കപ്പലുകൾ റൂട്ട് മാറ്റാനുള്ള സാധ്യതയുടെ ആദ്യ സൂചന. രണ്ട് സൂപ്പർടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ നിന്നും പിന്മാറി

റാനെതിരെ യുഎസ് ആക്രമണം നടത്തിയതോടെ ഏകദേശം 2 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വഹിക്കാൻ ശേഷിയുള്ള രണ്ട് സൂപ്പർടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്. ബ്ലൂംബെർഗ് സമാഹരിച്ച കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, കോസ്വിസ്ഡം ലെയ്ക്ക് സൗത്ത് ലോയൽറ്റി എന്നീ ടാങ്കറുകൾ ഹോർമുസ് പാതയിലേക്ക് കയറുകയും എന്നാൽ പിന്നീട് പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്ന് തെക്കോട്ട് യാത്ര തിരിക്കുകയും ചെയ്തു.

യുഎസ് ആക്രമണം നടത്തിയിട്ടും എണ്ണ വാതക ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. കോസ്വിസ്ഡം ലെയ്ക്കിന്റെയും സൗത്ത് ലോയൽറ്റിയുടെയും പിന്മാറാനുള്ള തീരുമാനം കപ്പലുകൾ റൂട്ട് മാറ്റാനുള്ള സാധ്യതയുടെ ആദ്യ സൂചനയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷം ചരക്ക് ​ഗതാ​ഗതത്തെ സ്വാധീനിക്കാൻ തുടങ്ങുമെന്നതിന്റെ സൂചന. കപ്പൽ ഉടമകളും എണ്ണ വ്യാപാരികളും ഇപ്പോൾ സൂക്ഷ്മമായി ഹോർമുസ് പാതയെ നിരീക്ഷിക്കുന്നുണ്ട്. ഹോർമുസ് വഴിയുള്ള യാത്രകൾ ആവശ്യമുണ്ടോയെന്ന് വീണ്ടും വിലയിരുത്താനും സ്ഥിതിഗതികൾ ശരിയാകുന്നതുവരെ സുരക്ഷിത തുറമുഖങ്ങളിൽ അഭയം തേടാനും തങ്ങളുടെ കപ്പലുകൾക്ക് ഇന്നലെ ഗ്രീക്ക് ഷിപ്പിംഗ് മന്ത്രാലയം നിർദേശം നൽകിയിരുന്നു.

പരിറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച ഇറാനെതിരെ നടന്നത്. ഇറാന്റെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവനുസരിച്ച് നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്നാണ് അറിയപ്പട്ടത്. ആക്രമണങ്ങളെത്തുടർന്ന്, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള നീക്കം ഇറാൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. യുഎസ് ആക്രമണത്തിൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കാം അല്ലെങ്കിൽ നശിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ ഈ സൂചനകളാണ് നൽകുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.