Asianet News MalayalamAsianet News Malayalam

ശ്രിയാന്റെ അമ്മയാണ്; എങ്കിലും അപര്‍ണ ബാഡ്‍മിന്‍റണ്‍ കോര്‍ട്ടിലെത്തും! തിരിച്ചുവരവിനെ കുറിച്ച് ദേശീയ ചാംപ്യന്‍

ഒന്നരപ്പതിറ്റാണ്ടായി കളിക്കളത്തില്‍ സജീവമായ, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിത്തിളക്കം നേടിയ സീനിയര്‍ ബാഡ്മിറ്റണ്‍ താരം. ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് അപര്‍ണ തിരിച്ചെത്തുമ്പോള്‍ ഒപ്പം കുഞ്ഞു ശ്രിയാന്റെ കളിചിരികള്‍ കൂടിയുണ്ട്.

former national badminton champion aparna balan on her return to court
Author
Thiruvananthapuram, First Published May 30, 2022, 2:52 PM IST

വിവാഹശേഷമോ അമ്മയായതിന് ശേഷമോ കരിയര്‍ ഉപേക്ഷിക്കേണ്ടി വരുന്നവരുടെ കാലം കഴിഞ്ഞുവെന്ന് ഉറക്കെപറയാന്‍ ആഗ്രഹിക്കുകയാണ് ഈ കായികതാരം, അപര്‍ണ ബാലന്‍ (Aparna Balan). ഒന്നരപ്പതിറ്റാണ്ടായി കളിക്കളത്തില്‍ സജീവമായ, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിത്തിളക്കം നേടിയ സീനിയര്‍ ബാഡ്മിറ്റണ്‍ താരം. ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് അപര്‍ണ തിരിച്ചെത്തുമ്പോള്‍ ഒപ്പം കുഞ്ഞു ശ്രിയാന്റെ കളിചിരികള്‍ കൂടിയുണ്ട്. തിരിച്ചുവരവിനെ കുറിച്ചും അമ്മയായതിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും അപര്‍ണ മനസ് തുറക്കുന്നു.

വ്യക്തിജീവിതത്തില്‍ ഉത്തരവാദിത്തം കൂടിയിരിക്കുന്നു, എങ്ങനെ ആസ്വദിക്കുന്നു അമ്മജീവിതം? 

അപര്‍ണ: ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്നത് വലിയ കാര്യമാണ്. ശ്രിയാന്റെ അമ്മ എന്ന ഉത്തരവാദിത്തം ഞാന്‍ ആസ്വദിക്കുകയാണ്. പ്രിമെച്വര്‍ ബേബി ആയിരുന്നതിനാല്‍ ശ്രിയാന് കൂടുതല്‍ ശ്രദ്ധ വേണ്ടിയിരുന്നു.ആദ്യത്തെ 3 മാസത്തോളം രാത്രി ഉറങ്ങാനേ സാധിച്ചിരുന്നില്ല.

കായികതാരം എന്ന നിലയില്‍ ഏറ്റവും പ്രധാനമാണ് ഫിറ്റ്‌നസ്. സ്വാഭാവിക ശാരീരിക മാറ്റങ്ങളെ എങ്ങനെയാണ് നേരിട്ടത്?

അപര്‍ണ: വര്‍ഷങ്ങളായി ശരീരഭാരം 50 കിലോയില്‍ സൂക്ഷിച്ചുവരികയായിരുന്നു. ഗര്‍ഭകാലത്ത് ശരീരഭാരം 64 കിലോ വരെ എത്തി. കളിക്കളത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് വരെ ഞാന്‍ സംശയിച്ചു. പ്രസവശേഷം ആദ്യം ഡോക്ടറോട് ചോദിച്ചത് തന്നെ എന്ന് മുതല്‍ പരിശീലനം തുടങ്ങാന്‍ സാധിക്കും എന്നായിരുന്നു. സി സെക്ഷന്‍ ആയിരുന്നതിനാല്‍ ആദ്യം നടന്നു തുടങ്ങുകയായിരുന്നു. 8 ആഴ്ച കഴിഞ്ഞപ്പോള്‍ ജോഗിംഗ് തുടങ്ങി. കുഞ്ഞുശ്രിയാന്റെ കാര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയതിനാല്‍ രാവിലത്തെ ജോഗിംഗ് ഒന്നും നടന്നില്ല.ഞാനും ഭര്‍ത്താവ് സന്ദീപും വൈകുന്നേരങ്ങളില്‍ ജോഗിംഗ് തുടങ്ങി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം തോന്നിത്തുടങ്ങി. ഷെല്ലി ആന്‍ ഫ്രേസര്‍, ആലിസണ്‍ ഫെലിക്‌സ്, മേരി കോം എന്നിവരുടെ കഥകള്‍  സന്ദീപ് എപ്പോഴും പറയുമായിരുന്നു. ഇപ്പോള്‍ ശ്രിയാന് 8 മാസമായി. എന്റെ ശരീരഭാരം 64 ല്‍ നിന്ന് 53 ല്‍ എത്തിക്കാനും കഴിഞ്ഞു..

