എക്‌സ്പോയുടെ പ്രഖ്യാപന സമ്മേളനം റിയാദിൽ നടന്നു

റിയാദ്: ‘സാജെക്‌സ് 2025’ എന്ന പേരിൽ സ്വര്‍ണ, രത്‌നാഭരണ വ്യവസായരംഗത്തെ വിദേശനിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) സംഘടിപ്പിക്കുന്ന ഇന്ത്യ-സൗദി ജ്വല്ലറി എക്‌സ്പോയുടെ പ്രഖ്യാപന സമ്മേളനം റിയാദിൽ നടന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹകരണത്തോടെ ജിദ്ദ സൂപ്പര്‍ഡോമില്‍ സെപ്റ്റംബർ 11 മുതല്‍ 13 വരെയാണ് എക്സ്പോ.

റിയാദിലെ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. ജിജെഇപിസി ചെയര്‍മാന്‍ കിരിത് ഭന്‍സാലി, നാഷനല്‍ ഇവൻ്റ്സ് കണ്‍വീനര്‍ നിരവ് ഭന്‍സാലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സബ്യസാചി റായ്, റിയാദ് ചേമ്പർ സെക്കൻഡ് വൈസ് ചെയർമാൻ അജ്ലാൻ സഅദ് അൽഅജ്ലാൻ, ഇൻറർനാഷനൽ റിലേഷൻസ് വിത്ത് ഏഷ്യൻ കൺട്രീസ് ഡയറക്ടർ ഫാലെഹ് ജി. അൽ മുതൈരി, ഇന്ത്യൻ എംബസി ഇകണോമിക്സ് ആൻഡ് കോമേഴ്സ് കോൺസുലർ മനുസ്മൃതി, ഇന്ത്യയിലേയും സൗദിയിലേയും പ്രമുഖ ജ്വല്ലറി വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗോള ജ്വല്ലറി വ്യവസായികളെ ലക്ഷ്യമിട്ട് ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാര ബന്ധത്തില്‍ ‘സാജക്‌സ് 2025’ ഒട്ടേറെ പുതിയ അവസരങ്ങൾ തുറക്കുമെന്ന് ജി.ജെ.ഇ.പി.സി പ്രതിനിധികൾ പറഞ്ഞു. സൗദിയിലെയും ഇന്ത്യയിലെയും സ്വര്‍ണ, രത്‌നാഭരണ വ്യവസായ മേഖലകള്‍ കൈകോര്‍ക്കുന്ന എക്‌സ്‌പോയില്‍ യു.എ.ഇ, തുര്‍ക്കി, ഹോങ്കോങ്, ലെബനന്‍ എന്നീ രാജ്യങ്ങളും പങ്കാളികളാണ്.

250 ലേറെ ബൂത്തുകളാണ് എക്‌സ്‌പോയില്‍ ഒരുക്കുന്നത്. 200 ലേറെ ആഭരണ വ്യവസായികളും പ്രദര്‍ശനത്തിനുണ്ടാകും. ആഭരണ വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍, 200ലേറെ ആഭരണ വ്യവസായികൾ, വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങളുടേയും രത്‌നാഭരണങ്ങളുടേയും പ്രദര്‍ശനം, ആഗോള ആഭരണ നിക്ഷേപ സമ്മേളനം തുടങ്ങിയവ എക്സ്പോയുടെ ഭാഗമാകും.