ഹോർമുസ് അടയ്ക്കുമെന്ന ഭീഷണിയിലൂടെ ഇറാൻ്റെ ഉദ്ദേശ്യം വ്യക്തമാണ്, ലോക സാമ്പത്തിക വിപണിയുടെ പ്രാധാന തുറുപ്പ്ചീട്ട് കൈവശം വച്ചിട്ടുണ്ടെന്ന് ഇറാൻ ലോകത്തിന് മുന്നറിയിപ്പ് നൽകുകയാണ്.
ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായതായാണ് റിപ്പോർട്ട്. ഇതോടെ ആഗോള എണ്ണ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഹോർമുസ് അടയ്ക്കുമെന്ന വാർത്തകൾ എത്തിയതതോടെ ഇത് തടയാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് ഹോർമിസിന് ഇത്ര പ്രാധാന്യം? ഹോർമുസ് അടയ്ക്കുന്നത് ലോകത്തെ എങ്ങനെ ബാധിക്കും?
ഇന്ധന ധമനി - ഹോർമുസ് കടലിടുക്ക്
ഇറാനു വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണായക ചരക്ക് കടത്ത് മാര്‍ഗമാണ്. ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്.ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാം.
പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ഭാഗത്തെ കപ്പൽച്ചാലിന്റെ വീതി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെ കടന്നുപോകണം. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും.
2023 ലെ കണക്കുകൾ പ്രകാരം, സൗദി അറേബ്യ, യുഎഇ, ഇറാഖ്, കുവൈറ്റ്, ഖത്തർ തുടങ്ങിയ പ്രധാന കയറ്റുമതിക്കാർ 17 ദശലക്ഷം ബാരലിലധികം എണ്ണയാണ് കടലിടുക്ക് വഴി എല്ലാ ദിവസവും കൊണ്ടുപോകുന്നത്. ഖത്തറിൽ നിന്നുള്ള എൽഎൻജി കയറ്റുമതിയും ഇറാനിൽ നിന്നുള്ള പെട്രോളിയവും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. ചില ബദൽ പൈപ്പ്‌ലൈനുകൾ നിലവിലുണ്ടെങ്കിലും, അവയ്ക്ക് പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരൽ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്നതും ഹോർമുസിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഔദ്യോഗികമായി അടച്ചുപൂട്ടൽ ഉത്തരവ് ഇറാൻ പുറപ്പെടുവിച്ചിട്ടില്ല, പക്ഷേ ഹോർമുസ് അടയ്ക്കുമെന്ന ഭീഷണിയിലൂടെ ഇറാൻ്റെ ഉദ്ദേശ്യം വ്യക്തമാണ്, ലോക സാമ്പത്തിക വിപണിയുടെ പ്രാധാന തുറുപ്പ്ചീട്ട് കൈവശം വച്ചിട്ടുണ്ടെന്ന് ഇറാൻ ലോകത്തിന് മുന്നറിയിപ്പ് നൽകുകയാണ്.
ഹോർമുസ് അടച്ചുപൂട്ടൽ ലോകത്തെ എങ്ങനെ ബാധിക്കും?
ആഗോള എണ്ണവില കുതിക്കും
ഹോർമുസ് അടച്ചാൽ എണ്ണയുടെ ഒഴുക്ക് നിലയ്ക്കും എണ്ണവില ബാരലിന് 120–150 യുഎസ് ഡോളറിനു മുകളിലേക്ക് ഉയരാൻ ഇടയാക്കും. ബ്രെന്റ് ക്രൂഡ് ഇതിനകം ബാരലിന് 90 ഡോളർ കടന്നിട്ടുണ്ട്. എണ്ണവില കൂടുമെന്ന ആശങ്ക വരുന്നതോടെ ക്രൂഡ് ഓയിൽ കൂടുതൽ വാങ്ങുന്നതിനും സംഭരിക്കുന്നതിനും ഇത് കാരണമായേക്കാം, കൂടാതെ ഇന്ത്യ, ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ അംഗങ്ങൾ തുടങ്ങിയ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഏറ്റവും കൂടുതൽ ബാധിച്ചേക്കാം.
