സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു.
ദോഹ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ വ്യോമപാതയിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചു. അതിനിടെ, രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു.
മേഖലയിലെ സംഭവ വികാസസങ്ങളുടെ പശ്ചാത്തലത്തിൽ പൗരന്മാർക്കായി അമേരിക്ക ഉൾപ്പെടെ പുറത്തിക്കിയ സുരക്ഷാ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ വിശദീകരണം. അതത് രാഷ്ട്രങ്ങളുടെ മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങളെന്നും, ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ നിലവിലില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ശ്രമങ്ങൾ സജീവമാണെന്നും ഖത്തർ അറിയിച്ചു. അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ഫോർദോ ആണവനിലയത്തിന് നേരെ വീണ്ടും ഇസ്രയേൽ ആക്രമണമുണ്ടായി. ഇറാൻ്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ എവിൻ ജയിലും ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയത്തിന്‍റെയും ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവവികിരണ ഭീഷണി ഇല്ലെന്നും അറിയിപ്പുണ്ട്. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.
ഇറാന്റെ മൂന്ന് ആണവോർജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം ബോംബിട്ടത്. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ന്യൂക്ലിയർ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ബി 2 ബോംബർ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ടായിട്ടുണ്ട്. ദൗത്യം വിജയകരമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാൻ സമാധാന ശ്രമങ്ങൾ ഉടൻ നടത്തിയില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന ഭീഷണിയും ട്രംപ് നൽകിയിട്ടുണ്ട്. ഇനിയും ആക്രമിക്കപ്പെടാൻ ഇറാനിൽ ഇടങ്ങളുണ്ടെന്നത് ഓർക്കണമെന്നും ട്രംപ് മുന്നറിയിപ്പിൽ പറയുന്നു. സമാധാനത്തിലേക്ക് എത്താൻ ഇറാൻ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങൾ കൂടി ആക്രമിക്കപ്പെടുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.