എട്ട് ഒപെക് രാജ്യങ്ങള്‍ 2023-ല്‍ വരുത്തിയ ഉല്‍പ്പാദന നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിന് ശേഷവും റഷ്യയുടെ കയറ്റുമതി കുറയുന്നത് ശ്രദ്ധേയമാണ്

ഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം എണ്ണ ഉല്‍പ്പാദനത്തേക്കാള്‍ വേഗത്തില്‍ വര്‍ധിച്ചതാണ് കയറ്റുമതി കുറയാന്‍ കാരണം.ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കപ്പല്‍ ഗതാഗത കണക്കുകള്‍ അനുസരിച്ച്, ജൂലൈ 6 വരെയുള്ള നാല് ആഴ്ചകളില്‍ കടല്‍ വഴിയുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിദിനം ശരാശരി 3.12 ദശലക്ഷം ബാരലായിരുന്നു. ഇത് ജൂണ്‍ 29 വരെയുള്ള കാലയളവിനേക്കാള്‍ 3% കുറവാണ്. ഫെബ്രുവരി 23-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്കാണിത്. മാര്‍ച്ചിലെ കണക്കുകളേക്കാള്‍ പ്രതിദിനം 200,000 ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എട്ട് ഒപെക് രാജ്യങ്ങള്‍ 2023-ല്‍ വരുത്തിയ ഉല്‍പ്പാദന നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിന് ശേഷവും റഷ്യയുടെ കയറ്റുമതി കുറയുന്നത് ശ്രദ്ധേയമാണ്. ഈ കാലയളവില്‍ റഷ്യയുടെ ഉല്‍പ്പാദനം പ്രതിദിനം ഏകദേശം 60,000 ബാരല്‍ വര്‍ദ്ധിച്ചപ്പോള്‍, ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം പ്രതിദിനം 140,000 ബാരല്‍ ആയി വര്‍ദ്ധിച്ചു. ഇത് കയറ്റുമതിക്കായി ലഭ്യമാകുന്ന എണ്ണയുടെ അളവ് കുറയാനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ അമിത ഉല്‍പ്പാദനത്തിന് പരിഹാരമായി റഷ്യ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് കരാര്‍ പ്രകാരം സമ്മതിച്ചിട്ടുണ്ട്. ഈ കുറവ് സെപ്റ്റംബര്‍ വരെ തുടരും, ഇത് ഭാവിയില്‍ റഷ്യയുടെ എണ്ണ കയറ്റുമതിയെ കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ഒപെക് രാജ്യങ്ങള്‍ വലിയ തോതില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചുവെന്ന് പറയുമ്പോഴും, യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നത് വളരെ കുറഞ്ഞ അളവിലുള്ള എണ്ണയാണെന്ന് റഷ്യയുടെ ഈ കയറ്റുമതിയിലെ കുറവ് വ്യക്തമാക്കുന്നു.

റഷ്യയിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ടെര്‍മിനലില്‍ നടന്ന അറ്റകുറ്റപ്പണികള്‍ കാരണം കഴിഞ്ഞ രണ്ടാഴ്ചയായി കയറ്റുമതി കുറവായിരുന്നു. ബാല്‍ട്ടിക് ടെര്‍മിനലുകളായ പ്രിമോര്‍സ്‌ക്, ഉസ്റ്റ്-ലൂഗ എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞെങ്കിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിച്ചത് മൊത്തത്തിലുള്ള കുറവ് നികത്താന്‍ സഹായിച്ചു. ജൂലൈ 6 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 30 ടാങ്കറുകളിലായി 22.96 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ കയറ്റി അയച്ചു. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതിയും കുറഞ്ഞു. ജൂലൈ 6 വരെയുള്ള 28 ദിവസങ്ങളില്‍ ഇത് പ്രതിദിനം 2.73 ദശലക്ഷം ബാരലായാണ് കുറഞ്ഞത്.