Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ കൊച്ചി വിമാനത്താവളത്തിൽ

ടൂറിസം, ബിസിനസ് രംഗങ്ങളിൽ കൊച്ചി വിമാനത്താവളത്തിനൊപ്പം കേരളത്തിന്‍റെയും മുഖച്ഛായ മാറ്റാൻ പര്യാപ്‍തമായ സൗകര്യം

Kochi Airport Business Jet Terminal CIAL
Author
First Published Dec 6, 2022, 9:09 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബര്‍ പത്തിന് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനൽ (Business Jet Terminal) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗകര്യമാണ്. ടൂറിസം, ബിസിനസ് രംഗങ്ങളിൽ കൊച്ചി വിമാനത്താവളത്തിനൊപ്പം കേരളത്തിന്‍റെയും മുഖച്ഛായ മാറ്റാൻ പര്യാപ്‍തമായ സൗകര്യമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിനെ സിയാൽ പരിഗണിക്കുന്നത്.

40,000 ചതുരശ്രയടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ വിസ്‍തീര്‍ണം. അന്താരാഷ്ട്ര, ഡൊമസ്റ്റിക് ജെറ്റ് യാത്രികരെ സ്വാഗതം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഇത് കൊച്ചി വിമാനത്താവളത്തെ അന്താരാഷ്ട്ര അതിഥികളുമായി കൂടുതൽ അടുപ്പിക്കും.

Kochi Airport Business Jet Terminal CIAL

നിലവിൽ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിൽ ബിസിനസ് ജെറ്റ് ടെര്‍മിനലുകള്‍ ഉണ്ടെങ്കിലും ഇത്രയും വിശാലവും നേരിട്ട് അതിഥികളിലേക്ക് തുറക്കുന്നതുമായ ടെര്‍മിനൽ ഇന്ത്യയിൽ ആദ്യമാണ്. ഇതാകട്ടെ താങ്ങാവുന്ന സര്‍വീസ് ഫീസിൽ പ്രവര്‍ത്തിക്കുന്നതുമാണ്. അതായത് സൗകര്യങ്ങള്‍ കൊണ്ട് ഇന്ത്യയിൽ ഒന്നാമതാണെങ്കിലും കുറഞ്ഞ നിരക്കിലൂടെ എളുപ്പം കൂടുതൽ അതിഥികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തെ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും.

ഈ സേവനം ഉപയോഗിക്കുന്ന യാത്രികര്‍ക്ക് കുറവുകള്‍ ഒന്നും തോന്നാതെ ഇരിക്കാന്‍ സുസജ്ജമാണ് ബിസിനസ് ജെറ്റ് ടെര്‍മിനൽ. സെക്യൂരിറ്റി ഒഴിവാക്കിയിട്ടുള്ള അതിഥികള്‍ക്ക് പ്രത്യേകം സേഫ് ഹൗസ് സംവിധാനം, അഞ്ച് വിപുലമായ ലൗഞ്ചുകള്‍, ഒരു ബിസിനസ് സെന്‍റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, ഒരു ഹൈ എൻഡ് വീഡിയോ കോൺഫറൻസിങ് റൂം എന്നിവയാണ് മുന്തിയ സൗകര്യങ്ങളിൽപ്പെടുന്നത്.

പ്രൊഫഷണലായ ടെര്‍മിനൽ മാനേജ്മെന്‍റും പാസഞ്ചര്‍ ഹാൻഡ്‍ലിങ് രീതികളും ബിസിനസ് ജെറ്റ് ടെര്‍മിനലിൽ പ്രത്യേകം നടപ്പാക്കുന്നുണ്ട്. ഇത് യാത്രികര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവം നൽകുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്.

ടെര്‍മിനലിനോട് ചേര്‍ന്നുതന്നെ വിമാനങ്ങളുടെ പാര്‍ക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ രൂപകൽപ്പന. കാറിൽ വന്നെത്തുന്ന അതിഥികള്‍ക്ക് വെറും 2 മിനിറ്റിൽ വിമാനത്തിലേക്ക് പ്രവേശിക്കാനാകും. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദൂരമാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ നിര്‍മ്മാണത്തിലും മികവ് പുലര്‍ത്തി. വെറും പത്ത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 30 കോടിരൂപ മാത്രമാണ് ചെലവായത്. എന്നാൽ അന്താരാഷ്ട്ര ഗുണനിലവാരവും ഉറപ്പാക്കാനായി.

കേരള ടൂറിസത്തിന്‍റെ ആപ്‍തവാക്യം "ദൈവത്തിന്‍റെ സ്വന്തം നാട്" അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കാൻ ഏറ്റവും മികച്ച ആശയമാകും ബിസിനസ് ജെറ്റ് ടെര്‍മിനൽ. ഒപ്പം കേരളം എന്ന ബ്രാൻഡ് ലോകം മുഴുവൻ അറിയപ്പെടാനും ഇത് സഹായിക്കും. ജി20 ഉച്ചകോടി പോലെയുള്ള വലിയ പരിപാടികള്‍ വരാനിരിക്കെ ബിസിനസ് ജെറ്റ് ടെര്‍മിനൽ കേരളത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
 

Follow Us:
Download App:
  • android
  • ios