ഫണ്ടുകള്‍ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് കനറാ ബാങ്ക് അനില്‍ അംബാനിയുടെ ആര്‍കോമിനെ തട്ടിപ്പുകാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
അനില്‍ അംബാനിയുടെ പാപ്പരായ ടെലികോം സംരംഭമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വായ്പാ അക്കൗണ്ടിന് നല്‍കിയ 'തട്ടിപ്പ്' (ഫ്രോഡ് ) മുദ്ര നീക്കാന്‍ തീരുമാനിച്ചതായി കനറാ ബാങ്ക് ബോംബെ ഹൈക്കോടതിയെ അറിയിച്ചു. 2017-ല്‍ കനറാ ബാങ്കില്‍ നിന്ന് ആര്‍കോം 1,050 കോടി രൂപ വായ്പയെടുത്തിരുന്നു. ഈ തുക മൂലധന ചെലവുകള്‍ക്കും നിലവിലുള്ള കടം വീട്ടുന്നതിനും വേണ്ടിയായിരുന്നു. എന്നാല്‍, ഈ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് കനറാ ബാങ്ക് അനില്‍ അംബാനിയുടെ ആര്‍കോമിനെ തട്ടിപ്പുകാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ തട്ടിപ്പ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട മാസ്റ്റര്‍ സര്‍ക്കുലറിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു ഈ നടപടി.
വായ്പയെടുത്തവര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ 'തട്ടിപ്പ്' എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് വാദം കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് ആര്‍ബിഐയുടെ മാസ്റ്റര്‍ സര്‍ക്കുലറും സുപ്രീം കോടതിയുടെ വിധിയും അനുശാസിക്കുന്നുണ്ട്. എന്നിട്ടും ഇത് ആവര്‍ത്തിച്ച് ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരെ ആര്‍ബിഐ നടപടിയെടുക്കുമോ എന്ന് അന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വായ്പ നേടിയ ശേഷം, കമ്പനി വീഴ്ച വരുത്തുകയും നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുകയും ചെയ്‌തെന്നും വായ്പാ അക്കൗണ്ടുകള്‍ 2017 മാര്‍ച്ച് 9-ന് നിഷ്‌ക്രിയ ആസ്തിയായി മാറിയെന്നും കാണിച്ച് കാനറ ബാങ്ക് ആര്‍കോമിന് നോട്ടീസയച്ചിരുന്നു.
നിബന്ധനകള്‍ക്കനുസരിച്ച് ഫണ്ടുകള്‍ വിനിയോഗിക്കാത്തതും മറ്റ് കടങ്ങള്‍ വീട്ടാന്‍ ഇന്റര്‍-കമ്പനി ഇടപാടുകള്‍ നടത്തിയതുമാണ് അക്കൗണ്ടുകള്‍ തട്ടിപ്പായി തരംതിരിച്ചതിന് കാരണമായി കനറാ ബാങ്ക് പറയുന്നത്. വായ്പയെടുത്ത തുക മ്യൂച്വല്‍ ഫണ്ടുകളിലും മറ്റ് ആസ്തികളിലും ആര്‍കോം നിക്ഷേപിച്ചിരുന്നുവെന്ന് ബാങ്ക് കുറ്റപ്പെടുത്തി. എന്നാല്‍ കമ്പനി പാപ്പരാകുന്നതിന് മുമ്പാണ് വായ്പകള്‍ എടുത്തതെന്നും അതിനാല്‍ നടപടികളില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നും ആര്‍കോം ചൂണ്ടിക്കാട്ടി. ഈ മാസം ആദ്യം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ആര്‍കോമിന്റെ വായ്പാ അക്കൗണ്ട് തട്ടിപ്പായി തരംതിരിച്ചിരുന്നു. വായ്പാ തുക മറ്റ് കമ്പനികളിലേക്ക് വകമാറ്റിയതും ഇന്റര്‍-കമ്പനി വായ്പാ ഇടപാടുകളും നിക്ഷേപങ്ങളും ഇന്‍വോയിസുകളുടെ ദുരുപയോഗവും ഇതിന് കാരണമായി എസ്ബിഐ ചൂണ്ടിക്കാട്ടിയിരുന്നു.