റഷ്യയില്‍ നിന്നും മറ്റുള്ള രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് തടഞ്ഞ് പുടിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ട്രംപിന്റെ പദ്ധതി.
യുക്രെയ്‌നുമായുള്ള യുദ്ധം നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ പ്രേരിപ്പിക്കുന്നിന്‌റെ ഭാഗമായി റഷ്യക്കെതിരെ അമേരിക്ക പുതിയ ഉപരോധം കൊണ്ടുവരാന്‍ സാധ്യത. റഷ്യയില്‍ നിന്നും മറ്റുള്ള രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് തടഞ്ഞ് പുടിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ട്രംപിന്റെ പദ്ധതി. ഇതിനുള്ള നിയമം ഉടന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്ന് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് 500% അധിക തീരുവ ഏര്‍പ്പെടുത്തുന്ന നിയമം കൊണ്ടുവരാനാണ് യുഎസിന്റെ നീക്കം. ഇന്ത്യയടക്കം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. സാങ്ക്ഷനിങ് റഷ്യ ആക്ട് ഓഫ് 2025' എന്ന പേരിലുള്ള ഈ ബില്‍ ഈ വര്‍ഷം ഏപ്രിലിലാണ് അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തായ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമാണ് ബില്‍ അവതരിപ്പിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ, പ്രകൃതിവാതകം, യുറേനിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും 500% അധിക തീരുവ ചുമത്താനാണ് ഈ ബില്‍ നിര്‍ദ്ദേശിക്കുന്നത്. റഷ്യന്‍ ബിസിനസ്സുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉന്നത നയതന്ത്രജ്ഞര്‍ക്കുമെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ഈ ബില്‍ ലക്ഷ്യമിടുന്നു
യുക്രെയ്‌നുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുടിന്‍ തയ്യാറാകാത്തതില്‍ തനിക്ക് വലിയ നിരാശയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. അടുത്തിടെ യുക്രെയ്‌നിന് കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ അയക്കാന്‍ ട്രംപ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. റഷ്യയ്ക്കും അവരില്‍ നിന്നും എണ്ണ വാങ്ങുന്ന ചൈനയ്ക്കും ഇന്ത്യയ്ക്കും എതിരെ ഒരു സാമ്പത്തിക ബോംബ് പോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപരോധ ബില്ലിന് 84 സഹ-സ്‌പോണ്‍സര്‍മാരുണ്ടെന്നും ഈ ബില്‍ പാസാകുമെന്ന് കരുതുന്നുവെന്നും കഴിഞ്ഞ മാസം ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞിരുന്നു. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ലഭിച്ചതോടെ ഈ ബില്‍ പാസാക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കും. ഒരു രാജ്യത്തിന് ഒരു തവണ 180 ദിവസത്തേക്ക് ഇളവ് നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം ലഭിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്. ഈ ബില്‍ മാറ്റിയെഴുതി പ്രസിഡന്റിന് രണ്ടാമതും ഇളവ് നല്‍കാന്‍ അധികാരം നല്‍കുമെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ഗവേഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, മെയ് മാസത്തില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവ് ഇന്ത്യയായിരുന്നു. മെയ് മാസത്തില്‍ ഇന്ത്യ 4.2 ബില്യണ്‍ യൂറോയുടെ ഫോസില്‍ ഇന്ധനങ്ങള്‍ റഷ്യയില്‍ നിന്ന് വാങ്ങിയെന്നും, അതില്‍ 72% ക്രൂഡ് ഓയില്‍ ആയിരുന്നു എന്നും ഈ കണക്കുകള്‍ പറയുന്നു. ഈ ബില്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, അമേരിക്കയിലെ ഇന്ത്യന്‍ എംബസി സെനറ്റര്‍ ഗ്രഹാമുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഈ മാസം ആദ്യം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു.