെന്നുമില്ല.

പ്രണയമൊരു കൂട്ടാണ്. ഉള്ളിലൊതുങ്ങി വിങ്ങി നില്‍ക്കുന്ന ദൈനംദിന കാര്യങ്ങള്‍ പറയാന്‍, കൊതിച്ചു വായിക്കുന്നതും ഹൃദയത്തില്‍ പതിഞ്ഞതും  ചര്‍ച്ച ചെയ്യാന്‍, ജീവിതത്തെക്കുറിച്ചു സ്വപ്നം കാണുന്നതു പറയാന്‍, മഞ്ഞിലും മഴയിലും പൊരിവെയിലിലും യാത്ര പോവാന്‍  എന്നു തുടങ്ങി പരസ്പരം സംവദിക്കാന്‍ കഴിയുന്ന തീക്ഷ്ണ സൗഹൃദം കൂടിയാണ് പ്രണയം. അല്ലാതെ ചുമ്മാ പഞ്ചാരയടിക്കാനും കെട്ടിപ്പിടിക്കാനും ഉമ്മ വക്കാനും കുടുംബം കെട്ടിപ്പടുക്കാനും പീന്നീട് കുടുംബപ്രാരാബ്ധം ചുമലിലേറ്റി നല്ല ഭാര്യയാവാനുമുള്ള പാതയിലേക്കുള്ള സഞ്ചാരമോ കുടുംബമെന്ന മോക്ഷ പ്രാപ്തിക്കുള്ള ടിക്കറ്റോ ഒന്നുമല്ല.

പ്രണയത്തിന് ആയുഷ്‌ക്കാല ദൈര്‍ഘ്യമൊന്നും ഉണ്ടാവണമെന്നുമില്ല. എന്നാല്‍ അത് വരുന്നത് അഗ്‌നിപര്‍വതം പുകഞ്ഞു പൊട്ടുമ്പോലെയോ ഭൂമികുലുക്കം പോലെയോ തന്നെയാണ്. ചുറ്റുപാടുകള്‍ കാണാതെ, നാശനഷ്ടങ്ങളുടെ മുന്‍കൂര്‍ കണക്കെടുപ്പില്ലാതെ, അതില്‍ ഒഴുകിയൊലിച്ചു പോവുന്നവയെക്കുറിച്ചു വേവലാതിയില്ലാതെ, അപരന്് ചിന്തിക്കാന്‍ പോലും ഇടനല്‍കാതെ പൊട്ടിപ്പിളര്‍ന്നു കുത്തിയൊലിച്ചു ഒഴുകി നീങ്ങുന്ന അഗ്‌നിലാവ.

അഗ്‌നിപര്‍വതങ്ങളൊരിക്കലും നിയമങ്ങള്‍ പാലിക്കാറില്ല. മുന്‍കൂട്ടി അറിയിക്കാറില്ല. എവിടെ പൊട്ടുമെന്നോ എപ്പോള്‍ പൊട്ടുമെന്നോ എപ്പോള്‍ നിലക്കുമെന്നോ ശാന്തമാവുമെന്നോ പ്രവചിക്കാന്‍ കഴിയാത്തതു പോലെ നിറഞ്ഞൊഴുകുന്ന അഗ്‌നിലാവയാണ് പ്രണയം. 

 

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

Follow Us:
Download App:
  • android
  • ios