യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും കാരണം ഇന്ത്യന്‍ രൂപയും കൂപ്പുകുത്തി.

റാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപം മാറ്റിത്തുടങ്ങിയതോടെ ശക്തി പ്രാപിച്ച് യുഎസ് ഡോളര്‍ . യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടവും കാരണം ഇന്ത്യന്‍ രൂപയും കൂപ്പുകുത്തി. തിങ്കളാഴ്ച ഡോളറിനെതിരെ 23 പൈസ ഇടിഞ്ഞ് 86.78 എന്ന അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. എണ്ണ വിപണിയിലും വലിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായി. . ക്രൂഡ് ഓയില്‍ വില അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

യെന്നിനെതിരെ ഡോളര്‍ ഒരു ശതമാനം ഉയര്‍ന്ന് 147.450 എന്ന നിലയിലെത്തി. ഇത് മെയ് 15 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ജപ്പാന്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 90% പശ്ചിമേഷ്യയില്‍ നിന്നായതുകൊണ്ട് എണ്ണവില ഉയര്‍ന്നാല്‍ ഡോളര്‍/യെന്‍ വിനിമയ നിരക്ക് ഇനിയും ഉയരുമെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ വിദഗ്ദ്ധര്‍ പറയുന്നു. യുഎസ് കറന്‍സിയുടെ മൂല്യം മറ്റ് ആറ് പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുന്ന ഡോളര്‍ സൂചിക 0.15% ഉയര്‍ന്ന് 99.065 എന്ന നിലയിലെത്തി.

ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നത് വിപണികള്‍ ഉറ്റുനോക്കുകയാണെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയിലെ വിദഗ്ധര്‍ പറയുന്നു. സംഘര്‍ഷം സാമ്പത്തികമായി ദോഷകരമാകുന്നതിനേക്കാള്‍ വിലക്കയറ്റത്തിന് കാരണമാകുമോ എന്നതിലാണ് ആശങ്കയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍, ഇസ്രായേല്‍, യുഎസ് സര്‍ക്കാരുകളുടെ അഭിപ്രായങ്ങളും നടപടികളും കറന്‍സി വിപണിയുടെ ഗതി നിര്‍ണയിക്കുമെന്ന് ബാങ്ക്് വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ സുരക്ഷിത കറന്‍സികളുടെ മൂല്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുഎസ് ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പര്‍വതത്തില്‍ 30,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ വര്‍ഷിച്ചതിന് പിന്നാലെ യുഎസിനെ പ്രതിരോധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കത്തിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ആഗോള എണ്ണ കയറ്റുമതിയുടെ ഏകദേശം കാല്‍ ഭാഗവും ഇറാന്‍, ഒമാന്‍, യുഎഇ എന്നിവ പങ്കിടുന്ന ഈ ഇടുങ്ങിയ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.