Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഗ്രാന്‍സ്ലാം റെക്കോര്‍ഡിടാന്‍ ജോക്കോവിച്ച്; കന്നിക്കിരീടം ലക്ഷ്യമിട്ട് സിറ്റ്‌സിപാസ്

ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ ഇതുവരെ നഷ്ടമായത് ഒരു സെറ്റ് മാത്രം. സെര്‍ബിയന്‍ താരത്തിന് ഹോം സ്ലാം ആണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. സീസണിലെ ആദ്യ ഗ്രാന്‍സ്ലാമില്‍ ലക്ഷ്യമിടുന്നത് പത്താം കിരീടം.

Novak Djokovic vs Stefanos Tsitsipas australian open final preview
Author
First Published Jan 29, 2023, 9:05 AM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ ചാംപ്യനെ ഇന്നറിയാം. ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം കൊവിഡ് വാക്‌സീന്‍ എടുക്കാത്തതിന്റെ പേരില്‍ ഒരു വര്‍ഷം മെല്‍ബണ്‍ പാര്‍ക്കില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന്റെ അരിശം എതിരാളികള്‍ക്ക് മേല്‍ തീര്‍ത്താണ് ജോക്കോവിച്ച് ഫൈനലിലെത്തി നില്‍ക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കുള്ള തിരിച്ചുവരവില്‍ ഇതുവരെ നഷ്ടമായത് ഒരു സെറ്റ് മാത്രം. സെര്‍ബിയന്‍ താരത്തിന് ഹോം സ്ലാം ആണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. സീസണിലെ ആദ്യ ഗ്രാന്‍സ്ലാമില്‍ ലക്ഷ്യമിടുന്നത് പത്താം കിരീടം. 22-ാം ഗ്രാന്‍സ്ലാം കിരീടവുമായി റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും അവസരം. മറുവശത്ത് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ഉന്നമിടുന്നത് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം. ഇതിന് മുന്‍പ് മേജര്‍ ഫൈനല്‍ കളിച്ച 2021ലെ ഫ്രഞ്ച് ഓപ്പണില്‍ ആദ്യ രണ്ട് സെറ്റ് നേടിയിട്ടും ജോക്കോവിച്ച് കിരീടം നേടുന്നത് കണ്ടുനില്‍ക്കേണ്ടിവന്നു സിറ്റ്‌സിപാസിന്.

ഇരുവരും തമ്മിലുള്ള 12 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പത്തിലും ജയിച്ചത് ജോക്കോവിച്ച്. 2019 ഒക്ടോബറിന് ശേഷം 9 തവണ ഏറ്റുമുട്ടിയിട്ടും ജോക്കോവിച്ചിനെ തോല്‍പ്പിക്കാന്‍ സിറ്റ്‌സിപാാസിന് കഴിഞ്ഞിട്ടുമില്ല. ഫൈനല്‍ ജയിക്കാന്‍ രണ്ട് പേര്‍ക്കും ഒരു കാരണം കൂടിയുണ്ട്. 35 കാരനായ ജോക്കോവിച്ചും 24 വയസ്സുള്ള സിറ്റ്‌സിപാസും തമ്മിലുള്ള കലാശപ്പോരിലെ വിജയിക്ക് നാളെ ഇറങ്ങുന്ന പുതിയ റാങ്കിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനുമാകും.

വനിതാ കിരീടം സബലെങ്കയ്ക്ക്

അതേസമയം, വനിതാ വിഭാഗത്തില്‍ ബെലാറൂസിന്റെ അരീന സബലെങ്ക വനിതാ ചാംപ്യന്‍. വാശിയേറിയ ഫൈനലില്‍ കസാഖ്സ്ഥാന്റെ താരം എലേന റിബകിനയെ, സബലെങ്ക തോല്‍പ്പിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. സബലെങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടം ആണിത്. വിംബിള്‍ഡണ്‍ ചാംപ്യനായ റിബക്കിനയ്‌ക്കെതിരെ തുടര്‍ച്ചയായ നാലാം ജയമാണ് സബലെങ്ക നേടിയത്. അഞ്ചാം സീഡായ സബലെങ്ക പുതിയലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരും.

വനിതാ ഐപിഎല്‍: ഗുജറാത്ത് ജയന്റ്‌സ് കളി തുടങ്ങി; ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് പുതിയ ദൗത്യം

Follow Us:
Download App:
  • android
  • ios