ജനുവരിയില്‍ വിരമിക്കുന്ന കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന് പകരക്കാരാനായാണ് ജനറല്‍ ബിബിന്‍ റാവത്ത് കരസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നിലവില്‍ കരസേന ഉപമേധാവിയാണ്. ഈസ്റ്റേണ്‍ ആര്‍മി കമാന്റര്‍ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, സതേണ്‍ ആര്‍മി കമാണ്ടര്‍ ലഫ്. ജനറല്‍ പി.എം ഹാരിസ് എന്നിവരെ മറികടന്നാണ് പ്രതിരോധ മന്ത്രാലയം ജനറല്‍ ബിബിന്‍ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി ഈ മാസം 31ന് വിരമിക്കും. സാധാരണ ഗതിയില്‍ സേനാ മേധാവികള്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ മേധാവിയെ പ്രഖ്യാപിക്കണം. എന്നാല്‍ ഇത്തവണ അത് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

1978ല്‍ 11-ഗൂര്‍ഖ റൈഫിള്‍സിലൂടെയാണ് ജനറല്‍ ബിബിന്‍ റാവത്ത് സൈനിക സേവനം ആരംഭിച്ചത്. വ്യോമസേനാ തലവനായി നിയമിതനാകുന്ന എയര്‍ മാര്‍ഷല്‍ ബീരേന്ദര്‍ സിങ് ധനോയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികനാണ്. എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ ഡിസംബര്‍ അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് ബി.എസ് ധനോയയെ നിയമിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റോയുടേയും തലവന്മാരെയും മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 1981 മധ്യപ്രദേശ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അനില്‍ ദസ്മാനയാണ് പുതിയ റോ മേധാവി. 1980 ഝാര്‍ഖണ്ഡ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് ജെയിനാണ് രഹസ്യാന്വേഷണ വിഭാഗം മേധാവി.