സൊമാറ്റോയുടെ മുന്‍ ജീവനക്കാരനാണ് എക്‌സില്‍ സൊമാറ്റോക്കെതിരെ പോസ്റ്റിട്ടത്. ഇത് പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ ദീപിന്ദര്‍ ഗോയല്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടു.
മുംബൈ: ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോം ആയ സൊമാറ്റോയുടെ കസ്റ്റമർ സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ട ഇടപെട്ട് സൊമാറ്റോ സി.ഇ.ഒയും സഹസ്ഥാപകനുമായ ദീപിന്ദര്‍ ഗോയല്‍. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് സൊമാറ്റോക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സൊമാറ്റോയുടെ മുന്‍ ജീവനക്കാരനാണ് പരസ്യമായി രംഗത്ത് വന്നത്. സൊമാറ്റോയുടെ ആദ്യകാല ടീം അംഗങ്ങളില്‍ ഒരാളും ഗ്രോത്ത് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്‌സ് പ്രൊഫഷണലുമായ രവി സുതഞ്ജനിയാണ് എക്‌സില്‍ സൊമാറ്റോക്കെതിരെ പോസ്റ്റിട്ടത്. ഇത് പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ ദീപിന്ദര്‍ ഗോയല്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടു.
കഴിഞ്ഞ 2-3 വര്‍ഷത്തിനിടെ സൊമാറ്റോയുടെ ഉപഭോക്തൃ സേവനം വളരെ മോശമായെന്ന് സുതഞ്ജനി തന്റെ പോസ്റ്റില്‍ പറയുന്നു. സൊമാറ്റോയിലെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവുകളുമായി സംസാരിക്കാൻ സാധിക്കാറില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഏതെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ ആണെങ്കില്‍ കൂടി ഇ-മെയില്‍ അയച്ച് 72 മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കുമെന്ന കമ്പനിയുടെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇതിന് മറുപടി നല്‍കിയത് കസ്റ്റമര്‍ സര്‍വീസ് എക്‌സക്യുട്ടീവ് അല്ല സൊമാറ്റോയുടെ സിഇഒ ആണെന്നതാണ് കൗതുകമായത്. ഇത് മന:പൂര്‍വമല്ല, എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്നും സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കി.
തങ്ങളുടെ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇങ്ങനെയല്ലെന്നും ഈ പ്രശ്നം പരിശോധിക്കുമെന്നും ഗോയല്‍ സുതഞ്ജനിക്ക് ഉറപ്പ് നല്‍കി. ഉപഭോക്താക്കളുടെ പരാതികളില്‍ സിഇഒ നേരിട്ട് ഇടപെട്ടത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി ഉപയോക്താക്കളും പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി. പിന്നീട് സൊമാറ്റോയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി താന്‍ സംസാരിച്ചതായും ഗോയലിന് ഇ-മെയില്‍ അയച്ചതായും സുതഞ്ജനി സ്ഥിരീകരിച്ചു. വിഷയത്തില്‍ ഗോയല്‍ ഉടന്‍ പ്രതികരിച്ചതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
സുതഞ്ജനിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിച്ചത്. സൊമാറ്റോയുടെ ഉപഭോക്തൃ സേവനത്തില്‍ നിരവധി പരാതികളും പുറകേയെത്തി. സൊമാറ്റോ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അവരുടെ പ്രധാന ലക്ഷ്യം വിറ്റുവരവ് വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമായെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.