വ്യാപാര തടസ്സം എണ്ണയ്ക്ക് പുറമേ, ഹോർമുസ് കടലിടുക്ക് വ്യാപര ശൃംഖലയുടെ ഒരു പ്രധാന ധമനിയാണ്. എണ്ണ മാത്രമല്ല ഈ കടലിടുക്കിലൂടെ മറ്റ് പ്രധാന ചരക്കുകളും കടന്നുപോകുന്നുണ്ട്. ഇത് അടച്ചുപൂട്ടുന്നത് ഇതുവഴി ചരക്ക് അയക്കുന്ന രാജ്യങ്ങളെ ബാധിക്കും. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളെ സ്തംഭിപ്പിക്കും. ഇങ്ങനെ സംഭവിക്കുമ്പോൾ അവശ്യവസ്തുക്കളുടെ കയറ്റുമതി വൈകിപ്പിക്കും, ആഗോള ചരക്ക് ഗതാഗത ചെലവ് വർദ്ധിപ്പിക്കും. ഹോർമുസ് അടയ്ക്കുന്നതോടെ കപ്പലുകൾ ദീർഘമായ പാതകളിലൂടെ വഴിതിരിച്ചുവിടാൻ നിർബന്ധിതരാകും, ഇത് ചരക്ക് ഗതാഗത സമയവും ഇൻഷുറൻസ് പ്രീമിയങ്ങളും വർദ്ധിപ്പിക്കും.
ഏഷ്യയും യൂറോപ്പും ഊർജ്ജ പ്രതിസന്ധി നേരിടും
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഗൾഫിൽ നിന്ന് 60 ശതമാനത്തിലധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, കടുത്ത പണപ്പെരുപ്പം, ഇന്ധനക്ഷാമം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ നേരിടേണ്ടിവരും. ഉക്രെയ്ൻ യുദ്ധത്തിനുശേഷം ഇതിനകം തന്നെ എൽഎൻജി വിതരണത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന യൂറോപ്പിന് ഖത്തറിൽ നിന്നുള്ള പ്രധാന എൽഎൻജി ഇറക്കുമതി നഷ്ടപ്പെടും, ഇത് ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കും.
ഇറാന് തന്നെ ഭീഷണിയാകും
ഹോർമുസ് അടയ്ക്കുന്നത് ഇറാന് തന്നെ തിരിച്ചടിയാകും. ഇറാന്റെ നീക്കം ലോകത്തിന് ഭീഷണിയാണെങ്കിലും അത്തരമൊരു നീക്കം ഇറാന് തന്നെ ഗുരുതരമായ തിരിച്ചടി നൽകുകയും ദോഷം വരുത്തുകയും ചെയ്യും. കാരണം, ആഗോള എണ്ണ കയറ്റുമതിക്കുള്ള ഒരു വഴി മാത്രമല്ല ഹോർമുസ്. ഇറാന്റെ സ്വന്തം സാമ്പത്തിക ജീവനാഡി കൂടിയാണ് ഹോർമുസ് കടലിടുക്ക്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ കടുത്ത സമ്മർദ്ദത്തിലായിരിക്കുന്ന സമയത്ത് കടലിടുക്ക് അടച്ചുപൂട്ടുന്നത് അതിന്റെ പ്രാഥമിക വരുമാന സ്രോതസ്സിനെ കൂടി ബാധിക്കും. മാത്രമല്ല, ഹോർമുസിന്റെ ഒരു പൂർണ്ണ തോതിലുള്ള അടച്ചുപൂട്ടൽ ഇറാനെതിരെ സൈനിക പ്രതികാര നടപടിയെടുക്കാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിച്ചേക്കാം.