ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം സാധാരണക്കാരെ ബാധിക്കുമോ? പരിശോധിക്കാം

റാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഇന്ത്യയെ നിലവില്‍ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാകുകയാണെങ്കില്‍ അത് സാധാരണക്കാരന്റെയും നിക്ഷേപകരുടെയും സാമ്പത്തിക സ്ഥിതിയെ പല തരത്തില്‍ ബാധിച്ചേക്കാം. സാധാരണക്കാരെ ബാധിക്കുമോ ഈ സംഘര്‍ഷം? പരിശോധിക്കാം..

ഇന്ധനവിലയെ എങ്ങനെ ബാധിക്കും:

സംഘര്‍ഷം കാരണം പെട്രോള്‍, ഡീസല്‍, പാചകവാതകം, സിഎന്‍ജി എന്നിവയുടെ വില വര്‍ധിക്കുകയാണെങ്കില്‍ അത് കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കും. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും പ്രകൃതിവാതകത്തിന്റെ 50 ശതമാനവും മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന്, ലോകത്തിലെ മൊത്തം എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ പ്രതിദിന ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 5.5 ദശലക്ഷം ബാരലാണ്. ഇതില്‍ ഏകദേശം 2.2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. സംഘര്‍ഷം രൂക്ഷമായാല്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ (എല്‍പിജി), കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) എന്നിവയുടെ വിലയെയും ബാധിക്കാം. ഇന്ത്യന്‍ വീടുകളില്‍ ഉപയോഗിക്കുന്ന മൂന്ന് എല്‍പിജി സിലിണ്ടറുകളില്‍ രണ്ടെണ്ണവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഇന്ത്യയില്‍ ഇന്ധന വില ഉയരാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും, റഷ്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉള്‍പ്പെടെ നിരവധി ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാല്‍ ദീര്‍ഘകാല ഇന്ധന പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കും. ഇന്ത്യയുടെ പ്രധാന വാതക വിതരണക്കാര്‍ ഖത്തര്‍ ആണ്. ഖത്തര്‍ ഇന്ത്യയിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്നില്ല. ഓസ്ട്രേലിയ, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ വാതകം ഇറക്കുമതി ചെയ്യുന്നുണ്ട്.

വായ്പകളെ എങ്ങനെ ബാധിക്കും?

സംഘര്‍ഷം കൂടുതല്‍ വഷളാകുകയാണെങ്കില്‍ ഇന്ധന വില വര്‍ധനവിന് അത് ഇടയാക്കും, ഇത് പണപ്പെരുപ്പം ഉയര്‍ത്തും. പണപ്പെരുപ്പം ഉയര്‍ന്നാല്‍, നിലവിലെ റിപ്പോ നിരക്ക് കുറയ്ക്കുന്നതില്‍ ആര്‍ബിഐ താല്‍ക്കാലികമായി നിര്‍ത്തുകയോ അല്ലെങ്കില്‍ സമീപകാല റിപ്പോ നിരക്ക് കുറച്ചത് പിന്‍വലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്‌തേക്കാം. അങ്ങനെ വന്നാല്‍ വീണ്ടും പലിശ കൂടും.

ഓഹരി നിക്ഷേപകരെ എങ്ങനെ ബാധിക്കും

ഏത് സംഘര്‍ഷവും സമ്പദ്വ്യവസ്ഥയ്ക്കും വിപണികള്‍ക്കും, അതുവഴി റീട്ടെയില്‍ ഓഹരി നിക്ഷേപകര്‍ക്കും ദോഷകരമാണ്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഉടന്‍ അവസാനിച്ചില്ലെങ്കില്‍ ഓഹരി വിപണി കൂടുതല്‍ അസ്ഥിരത നേരിടേണ്ടി വന്നേക്കാം. സംഘര്‍ഷം കൂടുതല്‍ വഷളാകുകയാണെങ്കില്‍ എണ്ണ വ്യോമയാനം, പെട്രോകെമിക്കല്‍സ്, കെമിക്കല്‍സ്, പെയിന്റുകള്‍, ടയറുകള്‍, ഓട്ടോമൊബൈല്‍സ്, രാസവളങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവയുടെ ഓഹരികളിലെ ചാഞ്ചാട്ടം ഓഹരി ഉടമകളെ മാത്രമല്ല, വിവിധ മ്യൂച്വല്‍ ഫണ്ടുകളിലൂടെ പരോക്ഷമായി ഓഹരികള്‍ കൈവശമുള്ളവരെയും ബാധിക്കും.

ഇന്ത്യന്‍ ബസ്മതി അരി ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍ എന്നതിനാല്‍ ബസ്മതി അരി വ്യാപാരികളെയും സംഘര്‍ഷം ബാധിക്കും

സ്വര്‍ണ്ണ വില മാറിമറയുമോ?

സംഘര്‍ഷം വര്‍ദ്ധിക്കുകയും യുഎസിനെപ്പോലുള്ള കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തില്‍ നേരിട്ട് പങ്കുചേരുകയും ചെയ്താല്‍ സ്വര്‍ണ്ണ വില ഇനിയും ഉയരാം. അതേ സമയം ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തേക്കാള്‍ യുഎസ് ബജറ്റ് കമ്മി സ്വര്‍ണ്ണവിലയെ കൂടുതല്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. സംഘര്‍ഷം പൂര്‍ണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഇനിയും വര്‍ധന ഉണ്ടായേക്കും.