കളിക്കളത്തില്‍ ഇനി അപര്‍ണയുടെ ലക്ഷ്യം?

അപര്‍ണ: ടൂര്‍ണമെന്റില്‍ സജീവമാകുക എന്നത് തന്നെയാണ് ലക്ഷ്യം. ജൂണ്‍ അവസാനത്തോടെ വീണ്ടും ടൂര്‍ണമെന്റ് കളിക്കാന്‍ തുടങ്ങും. അപ്പോഴേക്കും പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വീണ്ടും ദേശീയ ചാംപ്യന്‍ ആകുക, രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കുക എന്നിവയാണ് മുന്നിലെ ലക്ഷ്യങ്ങള്‍.

വീണ്ടും തിരിച്ചെത്താന്‍ പ്രചോദനമായ ഘടകങ്ങള്‍ എന്തോക്കെ ?

അപര്‍ണ: കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. കുടുംബത്തിന്റെയും സന്ദീപിന്റേയും പിന്തുണ വില മതിക്കാനാവില്ല. സന്ദീപ് എപ്പോഴും പറയുമായിരുന്നു, സെറീന വില്യംസിന് പറ്റുമെങ്കില്‍, ആലിസണ്‍ ഫെലിക്‌സിന് പറ്റുമെങ്കില്‍, മേരി കോമിന് പറ്റുമെങ്കില്‍, അപര്‍ണയ്ക്കും സാധിക്കും...

പരിശീലനം എങ്ങനെയൊക്കെയാണ്?

അപര്‍ണ: കുഞ്ഞിന് 8 മാസമായതോടെ  ജിം സെഷന്‍ തുടങ്ങി. രാവിലെ 3 മണിക്കൂറോളം ജിമ്മില്‍ ചെലവഴിക്കും. വെയിറ്റ് ട്രെയിനിംഗു തുടങ്ങി. വൈകുന്നേരങ്ങളില്‍ കോര്‍ട്ടിലെ പരിശീലനവും ഗെയിംസും. അതും മൂന്ന് മണിക്കൂറോളം നീളും. ചെറുപ്പകാലം മുതല്‍ എന്റെ കോച്ചായ നാസര്‍ സാര്‍ തന്നെയാണ് ഇപ്പോഴും ബാഡ്മിന്റണ്‍ പരിശീലകന്‍. ഫിറ്റ്‌നസിന് പേഴ്‌സണല്‍ ട്രെയിനര്‍ ഉണ്ട്.അമിലേഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്.

അമ്മയായതിന് ശേഷവും കളിക്കളത്തില്‍ സജീവമായ പലരും ഇന്ന് നമുക്ക് മുന്നിലുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ആരുടെ ജീവിതമാണ് അപര്‍ണയ്ക്ക് പ്രചോദനമായത്.?

അപര്‍ണ:  ഞാന്‍ നേരത്തേ പറഞ്ഞത് പോലെ ആലിസണ്‍ ഫെലിക്‌സ്,മേരി കോം, സാനിയ മിര്‍സ, ദീപിക പള്ളിക്കല്‍ , അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പ്രധാനമായും അതിന്റെ കാരണങ്ങളിലൊന്ന് ഇന്ന് തിരിച്ചുവരവിനുള്ള സൌകര്യങ്ങള്‍ കൂടുതലുണ്ട് എന്നതാണ്. പ്രൊഫഷണല്‍ ട്രെയിനേഴ്‌സ് കൂടുതലുണ്ട്.പക്ഷെ ഫിറ്റ്‌നസിലേക്കുള്ള പ്രയാണത്തിന് കുറുക്കുവഴികളില്ല, കഠിനാധ്വാനം തന്നെയാണ് ഏകവഴി.

Follow Us:
Download App:
  • android
  • ios