Asianet News MalayalamAsianet News Malayalam

ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

108 അപ്പാര്‍ട്ട്മെന്‍റുകളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടം ഒരു വശത്തേക്ക് ചെരിയുകയായിരുന്നു.

dubai building tilts due to structural damages
Author
First Published Apr 21, 2024, 4:20 PM IST

ദുബൈ: ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയും ചെയ്തതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതേ തുടര്‍ന്ന് നൂറിലേറെ കുടുംബങ്ങളെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. 

രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടത്. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്. 108 അപ്പാര്‍ട്ട്മെന്‍റുകളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടത്തിന്‍റെ ഒരു വശത്ത് കേടുപാടുകള്‍ സംഭവിച്ചു. വിള്ളല്‍ വീഴുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയുമായിരുന്നെന്ന് താമസക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാകാനുണ്ട്. 

Read Also -  രാജ്യം വിട്ട് പോകാനാകില്ല; രണ്ട് മാസത്തിനിടെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് പ്രവാസികളടക്കം 16,000 പേര്‍ക്ക്

മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകി ഷാർജ ഭരണാധികാരി

ഷാര്‍ജ: ഷാര്‍ജയില്‍ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സോഷ്യൽ സർവീസ് വകുപ്പ്, എമിറേറ്റിലെ മുനിസിപ്പാലിറ്റികൾ, പ്രവർത്തനങ്ങളിൽ ലോജിസ്റ്റിക് പിന്തുണ നൽകുന്ന എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഏകോപിപ്പിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യണമെന്നും ശൈഖ് ഡോ. സുൽത്താൻ കൂട്ടിച്ചേർത്തു.  

അതേസമയം മുഴുവൻ സർവീസും സാധാരണ നിലയിൽ ആയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് തുറന്ന കത്ത് പുറത്തുവിട്ടു. കടന്നു പോയത് ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചയിലൂടെയാണെന്നും വന്നുപോയ എല്ലാ ബുദ്ധിമുട്ടുകൾക്കും ക്ഷമ ചോദിക്കുന്നുവെന്നും പ്രസിഡൻറ് ടിം ക്‌ളാർക് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios