Asianet News MalayalamAsianet News Malayalam

അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം 20,000 കോടി; എഫ്പിഒയുടെ വിലയിലും ഷെഡ്യൂളിലും മാറ്റമില്ല

ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണം നടത്തുന്ന അദാനി ഗ്രൂപ്പിന്റെ എഫ്പിഒ തുടരും ഇഷ്യു വിലയിലോ ഷെഡ്യുളിലോ മാറ്റമില്ലെന്ന് അദാനി എന്റർപ്രൈസസ്. 20000  കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് 

No change in issue price and schedule of FPO Adani Ent
Author
First Published Jan 28, 2023, 6:43 PM IST

ദില്ലി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കനത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും  ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ നടത്തുന്ന ധനസമാഹരണം തുടരുമെന്ന് അദാനി എന്റർപ്രൈസസ്. പ്രഖ്യാപിച്ച തുകയിൽ ഷെഡ്യൂൾ അനുസരിച്ച് തന്നെ എഫ്പിഒ തുടരും. 

ബാങ്കർമാരും നിക്ഷേപകരും ഉൾപ്പെടെ ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും എഫ്‌പി‌ഒയിൽ പൂർണ്ണ വിശ്വാസമുണ്ട്. എഫ്പിഒയുടെ വിജയത്തെ കുറിച്ച്  അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് എന്ന് കമ്പനി അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഓഹരികൾ ഇടിഞ്ഞതിനാൽ ബാങ്കർമാർ  ഇഷ്യു വിലയിൽ മാറ്റം വരുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. 

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ ഓഹരി വിപണിയിൽ കനത്ത ഇടിവാണ് അദാനി ഗ്രൂപ്പ് ഓഹരികൾ നേരിട്ടത്.  ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ് എന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 88  ചോദ്യങ്ങളാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലുള്ളത്.  ഇതു വരെ ഈ ചോദ്യങ്ങളോട് അദാനി ഗ്രൂപ് പ്രതികരിച്ചിട്ടില്ല. 

മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ഓഫ്‌ഷോർ നികുതി സങ്കേതങ്ങളിൽ അദാനി ഗ്രൂപ്പ് എങ്ങനെയാണ് എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചോദ്യം ചെയ്തു. അദാനി ഗ്രൂപ്പിന്റെ കടബാധ്യതയും ചോദ്യ ചിഹ്നത്തിലായി. ചൊവ്വാഴ്ച ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതിനുശേഷം, കമ്പനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികൾക്ക് മൊത്തം 48 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടു.

റിപ്പോർട്ട് പുറത്ത് വന്നതോടെ അദാനി ഓഹരികൾ ഇടിഞ്ഞു. അദാനി ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഗൗതം അദാനിയുടെ ആസ്തി 98.5 ബില്യൺ ഡോളറാണ് ഇപ്പോൾ.

Follow Us:
Download App:
  • android
  • ios