Asianet News MalayalamAsianet News Malayalam

നാട്ടിൽ പോകാതെ 14 വർഷം, ആഗ്രഹിച്ചപ്പോഴൊന്നും അതിന് അനുവദിക്കാതെ നിയമക്കുരുക്ക്; ഒടുവിൽ ചേതനയറ്റ് വീട്ടിലേക്ക്

14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനുള്ള ആഗ്രഹം വരുന്നതും സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസ്സിയെ സമീപിക്കുന്നതും. ബിസിനസ് പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് നൽകാനാവിലെന്ന് മറുപടി ലഭിച്ചു.

Did not go home for 14 years when tried once legal crisis was against him and it lasted even after death
Author
First Published Apr 18, 2024, 8:49 PM IST

റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലാണ് തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ (65) റിയാദിലെത്തിയത്. അൽഖർജിലെ സാബയിൽ എത്തിയ പീറ്റർ ആദ്യ ഒരു വർഷം ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സ്‌പോൺസർഷിപ്പ് മാറി സ്പെയർ പാർട്സ് കച്ചവടം ആരംഭിക്കുകയായിരുന്നു. ആവശ്യമായത്ര പണം കൈയിൽ കരുതാതെ ആരംഭിച്ച കച്ചവടത്തിലേക്ക്, നിശ്ചിത ലാഭം നൽകാമെന്ന കരാറിൽ മറ്റൊരു സ്വദേശി പൗരൻ മുതൽ മുടക്കുകയും ചെയ്തു. 

എന്നാൽ ഉദ്ദേശിച്ച കച്ചവടം നടക്കാത്തതിനാൽ, സ്വദേശിയായ ബിസിനസ് പങ്കാളിയുടെ വിഹിതം നൽകിപോരുകയും സ്ഥാപനത്തിലേക്ക് മറ്റുള്ളവരിൽ നിന്നും വായ്‌പ വാങ്ങി കച്ചവടം മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു പീറ്റർ ചെയ്തിരുന്നത്. നിത്യ ബാധ്യതക്കാരനായതിനാൽ തന്നെ നാട്ടിൽ പോകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും പീറ്റർക്ക് ആയിരുന്നില്ല. പന്ത്രണ്ട് വർഷങ്ങളോളം ഇത്തരത്തിൽ കൊണ്ടുപോയ കച്ചവടം അനിവാര്യമായ പതനത്തിലേക്ക് പതിച്ചു. സ്ഥാപനം അടച്ചു പൂട്ടുകയും പീറ്ററിനെതിരെ 51,000 റിയാൽ നഷ്ടപരിഹാരം തേടി പങ്കാളി കേസ് ഫയൽ ചെയ്യുകയും ചെയ്തു. 

തുടർന്ന് വീണ്ടും ഡ്രൈവറായി തന്നെ ജോലി ആരംഭിച്ചെങ്കിലും ഇഖാമയോ മറ്റു നിയമപ്രകാരമുള്ള രേഖകളോ ശരിയാക്കാൻ പീറ്ററിന് സാധിച്ചില്ല. ഇത്തരത്തിൽ 14 വർഷം പിന്നിട്ടപ്പോഴാണ് നാട്ടിൽ പോകാനുള്ള ആഗ്രഹം വരുന്നതും സാമൂഹ്യ പ്രവർത്തകർ വഴി ഇന്ത്യൻ എംബസ്സിയെ സമീപിക്കുന്നതും. ബിസിനസ് പങ്കാളി നൽകിയ കേസ് പിൻവലിക്കാതെ എക്സിറ്റ് നൽകാനാവിലെന്ന തിരിച്ചറിവിൽ നാടണയാനുള്ള ശ്രമം ഉപേക്ഷിക്കുകയും മറ്റ് ജോലികളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണമടയുന്നതും. 
അൽഖർജ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതശരീരത്തെ കുറിച്ച് ആശുപത്രി അധികൃതർ ഖർജ് പോലീസിൽ വിവരമറിയിക്കുകയും, തുടർന്ന് കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയ്ർമാൻ നാസർ പൊന്നാനി മുഖേന ഇന്ത്യൻ എംബസ്സിയിൽ വിവരം അറിയിക്കുകയുമായിരുന്നു. ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന് എംബസി, സാമൂഹിക പ്രവർത്തകൻ നാസർ പൊന്നാനിയെ ചുമതലപ്പെടുത്തി. മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് കേസ് നൽകിയിരിക്കുന്ന വിവരങ്ങൾ അറിയുന്നത്. തുടർന്ന് കേസ് നൽകിയ സ്വദേശിയുമായി എംബസ്സിയും അൽഖർജ് പോലീസ് മേധാവിയും ബന്ധപെട്ടെങ്കിലും അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. 

തുടർന്ന് നാസർ പൊന്നാനി അമീർ കോർട്ടിനെയും, ഉയർന്ന കോടതിയെയും സമീപിച്ചു. കോടതി സ്വദേശിയെ വിളിച്ചു വരുത്തിയെങ്കിലും 35,000 റിയാൽ നൽകിയാൽ മാത്രം കേസ് പിൻവലിക്കാമെന്നായി. ഇത്രയും തുക നൽകാൻ വീട്ടുകാർക്ക് കഴിയില്ലെന്ന് അറിയിച്ചു. ഇതിനിടയിൽ നിയമകുരുക്കിൽ പെട്ട് രണ്ടു മാസം പിന്നിട്ടിരിന്നു. തുടർന്ന് അൽഖർജ് പോലിസ് മേധാവി അറിയിച്ചതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മൃതശരീരങ്ങൾക്ക് എക്സിറ്റ് നൽകുന്ന സംവിധാനത്തിൽ എക്സിറ്റ് വാങ്ങിയെടുക്കുകയും പീറ്ററിന്റെ മൃതശരീരം നാട്ടിലേക്ക് അയക്കുകയും ചെയ്തു.

നാട്ടിലെത്തിച്ച പീറ്ററുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് പീറ്ററുടെ മൃതശരീരം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയ ഇന്ത്യൻ എംബസിക്കും കേളി വളണ്ടിയർ നാസർ പൊന്നാനിക്കും പീറ്ററുടെ മകൾ പ്രസന്നകുമാരി കുടുംബത്തിന്റെ നന്ദി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios