കൊച്ചിയില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ സര്‍ക്യൂട്ട് ബെഞ്ച് തുടങ്ങിയ ദിവസം തന്നെയാണ് സുപ്രധാനമായ ഉത്തരവ് വന്നിരിക്കുന്നത്. ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് ഉത്തരവ്. ലോയേഴ്സ് എന്‍വിയോണ്‍മെന്‍്റ് അവയര്‍നസ് ഫോറം എന്ന സംഘടനയാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. പത്ത് വര്‍ഷം പഴക്കമുള്ള രണ്ടായിരം സിസിക്ക് മുകളിലുള്ള ഡീസല്‍ എഞ്ചിനുകള്‍ ഒരു മാസത്തിനകം മാറ്റണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ഒരു മാസത്തിനകം ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കണമെന്നും ഓടൂന്ന ഒരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

രാവിലെ പത്ത് മണിക്ക് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സര്‍ക്യൂട്ട് ബെഞ്ചിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത ട്രിബ്യൂണല്‍  ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍  മുഖ്യപ്രഭാഷണം നടത്തി. ഇത് വരെ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേരളവുമായി ബന്ധപ്പെട്ട കേസുകള്‍  പരിഗണിച്ചിരുന്നത്.