അഭിമാനനേട്ടം, സിഎആർഎഫ് അന്താരാഷ്ട്ര അക്രഡിറ്റേഷൻ ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യട്ടിന്

Synopsis
ചികിത്സാനന്തരം രോഗികൾക്ക് നൽകുന്ന പുനരധിവാസ സംവിധാനമായ റിഹാബിലിറ്റേഷൻ കെയറിൽ ലോകത്തെ തന്നെ ഗോൾഡ് സ്റ്റാൻഡേർഡ് അക്രഡിറ്റേഷനാണ് സിഎആർഎഫ്.
ദോഹ : ഖത്തറിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാന നേട്ടമായി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അമേരിക്ക ആസ്ഥാനമായ ലോകപ്രശസ്ത റിഹാബിലിറ്റേഷൻ ഫെസിലിറ്റീസ് അക്രഡിറ്റേഷൻ കമ്മീഷന്റെ (സിഎആർഎഫ്) അന്താരാഷ്ട്ര അംഗീകാരം നേടി ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്എംസി) കീഴിലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (ക്യുആർഐ).
ചികിത്സാനന്തരം രോഗികൾക്ക് നൽകുന്ന പുനരധിവാസ സംവിധാനമായ റിഹാബിലിറ്റേഷൻ കെയറിൽ ലോകത്തെ തന്നെ ഗോൾഡ് സ്റ്റാൻഡേർഡ് അക്രഡിറ്റേഷനാണ് സിഎആർഎഫ് (കമ്മീഷൻ ഓൺ അക്രഡിറ്റേഷൻ ഓഫ് റീഹാബിലിറ്റേഷൻ ഫെസിലിറ്റിസ്). പ്രവർത്തന മികവ്, ക്ലിനിക്കൽ മികവ്, സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അക്രഡിറ്റേഷൻ നൽകുന്നത്. ഈ അംഗീകാരം ലഭിക്കുന്ന എച്ച്.എം.സിക്കു കീഴിലുള്ള ആദ്യ സ്ഥാപനമാണ് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. സ്ഥാപനത്തിന്റെ പ്രവർത്തനരീതിയേയും രോഗി പരിചരണത്തെയും സാങ്കേതിക മികവിനെയും സി.എ.ആർ.എഫ് സർവേ സംഘം പ്രശംസിച്ചു. ആദ്യ അപേക്ഷയിലാണ് ക്യുആർഐക്ക് ഫുൾ അക്രഡിറ്റേഷൻ ലഭിച്ചത്. മൂന്ന് വർഷമാണ് അക്രഡിറ്റേഷൻ കാലാവധി.