ഒരു പതിറ്റാണ്ടിലേറെ നിയമപോരാട്ടം നടത്തിയ ഉപഭോക്താവിന് ഒടുവില്‍ അനുകൂല വിധി.

ടിഎം തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ ഒരു പതിറ്റാണ്ടിലേറെ നിയമപോരാട്ടം നടത്തിയ ഉപഭോക്താവിന് ഒടുവില്‍ അനുകൂല വിധി. 2014 ജനുവരി 4-ന് നടന്ന എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ ഉപഭോക്താവായ പന്‍വാര്‍ എന്ന വ്യക്തിക്ക് 58,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദില്ലി സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ എസ്ബിഐയോട് ഉത്തരവിട്ടു.

സംഭവങ്ങളുടെ നാള്‍വഴി:

2014 ജനുവരി 4-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ദില്ലിയിലേക്ക് ട്രെയിന്‍ കയറുന്നതിനിടെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനിലെ എടിഎമ്മില്‍ നിന്ന് 1,000 രൂപ പിന്‍വലിക്കാന്‍ പന്‍വാര്‍ ശ്രമിച്ചെങ്കിലും ഇടപാട് നടന്നില്ല. തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ സമീപത്തെ എടിഎമ്മില്‍ നിന്ന് 1,000 രൂപ പിന്‍വലിച്ചു. ട്രെയിനില്‍ കയറിയതിന് തൊട്ടുപിന്നാലെ, തന്റെ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1,000 രൂപ, 20,000 രൂപ, 1,000 രൂപ എന്നിങ്ങനെ മൂന്ന് തവണ പണം പിന്‍വലിച്ചതായി എസ്ബിഐയില്‍ നിന്ന് അദ്ദേഹത്തിന് എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചു. ഇതില്‍ 20,000 രൂപയുടെ ഇടപാട് തട്ടിപ്പായിരുന്നു.

ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അദ്ദേഹം എസ്ബിഐയില്‍ പരാതി നല്‍കി. 1,000 രൂപ തിരികെ ലഭിച്ചെങ്കിലും 20,000 രൂപ അക്കൗണ്ടിലേക്ക് തിരികെ എത്തിയില്ല. എടിഎം ഇടപാടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് 2014 ജനുവരി 18-ന് ഓണ്‍ലൈന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് അദ്ദേഹം റിസര്‍വ് ബാങ്ക് ബാങ്കിംഗ് ഓംബുഡ്‌സ്മാനും പരാതി നല്‍കി. ഒരു നടപടിയുമുണ്ടാകാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ദില്ലി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.

ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി:

2017 ഒക്ടോബര്‍ 25-ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പന്‍വാറിന് അനുകൂലമായി വിധിച്ചു. തട്ടിപ്പ് നടന്ന തീയതിയായ 2014 ജനുവരി 4 മുതല്‍ വാര്‍ഷിക പലിശ 10% സഹിതം 20,000 രൂപ തിരികെ നല്‍കാന്‍ എസ്ബിഐയോട് നിര്‍ദേശിച്ചു. കൂടാതെ, വ്യവഹാരച്ചെലവായി 5,000 രൂപയും മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 10,000 രൂപയും നല്‍കാനും ഉത്തരവിട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ അനധികൃത ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു നഷ്ടവുമുണ്ടാകരുതെന്ന ആര്‍ബിഐയുടെ 'സീറോ ലയബിലിറ്റി', 'ലിമിറ്റഡ് ലയബിലിറ്റി' നിര്‍ദേശങ്ങളും കമ്മീഷന്‍ വിധിയില്‍ എടുത്തുപറഞ്ഞു.

എസ്ബിഐയുടെ അപ്പീലും സംസ്ഥാന കമ്മീഷന്റെ വിധിയും:

ഈ ഉത്തരവിനെതിരെ എസ്ബിഐ ദില്ലി സംസ്ഥാന ഉപഭോക്തൃ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, 2025 മെയ് 7-ന് സംസ്ഥാന കമ്മീഷന്‍ ജില്ലാ കമ്മീഷന്റെ ഉത്തരവില്‍ അപാകതകളൊന്നുമില്ലെന്ന് കണ്ടെത്തുകയും എസ്ബിഐയുടെ അപ്പീല്‍ തള്ളുകയും ചെയ്തു. ഇതോടെ, 11 വര്‍ഷത്തെ 10% പലിശയും ചേര്‍ത്തുള്ള 20,000 രൂപയും മറ്റ് നഷ്ടപരിഹാരങ്ങളും ഉള്‍പ്പെടെ 58,000 രൂപ പ്രന്‍വാറിന് നല്‍കാന്‍ എസ്ബിഐ നിര്‍ബന്ധിതരായി